Advertisment

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അത്യാഡംബരമായി കഴിഞ്ഞ ദിവസം ഗുരുവായൂർ അമ്പലത്തിൽ നടന്ന ഒരു സമ്പന്നന്റെ മകന്റെ വിവാഹ വീഡിയോ കണ്ടപ്പോൾ പ്രസിദ്ധ എഴുത്തുകാരി അമൃതാ പ്രീതം എഴുതിയ ഒരു കഥ ഓര്‍മ്മവരുന്നു... (ലേഖനം)

New Update

publive-image

Advertisment

പ്രസിദ്ധ എഴുത്തുകാരി അമൃതാ പ്രീതം എഴുതിയ ഒരു കഥ ഞാൻ വായിച്ചതായി ഓർക്കുന്നു. ദൈവഭക്തനും ദരിദ്രനുമായ ഒരു ഗ്രാമീണൻ തൻ്റെ ദാരിദ്ര്യം മാറിക്കിട്ടാനായി ദിവസവും ദൈവത്തെ വിളിച്ചപേക്ഷിക്കുമായിരുന്നു. ഒരു ദിവസം ദൈവം അവൻ്റെ സ്വപ്നത്തിൽ വന്ന് ഇങ്ങനെ അരുളി

"നാളെ ഉച്ചയ്ക്ക് ഞാൻ ഗ്രാമത്തിലെ ആൽത്തറയിൽ വന്നിറങ്ങും. നീ എന്നെ സ്വീകരിക്കാൻ അവിടെയെത്തണം"

ഗ്രാമീണൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അയാളും ഭാര്യയും ചേർന്ന് അവരുടെ കാളവണ്ടിയെയും കാളകളെയും അവർക്കു കഴിയുന്ന തരത്തിൽ അലങ്കരിച്ചു. വീട് മെഴുകി വൃത്തിയാക്കി.പൂജയ്ക്കായി പൂക്കളും താലങ്ങളും സാമഗ്രികളും അവരാലാകുന്നതുപോലെ സംഘടിപ്പിച്ചു.

ദൈവത്തെ എതിരേൽക്കാൻ നിശ്ചിതസമയത്തുതന്നെ അവർ കാളവണ്ടിയിൽ ആൽത്തറയിൽ എത്തിച്ചേർന്നു. അല്പനേരത്തിനുശേഷം ദൈവത്തിന്റെ രഥം ആകാശത്ത് ദൃശ്യമായി. ഗ്രമീണനും ഭാര്യയും ഭയഭക്തി ബഹുമാനത്തോടെ കൈകൂപ്പി കാത്തുനിന്നു.

രഥം ആൽത്തറയിലിറങ്ങിയതും ആ പരിസരമാകെ പൊടിപടലം പാറിച്ചുകൊണ്ട് വിലകൂടിയ ഒരു വിദേശ നിർമ്മിത കാർ അവിടെവന്നുനിന്നു. കാറിൽനിന്നും നാട്ടിലെ അറിയപ്പെടുന്ന സമ്പന്നൻ പുറത്തിറങ്ങി. കഴുത്തിൽ വലിയ സ്വർണ്ണമാലയും വിരലുകളിലെല്ലാം സ്വർണ്ണമോതിരവും വെട്ടിത്തിളങ്ങുന്ന വസ്ത്രങ്ങളും കറുത്ത കണ്ണടയും ധരിച്ച അയാൾ ദൈവത്തെ വണങ്ങി. ദൈവം അയാളെ നോക്കി മന്ദഹസിച്ചു.

തേരിൽ നിന്നും പുറത്തിറങ്ങിയ ദൈവം സുസ്മേരവദനനായി സമ്പന്നന്റെ അരികിലേക്ക് നടന്നു. അയാൾ കാറിന്റെ ഡോർ തുറന്ന്‌ ദൈവത്തെ കാറിലേക്കാനയിച്ചു. ദൈവം കാറിൽക്കയറി.

ഇതെല്ലം കണ്ട് ആകെ അന്ധാളിച്ചുനിന്ന ഗ്രാമീണൻ കാറിനടുത്തേക്കോടിച്ചെന്ന് ദൈവത്തോട് ചോദിച്ചു. "എന്റെ വീട്ടിൽ വരാമെന്ന് അങ്ങ് പറഞ്ഞതല്ലേ ? എന്നിട്ടെന്തേ ഒന്ന് നോക്കുകപോലും ചെയ്യാതെ എന്നെ അങ്ങ് തഴഞ്ഞത് ?

മറുപടിയായി ഗ്രാമീണനോട് ദൈവം ഇങ്ങനെ പറഞ്ഞു "ഭക്താ ഞാൻ 21-ാം നൂറ്റാണ്ടിലെ ദൈവമാണ്. " ദൈവവുമായി ഗ്രാമീണനുമുന്നിലൂടെ ചീറിപ്പാഞ്ഞകന്നുപോയ കാറിനെനോക്കി അയാൾ സ്തബ്ധനായി നിലകൊണ്ടു.

(കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അത്യാഡംബരമായി കഴിഞ്ഞ ദിവസം ഗുരുവായൂർ അമ്പലത്തിൽ നടന്ന ഒരു സമ്പന്നന്റെ മകന്റെ വിവാഹ വീഡിയോ കണ്ടപ്പോൾ മുകളിൽപ്പറഞ്ഞ കഥയാണ് എനിക്കോർമ്മവന്നത്)

voices
Advertisment