Advertisment

കേരളത്തിലെ കോവിഡ് വ്യാപനവും നിപ്പയും പരിഗണിച്ച് ഒക്‌ടോബർ അവസാനം വരെ മലയാളികൾ കർണാടകയിലേക്കും തിരിച്ചുമുള്ള യാത്രകൾ ഒഴിവാക്കണമെന്നാണു കർണാടകയുടെആവശ്യം. കേരളീയരോട് കർണാടകം പറയുന്നു- ഉടനെ ഇങ്ങോട്ടു വരണ്ടാ…! (ലേഖനം)

author-image
സത്യം ഡെസ്ക്
New Update

-വെട്ടിപ്പുറം മുരളി

Advertisment

publive-image

തൊട്ടടുത്തുള്ള കേരളത്തിലേക്കു നോക്കി നെടുവീർപ്പിടുകയാണ് ബാംഗ്ലൂർ നഗരത്തിലെ

മലയാളികൾ. അവർക്കിപ്പോൾ നാട്ടിലേക്കു പോകാനോ നാട്ടിലുള്ളവർക്കു തിരികെ

നഗരത്തിലെത്താനോ സാധിക്കാത്ത അവസ്ഥയാണു സംജാതമായിരിക്കുന്നത്.

കേരളത്തിലെ കോവിഡ് രോഗവ്യാപനം കണക്കിലെടുത്ത് കർണാടകയിലേക്കും തിരിച്ചുമുള്ള യാത്രകൾ മാറ്റിവെയ്ക്കാൻ കർണാടക സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ കോവിഡ് വ്യാപനവും നിപ്പയും പരിഗണിച്ച് ഒക്‌ടോബർ അവസാനം വരെ മലയാളികൾ

കർണാടകയിലേക്കും തിരിച്ചുമുള്ള യാത്രകൾ ഒഴിവാക്കണമെന്നാണു കർണാടകയുടെ

ആവശ്യം.

കർണാടകയിൽ ജോലി ചെയ്യുന്ന കേരളത്തിലുള്ളവരെ ഉടനെ തിരിച്ചു വിളിക്കരുതെന്നു

കർണാടക സർക്കാര് വ്യവസായസ്ഥാപനങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും

ആശുപത്രികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് ഉയർത്തിയ രണ്ടു തരംഗങ്ങളേയും അതിജീവിച്ച ജനം തൊഴിൽ സ്ഥാപനങ്ങളിൽ നിന്നു രണ്ടു മാസത്തേക്കു വിട്ടു നിൽക്കണമെന്നാണ് സർക്കാരിന്‍റെ താൽപ്പര്യം. ഈ നിർദ്ദേശം ഉയർത്തുന്ന ആശങ്കയും ആകുലതകളും വളരെ വലുതാണ്.

കർണാടകത്തിന്‍റെ ആശങ്ക അസ്ഥാനത്തല്ല. കോവിഡിന്‍റെ പ്രഹരത്തിൽ തകർന്ന നഗരം ഇനിയൊരു കോവിഡ് തരംഗം വരുമോയെന്ന കടുത്ത ഭീതിയിലാണ്. അൽപ്പമെങ്കിലും ചിന്തിക്കുന്നവരുടെ മനസിൽ ഊറിനിൽക്കുന്ന ഭീതിയാണു മൂന്നാം തരംഗം.

ജനങ്ങൾ സ്വതന്ത്രരായി നടക്കുന്നുണ്ടെങ്കിലും മാസ്‌ക് ധരിച്ചാണു മിക്കവരും പുറത്തിറങ്ങുന്നത്. ചിലരുടെ മാസ്‌ക് താടിയിൽ കിടക്കുന്നതും കാണാവുന്നതാണ്. കോവിഡ് വാസ്‌കിൻ കുത്തിവെപ്പ് ധാരാളമായി നടക്കുന്നുണ്ട്. പാതിയുണർന്ന നഗരത്തിലെ തകർന്ന സാമ്പത്തികരംഗത്തിന് ഉണർവു നൽകാൻ കഴിഞ്ഞെങ്കിലേ ഒരു തിരിച്ചുവരവ്

സാധ്യമാവുകയുള്ളൂ.

രോഗവ്യാപനവും മരണനിരക്കും കുറച്ചുകൊണ്ടു വരുന്നതിനിടയിലാണ് അയൽ സംസ്ഥാനത്തുനിന്നുള്ള രോഗവ്യാപനത്തിന്‍റെയും നിപ്പയുടേയും വാർത്തകൾ പുറത്തു

വരുന്നത്. ഈ വ്യാപനം കർണാടകത്തിലേക്കു കടക്കാതിരിക്കാനാണു സർക്കാർ യാത്രാവിലക്കു

കൊണ്ടു ലക്ഷ്യമാക്കുന്നത്. ഇതേ ഉദ്ദേശ്യത്തോടെ മുമ്പൊരിക്കൽ കാസർകോഡ്

അതിർത്തിയിലെ നിരത്തിൽ മണ്ണിട്ട് ഉയർത്തി യാത്ര തടയാൻ കർണാടകം തയ്യാറായതും മറന്നുകൂടാ.

അതായത് യാത്ര വിലക്കാനാണ് ലക്ഷ്യമെങ്കിൽ അധികൃതർ അത് നടപ്പാക്കിയിരിക്കും എന്നു സാരം. ആരോഗ്യപ്രവർത്തകരേപ്പോലും ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നതു കാര്യത്തിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

തൊഴിൽ നഷ്ടപ്പെട്ടവർ പലരും ഏറെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ബാംഗ്ലൂരിലെത്തി

ജോലികൾ തേടുന്നതും ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നതും. കേരളത്തിലെ ദുരവസ്ഥ

കാരണം അയൽ സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നുള്ളവർക്കു കടുത്ത നിയന്ത്രണങ്ങൾ

ഏർപ്പെടുത്തിയിരുന്നു.

അപ്പോൾ നിയന്ത്രണത്തിന്‍റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആവശ്യക്കാർക്ക് യാത്രചെയ്യാൻ അനുവാദമുണ്ടായിരുന്നു. ഇപ്പോഴാകട്ടെ അത്തരം സൗകര്യം നൽകാതെ യാത്ര ഒക്‌ടോബർ അവസാനം വരെ ഒഴിവാക്കാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്.

ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്നു പറഞ്ഞപോലെ കോവിഡ് ദുരിതങ്ങൾ മൂലം കടുത്ത

യാതനകളിലൂടെ കടന്നുപോകവേയാണ് നിപ്പയുടെ പറന്നുവരവ്. ഇതു സർക്കാരിനും

പൊതുജനത്തിനും കടുത്ത വെല്ലുവിളിയായി.

അതേസമയം നിപ്പയുടെ വ്യാപനം അത്ര കാര്യമായി ഉണ്ടായില്ല എന്ന് ആശ്വസിക്കാം. എന്നാൽ ഇതെല്ലാം അടുത്ത സംസ്ഥാനക്കാർ സഹിക്കണമെന്നും യാത്രാവിലക്ക് ഏർപ്പെടുത്തരുതെന്നും പറയാൻ നമുക്കാവില്ല. സുരക്ഷ എല്ലാവർക്കും അതീവ പ്രാധാന്യമള്ളതാണ്.

കോവിഡിന്‍റെ തുടക്കത്തിൽ കേരളത്തിനു പുറത്തുള്ള മലയാളികളേപ്പോലും കേരളം തടഞ്ഞു നിർത്തി നിയന്ത്രങ്ങളിലൂടെ മാത്രം പ്രവേശിപ്പിച്ചിരുന്നത് നാം മറന്നുകൂടാ. ഈ സുരക്ഷാബോധമാണ് ഇപ്പോൾ കർണാടകം പ്രകടിപ്പിക്കുന്നത്. എന്നാൽ ഇതിനിടയിൽപെട്ടു ഗതിമുട്ടുന്നത് ഒട്ടേറെ മലയാളികളുടെ ജീവിതമാണ്.

കേരളം മാറിയെങ്കിലേ ഈ പ്രവാസിയാത്രകൾക്ക് ആശ്വാസമുണ്ടാവുകയുള്ളൂ. കോവിഡിന്‍റെ ആദ്യഘട്ടത്തിൽ പ്രാണഭയവുമായി കേരളത്തിലേക്കു പോയവരിൽ പലരും തിരിച്ചുവരവിനു ശ്രമിക്കുകയാണ്. ചിലരുടെ കമ്പനി പൂട്ടിപ്പോയി…! മറ്റു ചിലരുടെ കമ്പനിയിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. ചില സ്ഥാപനങ്ങളാകട്ടെ ശമ്പളം കുറച്ചു. മറ്റു ഗതിയില്ലാതെ ഇതെല്ലാം അംഗീകരിക്കുകയാണു പ്രബുദ്ധരായ മലയാളികൾ.

നാട്ടിൽ പോയിട്ടെന്തു ചെയ്യാനാണ് എന്നാണു മിക്കവരും ചോദിക്കുന്നത്. സുരക്ഷിതരായി കഴിയുന്നവരുടെ കാര്യമൊഴിച്ചാൽ ബഹുഭൂരിപക്ഷവും ഇത്തരത്തിൽ അരക്ഷിതാവസ്ഥയിൽ ജീവിക്കുന്നവരാണ്. ഓരോ വർഷവും ആയിരക്കണക്കിനു വിദ്യാർത്ഥികളാണു പഠനസൗകര്യം തേടി കേരളത്തിനു പുറത്തേക്കു വണ്ടി കയറുന്നത്.

ഇക്കാര്യത്തിലും കേരളം തികഞ്ഞ അലംഭാവമാണു കാണിക്കുന്നത്. നാട്ടിൽ ആവശ്യത്തിനു വിദ്യാഭ്യാസ-തൊഴിൽ സ്ഥാപനങ്ങളില്ലാത്തതും കേരളത്തിനു പുറത്തേക്കു പോകാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

കേരളത്തിന്‍റെ സാമ്പത്തികാവസ്ഥ അഥവാ ജീവിതമാർഗമില്ലാത്ത സാഹചര്യം മറ്റുള്ളർക്ക് ഏറെക്കുറെ ബോധ്യമുണ്ട്. അതിനാൽ ഏതു നിയന്ത്രണവും വിലക്കും മലയാളി ഹൃദയതാപത്തോടെ സ്വീകരിക്കുന്നു.

അടുത്ത സംസ്ഥാനം യാത്രാനിയന്ത്രണം ഏർപ്പെടുത്തുമ്പോൾ ജീവിതം മുടങ്ങി നെഞ്ചുരുകാനാണ് മലയാളിയുടെ വിധി. കേരളത്തിലേക്കു പോയ വിദ്യാർത്ഥികളേയും

ജോലിക്കാരേയും ഉടനെ തിരികെ വിളിക്കരുതെന്നും കർണാടക സർക്കാർ നിർദ്ദേശം

നൽകിക്കഴിഞ്ഞു.

ഇതിനെന്താണു പരിഹാരമെന്നു കേരളം ചിന്തിക്കുന്നില്ല. മറുനാടുകളിൽ പഠനവും ജോലിയും മുടങ്ങുന്നവർക്കും അവ ഇല്ലാതാകുന്നവർക്കും കേരളത്തിൽ എന്താണ് പോംവഴി ഉള്ളത്. മലയാളിയുടെ ഈ ദുർവിധിക്ക് എന്നാണിനി പരിഹാരം ഉണ്ടാവുക.? കേരളം ആഴത്തിൽ ചിന്തിച്ചു പരിഹാരം കണ്ടെത്തേണ്ട ജീവിത സമസ്യയാണിത്.

voices
Advertisment