Advertisment

ഹൃദയാഘാതം... ലക്ഷണങ്ങളും പരിഹാര മാര്‍ഗങ്ങളും. അറിയേണ്ടതെല്ലാം... (ലേഖനം)

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതത്തെ കുറിച്ചുള്ള ഒരു കാര്യം ആദ്യം തന്നെ സൂചിപ്പിക്കട്ടെ. സ്വന്തമായി ഒരു ഹൃദയാഘാതം സംഘടിപ്പിക്കുന്നത് വരെ എല്ലാവരുടെയും ഒരു തെറ്റിദ്ധാരണ, ഹാര്ട്ട് അറ്റാക്ക് എനിക്ക് വരാത്ത ഒരു രോഗമാണ് എന്നാണ്.

ഇവിടെ ഹൃദയാഘാതം സംഘടിപ്പിക്കുക എന്ന് മനഃപ്പൂര്വ്വം ഉപയോഗിച്ചിരിക്കുന്നതാണ്. കാരണം ഇന്നത്തെ ഹൃദ്രോഗങ്ങള് മിക്കവാറും ജീവിത ശൈലിയിലും, ഭക്ഷണ ശൈലിയിലും വന്ന മാറ്റങ്ങള് കൊണ്ട് വന്നതാണ്. അത് പോലെ നെഞ്ചു വേദനയോ, നെഞ്ചെരിച്ചിലോ അനുഭവപ്പെടുമ്പോള്, ഓ ഇത് ഗ്യാസിന്റെ പ്രശ്നമാണ് എന്ന് നിസാര മട്ടില് പറഞ്ഞ് വേഗം പോയി ഒരു ഗ്യാസ് ഗുളിക എടുത്ത് കഴിക്കലാണ് മിക്കവരുടെയും ഒരു ശീലം.

ഈ ഒരു സ്ഥിതി വിശേഷം ഇനി എങ്കിലും മാറേണ്ടിയിരിക്കുന്നു. മുറി വൈദ്യന്‍ രോഗിയെ കൊല്ലും എന്ന് കേട്ടിട്ടില്ലേ. നിങ്ങള്‍ ഗ്യാസ് എന്ന് തെറ്റിദ്ധരിക്കുന്ന ഹൃദയാഘാതം ഉണ്ടായി കഴിഞ്ഞുള്ള ആദ്യത്തെ ഒരു മണിക്കൂര്‍ അത്രയും നിര്ണായകമാണ്. ഈ ഒരു മണിക്കൂര്‍ ഗോള്ഡന്‍ അവര്‍ എന്നാണ് അറിയപ്പെടുന്നത്.

ഈ ഒരു മണിക്കൂറിനകം നിങ്ങള്ക്ക് ചികിത്സ ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ രക്ഷപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതല്‍ ആണ്. അത് കൊണ്ട് വേദന തോന്നുമ്പോള്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ വിദഗ്ദോപദേശം തേടുന്നതാണ് ഉചിതം. ചിലപ്പോള്‍ നിങ്ങള്ക്ക് ഗ്യാസിന്റെ പ്രശ്നമായിരിക്കും. പക്ഷേ അത് ഡോക്ടറെ കണ്ട് ഒന്ന് ഉറപ്പ് വരുത്തുന്നതല്ലേ നല്ലത്.

എന്താണ് ഹൃദയാഘാതം

ഹൃദയാഘാതം എന്താണ് എന്ന് ഒറ്റ വാക്കില് ചോദിച്ചാല്‍ ഹൃദയത്തിന് പ്രവര്ത്തിക്കാനാവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരുന്ന അവസ്ഥയാണ് ഹൃദയാഘാതം. വിശദമായി പറയുകയാണെങ്കില് ഹൃദയം എപ്പോഴും സ്പന്ദിച്ചു കൊണ്ടിരിക്കണമെങ്കില്‍ ഹൃദയത്തിനും ഭക്ഷണം വളരെ ആവശ്യമാണ്.

അതായത് ഹൃദയത്തിന്റെ പേശികളിലെ കോശങ്ങള്ക്ക് പ്രാണവായുവും പോഷകങ്ങളും ലഭിച്ചു കൊണ്ടിരിക്കണം. ഇവ എത്തിക്കുന്നത് കൊറോണറി ധമനികള്‍ എന്ന പ്രത്യേക രക്തക്കുഴലുകള് വഴിയാണ്. ഈ കൊറോണറി ധമനികളില് എന്തെങ്കിലും തടസ്സമുണ്ടാവുകയോ അവ ഇടുങ്ങി പോവുകയോ ചെയ്താല് ഹൃദയത്തിന്റെ പേശികളിലെ കോശങ്ങള്ക്ക് ആവശ്യത്തിന് ഭക്ഷണം കിട്ടാതെ ആവും. അതായത് ഓക്സിജനും പോഷകങ്ങളും.

ഓക്സിജന്റെ വരവ് നിലക്കുന്നതോടെ കോശങ്ങളുടെ പ്രവര്ത്തനവും നിലയ്ക്കുന്നു. ഇതിന്റെ ഫലമായി ഓക്സിജന് കിട്ടാത്ത ഭാഗത്തെ കോശങ്ങള്‍ പെട്ടെന്ന് നിലച്ചു പോകുന്നു. ഹൃദയത്തിന്റെ പേശികളിലെ കോശങ്ങള്‍ എല്ലാം ഇങ്ങനെ നശിച്ച് ഹൃദയ പേശികള്ക്ക് ക്ഷതമുണ്ടാക്കുന്നു. ഈ രോഗാവസ്ഥയാണ് ഹാര്ട്ട് അറ്റാക്ക് എന്നറിയപ്പെടുന്നത്.

ഹാര്ട്ട് അറ്റാക്ക് വന്ന് ഹൃദയം നിലച്ചു പോകുന്ന അവസ്ഥയാണ് കാര്ഡിയാക് അറസ്റ്റ് എന്നറിയപ്പെടുന്നത്. ഈ അവസ്ഥയില് ഒരാള്ക്ക് മരണം വരെ സംഭവിക്കാം.

ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍

നെഞ്ചിനകത്ത് ഭാരം അനുഭവപ്പെടല്‍, നെഞ്ചില് തുടങ്ങി ക്രമേണ ചുമലുകളിലേയ്ക്കും കഴുത്തിലേയ്ക്കും കൈയ്യിലേയ്ക്കും പടരുന്ന വേദന, ശ്വാസ ഗതിയിലുള്ള വ്യതിയാനം, പെട്ടെന്ന് വിയര്ക്കല്‍. നെഞ്ചു വേദന വന്ന് 15 മിനിട്ട് കഴിഞ്ഞും കുറയുന്നില്ലെങ്കില് എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക.

ഹൃദ്രോഗമെന്ന നിശ്ശബ്ദനായ കൊലയാളിക്കു പല രൂപങ്ങളും ഭാവങ്ങളുമുണ്ട്. അവയുടെല്ലാം കാരണങ്ങളും ലക്ഷണങ്ങളും വിഭിന്നമാണ്. എന്നിരിക്കിലും പല ഹൃദയരോഗങ്ങളുടെയും സൂചനകള്‍ പലപ്പോഴും പൊതുസ്വഭാവമുള്ളവയാണ്.

നിങ്ങള്‍ അനുഭവിക്കുന്ന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ രോഗത്തിന്റെ തരമനുസരിച്ചും ഗൌരവമനുസരിച്ചുമാണ് സംഭവിക്കുന്നത്. നിങ്ങളുടെ ഹൃദയത്തിനുണ്ടായ പ്രശ്നം എന്തു കാരണംകൊണ്ടാണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്.

പുതിയതായി എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോഴും ഇടയ്ക്കിടെ അത് ആവര്ത്തിക്കുമ്പോഴും നിസ്സാരമട്ടില്‍ അതിനെ കാണാന്‍ ശ്രമിച്ചാല് അപകടം ചെയ്യും. ഒരിക്കല്‍ ലക്ഷണം കാണിച്ചാല് വിശദമായ പരിശോധനകളും കരുതലുകളും തുടര്ന്നുള്ള ജീവിതത്തില് ആവശ്യമായി വരും.

ഹൃദയധമനികളിലെ രോഗങ്ങളും ലക്ഷണങ്ങളും

ആന്ജിന (anjina) എന്നറിയപ്പെടുന്ന ഹൃദയവേദനയാണ് ഹൃദയധമനികളിലെ രോഗങ്ങളുടെ കാര്യത്തില് സാധാരണ കാണാറുള്ള ഒരു ലക്ഷണം. ആന്ജിന പലതരത്തില് അനുഭവപ്പെടും. ഹൃദയത്തിന് എരിച്ചില് അനുഭവപ്പെടുക, ഭാരക്കൂടുതല്, അസ്വസ്ഥത, സമ്മര്ദ്ദം, ഞെരുക്കം ഇതൊക്കെ ആന്ജിനയുടെ വിശദീകരണങ്ങളില്പ്പെടുന്നവയാണ്. ഇത് പലപ്പോഴും നിസ്സാരമായ നെഞ്ചിരിച്ചിലാണെന്ന് തെറ്റിദ്ധരിക്കപ്പെടാനിടയുണ്ട്.

ഇടതുനെഞ്ചിലാണ് സാധാരണയായി ആന്ജിനയുടെ ലക്ഷണങ്ങള് പ്രകടമാവുക. എന്നിരിക്കിലും തോള്, കഴുത്ത്, കൈകള്, തൊണ്ട, പുറം, താടിയെല്ല് എന്നിവിടങ്ങളിലും തകരാറുകള് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഹൃദയധമനികളിലുണ്ടാകുന്ന രോഗങ്ങളുടെ മറ്റു ലക്ഷണങ്ങള് ഇവയാണ്.

1. ശ്വാസംമുട്ടല് (Shortness of breath)

2. ക്രമംതെറ്റിയ ഹൃദയമിടിപ്പ് (irregular heart beat)

3. ഹൃദയമിടിപ്പിന്റെ വേഗത കൂടുക (a faster heart beat)

4. തളര്ച്ച (Weakness or dizziness)

5. ഓക്കാനം (Nausea)

6. വിയര്ക്കല് (Sweating)

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള് (symptoms of heart attack)

ഹൃദയഭാരവും വേദനയും:

ഹൃദയാഘാതം പലപ്പോഴും നിശ്ശബ്ദനായി കടന്നുവരുന്ന ഒരു ഘാതകനാവാറുണ്ട്. ഹൃദയത്തെ നേരിട്ടായിരിക്കില്ല പകരം ഹൃദയത്തിന്റെ നാലുഭാഗത്തുകൂടെയാവും ഈ ഭീകരന് രോഗത്തിന്റെ വല വിരിക്കുക. ചിലപ്പോള് കൈകളില്ക്കൂടിയാവാം വേദന കടന്നുവരിക. അല്ലെങ്കില് നെഞ്ചിനുതാഴെയുള്ള എല്ലുകളില്നിന്നാവാം. വേദനയുടെ രൂപത്തില് മാത്രമല്ല ഈ ഭീകരാക്രമം അരങ്ങേറുക. മറിച്ച് നെഞ്ചെരിച്ചിലായോ, ഭാരംതോന്നലായോ സമ്മര്ദ്ദമായോ ഒക്കെ അനുഭവപ്പെടാം.

അസ്വസ്ഥതയുടെ തരംഗങ്ങള്:

കഴുത്തിലും തൊണ്ടയിലും തോളിലും താടിയെല്ലിലും കൈകളിലും വ്യാപിക്കുന്ന അസ്വസ്ഥതകളാണ് ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണം.

നെഞ്ചെരിച്ചില്:

നെഞ്ചിനകത്ത് നീറ്റലും പുകച്ചിലും അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്.

വിയര്പ്പും മനംപുരട്ടലും:

ശരീരമാകെ വിയര്ത്തുകുളിക്കുന്നത് ഹൃദയാഘാതമെന്ന രോഗത്തിന്റെ ശ്രദ്ധേയമായൊരു ലക്ഷണമാണ്. ശരീരത്തിന്റെ പുറത്തു നടക്കുന്ന ഒരു പ്രതിഭാസമായതിനാല് രോഗിക്കു മാത്രമല്ല, അടുത്തുനില്ക്കുന്നവര്ക്കുകൂടി ഈ ലക്ഷണം മനസ്സിലാവുന്നു. അതുപോലെതന്നെ അകാരണമായ ഓക്കാനവും മനംപുരട്ടലും ചിലപ്പോള് അനുഭവപ്പെടാറുണ്ട്.

ക്ഷീണവും ഉല്ക്കണ്ഠയും:

ഹൃദയാഘാതത്തിന് പലപ്പോഴും അമിതമായ ഉല്ക്കണ്ഠ, ടെന്ഷന്, മനപ്രയാസം ഇവയൊക്കെ ഇടയാക്കാറുണ്ട്. ശ്വാസമുട്ടലും അനുഭവപ്പെടും. ക്ഷീണവും തളര്ച്ചയുമൊക്കെയായി രോഗിയെ അടിപറ്റിച്ചുകൊണ്ടായിരിക്കും ഇവിടെ ആഘാതം ആഞ്ഞുവീശുക.

താളംതെറ്റിയ മിടിപ്പ്:

ഹൃദയതാളം തെറ്റിച്ചുകൊണ്ട് മിടിപ്പ് (heart beat) ഉണ്ടാവുന്നത് അറ്റാക്കിനുള്ള ലക്ഷണമാകാറുണ്ട്. ചിലപ്പോള് ഹൃദയമിടിപ്പിന്റെ വേഗതയേറുകയും ചിലപ്പോള് കുറയുകയും ചെയ്യും.

സൈലന്റ് അറ്റാക്ക്

ചിലരില് യാതൊരു ലക്ഷണവും പ്രകടിപ്പിക്കാതെ അറ്റാക്ക് സംഭവിക്കുന്നു. അതാണ് ഏറ്റവും അപകടകാരിയായ 'സൈലന്റ് അറ്റാക്ക്.' മിക്കവാറും രോഗിയേയുംകൊണ്ടേ ഈ ഭീകരന് കടന്നുപോകാറുള്ളൂ. ആശുപത്രിയിലെത്തിക്കാനോ ചികില്സിക്കാനോ അവസരമില്ലാത്തതാണ് അപകടത്തിനു കാരണം. ഉറക്കത്തിലും ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോഴുമൊക്കെ ഈ വില്ലന് കടന്നുവന്നേക്കാം. ചുരുക്കത്തില് ഔചിത്യബോധമില്ലാത്ത കോമാളിയെപ്പോലെയാണ് 'സൈലന്റ് അറ്റാക്കി'ന്റെ വരവും.

പരിശോധനകള്‍

ഹൃദ്രോഗ നിര്ണയത്തിനുള്ള പരിശോധനകള്:

ഇ.സി.ജി (E.C.G)

ഇ.സി.ജി അഥവാ ഇലക്ട്രോകാര്ഡിയോഗ്രാം, ഹൃദയപരിശോധനാമാര്ഗ്ഗങ്ങളില്‍ എല്ലാവര്ക്കും പരിചിതമായിട്ടുള്ളത്. ഹൃദയപേശികളില് ഉണ്ടാകുന്ന വൈദ്യുതമാറ്റങ്ങളേയും ഹൃദ്രോഗാവസ്ഥയില് സംഭവിക്കുന്ന വിദ്യുത്വ്യതിയാനങ്ങളേയും കണ്ട് പിടിച്ച് രേഖപ്പെടുത്തുകയാണ് ഇ.സി.ജി ചെയ്യുന്നത്.

ഇ.സി.ജി എടുക്കുമ്പോള് ഹൃദയപേശികളിലെ വിദ്യുത് വ്യതിയാനങ്ങള് ശരീരത്തില് ഘടിപ്പിച്ചിരിക്കുന്ന ഇല്ക്ട്രോഡുകള് ഉപയോഗിച്ച് ഇ.സി.ജി പേപ്പറില് രേഖപ്പെടുത്തുന്നു.

എക്സറേ

ഹൃദയത്തിന്റെ ഘടനയും വലിപ്പവും അറിയാനുള്ള പ്രാഥമിക പരിശോധനയാണ് നെഞ്ചിന്റെ എക്സറേ. കൂടുതല് വിശദമായ വിവരങ്ങള് നല്കുന്ന എക്കോ കാര്ഡിയോ ഗ്രാം പോലെയുള്ള നൂതനപരിശോധനാ മാര്ഗ്ഗങ്ങള് വന്നതോടെ എക്സറേയുടെ പ്രാധാന്യം കുറഞ്ഞു വരികയാണ്.

എങ്കിലും ഹൃദയവാല്വുകളുടെ തകരാറുകള് ഉള്പ്പെടെ സങ്കീര്ണമായ പല ഹൃദ്രോഗങ്ങളും പരിമിതമായ സാഹചര്യങ്ങളില് പോലും മനസ്സിലാക്കാനുള്ള പരിശോധനയെന്ന രീതിയില് എക്സറേക്ക് ഇന്നും പ്രസക്തിയുണ്ട് എന്ന് തന്നെ നമ്മുക്ക് പറയാം.

ടി.എം.ടി (ട്രെഡ്മില് ടെസ്റ്റ്)

ഹൃദ്രോഗമുള്ള 25 മുതല് 40 ശതമാനം വരെയാളുകളിലും വിശ്രമാവസ്ഥയില് എടുക്കുന്ന ഇ.സി.ജിയില് കുഴപ്പമൊന്നും കണ്ടില്ലെന്ന് വരാം. എന്നാല് ഇങ്ങനെയുള്ളവരെ ക്രമമായ ഒരു വ്യായാമരീതിക്ക് വിധേയരാക്കിയാല്, ആ നേരത്തെടുക്കുന്ന ഇ.സി.ജിയില് പാകപ്പിഴകള് കണ്ടെന്ന് വരാം.

കാരണം വ്യായാമം ചെയ്യുമ്പോള് ഹൃദയപേശികള്ക്ക് ആവശ്യമായി വരുന്ന കൂടുതല് രക്തം തടസ്സമുള്ള കൊറോണറി ധമനികളിലൂടെ ഒഴുകിയെത്താതെ വരുമ്പോള് വിശ്രമാവസ്ഥയില് പ്രകടമാവാതിരുന്ന ഹൃദ്രോഗം മറനീക്കി പുറത്ത് വരുന്നു. ഇത് കണ്ടെത്താനാണ് രോഗിയെ ട്രെഡ്മില് എന്ന ഉപകരണത്തിലൂടെ നടത്തി വ്യായാമം ചെയ്യിപ്പിച്ചുകൊണ്ട് ക്രമമായി ഇ.സി.ജി എടുക്കുന്ന ടി.എം.ടി നടത്തുന്നത്.

എക്കോ ടെസ്റ്റ്

ഹൃദയത്തിന്റെ പ്രവര്ത്തനങ്ങള് മനസ്സിലാക്കാനും വിവിധതരത്തിലുള്ള ഹൃദ്രോഗങ്ങളുടെ നിര്ണയത്തിനുമുള്ള ലളിതമായ ഒരു പരിശോധനാമാര്ഗ്ഗമാണ് എക്കോ കാര്ഡിയോഗ്രാഫി അഥവാ എക്കോ ടെസ്റ്റ്. ശരീരത്തിനുള്ളിലേക്ക് യാതൊരു വിധത്തിലുള്ള ഉപകരണവും കടത്തിവെക്കാത്തതുകൊണ്ട് ഈ പരിശോധന വേദനാരഹിതമാണ്.

എക്കോ മെഷീനിലെ ട്രാന്സ് ഡ്യൂസര് എന്ന ഭാഗത്ത് നിന്ന് പുറപ്പെടുന്ന ഉയര്ന്ന ആവേഗമുള്ള അള്ട്രാസോണിക് തരംഗങ്ങള് ഹൃദയത്തിന്റെ വിവിധഭാഗങ്ങളിലേക്കയച്ച് തരംഗങ്ങളുടെ പ്രതിധ്വനിയെ ഇലക്ട്രോണിക് അടയാളങ്ങളായി മാറ്റി ടിവി സ്ക്രീനില് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.

എക്കോ ഉപകരണത്തിന്റെ ട്രാന്സ്ഡ്യൂസര് നെഞ്ചിന്റെ മുകളിലായി വിവിധഭാഗങ്ങളില് വെച്ചുകൊണ്ടാണ് പരിശോധന നടത്തുന്നത്. സാധാരണഗതിയില് 15-20 മിനുട്ടുകൊണ്ട് പരിശോധന പൂര്ത്തിയാകും. എക്കോടെസ്റ്റുകള് പലതരത്തിലുണ്ട്. ഹൃദ്രോഗത്തിന്റെ വ്യാപ്തി നിര്ണയിക്കുന്നതില് എക്കോ ടെസ്റ്റ് ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.

ഹോള്ട്ടര് ഇ.സി.ജി

ഇ.സി.ജി പരിശോധനയിലെ ഒരു പുതിയ സംവിധാനമാണ് ഹോര്ട്ടര് ഇ.സി.ജി. സാധാരണ ഇ.സി.ജിയില് ഏകദേശം ഒരു മിനിറ്റ് സമയം ഹൃദയത്തിന്റെ പ്രവര്ത്തനത്തില് ഉണ്ടാകുന്ന മാറ്റങ്ങള് മാത്രമേ രേഖപ്പെടുത്താന് സാധിക്കുകയുള്ളൂ.

അതേസമയം ഹോള്ട്ടര് ഇ.സി.ജി വഴി 24 മണിക്കൂര് സമയം ഹൃദയ പ്രവര്ത്തനത്തില് ഉണ്ടാകുന്ന മാറ്റങ്ങള് പഠിക്കാന് സാധിക്കുന്നു. ഇത് വഴി ഏകദേശം ഒരു ലക്ഷത്തിലേറെ സ്പന്ദനങ്ങള് രേഖപ്പെടുത്തുന്നത് വഴി അപൂര്വ്വമായി മാത്രം സംഭവിക്കുന്ന സ്പന്ദനവ്യതിയാനങ്ങള്പോലും മനസ്സിലാക്കാനാവുന്നു.

കാര്ഡിയാക് കത്തീറ്ററൈസേഷന്

ഹൃദ്രോഗ നിര്ണയത്തിനും ചികിത്സക്കും ഒരുപോലെ പ്രയോജനപ്രദമായ നവീനവും താരതമ്യേന സങ്കീര്ണവുമായ പരിശോധനാമാര്ഗ്ഗമാണ് കാര്ഡിയാക് കത്തീറ്ററൈസേഷന്. ശരീരത്തിന്റെ ഒരുപ്രധാന ധമനിയിലൂടെയോ, സിരയിലൂടെയോ ഒരു കത്തീറ്റര് കടത്തി, ഫ്ളൂറോ സ്കോപ്പിലൂടെ അതിന്റെ ഗതി നിയന്ത്രിച്ചുകൊണ്ട് ഹൃദയ അറകളിലേക്കും കൊറോണറി ധമനികളിലേക്കുമെത്തിക്കുകയുമാണ് ഈപരിശോധയില് ചെയ്യുന്നത്.

ഹൃദയ അറകളിലേക്ക് കടത്തിവിടുന്ന കത്തീറ്റര് ഉപയോഗിച്ച് അറകളിലെ മര്ദ്ദം, രക്തസാമ്പിളുകള് ശേഖരിച്ച് അവയിലെ ഓക്സിജന് സാന്ദ്രത എന്നിവ അയഡിന് തുടങ്ങിയ ചില പ്രത്യേക ഡൈ ഉപയോഗിച്ച് രക്തധമനികളുടെയും ഹൃദയഅറകളുടേയും ഘടന രേഖപ്പെടുത്തുന്നു.

പ്രാഥമിക പരിശോധനകളില് നെഞ്ചുവേദനയുടെ കാരണം വ്യക്തമാവാതിരിക്കുക, മരുന്നുപയോഗിച്ചുള്ള ചികിത്സയിലൂടെ നെഞ്ചുവേദന മാറാതെയിരിക്കുക. ടി.എം.ടിയില് ശക്തമായ ഹൃദ്രോഗ സൂചനകള് കാണുക, 50 വയസ്സിനു താഴെ ഹൃദയാഘാതമുണ്ടാവുക, ഹാര്ട്ട് അറ്റാക്കിനു ശേഷവും നെഞ്ചുവേദനയും ശ്വാസം മുട്ടലും ഉണ്ടാവുക. തുടങ്ങിയ അവസരങ്ങളിലാണ് സാധാരണ, കത്തീറ്ററൈസേഷന് വേണ്ടി ഡോക്ടര്മാര് നിര്ദ്ദേശിക്കുക.

ചികിത്സകള്‍

ആന്ജിയോപ്ളാസ്റ്റി

ഹൃദയ ധമനികളിലെ തടസ്സം നീക്കുന്നതിനുള്ള ഒരു ചികിത്സാ രീതിയാണ് ആന്ജിയോപ്ലാസ്റ്റി. ആന്ജിയോഗ്രാഫി പരിശോധന വഴി ഹൃദയ ധമനിയില് തടസ്സങ്ങള് കൃത്യമായി നിര്ണ്ണയിച്ചാണ് ആന്ജിയോ പ്ലാസ്റ്റി ചെയ്യുന്നത്.

ഒരു ധമനിയില് മാത്രമാണ് ബ്ളോക്ക് ഉള്ളതെങ്കില് ആന്ജിയോപ്ലാസ്റ്റിയുടെ ആവശ്യമേ ഉണ്ടാവാറുള്ളൂ. ആന്ജിയോഗ്രാഫിയിലൂടെ തടസ്സം കണ്ടെത്തിയ ശേഷം കത്തീറ്റര് ഉപയോഗിച്ച് ധമനിയിലെ തടസ്സമുള്ള ഭാഗത്തുകൂടി ഒരു ഗൈഡ് വയര് കടത്തിവിടുന്നു. ഈ ഗൈഡ് വയറിലൂടെ ഒരു പ്രത്യേകയിനം ബലൂണ് ബ്ളോക്കുള്ള സ്ഥലത്ത് കൊണ്ട് ചെന്ന് സ്ഥാപിക്കുന്നു.

തുടര്ന്ന് അയഡിന് അടങ്ങിയ ഡൈ ഉപയോഗിച്ച് ഈ ബലൂണ് പതുക്കെ വികസിപ്പിക്കുന്നു. അങ്ങനെ ബലൂണ് വികസിപ്പിക്കുമ്പോള് ധമനിഭിത്തിയിലെ കൊഴുപ്പുപാളി വശങ്ങളിലേക്കു തള്ളിമാറ്റപ്പെട്ട് ധമനി വലുതാകുന്നു. വികസിച്ച ബലൂണ് ഒന്നു രണ്ടു മിനിറ്റ് അവിടെ തന്നെ നിര്ത്തിയ ശേഷം സാവധാനം ചുരുക്കി മാറ്റും.

ധമനിയില് ഞെരുക്കമുണ്ടാക്കിയ ബ്ളോക്ക് മാറി വേണ്ടത്ര വികസിച്ചു എന്ന് തോന്നിയാല് ബലൂണ് കത്തീറ്ററും ഗൈഡ് വയറും ഹൃദയധമനിയില് നിന്ന് പിന്വലിച്ച് അയോര്ട്ടയിലെത്തിക്കും.

അതിന് ശേഷം വീണ്ടും ആന്ജിയോഗ്രാഫ് ചെയ്ത്, ധമനി തടസ്സം നീങ്ങിയോ എന്ന് ഉറപ്പ് വരുത്തും. ബലൂണ് വേണ്ടത്ര വികസിച്ചിരുന്നില്ല എന്നു കണ്ടെത്തിയാല് അതേ ബലൂണ് ഉപയോഗിച്ചോ, പുതിയൊരു ബലൂണ് കൊണ്ടോ ഒരിക്കല് കൂടി ഈ പ്രക്രിയ തുടരുന്നു. എന്നാല് ആന്ജിയോഗ്രാഫിയുടെ ഒരു പോരായ്മയായി പറയുന്നത് ആന്ജിയോപ്ലാസ്റ്റി നടത്തി ധമനി വികസിപ്പിച്ചവരില് ചിലവര്ക്ക് വീണ്ടും ചുരുക്കം സംഭവിക്കാം എന്നതാണ്. എന്നാല് ഇപ്പോള് കൊറോണറി സ്റ്റെന്റുകളുടെ വരവോടെ ആ കുറവും ഒരു പരിധി വരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.

ആന്ജിയോപ്ലാസ്റ്റിക്ക് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

1. രക്തത്തിന്റെ നേര്മ അളക്കണം

2. ഇ സി ജി പരിശോധിക്കണം

3.തലേ ദിവസം നന്നായി ഉറങ്ങണം

4. ആന്ജിയോപ്ളാസ്റിക്ക് മുമ്പ് മൂന്നോ നാലോ മണിക്കൂര് ഉപവസിക്കണം

ബൈപ്പാസ് സര്ജറി

കൂടുതല് ബ്ളോക്കുള്ള വഴികള് ഒഴിവാക്കി നമ്മുടെ റോഡില് നിരവധി ബൈപ്പാസ് റോഡുകള് ഉണ്ടാക്കുന്നില്ലേ? അത് തന്നെയാണ് ഹൃദയത്തിലെ ബൈപ്പാസ് സര്ജറി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഹൃദയധമനികളില് കൊഴുപ്പ് അടിഞ്ഞുകൂടിയോ മറ്റ് തടസ്സങ്ങളോ കാരണം രക്തപ്രവാഹത്തിന് തടസ്സമുണ്ടാവുമ്പോള് ആ തടസ്സം ഒഴിവാക്കി രക്തമൊഴുകാന് പുതിയൊരു ധമനി തുന്നി പിടിപ്പിച്ചു കൊടുക്കുകയാണ് ബൈപ്പാസ് സര്ജറിയില് ചെയ്യുന്നത്.

ശരീരത്തില് നിന്നു തന്നെ എടുക്കുന്ന രക്തക്കുഴലുകള് ഉപയോഗിച്ചാണ് ഇങ്ങനെ ബൈപ്പാസ് ഉണ്ടാക്കുന്നത്. ബ്ളോക്കിന്റെ അപ്പുറത്തും ഇപ്പുറത്തുമായി പുതിയ രക്തക്കുഴലുകള് തുന്നിപ്പിടിപ്പിക്കുന്നതിലൂടെ രക്തം പുതിയ ബൈപ്പാസിലൂടെ സുഗമമായി ഒഴുകിക്കൊള്ളും.

ബൈപ്പാസ് സര്ജറി നടത്തുമ്പോള് ഹൃദയത്തില് പുതിയതായി തുന്നിച്ചേര്ക്കുന്ന രക്തക്കുഴലിന് ഗ്രാഫ്റ്റ് എന്നു പറയുന്നു.

മൂന്ന് ഭാഗത്ത് നിന്നുള്ള രക്തക്കുഴലുകളാണ് ഗ്രാഫ്റ്റായി എടുക്കുന്നത്. നെഞ്ചില് നിന്നെടുക്കുന്ന ഇന്റേണല് മാമറി ആര്ട്ടറി. കണങ്കാലില് നിന്നെടുക്കുന്ന സഫീനസ് വെയിന്, കൈത്തണ്ടയില് നിന്നെടുക്കുന്ന റേഡിയല് ആര്ട്ടറി എന്നിവ. ഇതില് ഏറ്റവും പ്രയോജനപ്രദം ഇന്റേണല് മാമറി ആര്ട്ടറി ഉപയോഗിച്ചുള്ള ബൈപ്പാസാണ്.

ഈ രക്തക്കുഴല് ഉപയോഗിച്ച് ബൈപ്പാസ് നടത്തിയാല്, അതിനുള്ളില് പിന്നീട് ബ്ളോക്കുണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. കാലില്‍ നിന്നെടുക്കുന്ന സഫീനസ് വെയിന് ഉപയോഗിച്ച് ബൈപ്പാസ് നടത്തിയാല് ഈ ബൈപ്പാസിനുള്ളില് വീണ്ടും ബ്ളോക്കുവരാന് സാധ്യതയുണ്ട്.

സാധാരണ ഗതിയില് ഹൃദയത്തിന്റെ ഇരുവശങ്ങളിലുമുള്ള ഇന്റേണല് മാമറി ആര്ട്ടറിയുടെ ഏതെങ്കലും ഒരുവശത്തെ രക്തക്കുഴലാണ് എടുക്കാറുള്ളത്. ചില അവസരങ്ങളില് ഇരുവശത്തെയും രക്തക്കുഴലുകള് എടുക്കേണ്ടി വരാറുണ്ട്.

ശസ്ത്രക്രിയ കഴിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞാല് ജീവിതശൈലിയില് മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.

പുകവലി നിര്ത്തുക, രക്തസമ്മര്ദ്ദം നിയന്ത്രിക്കുക, അമിതവണ്ണം കുറയ്ക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, ഉപ്പും കൊഴുപ്പം കുറയ്ക്കുക, മരുന്നുകള് കൃത്യമായി കഴിക്കുക, സമീകൃതാഹാരം ഒരു ശീലമാക്കുക.

ഇതിനായി ഒരു ഡയറ്റീഷ്യന്റെ ഉപദേശം തേടുക. പൊരിച്ചതോ വറുത്തതോ ആയ ഭക്ഷണം, ചോക്കലേറ്റുകള്, വെണ്ണ, പേസ്ട്രി, കേക്ക് തുടങ്ങിയവ ഒഴിവാക്കണം. ഡാര്ക്ക് ചോക്കലേറ്റ് വല്ലപ്പോഴും കഴിക്കാം.

-Dr. Saji Subramanian MD DM

(Chief Interventional Cardiologist, A P Varkey Mission Hospital)

voices
Advertisment