Advertisment

ഓർമകളുടെ സ്നേഹാകാശം തൊടുന്ന രചനകൾ... ഭാര്യയുടെ കവിതകൾ ഒരുവശത്ത്; ഭർത്താവിന്റെ ഓർമക്കുറിപ്പുകൾ മറുവശത്ത‌്... വായനയും എഴുത്തും ഉപയോഗിച്ച് വീടകം സർഗ്ഗാത്മകതയുടെ ഒരു വസന്തമാക്കിയിരിക്കുകയാണ് എടത്തനാട്ടുകരയിലെ ഇബ്‌നു അലിയും സീനത്ത് അലിയും... (ലേഖനം)

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

‘സ്വപ്നം കാണാൻ ഒറ്റമുറി വേണമെന്ന് തോന്നുമ്പോഴൊക്കെ ചുമരില്ലാത്ത ആകാശത്തിന്റെ

മേൽക്കൂരയെ സ്വപ്നം കാണും...' ഭാര്യയുടെ കവിതകൾ ഒരുവശത്ത‌്; ഭർത്താവിന്റെ ഓർമക്കുറിപ്പുകൾ മറുവശത്ത‌്. തങ്ങളുടെ രചനകൾ രണ്ടു പുസ‌്തകമായി പുറത്തിറങ്ങി വായനക്കാർക്കിടയിൽ ഉടൻ മറ്റൊരു പതിപ്പ് കൂടി ആവശ്യമായി വന്നതിന്റെ സന്തോഷത്തിലാണ‌് ഇബ്‌നു അലിയും സീനത്ത് അലിയും.

വായനയും എഴുത്തും ഉപയോഗിച്ച് വീടകം സർഗ്ഗാത്മകതയുടെ ഒരു വസന്തമാക്കിയിരിക്കുകയാണ് എടത്തനാട്ടുകരയിലെ ഈ എഴുത്ത് കുടുംബം. ജീവിതത്തിൽ അലിഞ്ഞു ചേരുന്ന വിസ്മയ കാഴ്ചയാണ് എഴുത്ത്. മാതാപിതാക്കളും മക്കളും, വായനയും എഴുത്തും സംവാദവും ചർച്ചയും ശീലമാക്കിയവർ.

പ്രയോജനകരമായ രചനാപ്രവർത്തനങ്ങളിലൂടെ ആനന്ദകരമായ അനുഭവമായി എഴുത്തിനെ മാറ്റാം എന്ന് ഈ കുടുംബത്തിലെ ഓരോ അംഗവും തെളിയിക്കുന്നു. ഏറെ തിരക്കുകളുള്ള ഔദ്യോഗിക ജീവിതത്തോടൊപ്പം തന്നെയാണ് ഇവർ സാഹിത്യരചനകളും നടത്തുന്നത്.

താൻ ജീവിച്ച നാട്ടിടവഴികളിലെ നഷ്ട സൗഭാഗ്യങ്ങളും ചുറ്റും നടന്ന കാര്യങ്ങളും വ്യക്തികളും ഒക്കെ എഴുത്തിൽ പരാമർശിക്കുന്നു. അതിലൂടെ 50 കൊല്ലം മുമ്പുള്ള ഒരു മലബാറിലെ ഉൾനാടൻ ഗ്രാമത്തിന്റെ പഴമയും ദാരിദ്ര്യവും കാലവും കടന്നുവരുന്നു.

ലോക്ക്ഡൗൺ ആണ് ഇബ്‌നു അലിയുടെ പുസ്തക ഹേതു എന്ന് പറയാം. അടച്ചുമൂടിയ കാലത്ത് ഓർമകൾ സോഷ്യൽ മീഡിയയിൽ ഓരോന്നായി എഴുതി.വായിച്ചവർ പലരും നല്ല അഭിപ്രായം പറഞ്ഞു, പ്രോത്സാഹിപ്പിച്ചു.അങ്ങനെ കുട്ടിക്കാലം തൊട്ട് സർക്കാർ ജോലി വരെയുള്ള കുറിപ്പുകൾ, പുസ്തക രൂപം പൂണ്ടു.

സർക്കാർ വകുപ്പിൽ ജി എസ് ടി ഡെപ്യൂട്ടി കമ്മീഷണറായിട്ടാണ് ഇബ്നുഅലി ജോലി ചെയ്യുന്നത്. ഭാര്യ സീനത്ത് എടത്തനാട്ടുകര മൂച്ചിക്കൽ ഗവ. സ്കൂൾ ടീച്ചറാണ്. സീനത്ത് പത്തിൽ പഠിക്കുമ്പോഴേ എഴുത്തിന്റെ മേഖലയിൽ ഉണ്ട്. സംസ്ഥാന തലത്തിൽ കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. കഥക്ക് എ ഗ്രെഡ് കിട്ടിയിട്ടുണ്ട്.പിന്നീട് കവിതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

സമന്വയ, തനിമ, അക്ഷരദീപം പുരസ്ക്കാരങ്ങൾ നേടി.

publive-image

രണ്ട് മക്കൾ: മൂത്തവൻ ഡോ. ജസീം അലി. കുട്ടിക്കാലം തൊട്ട് വായനയിലും എഴുത്തിലും താല്പര്യമുണ്ട്. കഥ, കവിത, കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കളിയെഴുത്തിലാണ് ഇപ്പോൾ കമ്പം. ഫുട്ബാൾ, ക്രിക്കറ്റ് ലേഖനങ്ങൾ മാതൃഭൂമി സ്പോർട്സ് മാസിക, ചന്ദ്രിക സൺഡേ സപ്പ്ളിമെന്റ്, മനോരമ, മാതൃഭൂമി, മാധ്യമം ഓൺലൈൻ എഡിഷനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രണ്ടാമൻ അസ്ഹർ അലി, ഡിഗ്രിക്ക് പഠിക്കുന്നു. കൂട്ടത്തിൽ സി.എക്കും തയ്യാറെടുപ്പ് നടത്തുന്നു. നല്ല വായനക്കാരനും കലാ ആസ്വാദകനും. ഫുട്ബാൾ, ക്രിക്കറ്റ് പോലുള്ള കളികളാണ് മനസ്സിൽ.

ലോക്ക് ഡൗൺ കാലത്ത് ‘ഡോക്ടറും ടീച്ചറും ഞാനും' എന്ന ഫേസ് ബുക്ക് പേജ് തുടങ്ങിയിരുന്നു ഈ കുടുംബം. ഇത് പുസ്തക പ്രകാശനത്തിന് വേഗത കൂട്ടി. അതിൽ കുടുംബമൊന്നിച്ച്

തുടർച്ചയായി എഴുതിയിരുന്നു. ജസീം അലിയായിരുന്നു സാങ്കേതിക നിർവഹണം.

സീനത്ത് അലിയുടെ ‘ഒറ്റമുറിയുടെ താക്കോൽ' കവിത സമാഹാരവും ഇബ്‌നു അലിയുടെ

‘ഓർമകളുടെ ഓലപ്പുരയിൽ' ആത്മകഥാപരമായ അനുഭവങ്ങളുമാണ്. തിരിച്ചറിവിലേക്ക് ഉണർത്താൻ ഈ രചന സഹായകമാണ്. വ്യക്തിഗത അനുഭവമാണ് നാം വായിക്കുന്നതെങ്കിലും മെല്ലെ മെല്ലെ ഒരു നാടിലേക്ക് ഒഴുകുന്നത് നാം അറിയുന്നു. പേരക്ക ബുക്‌സാണ് രണ്ടിന്റെയും പ്രസാധകർ.

മനസ്സിൽ തോന്നിയത് ഹൃദയത്തിൽ അനുഭവിച്ചത് എല്ലാം ഓരോ പുസ്തകമായി തന്നെ ഈ ദമ്പതികൾ സന്നിവേശിച്ചിരിക്കുന്നു. വിസ്‌മൃതമാകുന്ന ഒരു കാലഘട്ടം ഓർമകളുടെ ഓലപ്പുരയിലുണ്ട്. അതി ദാരിദ്ര്യത്തിനിടയില്‍ എഴുതിവച്ചതൊക്കെ ഓർത്തുവച്ചതൊക്കെ മറന്നും ജീവിതത്തിന്റെ ഓലപ്പുരയിൽ എരിഞ്ഞും തീര്‍ന്നവ.

അനുഭവത്തിന്റെ ഉപ്പുള്ളതിനാലാകണം ഭക്ഷണം മുഖ്യ പ്രമേയമായ ആത്മകഥക്ക്‌ ഏറെ രുചിയുണ്ട്. ഭക്ഷണം സുലഭമായതും ദാരിദ്ര്യത്തിന്റെ പങ്കപ്പാടുകൾ നാട് നീങ്ങിയതുമാവണം ഈ കാലത്തിന്റെ സ്നേഹ ശൂന്യത.

ഇല്ലായ്മയുടെ തീവ്രത മറ്റെന്തിനേക്കാളും മുഖ്യമാണല്ലോ. ഓർമപ്പുസ്തകം നാട്ടുകാർ ഏറ്റെടുത്തു എന്നതാണ് സത്യം. എടത്തനാട്ടുകരക്കൂട്ടം എന്ന പേരിൽ അവർ ഒത്ത് ചേർന്നു. പുസ്തകങ്ങൾ ചർച്ച ചെയ്തു.കവി സദസ്സ് നടത്തി. എഴുത്തുകാരൻ അബു ഇരിങ്ങാട്ടിരിയാണ് തുടക്കം കുറിച്ചത്. മിഡിൽ ഈസ്റ്റിലും പ്രകാശനവും ചർച്ചയും നടന്നു.

വായിച്ചവർ വിപുലവും വൈവിധ്യപൂര്ണവുമായ ആസ്വാദനക്കുറിപ്പുകൾ അയച്ചു. കിട്ടുന്ന സമയത്ത് മുഴുവന്‍ എഴുതുകയെന്നതാണ് ഈ ദമ്പതികളുടെ സര്‍ഗാത്മക സാഹിത്യ പ്രവർത്തനം.

വാക്കുകളുടെ വിസ്താരമെന്നത് യാന്ത്രികമായ പ്രവർത്തനമല്ല. മറിച്ച് ക്രിയാത്മകമായ ഒരു പ്രവൃത്തിയാണ്.

മതിയായ അനുഭവങ്ങളും, വായിക്കാൻ രണ്ടു കണ്ണുകളും എഴുതാൻ ഒരു പ്രോത്സാഹനവുമുണ്ടെങ്കിൽ അത് തന്നെയാണ് എഴുത്തിന്റെ ആശ്വാസ വഴി. ജീവിതത്തിന്റെ കയ്പ്പുനീര് അൽപ്പമെങ്കിലും കുടിച്ചവർ തന്നെയാണ് ഒരു നെല്ലിക്ക ചവച്ചത് പോലെ അതിന്റെ മധുരം ഇന്നാസ്വദിക്കുന്നത് എന്ന് ഇബ്നു അലിയുടെ വരികൾ പറയുന്നുണ്ട്. വീടും കുടുംബവും വീട്ടുജോലിയും ഭർത്താവും മക്കളുമായി സമയത്തിനോട് പൊരുതിയായിരുന്നു സീനത്ത്

ടീച്ചറുടെ ജീവിതം.

സ്‌കൂളിൽ കുരുന്നുകൾക്ക് ഉച്ചക്കഞ്ഞി പകരുമ്പോഴും, അടുക്കളയിൽ കറിക്ക് നുറുക്കുമ്പോഴും, കുക്കർ വിസിലടിക്കുമ്പോഴുമായിരിക്കും സീനത്തിന്റെ മനസ്സിൽ ചില വരികൾ തോന്നുക. വിഭവങ്ങൾ വെന്ത് തയ്യാറാകുന്നേരം മനസ്സിൽ തോന്നിയ ആശയവും പാകമാകാൻ തുടങ്ങും. ഇടക്ക് കുറിച്ച് വെക്കും. ചിലപ്പോൾ മാറ്റിയെഴുതും. കുട്ടികളെയും ടീച്ചർമാരെയും കേൾപ്പിക്കും.

അങ്ങനെയങ്ങനെ കവിതകൾ രൂപം കൊള്ളൂകയായി. വീട്ടിൽ നിന്ന് നല്ല പ്രോത്സാഹനം കിട്ടി. നവ മാധ്യമങ്ങളിൽ എഴുതി. പുസ്തകമാക്കാൻ നേരത്തെ ശ്രമിച്ചിരുന്നു. ഭർത്താവിനെക്കൂടി കൂട്ട് പിടിച്ച് ഒരുമിച്ച് പുസ്തകം ഇറക്കാൻ തീരുമാനിച്ചു. അങ്ങനെ കവിതാ സമാഹാരം പിറന്നു.

ഏറ്റവും ഇഷ്ടമുള്ള വായനയും എഴുത്തുമൊക്കെ പലപ്പോഴും ഒരു സ്ത്രീയുടെ ഉറക്കത്തെയും വിശ്രമത്തെയും കവര്‍ന്നെടുക്കും.

ഒരിക്കല്‍ പോലും എഴുതണമെന്ന തോന്നലില്‍ നിന്നല്ല എഴുതാതെ ഇരിക്കാന്‍ കഴിയില്ലെന്ന തോന്നലില്‍ നിന്നാണ് എഴുതിയിട്ടുണ്ടാവുക. പുലാപ്പറ്റയിലാണ് സീനത്തിന്റെ ജനനം. കെ.എം.അബൂബക്കർ- കുഞ്ഞീവി ദമ്പതികളുടെ മകൾ. ചാരുതയാർന്ന കാഴ്ചകളിലേക്കും ചിന്തകളിലേക്കും നമ്മെ ക്ഷണിയ്ക്കുകയാണ് ഈ രണ്ടു പുസ്തകവും. നാടും വീടും ഭാവനയും പ്രകൃതിയും അനുഭവവും സമകാലീനതയും എല്ലാം മേളിയ്ക്കുന്ന രചനകൾ.

ആലങ്കോട് ലീല കൃഷ്ണൻ സീനത്തിന്റെ പുസ്തകത്തേക്കുറിച്ചും, ഡോ. എം.എൻ. കാരശ്ശേരി അലിയുടെ പുസ്തകത്തേക്കുറിച്ചും അംഗീകാരത്തിന്റെ വചസ്സുകൾ മൊഴിഞ്ഞിരിക്കുന്നു.

ചാവക്കാട് വച്ചായിരുന്നു പ്രകാശനം.

ഒരേ ദിവസം ഒരേ വേദിയിൽ കവി വീരാൻ കുട്ടി രണ്ട് പുസ്തകവും പ്രകാശനം ചെയ്തു. കവിത പുസ്തകം എഴുത്തുകാരൻ രാജേഷ് കെ പിയും, ഓർമപു സ്തകം എഴുത്തുകാരൻ സിബിൻ ഹരിദാസും ഏറ്റു വാങ്ങി. കവിത ആയിരുന്നാലും അനുഭവക്കുറിപ്പ് ആയാലും ഓരോ രചനക്ക്

പിന്നിലും നിരന്തരമായ അന്വേഷണത്തിന്റെയും എഴുത്തിന്റെയും തിരുത്തിയെഴുത്തിന്റെയും കാത്തിരിപ്പിന്റെയും ഒരു കഥയുണ്ട്. അതെല്ലാം കഴിഞ്ഞാണ് ഒരു രചന പ്രകാശിതമാകുന്നത്.

മുൻ കാലങ്ങളിൽ നേരെ പോകാനായിരുന്നു വായന. ഇന്ന് നേരം പോകാനായി മാറിയിരിക്കുന്നു വായന. നല്ല സങ്കൽപ്പങ്ങൾ നല്ല രചനകളായി വാർന്നു വീഴട്ടെ. ചിലത് വായനക്കാർ പ്രത്യേകമായും സ്വീകരിക്കും.എന്നാൽ ഈ ദമ്പതികളുടെ കാര്യത്തിൽ എഴുത്തിന്റെ പരീക്ഷണശ്രമങ്ങൾ ഏറ്റവും നന്നായി വിജയിച്ചിരിക്കുന്നു.

Advertisment