Advertisment

ബീഹാറില്‍ നിതീഷ് കുമാർ നടപ്പാക്കിയ മദ്യനിരോധനം വിജയിച്ചിട്ടില്ല എന്നതുമാത്രമല്ല അവിടെ വ്യാജമദ്യലോബി കൂടുതൽ കരുത്താര്‍ജിച്ചിരിക്കുന്നു. ബീഹാറിലെ മദ്യനിരോധനത്തിന്റെ യഥാർത്ഥ ചിത്രം !

New Update

publive-image

Advertisment

ബീഹാറിൽ നിതീഷ് കുമാർ സർക്കാർ 2016 മുതൽ മദ്യനിരോധനം നടപ്പാക്കിയിരിക്കുകയാണ്. 1977 ൽ കർപ്പൂരി ഥാക്കൂർ നടപ്പാക്കിയ മദ്യനിരോധനത്തിന് അധികനാൾ ആയുസ്സുണ്ടായിരുന്നില്ല. കർപ്പൂരി താക്കൂറിനെ ആദർശ പുരുഷനായി കാണുന്ന നിതീഷ് കുമാർ മദ്യനിരോധനം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

വ്യാജമദ്യം കഴിച്ച് ഈയിടെ നിരവധിയാളുകൾ മരിച്ചതുമായി ബന്ധപ്പെട്ട് "ഇതൊക്കെ കഴിക്കുന്നവർ ഇങ്ങനെത്തന്നെ ചത്തുവീഴും" എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗുജറാത്തിലെ മദ്യനിരോധനത്തെപ്പറ്റി അവിടെ ഒരുതവണയെങ്കിലും പോയിട്ടുള്ളവർക്കെല്ലാം നന്നാ യറിയാവുന്നതാണ്.

എന്നാൽ എന്താണ് 5 വർഷം പിന്നിട്ട ബീഹാറിലെ മദ്യനിരോധനത്തിന്റെ യഥാർത്ഥ അവസ്ഥ ? ജനങ്ങളെല്ലാം മദ്യമുപേക്ഷിച്ചോ ? മദ്യവിതരണവും ഉൽപ്പാദനവുമൊന്നും ബീഹാറിലെ മണ്ണിൽ നടക്കുന്നില്ലേ ? മദ്യപിച്ചതിൻ്റെ പേരിലുള്ള കേസുകൾ അവിടെ ഇല്ലാതായോ ? നാടനും വിദേശിയുമുൾപ്പെടെയുള്ള മദ്യങ്ങൾ അവിടെ തീർത്തും ലഭ്യമല്ലേ ?

ആ വസ്തുതകളിലേക്കാണ് ഈ പോസ്റ്റ് വെളിച്ചം വീശുന്നത്... നിതീഷ് കുമാർ 2000 മുതൽ ഇതുവരെ ബീഹാറിൽ നാലുതവണ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. എന്നാൽ ഏറ്റവും രസകരമായ വസ്തുത, അദ്ദേഹം കഴിഞ്ഞ 35 വർഷമായി ഒരു നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല എന്നതാണ്.

സ്ഥിരമായി ബീഹാറിലെ ലെജിസ്ലേറ്റിവ് കൗൺസിലിലേക്ക് അദ്ദേഹം നോമിനേറ്റ് ചെയ്യപ്പെടുകയാണ് പതിവ്. നമ്മുടെ രാജ്യസഭപോലെ ബീഹാർ, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ അസ്സംബ്ലി കൂടാതെ വിവിധതലത്തിൽ ആളുകളെ നോമിനേറ്റ് ചെയ്യുന്ന ലെജിസ്ലേറ്റിവ് കൗൺസിലുകളുമുണ്ട്. അവരും എംഎല്‍എമാർ തന്നെയാണ്. നിലവിൽ ബീഹാർ, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആരും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരല്ല. മൂന്നുപേരും നോമിനേറ്റ് ചെയ്യപ്പെട്ടവരാണ്.

publive-image

35 വർഷമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ എംഎല്‍എ ആയും മുഖ്യമന്ത്രിയേയും വിരാജിക്കുന്ന നിതീഷ്‌കുമാറിനെ അതുകൊണ്ടുതന്നെ ജനവികാരം അറിയാത്ത നേതാവെന്നാണ് എതിരാളികൾ വിശേഷിപ്പിക്കുന്നത്. ഇനി വിഷയത്തിലേക്ക് വരാം...

ബീഹാറിലെ മദ്യനിരോധനം പൂർണ്ണ പരാജയമാണ്. ഒരു വ്യക്തി തൻ്റെ തീരുമാനം ജനങ്ങളിൽ അടിച്ചേൽപ്പിച്ചതിനു സമാനമാണ് ഇതെന്ന് പറയാം. ബീഹാറിൽ മദ്യം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ ഒരു പൊതി കഞ്ചാവ് 30 മുതൽ 50 രൂപക്ക് വരെ ലഭ്യമാണ്. ചരസ് കുറഞ്ഞനിരക്ക് 500 രൂപയും. ഉദാഹരണം പറയാം. നാർക്കോട്ടിക് കൺട്രോൾ ബ്യുറോയുടെ റിപ്പോർട്ട് പ്രകാരം ബീഹാറിൽ 2016 ൽ 496.3 കിലോ കഞ്ചാവാണ് പിടികൂടിയതെങ്കിൽ 2017 ൽ അത് 6884.47 കിലോ ആയി ഉയർന്നു.

കഞ്ചാവിനേക്കാൾ പോപ്പുലർ ഇപ്പോൾ ചരസാണ്. വിലക്കൂടുതലായതിനാൽ ചരസ് വാങ്ങാൻ വേണ്ടി ആളുകൾ അവിടെ രക്തം വിൽക്കുന്നതും വ്യാപകമാണ്. മറ്റൊരു സുപ്രധാന വിഷയം, മദ്യനിരോധനിയമവുമായി ബന്ധപ്പെട്ട 2 ലക്ഷം കേസുകൾ കോടതികൾക്ക് തലവേദനയാണെന്ന്‌ 2019 ൽ പാറ്റ്‌ന ഹൈക്കോർട്ട് അസന്നിഗ്ദ്ധമായി വെളിപ്പെടുത്തുകയുണ്ടായി.

ഇത് മറ്റു കേസുകളെ ബാധിക്കുന്നുണ്ട് എന്നാണ് കോടതി പറഞ്ഞതിനർത്ഥം. ബീഹാറിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന 100 കേസുകളിൽ 20 എണ്ണം മദ്യവുമായി ബന്ധപ്പെട്ടതാണ്. ഇതിലെ വസ്തുതാപരമായ വിഷയം ഈ കേസുകളിൽ ജയിലിൽപ്പോകുന്നത് കൂടുതലും പിന്നോക്ക ദളിത് വിഭാഗങ്ങളാണ് എന്നതാണ്.

ബീഹാർ പോലീസ് ഹെഡ് ക്വർട്ടർ തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇക്കൊല്ലം മാത്രം 2021 ഒക്ടോബർ വരെ സംസഥാനത്ത് 38,72,645 ലിറ്റർ വ്യാജമദ്യമാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് 62,140 ആളുകളെ അറസ്റ്റ് ചെയ്യുകയും 12200 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ബീഹാറിൽ മദ്യനിരോധനം നടപ്പാക്കിയശേഷം വ്യാജമദ്യവുമായി ബന്ധപ്പെട്ട് ഇതുവരെ 3 ലക്ഷത്തിലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും 700 ൽപ്പരം പോലീസുകാർ സസ്‌പെൻഡ് ചെയ്യപ്പെടുകയുമുണ്ടായിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും സർക്കാർ എന്തെല്ലാം അവകാശവാദങ്ങൾ നിരത്തിയാലും ബീഹാറിൽ ഇപ്പോഴും വ്യാജമദ്യലോബി സജീവമാണ്. ഗോപാൽഗഞ്ച്, പശ്ചിമ ചമ്പാരൻ, സിവാൻ, മുസഫ്ഫര്പ്പൂർ, സമസ്തിപ്പൂരിലെല്ലാം ഉണ്ടായ വിഷമദ്യ ദുരന്തങ്ങൾ ഇതിനുദാഹരണമാണ്.

സ്ത്രീകളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. മുൻപ് സർക്കാർ തുടങ്ങിയ മദ്യ ഔട്ട്ലെറ്റുകൾക്കെതിരെ അവർ സംഘടിച്ചു സമരം ചെയ്തിരുന്നെങ്കിൽ ഇപ്പോൾ അതിശക്തരായ വ്യാജമദ്യലോബിയും അവർക്ക് പിന്തുണ നൽകുന്ന പോലീസുമാണ് ഭീഷണിയുയർത്തുന്നത്.

ഇതുമാത്രമല്ല വ്യാജമദ്യം വീടുകളിൽ രഹസ്യമായി എത്തിച്ചുനൽകുന്ന സ്ത്രീകളുടെ ലോബിയും സംസ്ഥാനത്ത് പലയിടത്തും സജീവമാണ്. ഓർക്കണം ബീഹാർ ഒരുകാലത്ത് മദ്യത്തിനും മണലിനും വളരെ പ്രസിദ്ധമായിരുന്നു.

ബീഹാറിലെ ടൂറിസത്തെ മദ്യനിരോധനം സാരമായി ബാധിച്ചിട്ടുണ്ട്. ഒപ്പം ഹോട്ടൽ വ്യവസായവും തകർച്ചയിലാണ്. ഇതിന്റെ നേട്ടം കൊയ്യുന്നത് തൊട്ടടുത്ത സംസ്ഥാനമായ ജാർഖണ്ഡ് ആണ്. ഉത്തരേന്ത്യ യിലെ ഗോവ എന്നാണിപ്പോൾ ജാർഖണ്ഡ് അറിയപ്പെടുന്നത്.

ബീഹാറിലേക്ക് മദ്യമൊഴുകുന്നത് അയൽരാജ്യമായ നേപ്പാളിൽനിന്നാണ്. ബീഹാറിലെ 7 ജില്ലകൾ നേപ്പാളുമായി അതിർത്തി പങ്കെടുന്നവയാണ്. നേപ്പാളിനെപ്പറ്റി അറിയപ്പെടുന്നത് "സൂര്യനസ്തമിച്ചാൽ നേപ്പാൾ ലഹരി യിലാഴുന്നു" എന്നതാണ്.

ബീഹാറിന്റെ അതിർത്തിയോട് ചേർന്ന് നേപ്പാൾ ധാരാളം മദ്യ ഔട്ട്ലെറ്റുകൾ തുറന്നിട്ടുണ്ട്. ഇവിടെനിന്നാണ് പോലീസ് ഒത്താശയോടെ ബീഹാറിലേക്ക് വൻതോതിൽ മദ്യം കടത്തുന്നത്. ഇത് നേപ്പാളിലെ ജനങ്ങൾക്ക് വലിയൊരു ബിസിനസ്സാണ്. ഈ മദ്യക്കടത്തുവഴി നേപ്പാളിലെ ബീഹാർ അതിർത്തിയോട് ചേർന്ന നല്ലൊരു വിഭാഗം വലിയ സമ്പന്നരായി മാറിയിട്ടുമുണ്ട്. അതുപോലെ ജാർഖണ്ഡ്, ബംഗാൾ, ഉത്തർ പ്രദേശ് തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്നും ധാരാളം മദ്യം ബീഹാറിലെത്തുന്നുണ്ട്.

മൊത്തത്തിൽ വിലയിരുത്തുമ്പോൾ നിതീഷ് കുമാർ നടപ്പാക്കിയ മദ്യനിരോധനം വിജയിച്ചിട്ടില്ല എന്നതുകൂടാതെ അവിടെ വ്യാജമദ്യലോബി കൂടുതൽ കരുത്തരാകുന്നു എന്നുമാണ്.

Advertisment