Advertisment

രാഷ്ട്രീയത്തിനതീതരായി പ്രവര്‍ത്തിക്കേണ്ടവരാണ് ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥര്‍. കെ.എം എബ്രാഹാമും ബാബു പോളും ലളിതാംബികയുമൊക്കെ അങ്ങനെ പ്രവര്‍ത്തിച്ചവരാണ്. പുതിയ ചീഫ് സെക്രട്ടറിയും ഡിജിപിയും വരെയുള്ള സിവില്‍ സര്‍വീസ് വ്യക്തിത്വങ്ങള്‍ ആ പാഠം പഠിപ്പിച്ചുതന്ന ഇന്ത്യയിലെ ഒന്നാം നിരയില്‍പെട്ടവരായിരുന്നു - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് (ഒന്നാം ഭാഗം)

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

Advertisment

1986 മാര്‍ച്ചിലെ ഒരു ദിവസം സെക്രട്ടേറിയറ്റിന്‍റെ ഇടനാഴികളിലൂടെ നടക്കുമ്പോള്‍ ചീഫ് സെക്രട്ടറിയെ ഒന്നു കണ്ടാലോ എന്നു ഞാന്‍ ആലോചിച്ചു. വി. രാമചന്ദ്രനാണ് അന്നു ചീഫ് സെക്രട്ടറി. വൈകിട്ട് നാലു മണി കഴിഞ്ഞ നേരം. 'മാതൃഭൂമി' ലേഖകനായ എനിക്ക് ചീഫ് സെക്രട്ടറിയെ കാണാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല.

1980 -ല്‍ 'മാതൃഭൂമി'യില്‍ ചേര്‍ന്ന ഞാന്‍ അതിനോടകം അദ്ദേഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കിയിരുന്നു. ഇപ്പറയുന്ന ദിവസം 1986 മാര്‍ച്ച് 26 -ാം തീയതിയായിരുന്നു. ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണി തന്‍റെ സുപ്രസിദ്ധമായ മിച്ച ബജറ്റ് അവതരിപ്പിച്ച ദിവസം. 1982 -ലെ കെ. കരുണാകരന്‍ സര്‍ക്കാരിന്‍റെ കാലം.

എന്നെ കണ്ടപാടേ അദ്ദേഹം മുറിയിലേയ്ക്കു ക്ഷണിച്ചു. ചീഫ് സെക്രട്ടറിയുടെ വിശാലമായ മുറിയില്‍ ഔദ്യോഗിക കസേരയ്ക്കും മേശയ്ക്കുമരികെയുള്ള സെറ്റിയിലേയ്ക്ക് കൈകാണിച്ചു. ഔദ്യോഗികമല്ലാത്ത കൂടിക്കാഴ്ചകള്‍ക്കും ആ മുറിയില്‍ മികച്ച സൗകര്യങ്ങളുണ്ട്. 'മാതൃഭൂമി' ലേഖകനെന്ന നിലയ്ക്ക് മിക്ക ഐഎഎസ് ഉദ്യോഗസ്ഥരുമായും ഞാന്‍ സൗഹൃദമുണ്ടാക്കിയിരുന്നു. അക്കൂട്ടത്തില്‍ പ്രമുഖന്‍ അന്നത്തെ ചീഫ് സെക്രട്ടറി വി. രാമചന്ദ്രന്‍ തന്നെ.

publive-image


1986 - 86 സാമ്പത്തിക വര്‍ഷത്തില്‍ കമ്മി ഒട്ടും ഉണ്ടാകില്ലെന്നു മാത്രമല്ല, 82.13 കോടി രൂപയുടെ മിച്ചം ഉണ്ടാവുകയും ചെയ്യുമെന്നാണ് അന്നു കാലത്തെ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി കെ.എം മാണി തന്‍റെ സ്വതസിദ്ധമായ കനത്ത ശബ്ദത്തില്‍ ഉറപ്പിച്ചു പ്രഖ്യാപിച്ചത്. പക്ഷേ ബജറ്റില്‍ കെ.എം മാണി അവതരിപ്പിച്ചിരിക്കുന്നത് യഥാര്‍ഥ കണക്കുകളല്ലെന്ന് ചീഫ് സെക്രട്ടറി എന്നോടു വിശദീകരിക്കുകയാണ്. ഏറെ നേരമെടുത്ത് ബജറ്റിന്‍റെ സങ്കീര്‍ണതകള്‍ എന്നെ പഠിപ്പിച്ചു അദ്ദേഹം.


അന്നു 'മാതൃഭൂമി' പത്രാധിപര്‍ എം.ഡി നാലപ്പാടാണ്. പിറ്റേന്ന് മാണിയുടെ ബജറ്റിനേപ്പറ്റി ഞാനെഴുതിയ റിപ്പോര്‍ട്ട് മെയിന്‍ സ്റ്റോറി. ഐഎഎസ് ചരിത്രത്തില്‍ വി. രാമചന്ദ്രന്‍ ഇന്നും ഉയര്‍ന്നു നില്‍ക്കുന്ന വ്യക്തിത്വം തന്നെ.

ആ സമയത്തൊക്കെ ബാബു പോള്‍ ആയിരുന്നു ധനകാര്യ സെക്രട്ടറി. പിന്നീട് ഡോ. കെ.എം എബ്രഹാമും. ഐഎഎസിനപ്പുറത്ത് പൊതു സമൂഹത്തില്‍ ഏറെ പ്രസിദ്ധി നേടി ബാബു പോള്‍. അതി ഗംഭീരമായ പ്രസംഗങ്ങളും അത്യുഗ്രന്‍ ലേഖനങ്ങളും മൂര്‍ച്ചയേറിയ നര്‍മവും ആ വ്യക്തിത്വത്തിന്‍റെ മാറ്റു കൂട്ടി. പക്ഷേ അദ്ദേഹത്തിനു ചീഫ് സെക്രട്ടറിയാകാന്‍ കഴിഞ്ഞില്ല. അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ചു.

അതിപ്രഗത്ഭയായിരുന്ന ജെ. ലളിതാംബികയ്ക്കും ചീഫ് സെക്രട്ടറിയാകാന്‍ കഴിഞ്ഞില്ല. മികച്ച വാഗ്മിയും എഴുത്തുകാരിയുമായിരുന്ന ലളിതാംബികയുമായി ഞാന്‍ നല്ല സൗഹൃദമുണ്ടാക്കി. ഒരിക്കല്‍ വിദ്യാഭ്യാസ മന്ത്രി ടി.എം ജേക്കബ് എടുത്ത ഒരു വലിയ തീരുമാനം പിറ്റേന്നു 'മാതൃഭൂമി'യില്‍ മെയിന്‍ സ്റ്റോറിയായി.

വിദ്യാഭ്യാസ വകുപ്പു സെക്രട്ടറിയായിരുന്ന ലളിതാംബിക വഴിയാണ് ഫയലിലെ വിവരങ്ങള്‍ ലേഖകനായ എനിക്കു കിട്ടിയതെന്ന് മന്ത്രി ജേക്കബ് മുഖ്യമന്ത്രി കരുണാകരനെ അറിയിച്ചു. ലളിതാംബികയെ വകുപ്പില്‍ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടു. ലളിതാംബികയെ സാമൂഹ്യ ക്ഷേമ വകുപ്പു സെക്രട്ടറിയായി മാറ്റി.


ഐഎഎസുകാരായാലും ഐപിഎസുകാരായാലും സ്വന്തം നിലപാടും രാഷ്ട്രീയവുമൊക്കെ മാറ്റിവെച്ചു ജോലി ചെയ്യേണ്ടിവരും. സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും നേതൃത്വത്തിലുള്ള രണ്ടു മുന്നണികള്‍ മാറി മാറി കേരളം ഭരിക്കുമ്പോള്‍ പ്രക്യേകിച്ച് അതിന് പറ്റിയ ഉദാഹരണം ഡോ. കെ.എം. എബ്രഹാം തന്നെ. യുഡിഎഫ് ഭരിക്കുമ്പോഴൊക്കെ കെ.എം മാണി ധനകാര്യ മന്ത്രിയായി. 1992 -ല്‍ ധനകാര്യ സെക്രട്ടറിയായ ഡോ. എബ്രഹാം കെ.എം മാണി ധനകാര്യ മന്ത്രിയായപ്പോഴൊക്കെ ധനകാര്യ സെക്രട്ടറിയുമായി.


2016 -ല്‍ സിപിഎം നേതാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സമയത്താണ് നളിനി നെറ്റോ വിരമിച്ചതിനേ തുടര്‍ന്ന് ചീഫ് സെക്രട്ടറി സ്ഥാനം ഒഴിവായത്. പുതിയ ചീഫ് സെക്രട്ടറിയായി ഡോ. കെ.എം എബ്രഹാമിനെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായിക്ക് രണ്ടു വട്ടം ആലോചിക്കേണ്ടി വന്നില്ല. പിറ്റേ വര്‍ഷം സര്‍വീസില്‍ നിന്നു പിരിഞ്ഞ ഡോ. എബ്രഹാമിനെ കിഫ്ബിയുടെ സിഇഒയുമാക്കി. ബജറ്റിതര സാമ്പത്തിക സ്രോതസുകള്‍ കണ്ടുപിടിക്കുന്നതില്‍ ശ്രദ്ധവെയ്ക്കുന്ന കിഫ്ബിക്ക് കെ.എം എബ്രഹാമിനെപ്പോലൊരു ധനകാര്യ വിദഗ്ദ്ധന്‍ തന്നെ വേണമെന്ന് മുഖ്യമന്ത്രിക്കറിയാമായിരുന്നു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.ഡി കേസിലും മറ്റും കുരുങ്ങി പുറത്തായപ്പോള്‍ ആ സ്ഥാനവും ഡോ. എബ്രഹാമിനു നല്‍കി. ചീഫ് സെക്രട്ടറിയായിരുന്ന കെ.എം എബ്രഹാമിന് ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയും കിട്ടി.


രാഷ്ട്രീയത്തിനതീതമായി വേണം ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാന്‍ എന്ന മസൂറി പരിശീലന കേന്ദ്രത്തില്‍ കിട്ടിയ പാഠം ഇപ്പോഴും സ്വന്തം ഉദ്യോഗത്തിന്‍റെ അടിസ്ഥാന പ്രമാണമായി കൊണ്ടുനടക്കുന്ന ആള്‍ തന്നെയാണ് കെ.എം എബ്രഹാം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കായാലും പിണറായി വിജയനായാലും ധനകാര്യ മന്ത്രി കെ.എം മാണിയായാലും തോമസ് ഐസക് ആയാലും ഒരുപോലെ സ്വീകാര്യനായിരുന്നു ഡോ. കെ.എം എബ്രഹാം.


ഉന്നതമായ വിദ്യാഭ്യാസ യോഗ്യതകളാണ് ഡോ. എബ്രഹാമിന്‍റെ ഏറ്റവും വിലപ്പെട്ട കൈമുതല്‍. കൊല്ലം ടി.കെ.എം എഞ്ചിനീയറിങ്ങ് കോളജില്‍ നിന്ന് ബി.ടെക് പാസായ അദ്ദേഹം കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവും മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. എങ്കിലും സാമ്പത്തിക മേഖലയില്‍ നേടിയ വലിയ യോഗ്യതകളാണ് ഡോ. എബ്രഹാമിന്‍റെ മുഖമുദ്ര. ചാര്‍ട്ടേര്‍ഡ് ഫൈനാന്‍ഷ്യല്‍ അനലിസ്റ്റ് (സിഎഫ്എ), ലൈസെൻസ്‌ഡ് ഇന്‍റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ അനലിസ്റ്റ് (എല്‍ഐഎഫ്എ) എന്നിവ ലോകത്തെ തന്നെ മികച്ച യോഗ്യതകള്‍.

ബിഗ് ഡേറ്റാ, മെഷീന്‍ ലേണിങ്ങ് തുടങ്ങിയ ആധുനിക മേഖലയിലും വിജ്ഞാനം ആര്‍ജിച്ചിട്ടുണ്ട് അദ്ദേഹം. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും യോഗ്യതയുള്ള ഉദ്യോഗസ്ഥനാണ് ഡോ. കെ.എം എബ്രഹാം എന്നു പറയാം.

publive-image

വ്യക്തിജീവിതത്തില്‍ വിശുദ്ധിയും ജോലിയോടും നാടിനോടും അങ്ങേയറ്റം പ്രതിബദ്ധതയുമുള്ള എസ്.എം വിജയാനന്ദ് എപ്പോഴും കെ.എം എബ്രഹാമിനു ഗുരുവും വഴികാട്ടിയുമായിരുന്നുവെന്നും പറയാം. 2017 -ല്‍ ചീഫ് സെക്രട്ടറിയായി സര്‍വീസില്‍ നിന്നു പിരി‍ഞ്ഞ വിജയാനന്ദിന് ഗ്രാമവികസനവും തദ്ദേശ സ്വയംഭരണവുമായിരുന്നു എക്കാലത്തും ഇഷ്ട മേഖലകള്‍. 1996 -ല്‍ ഇ.കെ നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത് ഇ.എം.എസിന്‍റെയും ഡോ. തോമസ് ഐസക്കിന്‍റെയും നേതൃത്വത്തിലാരംഭിച്ച വികേന്ദ്രീകൃത വികസന പരിപാടിക്ക് 15 വര്‍ഷക്കാലം അദ്ദേഹം അതിഗംഭീരമായ നേതൃത്വം നല്‍കി.

ഔദ്യോഗിക രംഗത്തും സ്വന്തം വ്യക്തിജീവിതത്തിലും എപ്പോഴും ഒരു തികഞ്ഞ ഗാന്ധിയനുമായിരുന്നു വിജയാനന്ദ്. 2011 -ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ചില കോണ്‍ഗ്രസ് മന്ത്രിമാര്‍ അദ്ദേഹത്തെ ഇടതു പക്ഷക്കാരനായി മുദ്രകുത്തിയപ്പോള്‍ കേന്ദ്രത്തില്‍ ഡോ. മന്‍മോഹന്‍ സിങ്ങ് ഗവണ്‍മെന്‍റിലെ ഗ്രാമവികസന വകുപ്പു മന്ത്രി ജയറാം രമേശ് വിജയാനന്ദിനെ ഡല്‍ഹിക്കു വിളിച്ചു.

ഗാന്ധിജിയുടെ വലിയ സ്വപ്നമായിരുന്ന പഞ്ചായത്തീരാജ് സങ്കല്‍പ്പത്തെ ഒരു ഇന്ത്യന്‍ യാഥാര്‍ഥ്യമാക്കാന്‍ അതി ബൃഹത്തായൊരു പദ്ധതി അദ്ദേഹം തയ്യാറാക്കി. അത് പ്രധാനമന്ത്രിക്കു വളരെ ഇഷ്ടപ്പെട്ടു. പദ്ധതി നടപ്പിലാക്കാന്‍ വലിയൊരു തുകയും വിലയിരുത്തി. 2016 -ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ചീഫ് സെക്രട്ടറി സ്ഥാനത്ത് ഒഴിവു വന്നപ്പോള്‍ എസ്.എം വിജയാനന്ദിനെ നിയമിക്കുകയായിരുന്നു. വികസന കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായിയുടെ ചിന്തകളോടൊപ്പം സ‍ഞ്ചരിച്ച ചീഫ് സെക്രട്ടറിയായിരുന്നു എസ്.എം വിജയാനന്ദ്.

തുടരും...

Advertisment