Advertisment

പരസ്പരബന്ധത്തിന്‍റെ സജീവമാകുന്ന അവബോധമാണ് വ്യക്തികളെ സഹോദരീ സഹോദരന്മാരായി കൂട്ടായ്മയില്‍ നിലനിര്‍ത്തുന്നത്. സാഹോദര്യമില്ലാതെ നീതിനിഷ്ഠവും പ്രശാന്തവും കെട്ടുറപ്പുള്ളതുമായൊരു സമൂഹം വളര്‍ത്തിയെടുക്കുക സാധ്യമല്ല. മനുഷ്യ സൗഹൃദത്തിന്‍റെ വീണ്ടെടുപ്പിന്... (ലേഖനം)

author-image
സമദ് കല്ലടിക്കോട്
Updated On
New Update

-കെ.എസ് ഹരിഹരൻ

Advertisment

publive-image

കട്ടിലശേരി മുഹമ്മദ്‌ മുസ്‌ലിയാരും എം.പി. നാരായണമേനോനും തമ്മിലുള്ള സൗഹാർദവും മനുഷ്യർ തമ്മിലുള്ള സ്നേഹവുമാണ് ഈ നാടിന്റെ ചരിത്രത്തെ സമ്പന്നമാക്കുന്നത്. മതസൗഹാർദം ഏറ്റവുമധികം കൊട്ടിഘോഷിക്കപ്പെടുന്ന കാലത്തിലൂടെ കടന്നുപോവുന്നവരാണല്ലോ നാം. എന്തു കൊണ്ടാണ് മതസൗഹാർദ സംഗമങ്ങൾ ആർഭാടപൂർവ്വം നടത്തേണ്ടിവരുന്നത്?

മനുഷ്യസൗഹൃദം തീരെയില്ലാതെ വരുമ്പോഴാണ് ഇങ്ങനെയൊരാവശ്യം കടന്നുവരുന്നത്. മനുഷ്യസൗഹാർദം കുറയുമ്പോഴാണ് അതത് മതവിശ്വാസികൾ സൗഹൃദകൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്. ഞാനിത് പറയുന്നത് മതസൗഹാർദത്തിന്റെ അധരവ്യായാമം ഒരിക്കലും ആവശ്യമില്ലാതിരുന്ന ഒരു ഗ്രാമത്തിന്റെ പ്രതിനിധിയായാണ്.

മതത്തിനും സൗഹൃദത്തിനും രണ്ട് തലങ്ങൾ കൽപ്പിച്ച്, അതിൽ സൗഹൃദത്തിന് ഏറ്റവും പ്രാധാന്യം കൊടുത്ത്, സമൂഹത്തെ മുന്നോട്ടുനയിച്ച് മൺമറഞ്ഞുപോയ രണ്ട് മഹാത്മാക്കളുടെ ജീവിതസന്ദേശം മുറുകെപ്പിടിച്ചുകൊണ്ടാണ്; കട്ടിലശേരി മുഹമ്മദ്‌ മുസ്‌ലിയാരുടെയും എം.പി.നാരായണ മേനോന്റെയും പൈതൃകം പിന്തുതുടർന്നത്.

അവരുടെ ജീവിതം തന്നെയായിരുന്നു മാനവസൗഹൃദം. മതത്തിനും ജാതിക്കും അതീതമായി മനുഷ്യരെ സ്നേഹിച്ച്, മനുഷ്യത്വം പ്രചരിപ്പിച്ച ആ രണ്ട് അവദൂതന്മാർ നാടിന്റെ അഭിമാനംതന്നെയായിരുന്നു...

മതത്തിനു വേണ്ടിയല്ല അവർ ജീവിച്ചത്. മനുഷ്യനുവേണ്ടിയായിരുന്നു അവർ കൈകോർത്തതെന്നോർക്കണം. അതുകൊണ്ടുതന്നെയാണ് നാടിന് പുറത്തും അവരുടെ സൗഹൃദസന്ദേശം അംഗീകരിക്കപ്പെടുന്നത്. ആ ജീവിത സൗഹൃദചേർച്ചയുടെ ചരിത്രം ഏറെ കാലികപ്രസക്തിയുള്ളതാണ്.

മമ്പുറം തങ്ങളുടെ ജീവിതസന്ദേശം തന്നെയാണ് ഇവരുടെ മൂല്യങ്ങൾക്ക് അടിത്തറ പാകിയത്. താൻ അക്ബറിന്റെ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നതെന്ന് ബീർബൽ അഭിമാനത്തോടെ പറഞ്ഞതുപോലെ, അഭിമാനത്തോടെ ഏതൊരു മനുഷ്യർക്കും പറയാമായിരുന്നു ഞങ്ങൾ തങ്ങളുടെ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നതെന്ന്.

അധകൃത വർഗ്ഗത്തിൽപെട്ട മനുഷ്യർക്കുപോലും അങ്ങനെയൊരു അഭിമാനം പ്രദാനം ചെയ്യാൻ കഴിവുണ്ടായിരുന്ന വ്യക്തിത്വങ്ങളായിരുന്നു മമ്പുറം തങ്ങൾ കുടുംബം. അവരുടെ പിൻഗാമികളും ഏറെക്കുറെ ആ വിശ്വാസം നിലനിർത്തുന്നുണ്ട് എന്നുള്ളത് ശ്ലാഘനീയമാണ്.

സമൂഹജീവിയായ മനുഷ്യന് സാഹോദര്യം മൗലികമായ മാനുഷിക ഗുണമാണ്.

പരസ്പരബന്ധത്തിന്‍റെ സജീവമാകുന്ന അവബോധമാണ് വ്യക്തികളെ സഹോദരീ സഹോദരന്മാരായി കൂട്ടായ്മയില്‍ നിലനിര്‍ത്തുന്നത്. സാഹോദര്യമില്ലാതെ നീതിനിഷ്ഠവും പ്രശാന്തവും കെട്ടുറപ്പുള്ളതുമായൊരു സമൂഹം വളര്‍ത്തിയെടുക്കുക സാധ്യമല്ല.

സഹോദര്യത്തിന്‍റെ ആദ്യപാഠശാല കുടുംബമാണ്. വിശിഷ്യ മാതാപിതാക്കളുടെ ഉത്തരവാദിത്തപൂര്‍ണ്ണമായ കുടുംബ രൂപീകരണത്തിലൂടെയും, നന്മയുള്ള മാനുഷിക ബന്ധത്തിലൂടെയും മക്കൾ മനുഷ്യത്വത്തെ നോക്കി കാണുന്നു. കുടുംബാംഗങ്ങളുടെ ഓരോരുത്തരുടെയും പങ്കിലൂടെയുമാണ് ദയയും സൗഹൃദവും യാഥാര്‍ത്ഥ്യമാകുന്നത്.

ചുറ്റുമുള്ള ലോകത്ത് സ്നേഹം പരത്തുകയാവട്ടെ, ഓരോ വ്യക്തിയുടെയും കാതലായ ദൗത്യം.

voices
Advertisment