Advertisment

വെയിലും മഴയും മഞ്ഞും തണുപ്പും അപമാനവും  സർവ്വ കുതന്ത്രങ്ങളും അതിജയിച്ച സമര വിജയം - ലേഖനം 

author-image
ജൂലി
New Update

publive-image

Advertisment

കർഷക സമര വിജയം മോദിയുടെ കുതന്ത്രമാണ് എന്ന് നിരീക്ഷിക്കുന്നവരോട് ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് മോദി കർഷക ബില്ല് മൂന്നും വരുന്ന ശീതകാല പാർലിമെന്റിൽ ഒഴിവാക്കുമെന്ന് രാജ്യത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കവെ പറഞ്ഞത്. കർഷകരുടെ നന്മയാണ് ഉദ്ദേശിച്ചതെന്നും പ്രയാസപ്പെടരുതെന്നുമാണ് ആഗ്രഹം. എങ്കിൽ 26 നവംബർ 2020 മുതൽ 27 സെപ്റ്റംബർ 2021 വരെ 627 പേരാണ് കർഷക സമരത്തിൽ മരണമടഞ്ഞത്.മരണമടഞ്ഞ ഓരോ കർഷകരുടെ കുടുംബത്തിനും "ഇത് ഞങ്ങളുടെ തെറ്റാണ്, നിങ്ങളാണ് ഇപ്പോൾ ശരി" എന്ന് പറഞ്ഞു അവർക്ക് നഷ്ടപ്പെട്ടത് തിരിച്ചു കൊടുക്കാനാവില്ലെങ്കിലും എന്തെങ്കിലും നഷ്ടപരിഹാരം നൽകാൻ കഴിയുമോ മോദി സർക്കാരിന് എന്നാണ് ചോദിക്കാനുള്ളത് പ്രധാനമന്ത്രിയെ ഞങ്ങൾക്ക് വിശ്വാസമില്ല എന്ന് പറഞ്ഞ കർഷക സമര നേതാക്കളുടെ പ്രഖ്യാപനവും വളരെ ബുദ്ധിപൂർവ്വം തന്നെയാണ്.

പക്ഷെ, ഈ സന്തോഷം പ്രചരിപ്പിക്കുന്ന നമുക്ക് ചെറിയ ഒരു ശ്രദ്ധ ഉണ്ടാവേണ്ടതുണ്ട്.

മോദിയുടെ കുതന്ത്രമാണ് ഈ ബിൽ നിരോധന പ്രഖ്യാപനമെന്ന് നിഗമനവും നിരീക്ഷണവും നടത്തുന്നവരോടാണ് സൂചിപ്പിക്കാനുള്ളത്. മോഡിയും കൂട്ടർക്കും മാത്രമാണ് കുതന്ത്രം മെനയാൻ അറിയുന്നവരെന്നും അവർ ഒരു വർഷത്തോളം സമരം ചെയ്ത കർഷകരെ പറ്റിക്കാൻ കഴിയുന്നവരാണെന്നും പറയാതെ പറഞ്ഞു പ്രചരിപ്പിച്ചു മോഡിയെ നമ്മിൽ പലരും തന്നെ വൻ സംഭവമാക്കിക്കൊണ്ടിരിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ഇതിനർത്ഥം യഥാർത്ഥത്തിൽ നമ്മുടെ കർഷകർ ഇത്രയും കാലം സമരം ചെയ്തിട്ടും മാരത്തോൺ അനുനയ ചർച്ചകൾ സർക്കാരും കർഷകരും തമ്മിൽ ചെയ്തിട്ടും തീരാതെ സർക്കാരിന്റെ തീരുമാനത്തോട് അമർഷം രേഖപ്പെടുത്തി അവർ നൽകിയ ഭക്ഷണം പോലും നിരാകരിച്ച കർഷക നേതൃത്വത്തെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഒരു അമരീന്ദർസിങ്ങിനെ ഉപയോഗിച്ച് ബിജെപിക്ക് അനുകൂലമാക്കാൻ കഴിയുമെന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ നമ്മൾ കർഷകരെ പുച്ഛിക്കുന്നതിനും അപമാനിക്കുന്നതിനു തുല്യമാണ്. അമരീന്ദർ സിംഗ് കോൺഗ്രസ് വിട്ട് മാറി പുതിയ പാർട്ടിയുമായി നിൽക്കുന്ന വ്യെക്തിയാണ്.മോഡിയെ തിരിച്ചറിഞ്ഞ അല്ലെങ്കിൽ സർവ്വ കുതന്ത്രങ്ങളും മെനയുന്ന അമിത് ഷാ ഉൾപ്പടെയുള്ള ഭരണകൂടത്തെ തിരിച്ചറിഞ്ഞവരാണ് കർഷക നേതാക്കൾ.അപ്പോൾ അമരീന്ദർ സിങ്ങിനെയും തിരിച്ചറിയാൻ അവർക്ക് സാധിക്കും.

അവർ മുഷ്ടി ചുരുട്ടിയത് കൃത്യമായ ലക്ഷ്യബോധത്തോടെ തന്നെയാണ്. അവർ പോരാടിയത് ഏകാധിപത്യ തീരുമാനങ്ങളോടായിരുന്നു. അവർ നേടിയെടുത്ത വിജയം ഏകാധിപത്യ ഭരണകൂടത്തിന്റെ കയ്യിൽ നിന്നാണ്. എങ്ങനെ? വെയിലും മഴയും മഞ്ഞും തണുപ്പും അപമാനവും അങ്ങനെ സർവ്വ കുതന്ത്രങ്ങളും അതിജയിച്ചാണ് ഈ വിജയം കൈവരിച്ചത്.

അവർ കർഷകർക്കിടയിൽ നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചവരെ പിടിച്ച് സത്യം ലോകത്തിന് മുന്നിൽ കൊണ്ടുവന്നവരാണ്. സത്യത്തിൽ കർഷകർ എല്ലാ കുതന്ത്രവും പ്രതീക്ഷിച്ചവർ തന്നെയാണ്. പിന്നെയും മോദിയുടെ കുതന്ത്രം ജയിച്ചു എന്ന് പറഞ്ഞു നമ്മൾ തന്നെ മോഡിക്ക് പി ആർ വർക്ക് ചെയ്യേണ്ടതില്ലല്ലോ.

കർഷകർ ഈ പുതിയ ഇന്ത്യയിൽ നേടിയെടുത്തത് ഒരിക്കലും മോദിക്കും കൂട്ടർക്കും മറക്കാൻ കഴിയില്ല. ഇപ്പോൾ കർഷക സ്നേഹം കാണിക്കുന്നവർ ഇത്രയും കാലം അന്ധരും ബധിരരുമായിരുന്നോ?. സ്വന്തം മൂക്കിന്റെ താഴെ സംഭവിക്കുന്നത് പോലും അറിയാത്തവരായിരുന്നോ മോദി ഭരണകൂടം?. കർഷക ബില്ലിന്റെ കാര്യത്തിൽ മോദി സർക്കാർ പരാജയപ്പെട്ടത് തന്നെയാണ്. കൃത്യമായും പറഞ്ഞാൽ കര്ഷകരുടെ വീറുറ്റ മനോവീര്യത്തിന് മുന്നിൽ മുട്ടുമടക്കിയവരാണ്. ഈ വിജയം ജനാധിപത്യ ഇന്ത്യക്ക് അഭിനവ ഭാരതത്തിൽ ഒരു പുതു ഊർജ്ജമാണ്. ഇന്ത്യയുടെ പാരമ്പര്യം തനതായ പവിത്രതയോടെ നിലനിറുത്താനുള്ള പുതു ഊർജ്ജം. മതേതര മൂല്യങ്ങൾക്ക് ജീവൻ നൽകാനുള്ള പുതു ഊർജ്ജം.

ഇന്ത്യ വിജയിച്ചു എന്ന് തന്നെ വീണ്ടും ആവർത്തിക്കുന്നു.

കവി വില്യം വേർഡ്‌സ്വാർത് പാടിയപോലെ, Miles to go before i sleep (ഉറങ്ങുന്നതിന് മുമ്പ് ഇനിയും മൈലുകൾ സഞ്ചരിക്കാനുണ്ട്). അഥവാ ഇത് നവഭാരതത്തിൽ മതേതര മൂല്യങ്ങളും ജനാധിപത്യ പാരമ്പര്യത്തിനുമുള്ള പോരാട്ടത്തിന്റെ ആരംഭം മാത്രം. ഇതിൽ മതിമയങ്ങി ആഘോഷിക്കുക മാത്രമല്ല വേണ്ടത്. ഈ വർഗ്ഗീയ ചിന്തകളെയും സമീപനങ്ങളേയും തകർക്കാൻ ഇന്ത്യ ഒരുമിച്ച് ഇനിയും മൈലുകൾ സഞ്ചരിക്കാനുണ്ട്. അടിപതറാതെ കർഷകരെ പോലെ ഒറ്റക്കെട്ടായി നേരിട്ടാൽ ഏത് ഏകാധിപതികളും ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പാഞ്ഞുപോയ പോലെ ഓടിപ്പോവും. കർഷകർ തന്റെ പോരാട്ട വീര്യംകൊണ്ട് നേടിയെടുത്തതിനെ അഭിമാനപൂർവ്വം പ്രചരിപ്പിക്കുക.

ജയ് കിസാൻ..ജയ് ഹിന്ദ്

Advertisment