Advertisment

തട്ടിപ്പു കേസില്‍ മോന്‍സനെതിരെ തെളിവുകള്‍ ചുരുക്കം ! അഞ്ച് തട്ടിപ്പുകേസുകളാണു മോന്‍സനെതിരെ റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ രണ്ട് കേസുകളില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയിട്ടും പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായകരമാവുന്ന തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിരുന്നില്ല. മോന്‍സന്റെ രാജയോഗം !

New Update

-അസീസ് മാസ്റ്റർ

Advertisment

publive-image

പൊതുവെ മലയാളിയുടെ മനസ് എന്ന് പറയുന്നത്, എത്ര ഉന്നതനായാലും അയാളുടെ പോരായ്മകളില്‍ സായൂജ്യമടയുക എന്നതാണ്. അസൂയാവഹമായ നേട്ടം കൈവരിക്കുന്നവരുടെ പിന്നാലെയുള്ള പാപ്പരാസി വാര്‍ത്തകള്‍ക്ക് എന്നും പ്രിയമാണ്.

സമൂഹത്തില്‍ മാന്യന്മാരായി വിലസി ഒടുവില്‍, കുറ്റവാളിയാവുകയോ, അവരുമായി ബന്ധം തെളിയുകയോ, ആരോപണം നേരിടുകയോ ചെയ്താല്‍, അതുവരെ ആസ്വദിച്ചിരുന്ന പുറംമോടി സിംഹാസനത്തില്‍ നിന്നും വലിച്ചിറക്കി, എല്ലാ സമൂഹവിചാരണ ചെയ്യുക എന്നതും മലയാളിയുടെ പൊതുസ്വഭാവമാണ്.

എന്നാല്‍, വ്യാജ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കാര്യത്തില്‍ വലിയ പിന്തുണ നല്കുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിലൂടക്കം നാം കണ്ടത്. മോന്‍സന്‍ പറ്റിച്ചവരൊക്കെ, വമ്പന്മാരെയും പ്രമുഖരെയും സമ്പന്നരുമാണ് എന്നതു തന്നെ കാരണം.

പഠിപ്പും പത്രാസുമുള്ള ആളുകളെ കൗശലത്തോടെ പറ്റിച്ച വീരശൂരനാണ് മോന്‍സന്‍ എന്നാണ് സാധാരണക്കാര്‍ പോലും കരുതുന്നത്. സോളാര്‍ തട്ടിപ്പും സ്വര്‍ണ്ണക്കടത്തും കേസില്‍ പ്രതികള്‍ സമൂഹത്തിന്റെ വെറുപ്പ് സമ്പാദിച്ചെങ്കില്‍ മോന്‍സന് അങ്ങനെയൊരു പേരുദോഷം വലിയ തോതില്‍ നേരിടേണ്ടി വന്നില്ല.

അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനും ഈ കേസില്‍ താരപരിവേഷവും ലഭിച്ചില്ലെന്നും പറയാം. തട്ടിപ്പ് സിംഹാസനത്തിലെ രാജയോഗം ആഘോഷിച്ച് വരികയെയാണ് ക്രൈംബ്രാഞ്ചിന് കച്ചിത്തുരുമ്പ് ലഭിക്കുന്നത്. സ്വന്തം ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതി.

ഈ കേസില്‍ മോന്‍സന് മുട്ടുമടക്കേണ്ടി വരും. ഇതുവരെ തലയിലേറ്റ ജനം കല്ലെറിയുന്നതും കൂക്കിവിളിക്കുന്നതും കാണേണ്ടി വരും. തന്റെ രാജയോഗം അവസാനിച്ചെന്ന് ബുദ്ധിമുട്ടി വിശ്വസിക്കേണ്ടി വരും. 17 വയസ്സുള്ളപ്പോള്‍ മകളെ മോന്‍സന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയിലാണ് പോസ്‌കോ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കൊച്ചി കലൂരിലെ വീട്ടില്‍വച്ച് ബാലാത്സംഗം ചെയ്‌തെന്നാണു കേസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. മോന്‍സന് എതിരായ തട്ടിപ്പു കേസുകള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

കൊച്ചി സൈബര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ പത്തു പേരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന് സംശയിക്കാതിരിക്കാനും പറ്റില്ല.

കണ്ണൂര്‍ പാലത്തായില്‍ ഒന്‍പത് വയസുകാരിയെ ശുചിമുറിയില്‍ അധ്യാപകനും ബിജെപി നേതാവുമായ കുനിയില്‍ പത്മനാഭന്‍ ലൈംഗികമായി പീഡിപ്പിച്ച കേസ് അട്ടിമറിക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ച ഉദ്യോഗസ്ഥനാണ് എസ് ശ്രീജിത്തെന്ന് ആരോപണം നേരത്തെ ശക്തമായിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഐ ജി ഇ ജെ ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അധ്യാപകനെ തെളിവു സഹിതം കുടുക്കിയിരുന്നത്. മുന്‍ ഡിജിപി ലോക്‌നാഥ് ബഹറ ഉള്‍പ്പെടെയുള്ള പൊലീസ് ഉന്നതന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മോന്‍സനെ ഈ കേസില്‍ നിന്നും സംരക്ഷിക്കാനുള്ള സാധ്യതയും ഐ ജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കാരണം, സാമ്പത്തിക തട്ടിപ്പു കേസിലെ പരാതിക്കാരല്ലാതെ കുടുംബാംഗങ്ങളും മോന്‍സനെ തള്ളിപ്പറഞ്ഞ് ഇതുവരെ മൊഴി നല്‍കിയില്ല. കേസുമായി ബന്ധപ്പെട്ടു പുറത്തുവന്ന വിഡിയോ ദൃശ്യങ്ങള്‍ നാണക്കേടുണ്ടാക്കിയതു മോന്‍സനല്ല, ദൃശ്യങ്ങളില്‍ അകപ്പെട്ടവര്‍ക്കായിരുന്നു.

തട്ടിപ്പു കേസില്‍ മോന്‍സനെതിരെ തെളിവുകള്‍ ചുരുക്കം, തട്ടിയെടുത്തതായി പറയുന്ന 10 കോടി കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. അഞ്ച് തട്ടിപ്പുകേസുകളാണു മോന്‍സനെതിരെ റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ രണ്ട് കേസുകളില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയിട്ടും പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായകരമാവുന്ന തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിരുന്നില്ല.

പ്രതിയുടെ ജാമ്യാപേക്ഷ കോടതി അനുവദിച്ചേക്കുമെന്നു പോലും അന്വേഷണ സംഘം ഭയപ്പെട്ട ദിവസങ്ങളിലാണു പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്യാനുള്ള മൊഴികള്‍ പരാതിക്കാരിയായ അമ്മയും മകളും നല്‍കിയത്. ഈ കേസില്‍ കൂടി മോന്‍സന് രക്ഷപ്പെടാനുള്ള വഴി തുറന്ന് കിട്ടിയാല്‍ രാജയോഗം വീണ്ടും ലഭിക്കും.

പക്ഷെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന വാര്‍ത്ത പുറത്ത് വന്ന സാഹചര്യത്തില്‍, ഇതുവരെ വീരാരാധന നേടിയെടുത്ത മോന്‍സനെ മലയാളികള്‍ ഇനി തള്ളിപ്പറയാന്‍ നിര്‍ബദ്ധിതരാവും.  സപ്തംബര്‍ 25നാണ് തട്ടിപ്പു കേസില്‍ മോന്‍സന്‍ അറസ്റ്റിലാകുന്നത്. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കുന്നതോടെ ഈ കേസിലും മോന്‍സനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമെന്നാണ് വാര്‍ത്തകള്‍.

സമൂഹത്തിലെ നിലയും വിലയും വര്‍ധിപ്പിച്ച് ഉന്നത വ്യക്തികളെ സ്വാധീനിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണു മോന്‍സന്‍ ചെയ്ത ചാരിറ്റികള്‍. അതു മനസ്സിന്റെ നന്മയില്‍ വിരിഞ്ഞ സഹാനുഭൂതി കാരണമുണ്ടായതല്ല എന്നതിലേക്കുള്ള തെളിവാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കേസില്‍ സംരക്ഷിച്ച് നിര്‍ത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും കാഴ്ച വെച്ചിരുന്നോ എന്നതാണ് ഇനി അറിയാനുള്ളത്.

voices
Advertisment