Advertisment

കലയുടെ പൂക്കാല മഹോത്സവം: കലകൾ തമ്മിലുള്ള അന്തരം കുറയുന്നു. ആനന്ദം അനുഭവിപ്പിക്കുന്നത് മാത്രമല്ല അകം ശുദ്ധീകരിക്കുന്നതുമായിരിക്കണം കല :കെ.എസ്.ഹരിഹരൻ

New Update

publive-image

Advertisment

കലക്ക്‌ സമൂഹത്തില്‍ ചില മാനവിക ധര്‍മങ്ങളുണ്ടെന്ന് കരുതുന്ന,അധ്യാപന മേഖലയിലും

ചലച്ചിത്ര സാംസ്ക്കാരിക രംഗത്തും ജീവസുറ്റ പ്രവർത്തനങ്ങൾ നടത്തുന്ന

ബഹുമുഖ വ്യക്തിത്വത്തിനു ഉടമയാണ് കടുങ്ങപുരം കുട്ടശ്ശേരി കളത്തിൽ വേലായുധൻ നായരുടെയും ശാന്തകുമാരിയുടെയും മകൻ കെ.എസ്.ഹരിഹരൻ. കേവലമൊരു സാംസ്‌കാരിക പ്രവർത്തകനോ അധ്യാപകനോ ഗ്രന്ഥകാരനോ അല്ല,കലാ സാഹിത്യ പ്രവർത്തനങ്ങൾക്ക് സാംസ്ക്കാരിക സമന്വയത്തിന്റെ കസവുമുദ്ര ചാർത്തി ബഹുസ്വര തന്ത്രികൾ തൊട്ടുണർത്തുന്ന ഒരു സർഗാത്മക സഞ്ചാരമാണ് അദ്ദേഹത്തിന്റേത്.

സാധാരണക്കാരിൽ സാധാരണക്കാരനായ ഈ നാട്ടുമനുഷ്യൻ ഔപചാരികവും അനൗപചാരികവുമായ ഒട്ടേറെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തനങ്ങളുടെ സംഘാടകനും പ്രചാരകനുമാണ്.

കലയും കാലവും

കവി,നോവലിസ്റ്റ്, കഥാകാരൻ എന്നീ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.എസ്.ഹരിഹരൻ സംവിധാനം ചെയ്ത ‘കാളച്ചേകോൻ' മണ്ണിൻ്റെയും മനുഷ്യൻ്റെയും കഥപറയുന്നതോടൊപ്പം

മലബാറിന്റെ സമുദായിക ഊഷ്മളത കൂടി തനിമയോടെ ഈ സിനിമയിൽ അടയാളപ്പെടുത്തിയിരിക്കുന്നു. നമ്മുടെ നാട് എങ്ങനെയാവണമെന്നുള്ള വ്യക്തമായ സൂചനകൾ, കാളച്ചേകോൻ എന്ന സിനിമയിലുണ്ട്. വർത്തമാന കാലം ആസുരമായി കറുത്തിരുണ്ട് പോകുമ്പോഴും സൗമനസ്യത്തിന്റെയും മാതാതീത മാനവികതയുടെയും ചില ചവിട്ടടിപ്പാതകൾ നമുക്ക് ചുറ്റും മായാതെ കിടക്കുന്നുണ്ട്.ആ ശാന്തി തീരങ്ങളിലേക്ക് വഴി നടത്തുകയാണ് ഹരിഹരൻ എന്ന സംവിധായകൻ.

publive-image

ഒരു സാഹിത്യകാരൻ കൂടിയായ ഹരിഹരൻ സിനിമയ്ക്കുള്ള കഥ, തിരക്കഥ,ഗാനങ്ങൾ എന്നിവ സ്വതന്ത്രമായി തന്നെ നിർവ്വഹിച്ചിരിക്കുന്നു. ജാതിമതവർഗ്ഗഭേദങ്ങൾ,മറ്റു വിഭാഗീയവകതിരിവുകൾ,വിദ്വേഷങ്ങൾ ആധുനിക മനസാക്ഷിയിൽ വലിയ വിള്ളലുകൾ സൃഷ്ടിക്കുമ്പോൾ ഈ സിനിമ നവ്യമായൊരു സന്ദേശ ചിത്രമായി മാറുന്നുണ്ട്.

ശ്രീനാരായണ ഗുരുദേവൻ്റ മാനവ മൂല്യങ്ങളും,ഗാന്ധിജിയുടെ നന്മയുള്ള ഗ്രാമീണതയും മാർക്സിയൻ പുരോഗമനാശയങ്ങളും സർവോപരി മണ്ണും മനുഷ്യനും ജന്തുജാലവും ഏകതയിൽ വർത്തിക്കുന്ന ഒരു നവലോകസങ്കല്പവും ഹരിഹരൻ സിനിമയിൽ ആവിഷ്ക്കരിക്കുന്നു. തൻ്റെ സിനിമ മലബാറിൽ നടന്ന ഒരു സംഭവമാണ്.അത് കാണാതെ പോയത് ഒരു തലമുറയുടെ ശാപമായി മാറി. ജന്മിയും കുടിയാനും ഏകോദരങ്ങളായി മനുഷ്യനും കാളകളും കൂടപ്പിറപ്പുകളായി, ജീവിച്ചിരുന്ന ഒരു സമൂഹം ഇവിടെയുണ്ടായിരുന്നു.

ആ ഒരു മഹാജീവിത സംസ്ക്കാരത്തെ സമൂഹത്തിൽ വ്യാപകമാക്കാൻ ദേവദത്തനും, മൗലവിയും തോളോടുതോൾ ചേർന്ന് പരിശ്രമിച്ചിരുന്നു.മറ്റു ഗ്രാമങ്ങളിൽ പടർന്നു പിടിച്ച,തൊട്ടുകൂടായ്മ,തീണ്ടിക്കൂടായ്മ തുടങ്ങിയ അയിത്തങ്ങളും,ജൻമി കുടിയാൻ വർഗ്ഗസംസ്ക്കാരത്തിനെതിരെയായിരുന്നു ഈ കൂട്ടായ്മ എന്നോർക്കണം.ഇതിൽ അവതരിപ്പിക്കുന്ന അരമനപ്പോക്കർ, മരയ്ക്കാരെപ്പോലെ,ജീവിച്ചിരുന്നതായുള്ള ചരിത്ര രേഖകളുണ്ട്.ലോഗൻ്റെ ഹോർത്തൂസ് മലബാറിക്കസ് അതിനു തെളിവാണ്.അതു മാത്രമല്ല അരമന പോക്കരുടെ ഒരനന്തരാവകാശി ഇന്നും ഇവിടെ ജീവിച്ചിരിപ്പുണ്ടുതാനും.കെ.എസ്. ഹരിഹരൻ റിസേർച്ച് ചെയ്ത് എഴുതിയ ഒരു നോവൽ കൂടിയാണ് കാളച്ചേകോൻ.അതു തന്നെയാണ് സിനിമയ്ക്കുള്ള പേരും.

കൊല്ലങ്കോട്,ആലത്തൂർ, നെന്മാറ,മണ്ണാർക്കാട് അങ്ങനെയങ്ങനെ അവിടങ്ങളിലെ ഉള്ളറകളിലേയ്ക്ക്, ടി.എസ്‌. ബാബുവിനോടൊപ്പം ക്യാമറയുമായി ഇറങ്ങിച്ചെന്ന് തൻ്റെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ഇണങ്ങുന്ന സ്വപ്ന ഗ്രാമീണ പ്രകൃതിയെ ഒപ്പിയെടുത്തു.റൺ രവി ഒരുക്കുന്ന മൂന്ന് സംഘട്ടനങ്ങൾ,കൂൾ ജയന്ത് ഒരുക്കുന്ന നാല് ഗാന ചിത്രീകരണങ്ങൾ,

ഏറനാടും വള്ളുവനാടും ഒരുക്കുന്ന കാളോൽസവങ്ങൾ നിരവധി സാഹസിക രംഗങ്ങൾ എല്ലാം സിനിമയിലെ നിറക്കൂട്ടാണ്.തമിഴർക്ക് ജെല്ലിക്കെട്ട് പോലെയാണ് മലയാളികൾക്ക് കാളപൂട്ടും.അതു കൊണ്ടു തന്നെ ഈ ചിത്രം ദേശീയ, അന്തർദേശീയ പ്രാധാന്യം കൈവരിക്കും.

വാക്കും വായനയും ഏറനാട്ടിലെ നിഷ്കളങ്ക ഗ്രാമീണർ പകർന്നേകിയ സ്‌നേഹവും നിസ്വാര്‍ത്ഥ സേവനവുമാണ് ഹരിഹരന്റെ ജീവിതാനുഭവവും അനുഭൂതിയും.

അച്ഛന്റെ സ്നേഹവും ഗുരുനാഥൻമാരുടെ പ്രോത്സാഹനവുമാണ് എഴുത്തിന്റെ വഴിയിൽ താങ്ങായി നിന്നത്. കുട്ടിക്കാലത്തു തന്നെ,വായനയിലും എഴുത്തിലും തൽപരനായിരുന്ന ഹരിഹരന് ഒരു ഇടത്തരം കർഷകനായിരുന്ന അച്ഛൻ,പുറത്തു പോയി വരുമ്പോഴൊക്കെ പുസ്തകങ്ങൾ വാങ്ങി കൊടുക്കുമായിരുന്നു.എട്ടാം ക്ളാസ്സിൽ പഠിയ്ക്കുമ്പോഴാണ്, തകഴിയുടെ ചെമ്മീൻ എന്ന നോവൽ അച്ഛൻ കൊണ്ടുവന്നു കൊടുത്തത്. ഒരൊറ്റയിരുപ്പിന് വായിച്ച തീർത്ത ചെമ്മീൻ നോവലിൻ്റെ അവസാന ഭാഗത്ത്, കറുത്തമ്മയുടെ,അനിയത്തി പഞ്ചമിയോടൊപ്പം നിൽക്കുന്ന മകൻ്റെ അനാഥത്വം, ഹരിഹരനിൽ അനിശ്ചിതത്വം സൃഷ്ടിച്ചു.

publive-image

പിൽക്കാലത്ത്,ചെമ്മീൻ എന്ന നോവലിൻ്റെ രണ്ടാം ഭാഗമായി ഉത്തരചെമ്മീൻ എഴുതാനിടയായതും, അതേ പേരിൽ ഉത്തര ചെമ്മീൻ സിനിമയാക്കിയതും ഹരിഹരന്റെ ആർജിതമായൊരു പരിശ്രമത്തിന്റെ പൂർത്തീകരണമായി. പട്ടാമ്പി സംസ്കൃത കോളേജിൽ നിന്ന് ബി.എയും എം.എ യും പൂർത്തിയാക്കി.കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ മലപ്പുറത്തുനിന്ന് ബി.എഡും നേടി പെരിന്തൽമണ്ണയിൽ അധ്യാപകനായി ചേർന്നു.ചരിത്രത്തിൽ എം.എ.യും, എം.ഫിലും,എൽ.എൽ.ബി.യും നേടിയിട്ടുണ്ട്.അധ്യാപനത്തോടൊപ്പം നടത്തിയ സാഹിത്യ,സാംസ്ക്കാരിക, പ്രവർത്തനങ്ങളും ജീവചരിത്ര രചനകളും

ആശയ പ്രകാശനത്തിന്റെയും ആത്മ പ്രഖ്യാപനത്തിന്റെയും പുതിയ ഭൂമിക സൃഷ്ടിക്കുന്നതായി.

ഗാനരചനയും,വിദ്യാരംഗവും, യുവജനോൽസവ വേദികളിലേയ്ക്കുള്ള ലളിതഗാനങ്ങളും കവിതകളും, മാപ്പിളപ്പാട്ടും നാടകങ്ങളും,സ്കിറ്റുകളും സർഗാവിഷ്ക്കാരത്തിന്റെ വേറിട്ടൊരു കരുത്താണ് പകർന്നത്. പാറക്കോട്ടിൽ ഉണ്ണിയേട്ടൻ്റെ ആത്മകഥാപരമായ ജീവചരിത്ര രചന

‘ഒരു ജനകീയൻ്റെ ചവിട്ടിപ്പാത' പുതു തലമുറക്ക് പ്രചോദനമാണ്. മഹാകവി ഒളപ്പമണ്ണയുടെ അവതാരികയോടു കൂടി ‘പീലിയെവിടെ' എന്ന പ്രഥമ കവിതാസമാഹരം പുറത്തിറക്കി. പാപ്പിയോൺ പ്രസിദ്ധീകരിച്ച ഓണത്തുമ്പി എന്ന കവിതാ സമാഹാരത്തിനു പുറമേ, മഹാഭാരതകഥയിലെ ഗാന്ധാരി മാതാവിൻ്റെ കാഴ്ചയിലൂടെ 'യഥോ ധർമ്മോ സ്തതോ ജയ ', തിരു വിതാംകൂർ ചരിത്ര സത്യമാക്കിയെഴുതിയ 'പപ്പു തമ്പി' ചന്തുമേനോൻ്റെ ഇന്ദുലേഖയിലെ ചിന്നൻ്റെയും പാഥേർ പാഞ്ചാലിയിലെ അപുവിൻ്റെയും വിപ്ളവകഥ പറയുന്ന ശ്രീലക്ഷ്മി ( സിനിമയാവുന്നതിൻ്റെ പേര്' റെവല്യൂഷൻ കെ.ബി 1900), തുടങ്ങി ഒട്ടേറെ എഴുത്തും ആവിഷ്ക്കാരവും വർത്തമാനത്തിന്റെ പുതിയ രൂപഭാവങ്ങളാണ്.

ധർമ്മസാർത്ഥകം എന്ന ടെലീഫിലിം സംവിധാനം ചെയ്തു. ബ്രഹ്മാസ്ത്രം,ദൈവത്തിൻ്റെ കയ്യൊപ്പ്, ഉത്തര ചെമ്മീൻ എന്നീ സിനിമകളിൽ പാട്ടെഴുതി.ജീവിതം ഒരു യാത്ര എന്ന ടെലിഫിലിമിന് തിരക്കഥയൊരുക്കി. പത്താമത് അടൂർ ഭാസി അവാർഡ് ലഭിച്ചത് ഇതിനാണ്. സംസ്ഥാന അയ്യപ്പ സമാജത്തിൻ്റെ ശ്രീശബരീശ പുരസ്ക്കാരം, സക്സസ് കേരളയുടെ സാഹിത്യ പുരസ്ക്കാരം ഉൾപ്പടെ ഒട്ടേറെ അംഗീകാരങ്ങൾ.

ജീവ രേഖ

സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനുള്ള മാർഗമായി കലാ പ്രവർത്തനത്തെ അവലംബിക്കുകയാണ് ഇദ്ദേഹം. വെറുപ്പുള്ള മാനസങ്ങളിൽ മഞ്ഞു തുള്ളിയാകുന്ന വാക്കുകൾ.ഒരു വാക്ക് അനുവാചകരുടെ ഹൃദയത്തിലുളവാക്കുന്ന സവിശേഷമായ അർത്ഥ പരിസരങ്ങളെയാണ് സംസ്‌കാരിക പ്രവർത്തനമായി കാണുന്നത്.

ഒരാളുടെയും ജന്മം അയാളുടെ മഹത്വമല്ല.

തന്റേതല്ലാത്ത കാരണത്താൽ ഓരോരുത്തരും പ്രത്യേക മതത്തിലോ ജാതിയിലോ വെളുത്തിട്ടോ കറുത്തിട്ടോ ജനിച്ചു വീഴുന്നു.ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് വ്യക്തികൾക്ക് വില കല്പിക്കുന്നതെങ്കിൽ അത് മനുഷ്യത്വവിരുദ്ധമാണെന്നാണ് ഹരിഹരന്റെ കാഴ്ചപ്പാട്.

ബോംബും വടിവാളും വഴക്കും വക്കാണവും മറയില്ലാതെ ഏറ്റുമുട്ടുമ്പോൾ കലയുടെ കരവിരുതുകൾ കൊണ്ട് മത നിരപേക്ഷതയുടെ കരുതൽ കാത്തുവെക്കുകയാണ് ഈ കലാകാരൻ.അതു കൊണ്ടു തന്നെ ശിഹാബ് തങ്ങൾ പ്രഥമ പുരസ്‌ക്കാരവും ഹരിഹരനെ തേടിയെത്തി. അധ്യാപക അവാർഡ് കിട്ടിയതിൻ്റെ തുക നിർധന വിദ്യാർത്ഥികളുടെ പഠന ചെലവുകൾക്കു വിനിയോഗിച്ചു.

മനോരമ നല്ലപാഠം, മാതൃഭൂമി നന്മ എന്നീ സാമൂഹിക സംരംഭങ്ങൾ ,ജില്ലയുടെ തണൽക്കൂട്ട് എന്നീ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്ഥിരം വാളണ്ടിയറാണ്. വയോജന സഹായ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് മുക്ത ക്യാമ്പസ് പ്രവർത്തനങ്ങൾ,ആതുരാലയ സന്ദർശനവും സഹവാസവും, ബധിരമൂക കുട്ടികളുടെ പരിചരണം, പെയിൻ&പാലിയേറ്റീവ്  പ്രവർത്തനം,രോഗികൾക്ക് ഭക്ഷണം എത്തിക്കുന്ന ‘അമ്മ തന്ന ഒരു ചോറു പൊതി'തുടങ്ങി വൈവിധ്യമാർന്ന കർമ പദ്ധതികൾ. കലാകാരനായാൽ മസില് പിടിച്ചിരിക്കണമെന്ന

ധാരണ തിരുത്തപ്പെടുകയാണ്. അധ്യാപകനായ ഹരിഹരൻ സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ കൈയെത്തിപ്പിടിക്കാന്‍ കഴിയാത്ത പല രംഗത്തും ശോഭിക്കാനായി.

ശാന്തി മാത ക്രിയേഷൻസും ഡോ.ജ്ഞാനദാസും അതിനുള്ള പ്രവർത്തന പാതയൊരുക്കി.

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷന്റെ സംസ്ക്കാരിക വിഭാഗം സംസ്ഥാന സെക്രട്ടറിയാണ്.

എല്ലാ ഭേദങ്ങൾക്കും അതീതമായി മനുഷ്യൻ എന്ന അടിസ്ഥാന സങ്കല്പത്തിലൂന്നിയാണ് ഹരിഹരന്റെ പ്രവർത്തന പങ്കാളിത്തം.അധ്യാപനവും കലയും എന്നും എവിടെയും രസാത്മകം തന്നെ ആയിരിക്കും. നവ മാധ്യമത്തിന്റെ അതിപ്രസരത്താൽ ദൃശ്യ കലക്ക്

മുമ്പൊരിക്കലും ഇല്ലാത്ത വിധം പുതിയ മാനങ്ങൾ കൈവന്നിരിക്കുന്നു.

അങ്ങനെ കലകൾ തമ്മിലുള്ള അന്തരം കുറയുന്നു.ആനന്ദം അനുഭവിപ്പിക്കുന്നത് മാത്രമല്ല അകം ശുദ്ധീകരിക്കുന്നതുമായിരിക്കണം കല. ഈ കോവിഡാനന്തര കാലം വരാനിരിക്കുന്ന മഹാ വസന്തത്തിന്റെ മുന്നോടിയാവട്ടെ.

Advertisment