Advertisment

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വർഗസമരപരീക്ഷണം ഈ കർഷകസമരമാണെന്ന് പറയുന്നതൊരു അതിശയോക്തിയാവില്ല. ഈ സമരം ഇന്ത്യയുടെ ആത്മാവിനെ അടയാളപ്പെടുത്തുന്നു... (ലേഖനം)

New Update

-ഹരിശങ്കർ കാർത്ത

Advertisment

publive-image

കാലഹരണപ്പെട്ടു എന്ന് വിധിയെഴുതപ്പെട്ട ഒരു ആശയസംഹിതയുടെ അവസാന റൗണ്ട് പരീക്ഷണമാണ് കർഷകസമരം. സ്വന്തമായി ഭൂമിയുള്ള ഇടത്തരം കർഷകരുടെ ഈ സമരം ഒരു വർഗസമരമല്ലെന്ന് സ്ഥാപിക്കുവാൻ പ്രത്യയശാസ്ത്രവിശാരദർക്ക് കഴിഞ്ഞേക്കാം. പക്ഷേ ഇന്ത്യയിലെമ്പാടും കൊടുമ്പിരികൊണ്ടിരിയ്ക്കുന്ന വർഗസമരങ്ങളത്രയും വലിയ പ്രതീക്ഷയൊടെ ഉറ്റ് നോക്കി പോകുന്ന ഈ സമരത്തിന് നേതൃത്വം കൊടുക്കുന്നത് കർഷക യൂണിയനുകളുടെ സംയുക്തസമിതിയാണ്.

ഈ സംയുക്തസമിതിയാവട്ടെ ഇന്ത്യൻ തൊഴിലാളിവർഗ്ഗം നടത്തിപ്പോരുന്ന ഒരൊ സമരത്തിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുവാൻ ബദ്ധശ്രദ്ധരാണ്. ഇതൊരു ഐക്യപ്പെടലിനായുള്ള അഭിവാഞ്ജയാണ് കാണിക്കുന്നത്.

സിഖ് മത വിശ്വാസികൾ തിങ്ങി പാർക്കുന്ന പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിൽ നിന്നും ഉയർന്ന് വന്നതുകൊണ്ട് തന്നെ ഈ സമരത്തിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം വരുന്ന മനുഷ്യരും അതെ മത വിശ്വാസികളായിരിയ്ക്കും. അവർ അവരുടെ മതചിഹ്നങ്ങൾ ധരിയ്ക്കാൻ പ്രത്യേക ഭരണഘടനാവകാശങ്ങളുള്ള ഒരു ന്യൂനപക്ഷസമുദായമാണ്.

കരിമ്പ് വെട്ടുന്ന വടിവാളുമായി ബാങ്കിൽ കയറി വരാൻ തമിഴ് നാട്ടിലെ ഒരു കർഷകന് അവകാശമില്ല. എങ്കിൽ കൃപാണമെന്ന കത്തിയുമായി ഒരു സിഖ് മത വിശ്വാസിയ്ക്ക് അവിടെ പ്രവേശിയ്ക്കാം. ഇതൊക്കെ ഇന്ത്യൻ മതനിരപേക്ഷതയുടെ വിശിഷ്ടമൂല്യങ്ങളാണ്. തലെക്കെട്ടും താടിയും തിങ്ങിനിറഞ്ഞ ഈ സമരദൃശ്യങ്ങളുടെ പിന്നിൽ ഒരുപാട് ഒരുപാട് സാംസ്കാരികചരിത്രങ്ങളുണ്ട്.

പക്ഷേ ഈ സമരം സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരായ ഉയർന്ന് വന്ന ജൈവികമായ ഒരു പ്രതിരോധമാണ്. കാർഷികവൃത്തി കൊണ്ട് പുലർന്ന് പോന്ന ഒരു ജനതയുടെ ആകുലതയാണ് അവർ പങ്ക് വെയ്ക്കുന്നത്. പുതിയ കാർഷിക ബില്ലുകൾ അവരെ വഴിയാധാരമാക്കുമെന്ന് അവർ ഭയപ്പെടുന്നു. ആ ഭയപ്പാടിനെ പ്രതി ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിച്ച് കൊണ്ട് സർക്കാരുമായി സംസാരിക്കുവാനാണ് അവർ ഇറങ്ങി പുറപ്പെട്ടിരിയ്ക്കുന്നത്.

സർക്കാർ സർദാർമാരുമായല്ല കർഷകസമരക്കാരുടെ സംയുക്തസമിതിയുമായാണ് ചർച്ചകൾ നടത്തുന്നത്. സിഖ് മത വിശ്വാസത്തെ പറ്റി ഏകദേശ ധാരണ പോലുമില്ലാത്തവരും ഒരു ഗുരുദ്വാര പോലും സന്ദർശിച്ചിട്ടില്ലാത്തവരും അവരെ ആശിർവദിയ്ക്കുന്നു. അഭിവാദ്യം ചെയ്യുന്നു.

സ്വകാര്യവൽക്കരണ നയങ്ങൾക്ക് നാന്ദി കുറിച്ചവർക്ക് പോലും പങ്കെടുക്കേണ്ടി വരും വിധം ഈ സമരം ശക്തമായിരിയ്ക്കുന്നു.

പ്രിയങ്കയുടെ പ്രിയങ്കരിയായ പ്രിയദർശിനി കൊലപ്പെട്ടതെങ്ങനെയെന്നും അവരുടെ പിതാവ് രാജീവ് ഗാന്ധി പ്രധാനമന്ത്രി പദം ഏറ്റെടുക്കുമ്പൊൾ ദൽഹിയിലെന്ത് സംഭവിച്ചുവെന്നും എല്ലാവർക്കും അറിയാം. അതിവിടെ ഇപ്പൊൾ അപ്രസക്തമാണ്. ഇതവരുടെ മാത്രം വ്യക്തിപരമായൊരു വെളിപാടല്ല.

ഡക്കാൻ പീഠഭൂമിയും സഹ്യപർവ്വതവും താണ്ടി ചെന്നവർ അവിടെ അറസ്റ്റ് വരിയ്ക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള മനുഷ്യർ ഈ പരീക്ഷണത്തിലേക്ക് കൗതുകപ്പെടുന്നുണ്ട്. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വർഗസമരപരീക്ഷണം ഈ കർഷകസമരമാണെന്ന് പറയുന്നതൊരു അതിശയോക്തിയാവില്ല.

ഇത്തരം പരീക്ഷണങ്ങളെ സൈദ്ധാന്തികമായും സംഘടനപരമായും തള്ളിപ്പറഞ്ഞവർ വേറെ നിവൃത്തിയില്ലാതെ ഇതിനെ സിഖ് മതക്കാരുടെ സമരമായി വ്യാഖാനിയ്ക്കാൻ ശ്രമിച്ച് തുടങ്ങിയിട്ടുണ്ട്. ഇതാർക്കാണ് ഗുണപ്പെടുക എന്നറിയാൻ കവടി നിരത്തേണ്ട കാര്യമൊന്നുമില്ലല്ലൊ.

കേരളത്തിലെ ഓരോ സമരവും നവോത്ഥാനകാലത്തിൻ്റെ സ്വാധീനശക്തി കൂടി നീക്കിയിരിപ്പായി കാണുന്നത് പോലെ പഞ്ചനദികളുടെ നാടിനും അവരുടെ ഭൂതകാല സാംസ്കാരിക ചരിത്രം ആവേശകരമായൊരു മൂലധനമായിരിയ്ക്കണം. അതിനപ്പുറം അതിനെ സ്വത്വവാദത്തിൻ്റെ മൂശയിലേക്ക് ഉരുക്കി ഒഴിയ്ക്കാൻ ശ്രമിയ്ക്കുന്നത് വിഭജനത്തിൻ്റെ, ഖാലിസ്ഥാൻ്റെ, ദൽഹി കലാപത്തിൻ്റെ ഓർമ്മകളും അനുഭവങ്ങളും പേടിസ്വപ്നങ്ങളും പേറുന്നവരെ ഒറ്റ് കൊടുക്കുന്നതിന് തുല്യമായിരിയ്ക്കും.

ഖേദകരമായ പല സംഘർഷങ്ങൾക്കുമപ്പുറം പഞ്ചാബിന് ഐതിഹാസികമായൊരു സർഗ്ഗാത്മക രാഷ്ട്രീയ ചരിത്രമുണ്ട്, ഇന്ത്യയ്ക്കും. ജാലിയൻവാലാബാഗിൽ ജനറൽ ഡയറിൻ്റെ വളർത്തുപട്ടികൾ കുറെ മനുഷ്യരെ വെടി വെച്ച് തീർത്തപ്പൊൾ അന്നേ വരെ രൂപീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരു രാജ്യത്തിലെ പൗരന്മാരെന്ന നിലയ്ക്കാണ് ഒരു നൂറ്റാണ്ട് മുന്നെ ആ രക്തസാക്ഷികൾ തിരിച്ചറിയപ്പെട്ടത്. ആവർത്തിയ്ക്കപ്പെടുന്ന ചരിത്രം ഒരു പ്രഹസനമാണെങ്കിൽ ചില പ്രഹസനങ്ങൾ ആവർത്തിയ്ക്കപ്പെടേണ്ടതായും ഉണ്ടാവാം.

voices
Advertisment