Advertisment

പഴയകാല നേതാക്കളുടെയും ദേശീയ സ്വാതന്ത്ര്യ സമര നായകരുടെയും ജീവിതവും ചര്യയും വിപ്ലവ ആശയങ്ങളും അടുത്തറിഞ്ഞ ഭാർഗവി ടീച്ചറുമായി പത്രപ്രവർത്തകൻ അസീസ് മാസ്റ്റർ നടത്തിയ പ്രത്യേക അഭിമുഖം

New Update

publive-image

Advertisment

ഭാർഗവി ടീച്ചറുമായി പത്രപ്രവർത്തകൻ അസീസ് മാസ്റ്റർ നടത്തിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്. സ്വാതന്ത്ര്യ സമര വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ശബരി ആശ്രമം മൂന്നു തവണ സന്ദർശിച്ച ഗാന്ധിജിയെയും അദ്ദേഹത്തിന്റെ മഹിത ആശയങ്ങളെയും ഓർക്കുകയാണ് ഭാർഗവി ടീച്ചർ.

ദേശീയ നേതാക്കളെ കാണാൻ അവസരം ഉണ്ടായതും രാഷ്ട്ര നേതാക്കളുമായി ഇടപഴകാൻ സാധിച്ചതും ഇന്നും ഇവർക്ക് മധുര സ്മരണകൾ ആണ്. ഗാന്ധിജിയുടെ ആശയങ്ങളിൽ ഇന്നും ആവേശവും പ്രചോദിതയുമാണ് അകത്തേത്തറ ശബരി ആശ്രമത്തിനു സമീപം താമസിക്കുന്ന ഭാർഗവി ടീച്ചർ.

അകത്തേത്തറ നടക്കാവിൽ സ്ഥാപിച്ച ശബരി ആശ്രമം തെക്കേ ഇന്ത്യയിലെ സബർമതി എന്നാണ് അറിയപ്പെടുന്നത്. ഗാന്ധിജി മൂന്നുതവണ സന്ദർശിച്ച കേരളത്തിലെ ഏക സ്ഥാപനമാണ് ശബരി ആശ്രമം.

പൈതൃക സംരക്ഷണത്തിൽ സമൂഹം ഉണരണമെന്നും മൂല്യങ്ങൾ പിൻപറ്റണമെന്നുമാണ് ഭാർഗവി ടീച്ചറുടെ അഭ്യർത്ഥന. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ സ്മരണകളിൽ അകത്തേത്തറയിലെ ശബരി ആശ്രമം ഇന്നും ഒരേടാണ്.

ടി.ആർ.കൃഷ്ണസ്വാമി അയ്യർ 1923ൽ ആരംഭിച്ച ശബരി ആശ്രമം സ്വാതന്ത്ര്യ സമരങ്ങളുമായി ഏറെ ഇഴയടുപ്പമുള്ള ചരിത്ര സ്മാരകവുമാണ്. സംസ്ഥാനത്തെ ഈ ഗാന്ധിസ്മാരകത്തെ അതിന്റെ ചരിത്ര പ്രാധാന്യവും ഗരിമയും നിലനിറുത്തിക്കൊണ്ട് നവീകരിക്കുകയാണ് സംസ്ഥാന സർക്കാർ. ഗാന്ധിയൻ ആശയങ്ങളിലൂടെ സമൂഹത്തിൽ എന്ത് മാറ്റം കൊണ്ടുവരാനാണോ ശബരി ആശ്രമം പരിശ്രമിച്ചത്, അതിന്റെ പൂർത്തീകരണമാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്.

മൂന്നുതവണ ഗാന്ധിജി സന്ദർശിച്ച സ്ഥലം, കസ്തൂർബ ഗാന്ധിയോടൊപ്പം രാഷ്ട്രപിതാവ് താമസിച്ച ആശ്രമം, ശ്രീനാരായണ ഗുരുവും സാമൂഹ്യപരിഷ്കർത്താക്കളും സന്ദർശിച്ച ഇടം എന്നിങ്ങനെ കേരളത്തിന് ഒരിക്കലും വിസ്മരിക്കാനാകാത്ത ചരിത്ര സ്മരണകൾ ഉറങ്ങുന്ന ഭൂമികയാണ് അകത്തേത്തറയിലെ ശബരി ആശ്രമമെന്ന് സമീപവാസി കൂടിയായ ഭാർഗവി ടീച്ചർ ഓർക്കുന്നു.

1923ൽ ടി.ആർ.കൃഷ്ണസ്വാമി അയ്യരാണ് അകത്തേത്തറയിൽ ശബരി ആശ്രമം സ്ഥാപിച്ചത്. സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിക്കാനുദ്ദേശിച്ചാണ് ഇത്തരമൊരു സ്ഥാപനം അദ്ദേഹം തുടങ്ങിയത്. പിന്നീട് വിപ്ലവകരമായ ധാരാളം മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ഈ ആശ്രമത്തിൽ നിന്നായിരുന്നു.

ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാനും ഉപ്പുസത്യാഗ്രഹമുൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുത്ത വോളണ്ടിയർമാരെ പരിശീലിപ്പിക്കുന്നതിനും ആശ്രമം വേദിയായിട്ടുണ്ട് എന്നത് ചരിത്രത്തിൽ അതിന്റെ പ്രധാന്യം വർദ്ധിപ്പിക്കുന്നു. ഗാന്ധിജി മൂന്നുതവണ സന്ദർശിച്ച കേരളത്തിലെ ഏക സ്ഥാപനമാണിത്.

ഗാന്ധിജി നട്ട തെങ്ങും അദ്ദേഹം പ്രാർത്ഥന നടത്തിയ വീടും ഇന്നും ഇവിടെയുണ്ട്. ഒപ്പം സന്ദർശക ഡയറിയിൽ അദ്ദേഹമെഴുതിയ വാക്കുകളും ആശ്രമത്തിൽ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. ശബരി ആശ്രമം ഏറെ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ആവർത്തിച്ചു പറയുകയാണ് ടീച്ചർ.

പഴയകാല നേതാക്കളുടെയും ദേശീയ സ്വാതന്ത്ര്യ സമര നായകരുടെയും ജീവിതവും ചര്യയും വിപ്ലവ ആശയങ്ങളും അടുത്തറിഞ്ഞ ഭാർഗവി ടീച്ചർക്ക് എത്ര സംസാരിച്ചാലും മതി വരാത്ത ആവേശമാണുള്ളത്. അവർ പറഞ്ഞ സ്‌മൃതികളുടെ രത്നചുരുക്കമാണ് ഈ അഭിമുഖത്തിലുള്ളത്.

voices
Advertisment