Advertisment

രോഗികളുടെ കണ്ണീര് കാണണം... ദയനീയമാണ്, വൃക്ക രോഗം ബാധിച്ചവരുടെ അവസ്ഥ... (ലേഖനം)

New Update

publive-image

-ഉമ പ്രേമൻ

Advertisment

മരണാനന്തര അവയവ ദാനം പരമാവധി നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതായുണ്ട്. അതല്ലെങ്കിൽ കൃത്രിമമായി കിഡ്‌നികൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ സ്വായാത്തമാക്കേണ്ട അവസ്ഥയാണ്. അതി ദയനീയമാണ് ജീവിത ശൈലിയിലെ വ്യതിയാണങ്ങളുടെ ഭാഗമായി വൃക്ക രോഗം ബാധിച്ചവരുടെ അവസ്ഥ.

കിഡ്നി രോഗികളായ ആളുകളുടെ എണ്ണം നമ്മുടെ നാട്ടിൽ ദിനം പ്രതി വർദ്ധിച്ചു വരികയാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൃക്ക രോഗികൾ എണ്ണത്തിൽ കൂടുതൽ കേരളത്തിലാണ്. മധ്യ വയസ്സ് പിന്നിട്ടവരിൽ 35 % ആളുകൾ കിഡ്‌നിയുമായി ബന്ധപ്പെട്ട രോഗം ബാധിച്ചവരോ സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നവരോ ആണ്.

മിക്കവാറും വൃക്ക രോഗം ബാധിച്ചവരുടെ കുടുംബാംഗങ്ങളെയും ജീവിത ശൈലിയുടെ ഭാഗമായി രോഗം ബാധിച്ചിട്ടുണ്ടാകും. അത് കൊണ്ട് തന്നെ മാറ്റിവെയ്ക്കാൻ ഒരു കിഡ്നി ലഭിക്കുക എന്നത് ഏറെ ദുഷ്കരമാണ്.

കഴിഞ്ഞ കുറെ വര്ഷങ്ങളായി സോഷ്യൽ മീഡിയയിൽ ചികിത്സാ സഹായാഭ്യർത്ഥനയായി വന്ന കണക്കുകൾ നോക്കിയാൽ വൃക്ക രോഗികളുടെ ചികിത്സക്ക് നൽപ്പത് ലക്ഷം രൂപയൊക്കെ ആവശ്യപ്പെടുന്ന പോസ്റ്റുകൾ കാണാം. പരമാവധി 7 ലക്ഷം വരെ ചെലവ് വരുന്ന വൃക്ക മാറ്റിവെക്കൽ പോലുള്ള ചികിത്സകൾ ഉള്ളപ്പോഴാണ്, അവയവ കച്ചവട ഇടനിലക്കാർ വഴി ഇത്രയും വലിയ തട്ടിപ്പുകൾ നടക്കുന്നത്.

ഏത് വിധേനയും ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ മതി എന്ന് ആഗ്രഹിക്കുന്ന രോഗികളെയും കുടുംബത്തെയുമാണ് ഈ ഇടനിലക്കാർ ചൂഷണം ചെയ്യുന്നത്. ഈ വിഷയത്തിൽ ഗവണ്മെന്റിന്റെ മനുഷ്യത്വപരവും ക്രിയാത്മകവുമായ ഇടപെടൽ ആവശ്യമാണ്‌.

കേരളത്തിലെ ഇരുന്നൂറിൽ അധികം വരുന്ന ഡയാലിസിസ് യൂണിറ്റുകളുണ്ട്, ഓരോ ഡയാലിസിസിനും ദിവസേന 250 ലിറ്റർ വെള്ളം,10 യൂണിറ്റ് വൈദ്യുതി, 3 കിലോ പ്ലാസ്റ്റിക് വെയ്സ്റ്റ് എന്നിവ ആവശ്യമുണ്ട്, ഒപ്പം മലിന ജല നിർമ്മാർജ്ജനത്തിനുള്ള സൗകര്യവും.

CKD പേഷ്യന്റ് ആയ ഒരാൾക്ക് ആഴ്ചയിൽ 3 ഡയാലിസിസ് ആവശ്യമുണ്ട്. അതിനുള്ള ബ്ലഡ് ട്യൂബ്, വിറ്റാമിൻ ഇൻജെക്ഷൻ, ഭക്ഷണം, യാത്രാ ചെലവ്, ഇതിനെല്ലാം പുറമെ കുടുംബ നാഥനോ നാഥയോ ആണെങ്കിൽ ആ വീട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം ആവശ്യങ്ങൾ നിരവധിയാണ്.

പൊതുജനങ്ങളുടെ സഹായങ്ങൾക്കും സഹകരണങ്ങൾക്കും പരിധിയുണ്ട്. ഓരോ ഡയാലിസിസ് യൂണിറ്റും വഴി രോഗികളുടെ ജീവൻ ഓരോ ദിവസവും നീട്ടിക്കൊണ്ട് പോകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഞങ്ങൾ ആരംഭിച്ച 20 ഡയാലിസിസ് യൂണിറ്റുകളും ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ്.

കൊറോണ എന്ന മഹാമാരി സുമനസ്സുകളായ സഹായ സന്നദ്ധരായിരുന്ന ആളുകളുടെ നിലയും പരിതാപകരമാക്കി. സ്വന്തം അതിജീവനത്തിനുള്ള നെട്ടോട്ടത്തിനിടയിൽ സാമൂഹ്യ സേവനം സാധ്യമല്ല എന്നതാണ്.

മഹാമാരിക്കാലത്തും വർദ്ധിച്ച് കൊണ്ടിരിക്കുന്നത് രോഗികളുടെ എണ്ണം മാത്രമാണ് എല്ലാവർക്കും സൗജന്യ ഡയാലിസിസ് വേണം, നിലവിലെ യൂണിറ്റുകളിൽ ഇതിനുള്ള സൗകര്യവുമില്ല. ദുരിതാവസ്ഥയിൽ നമ്മൾ കയ്യൊഴിയുന്നു എന്ന നിരാശ കൊണ്ട് ദേഷ്യപ്പെടുന്ന, സങ്കടപ്പെടുന്ന, കരയുന്ന രോഗികളും കുടുംബങ്ങളും.

ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ മാത്രമല്ല ഓരോ സാമൂഹ്യ പ്രവർത്തകരും നേരിടുന്ന ദൈനംദിന അവസ്ഥയാണ്. ഈ അവസ്ഥ തിരിച്ചറിഞ്ഞു കൊണ്ട് ഗവണ്മെന്റ് തലത്തിൽ അടിയന്തിര ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു.

നമ്മുടെ ഓരോ ഗവണ്മെന്റ് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കണം. താലൂക്ക് ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും നിലവിലുള്ള മൂന്നോ നാലോ മെഷീനുകൾ അല്ലാതെ നൂറ് മെഷീനുകൾ എങ്കിലുമുള്ള വലിയ യൂണിറ്റുകൾ സജ്ജമാക്കണം. അതോടൊപ്പം മരണനന്തര അവയവ ദാനം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ ആരംഭിക്കണം.

ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് സർക്കാർ പണം മുടക്കേണ്ട ആവശ്യമില്ല. അതിന് കോർപ്പറേറ്റ് കമ്പനികളുടെ കോടിക്കണക്കിന് സിഎസ്ആർ ഫണ്ടുണ്ട്. അത് ക്രിയാത്മകമായി വിനിയോഗിക്കാനുള്ള സംവിധാനം ഒരുക്കിയാൽ മാത്രം മതി.

മരണനന്തര അവയവ ദാനം പ്രോത്സാഹിപ്പിക്കുന്നതിന് ഓർഗൻ ട്രാനസപ്ലാന്റേഷൻ സെന്ററുകൾ ഈ ആശുപത്രികളിൽ വേണം. അവയവ ദാനം വഴി കിഡ്നി രോഗികൾക്ക് മാത്രമല്ല, കരൾ, കണ്ണ്, ഹൃദയം.ഇതെല്ലാം മറ്റൊരാൾക്ക് പുതു ജീവൻ നൽകുകയാണ്.

അതോടൊപ്പം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഇൻഷുറൻസ് പദ്ധതി കുറഞ്ഞ ചെലവിൽ നടപ്പിലാക്കാനുള്ള ഒരാശയം കൂടിയാണ് മുന്നോട്ട് വയ്ക്കുന്നത്. എല്ലാ മാസവും ഇരുന്നൂറ്‌, മുന്നൂറ്‌ രൂപ നിരക്കിൽ മൊബൈൽ ഫോണിൽ റീചാർജ് ചെയ്യുന്നവരാണ് നമ്മളെല്ലാം. ഓരോ മാസത്തെ റീചാർജിൽ നിന്നും 5 രൂപ നിരക്കിൽ ഈടാക്കുകയും 5 രൂപ സർക്കാർ ഒരാൾക്ക് വകയിരുത്തുകയും ചെയ്‌താൽ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കുള്ള ഇൻഷുറസ് പരിരക്ഷയ്ക്ക് വഴിയൊരുങ്ങും.

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ മൊബൈൽ ഉപഭോക്താക്കൾ എല്ലാവരും കൃത്യമായി ഇൻഷുറൻസ് പരിരക്ഷയിൽ വരികയും ചെയ്യും. അങ്ങനെ വന്നാൽ അതി ഭീമമായ ചികിത്സാ ചെലവ് ഇൻഷുറസ് വഴി ചെലവില്ലാതെ തീർക്കുകയുമാകാം.

voices
Advertisment