Advertisment

കർണാടക ഉപതിരഞ്ഞെടുപ്പ്; നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്കുതുടക്കം (ലേഖനം)

author-image
സത്യം ഡെസ്ക്
New Update

-വെട്ടിപ്പുറം മുരളി

Advertisment

publive-image

കർണാടകയിൽ 2 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനു കാഹളം മുഴങ്ങിയതോടെ ഒന്നര വർഷം അകലെ നിൽക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കും നാന്ദിയായി.

എംഎൽഎമാരും മത്സരമോഹികളും ഇനി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളിൽ മുഴുകും. പ്രമുഖ രാഷ്ട്രീയ പാർട്ടികളും ഔപചാരികമല്ലാത്ത പ്രചാരണ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഭരണകക്ഷിയായ ബിജെപി അതിന്റെ ഭരണപരമായ നടപടികളിലൂടെ വോട്ടുകളിലേക്കു കണ്ണു നട്ടു നീങ്ങവേ പ്രതിപക്ഷ കക്ഷികളും ഇതേ ലാക്കോടെ കരുക്കൾ നീക്കിത്തുടങ്ങി.

കർണാടക രാഷ്ട്രീയത്തിൽ എംഎൽഎമാർ ഉൾപ്പെടെയുള്ളവർ കൂടുവിട്ടു കൂടുമാറുന്ന പ്രവണത സാധാരണയാണ്. അതു ഭരണലഭ്യതയെത്തന്നെ സ്വാധിനിക്കുന്ന ഘടകമായി മാറുന്നതു പതിവാണ്.

2023 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കളം ഒരുക്കുകയാണ് രാഷ്ട്രീയ കക്ഷികൾ. കർണാടകയിലെ മൂന്ന് പ്രധാന പാർട്ടികളും അസന്തുഷ്ടരായ നിയമസഭാംഗങ്ങളെയും മറ്റു നേതാക്കളേയും തിരിച്ചറിയുകയും അവരെ വേണ്ട വിധം പരിഗണിക്കുകയും ചെയ്യുന്നവരാണ്.

കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ നിരവധി ബിജെപി എംഎൽഎമാരുമായി ബന്ധപ്പെട്ടിരുന്നു. മറു ചേരിയിലെ പ്രമുഖരെ വശത്താക്കുന്നതോടൊപ്പം എതിർകക്ഷിയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനുണ്ട്.

ഒരു പാർട്ടിയ്ക്കു ഏതെങ്കിലും മണ്ഡലത്തിൽ കാര്യമായ സ്വാധീനമില്ലെങ്കിൽ അവിടെ എതിർപക്ഷത്തുള്ള എം.എൽ.എയെ സ്വപക്ഷത്തേക്കു കൊണ്ടുവരാൻ നോക്കും. അല്ലെങ്കിൽ അവിടെ നിന്നു വീണ്ടും ജയിക്കാൻ സാധ്യതയുള്ള എതിരാളിയെ വശത്താക്കാനും ശ്രമം നടക്കും. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പുള്ള ഒരു സാധാരണ പ്രതിഭാസമാണിത്.

മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ കഴിഞ്ഞയാഴ്ച ദാവൺഗരെയിൽ നടന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ പാർട്ടിയിലെ പ്രവണതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. വിജയസാധ്യതയുള്ള പാർട്ടിയിലേക്കു മത്സരാർത്ഥികളുടെ തള്ളിക്കയറ്റം ഉണ്ടാകും. എന്നാൽ ഇവരിൽ ജയസാധ്യതയുള്ളവരെ ചാക്കിലാക്കാൻ പാർട്ടികളുടെ കെണി പിന്നാലെയുണ്ടാകും.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനതാദൾ (സെക്കുലർ) പാർട്ടിയിൽ നിന്നു ചില എംഎൽഎമാർ വിട്ടുപോകുമെന്ന് ആശങ്കയുണ്ട്. ചാമുണ്ഡേശ്വരിയിൽ നിന്നുള്ള മുതിർന്ന ജെഡി (എസ്) നിയമസഭാംഗമായ ജി ടി ദേവഗൗഡ ഒരു തികഞ്ഞ അസംതൃപ്തനാണ്.

കോൺഗ്രസ്-ജെഡി (എസ്) സഖ്യസർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തനിക്കു മതിയായ പരിഗണന നൽകിയില്ലെന്നാണ് അദ്ദേഹത്തിന്റെ പരിഭവം. ഇതിനെച്ചൊല്ലി കുമാരസ്വാമിയിൽ നിന്ന് അകന്ന ജി ടി ദേവഗൗഡ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി പല തവണ കൂടിക്കാഴ്ച നടത്തി.

അതുപോലെ, പല നേതാക്കളും കോൺഗ്രസിൽ തല ചായ്ക്കാൻ ഇടം തേടുന്നവരാണ്. 2018 ലെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനക്കാരായ ഞങ്ങളുടെ സ്ഥാനാർത്ഥികളെ വേട്ടയാടാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അത്തരം മണ്ഡലങ്ങളിൽ ഞങ്ങൾ പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്തുമെന്നും ഒരു പാർട്ടി പരിപാടിക്ക് ശേഷം ജെ ഡി (എസ്) നേതാവ് എച്ച് ഡി കുമാരസ്വാമി പറഞ്ഞത് നേതാക്കളുടെ മലക്കംമറിച്ചിലുകളെ സ്ഥിരീകരിക്കുന്നു. ഉപതിരഞ്ഞെടുപ്പ് ഫലം തുടർന്ന് അടുത്ത തിരഞ്ഞെടുപ്പിന്റെ അടവുകളും നീക്കങ്ങളും ആയിരിക്കും കർണാടക രാഷ്ട്രീയത്തിൽ ഉണ്ടാവുക.

ബിജെപിയിൽ ചേർന്ന 16 മുൻ കോൺഗ്രസ്-ജെ ഡി (എസ്) വിമതർ വീണ്ടും അവരുടെ മണ്ഡലങ്ങളിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഇടയുള്ളതിനാൽ അവിടങ്ങളിലെ ബിജെപി നേതാക്കളും മുൻഎംഎൽഎ മാരും കോൺഗ്രസിലേക്കു ചേക്കേറാൻ തക്കം പാർത്തു കഴിയുന്നതായി അറിയുന്നു.

മുഖ്യമന്ത്രിയെന്ന നിലയിൽ ബസവരാജ് ബൊമ്മെയ്ക്ക് ഈ ഉപതിരഞ്ഞെടുപ്പു തികഞ്ഞ പരീക്ഷണമായിരിക്കും. അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സ്വന്തം ജില്ലയായ ഹവേരിയിലെ ഹംഗൽ മണ്ഡലത്തിൽ തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ മികച്ച വിജയത്തിൽ കുറഞ്ഞ ഒന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല.

അല്ലെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു ബിജെപിയെ നയിക്കേണ്ട മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിനു നേരെ ചോദ്യശരങ്ങൾ തറച്ചെന്നുവരാം. അതിനാൽത്തന്നെ ബൊമ്മെയ്ക്ക്. ഇതൊരു അഭിമാന പ്രശ്‌നം കൂടിയായിരിക്കും

എല്ലാ നേതാക്കളും ഉപതിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്, പാർട്ടിയുടെ നേതൃത്വത്തിൽ ഞങ്ങൾ അതിനെ നേരിടും എന്ന് ബൊമ്മെ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ മുഖ്യമന്ത്രിയായതിനു ശേഷമുള്ള ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പ് പരീക്ഷണമാണ് ബൊമ്മെ നേരിടുന്നത്.

2023 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പാർട്ടിയുടെ അഗ്‌നിപരീക്ഷയായിരിക്കുമെന്ന് ആകസ്മികമായി മുൻ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ പറഞ്ഞിരുന്നു. യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. പല കാരണങ്ങളാൽ യെഡിയൂരപ്പയുടെ നിലപാട് ഇവിടെ നിർണായകമാണ്. ഇതുവരെ യെഡിയൂരപ്പയെ ആശ്രയിച്ചും അദ്ദേഹത്തിന്റെ നേതൃത്വത്തിലും ആണ് ബിജെപി തിരഞ്ഞെടുകളെ നേരിട്ടത്.

കർണാടകയിലെ സിന്ധി, ഹംഗൽ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 30 ന് ഉപതിരഞ്ഞെടുപ്പു നടക്കും. സിന്ധിയിൽ ജെഡി (എസ്) എംഎൽഎ എം സി മംഗുലിയുടെ മരണത്തെ തുടർന്നാണ് ഒഴിവ് ഉണ്ടായത്. ഹംഗലിൽ ബിജെപിയുടെ ഉദാസി വിട പറഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 8 ആണ്. സൂക്ഷ്മപരിശോധന ഒക്ടോബർ 11 ന് നടക്കും, ഒക്ടോബർ 13 ആണ് പിൻവലിക്കാനുള്ള അവസാന ദിവസം. നവംബർ രണ്ടിന് വോട്ടെണ്ണൽ നടക്കും. മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും 30 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 30 ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ബിജെപി രണ്ടു സീറ്റുകളിലും വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇതിനിടെ ബൊമ്മെ തന്ത്രപൂർവം ഒരു കരു മുന്നോട്ടു നീക്കി വച്ചു. മൈസൂർ ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ മുൻ കോൺഗ്രസ് മുഖ്യമന്ത്രി എസ് എം കൃഷ്ണയെ തിരഞ്ഞെടുത്തുകൊണ്ടാണ് ബൊമ്മെ തന്ത്രം മെനഞ്ഞത്. ബന്ധപ്പെട്ടവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഒക്ടോബർ 7 മുതൽ മൈസൂരിൽ 10 ദിവസത്തെ ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ മുതിർന്ന രാഷ്ട്രീയക്കാരനും മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുമായ എസ്എം കൃഷ്ണയെ ക്ഷണിച്ചതിലൂടെ ബൊമ്മെ കോൺഗ്രസിനെയും ദളിനെയും ചിന്താക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

തെക്കൻ കർണാടകയിൽ പ്രബലമാണെങ്കിലും ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കല്ലാത്ത വൊക്കലിഗ സമുദായത്തിന്റെ പിന്തുണ നേടാനുള്ള ഭരണകക്ഷിയായ ബിജെപിയുടെ ശ്രമമായാണ് ഈ നീക്കത്തെ രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. കൃഷ്ണ (89) വൊക്കലിഗ സമുദായക്കാരനാണ്. ജെ ഡി (എസ്) വോട്ടുബാങ്കായി കരുതുന്ന വൊക്കലിംഗ സമുദായത്തിലേക്കു കടന്നു ചെന്ന് അവരുടെ പ്രീതി നേടാനും ബൊമ്മെ നീക്കം നടത്തുകയാണ്.

ഉപതിരഞ്ഞെടുപ്പിന്റെ ഫലം നവംബർ 2 ന് പ്രഖ്യാപിക്കും, ഇത് പുതിയ കർണാടക മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയായിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലം തുടർന്ന് അടുത്ത തിരഞ്ഞെടുപ്പിന്റെ അടവുകളും നീക്കങ്ങളും ആയിരിക്കും കർണാടക രാഷ്ട്രീയത്തിൽ ഉണ്ടാവുക.

voices
Advertisment