Advertisment

പുരാവസ്തു മാത്രമായി മാറേണ്ടി വരുന്ന പ്രവാസികളുടെ ജീവിതത്തിന്റെ നേർക്കാഴ്ച്ചകളിലേക്ക് ‘എന്റെ പ്രവാസ കഥകൾ' - പുസ്തക നിരൂപണം

New Update

-ബാദുഷ പുതുപൊന്നാനി

Advertisment

publive-image

"വിരഹവും സങ്കടവുമൊതുക്കി ഒരു യാത്ര. എന്നിട്ട്? എന്നിട്ടെന്താ...? കൊട്ടാരത്തിൽ ഒരു പുരാവസ്തു. അത്ര തന്നെ.”

അബു ഇരിങ്ങാട്ടിരിയുടെ “എൻറെ പ്രവാസ കഥക” ളുടെ ആമുഖമായി കഥാകൃത്ത് എഴുതിയ വരികളാണ് മുകളിലേത്. എല്ലുമുറിയെ പണിയെടുത്തു ചോര നീരാക്കി ഉണ്ടാക്കിയ സാമ്രാജ്യത്തിൽ അവസാനം വെറുമൊരു പുരാവസ്തു മാത്രമായി മാറേണ്ടി വരുന്ന പ്രവാസികളുടെ ജീവിതത്തിന്റെ നേർക്കാഴ്ച്ചകളിലേക്ക് വിരൽ ചൂണ്ടുന്ന 12 മനോഹരമായ കഥകളുടെ സമാഹരമാണ് ഈ പുസ്തകം.

പല കഥകളും കഥാപാത്രങ്ങളും നമുക്ക് ചുറ്റും ജീവിക്കുന്നവരും സുപരിചിതരുമാണ്. പ്രവാസം നിർത്താമെന്നു കരുതുന്ന പല മനുഷ്യർക്കും ഒരു പാട് പാഠങ്ങൾ മനസ്സിലാക്കാനും ചിന്തിക്കാനും ഈ സമാഹാരത്തിലെ കഥകൾ ഉപകരിക്കുമെന്നുറപ്പ്. എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും ഒന്നും അനുഭവിക്കാൻ യോഗമില്ലാതെ നരകയാതന അനുഭവിക്കുന്ന അവസ്ഥയാണല്ലോ പ്രവാസികളുടേത്. മൂന്ന് പതിറ്റാണ്ടോളം പ്രവാസിയായി ജീവിച്ചു വാർദ്ധക്യ കാലം നാട്ടിലും വീട്ടിലും രസകരമായി ജീവിക്കാൻ കൊതിച്ചു വന്ന മീൻകമ്പക്കാരനായ പ്രവാസിയുടെ ജീവിത കഥയുടെ കരളലിയിപ്പിക്കുന്ന ആവിഷ്കാരമാണ് ”കാറ്റോളം” എന്ന ആദ്യ കഥ.

ദയയും സ്നേഹവുമുള്ള ഒരു അറബിയുടെ വീട്ടിലെ ഹൗസ് ഡ്രൈവറായി ജീവിതം നയിക്കുന്ന പ്രവാസിയുടെ കഥ പറയുന്ന “പൊള്ളലുകൾ" പ്രവാസിയുടെ മനസ്സ് മാത്രമല്ല ഏതൊരു പിതാവിന്റെയും ഹൃദയം പൊള്ളിക്കുന്നതാണ്. കഥാനായകൻ സുഭദ്രനും ഭാര്യ സിത്താരയും മകളും വായനക്ക് ശേഷവും നമ്മെ പൊള്ളിച്ചു കൊണ്ടേയിരിക്കും.

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി വീര മൃത്യു വരിച്ച പൂർവികരുടെ നാട്ടിൽ സ്വന്തമായി ഒരു തുണ്ട് ഭൂമിക്കും പാർപ്പിടത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനും ജന്മാനാട്ടിൽ അഭിമാനത്തോടെ ജീവിക്കാനും വേണ്ടി നാടുവിട്ട പോരാളിയായ ഹംസക്കുട്ടിയുടെ കഥപറയുന്ന “തിരി' യിൽ കൂട്ടുകാരൻ അവിഹിതമായി സമ്പാദിച്ചുണ്ടാക്കി,വട്ടി പലിശയും മറ്റുമായി നാട്ടിൽ പടുത്തു ഉയർത്തിയ ഒരു ബിൽഡിങ്ങിലെ സെക്യൂരിറ്റി പണിയെടുക്കേണ്ട ഗതികേടുണ്ടായ ഹംസക്കുട്ടിയുടെ ജീവിതമാണ് പറയുന്നത്.

അന്യ രാജ്യത്തെ മഹാനഗരത്തിൽ ഏകാന്തത ധാരാളമുള്ള ഒരിടത്ത് ഫ്ളാറ്റിലെ താമസക്കാർക്ക് വേണ്ട സഹായ സഹകരങ്ങൾ ചെയ്തു കൊടുത്തു കാലം കഴിക്കുന്ന വേലായുധൻ എന്ന കഥാപാത്രത്തിന്റെ ദാരുണമായ അവസാനം അവതരിപ്പിക്കുന്ന 'ഒരു പുതിയ മനുഷ്യൻ' എന്ന കഥയും ആസ്വാദകരെ നൊമ്പരപ്പെടുത്തും. വിവാഹം പോലുള്ള മർമ്മ പ്രധാനമായ ഒരു കാര്യത്തിൽ പോലും ഉറച്ചൊരു തീരുമാനം എടുക്കാൻ കഴിയാതെ വിഷമിക്കുന്ന ജയപാലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “അയലിൽ ഒരു കോഴി” എന്ന കഥയിൽ പ്രവാസത്തെ ആത്മഹത്യയായി കഥാകൃത്ത് വരച്ചു കാണിക്കുന്നു.

ഭർത്താവ് ജീവിച്ചിരിക്കെ വൈധവ്യം ഏറ്റുവാങ്ങേണ്ടി വരുന്ന ഭാര്യ , അച്ഛനില്ലാതെ വാത്സല്യം കിട്ടാതെ വരുന്ന മക്കൾ അങ്ങനെ ജീവിതം നശിപ്പിച്ചു കളയുന്ന ആത്മഹത്യ. പത്തു വർഷം ഗൾഫിൽ ജോലി ചെയ്‌ത രാജേന്ദ്രൻറെ വാക്കുകൾക്ക് വില കൽപ്പിക്കാതെ ഗൾഫു ജീവിതം തെരഞ്ഞെടുത്ത് അവസാനം പ്രവാസത്തിന്റെ നരകച്ചൂടിലേക്ക് ജയപാലനും വഴുതി വീഴുന്നു. ശുദ്ധനും സത്കർമിയും സഭയുടെയും നാട്ടുകാരുടെയും വേണ്ടപ്പെട്ടവാനുമായിരുന്ന കുര്യാച്ചൻ മുതലാളി കൊടും വേദന സഹിച്ചു കാലങ്ങളോളം രോഗശയ്യയിൽ കിടന്നു ഭൂമിയിൽ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ ഏറ്റുവാങ്ങി മരിച്ചു. കുര്യാച്ചന്റെ മകനായ ലോപ്പസാവട്ടെ, ആര്ഭാടപൂർവ്വമായി ജീവിതം ആഘോഷിച്ച് സുഖമായി മരിക്കുകയും ചെയ്യുന്ന കഥ പറയുന്ന “അതിശയ നക്ഷത്രമായി ലോപ്പസ്” എന്ന കഥയിലൂടെ കെട്ടിയവനാൽ പാപം ചെയ്യേണ്ടി വന്ന നാട്ടുമ്പുറത്തുകാരിയായ ചിന്നമ്മയുടെ വളർച്ചയും ദുരിതവും കൂടി പറയുന്നു.

ഭർത്താവിന്റെ അസാന്നിധ്യത്തിൽ സു:ഖസൗകര്യങ്ങളുമായി ജീവിക്കുന്ന സ്ത്രീകളെപ്പറ്റി അപവാദങ്ങളുണ്ടാക്കാൻ എന്തെങ്കിലും അന്വേഷിച്ചു നടക്കുന്ന ജാരക്കണ്ണുകൾക്കുള്ള ചുട്ട മറുപടിയാണ് "മയൂര നൃത്തം " എന്ന കഥ.കുടുംബത്തിൽ കല്യാണം ഉണ്ടായപ്പോൾ ആരോ പറഞ്ഞു കൊടുത്ത ബുദ്ധിയിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു വിദേശത്തുള്ള മാതാപിതാക്കളുടെ അനുസരണയിൽ ഊഴമനുസരിച്ചു ഉപ്പപ്പാന്റെ അരികിൽ ഇരിക്കുന്ന സൂരജ്, കഴിഞ്ഞു പോയ ജീവിത വഴികൾ ഓർത്തെടുക്കുന്ന ഉപ്പപ്പയെ ആരും അന്വേഷിച്ചു വരാനിടയില്ലാത്തിടത്ത് തന്റെ പഴയ കൂട്ടുകാരൻ അന്വേഷിച്ചു വരുന്നതും പിന്നീടുണ്ടാകുന്ന ഭീകരമായ സംഭവങ്ങളും മികച്ച രീതിൽ അവതരിപ്പിച്ചിരിക്കുന്ന കഥയാണ് "പങ്കുവെക്കാൻ പറ്റാത്ത ചില ദൃശ്യങ്ങൾ".

അവധിക്കു നാട്ടിലെത്തുന്ന പ്രവാസിയും അയാളുടെ ഭാര്യയുടെ അസുഖവും ആശുപത്രി യാത്രയും മറ്റുമായി നീങ്ങുന്ന കഥയാണ് “അവധിക്കാലം”. ഹോം ബാർ നടത്തുന്ന അച്ചായന്റെയും അച്ചായത്തിയുടെയും കഥയാണ് "അധിനിവേശം" എന്ന കഥ. ഏറനാടൻ അധിനിവേശത്തിന്റെ പുരാവൃത്തവും ചരിത്രവും ഈ കഥയിലൂടെ കഥാകൃത്ത് പറയാതെ പറയുന്നുണ്ട്. "കാദർകുട്ടി സാഹിബിന്റെ ആൾക്കാർ കാശുണ്ടാക്കാൻ അക്കരക്ക് പോകും. കയ്യിലൊരു പാസ്‌പോർട്ടല്ലാതെ മറ്റൊന്നും കാണില്ല. അവിടെ ചെന്ന് പാത്രം കഴുകിയും കക്കൂസ് കഴുകിയും വണ്ടിയോടിച്ചും കച്ചോടം ചെയ്‌തും നാല് കാശുണ്ടാക്കി ആ കാശു മുഴുവനും ഇങ്ങോട്ടയച്ചു ഭാര്യയും മക്കളും അടിച്ചു പൊളിച്ചു ജീവിക്കുന്നു. എന്നാലോ, ആ കാശ് ചുളുവിൽ നമ്മൾ ഹോം ബാർ നടത്തി നമ്മുടെ പോക്കറ്റിലിടുന്നു." ഹോം ബാർ എന്ന കഥയിലെ കേന്ദ്ര കഥാപാത്രം ഇങ്ങനെ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു എന്നതും എടുത്തു പറയേണ്ടത് തന്നെ.

ഒരാളുടെ മുമ്പിലും ഒരു കാലത്തും കൈ നീട്ടേണ്ട ഗതി വരരുതെന്ന് പ്രാർത്ഥിച്ച നടന്നിരുന്ന പ്രവാസി സന്നദ്ധ സംഘടനകളുടെ കാരുണ്യത്തിലും കൃപയിലും ഒരു വാർത്താ ശരീരമായി ആശുപത്രിയിൽ കിടക്കുമ്പോൾ ആശുപത്രി മുതലാളിമാരുടെ മാസാന്ത്യ ടാർഗറ്റ് ഒപ്പിക്കാൻ ശ്രമിക്കുന്ന ഡോക്ടർ മാരും ആശുപത്രി മുതലാളിമാരും കാണിച്ചു കൂട്ടുന്ന കാനിൽ ചോരയില്ലാത്ത കാര്യങ്ങൾ, പ്രോത്സാഹനം കൊണ്ട് ഒരുപാട് കവിതകൾ എഴുതിയ വീട്ടമ്മ, ഒരു കൃതി ഇറക്കുവാൻ കഷടപ്പെടുന്ന സാഹിത്യകാരൻ എന്നിവരെ മനോഹരമായി പരിചയപ്പെടുത്തുന്നു “ഒരു ഇര രക്ഷപെടുകയാണെന്ന” കഥയിൽ.

പ്രവാസ ലോകത്തെ കഷ്ടപ്പാടും ദുരിതവും നാട്ടിൽ വന്നാൽ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളും ഈ പുസ്തകത്തിലെ എല്ലാ കഥകളിലും ഉണ്ട്. അത് വായിക്കുമ്പോൾ പ്രവാസി എന്ന നിലക്ക് പല കഥകളും നമ്മുക്ക് ചുറ്റും നടന്നതും നടക്കുന്നതുമായ തോന്നലുണ്ടാവും. വായനക്കൊടുവിൽ പുസ്തകം അടച്ചുവെച്ചാലും ഓരോ കഥാപാത്രവും നമ്മുടെ മനസ്സിലൂടെ ഓടിക്കളിച്ചു കൊണ്ടിരിക്കും.

പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ തന്റെ മകളെ താലോലിക്കുന്ന പോലെ സ്പോൺസറുടെ മകളെ താലോലിച്ച സുഭദ്രൻ പിന്നീട് എന്തായി ? ഒരു പുതിയ മനുഷ്യൻ എന്ന കഥയിലെ വേലായുധനെ ഹവാലക്കാരൻ തന്നെ ഒറ്റിയതാണോ ? മയൂരനൃത്തം എന്ന കഥയിലെ മാഷിന്റെ പ്രവാസിയായ ഭാര്യ മറിച്ചൊന്നു ചിന്തിസിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു കഥ ? എന്നിങ്ങനെ ചില ചോദ്യങ്ങൾ ഇപ്പോഴും മനസ്സിൽ അവശേഷിക്കുകയും ചെയ്യുന്നു.

വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ഗോൾഡൻ നിറമുള്ള ഈ പുസ്തകം ഇന്നെല്ലങ്കിൽ നാളെ ഒരു പുരാവസ്തു ആയി തീരേണ്ട ഓരോ പ്രവാസിയും നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ്. ‘എന്റെ പ്രവാസ കഥകൾ' അബു ഇരിങ്ങാട്ടിരി, പ്രസാ: ചെമ്മാട് ബുക്ക് പ്ലസ്.

voices
Advertisment