Advertisment

മാ വിദ്വിഷാവഹൈ: പരസ്പരം വിദ്വേഷിയ്ക്കാതിരിയ്ക്കട്ടെ...! (ലേഖനം)

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

"മനുഷ്യ ജീവിതത്തിന്റെയും വിശ്വപ്രപഞ്ചത്തിന്റെയും അന്ത്യകാഹളം മെല്ലെമെല്ലെ മുഴങ്ങിവരുന്ന ഈ കാലത്ത്..." യശ:ശ്ശരീരനായ സുകുമാർ അഴീക്കോട്, 2004 ൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച "കാളിദാസകൃതികൾ"ക്ക് വേണ്ടി തയ്യാറാക്കിയ പഠനത്തിൽ നിന്നും കടമെടുത്തതാണ് ഈ വാചകം. ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ കൊണ്ട് ഈ ലേഖനം തുടക്കം കുറിയ്ക്കുന്നത് ഉചിതമാകും എന്ന് തോന്നുന്നു.

പതിനേഴു സംവത്സരങ്ങൾക്ക് മുൻപാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ലോകജനതയെ ഗ്രസിച്ചു തുടങ്ങിയ വർണ്ണ വർഗ്ഗ വിദ്വേഷവും "മതമാത്സര്യ"ങ്ങളും ഭൂമിയുടെ സർവ്വനാശത്തിലേയ്ക്ക് എത്തിച്ചേക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടിട്ടുണ്ടാവണം. ഇത് പാരമ്യതയിലെത്തിയാൽ ഉണ്ടായേക്കാവുന്ന അനിർവചനീയവും, ഭീതിതവും, കലാപകലുഷിതവുമായ നാളെകളെ മുന്നിൽ കണ്ടുകൊണ്ടുള്ള ആശങ്കയിലായിരിയ്ക്കണം അദ്ദേഹത്തിന്റെ ഈ അഭിപ്രായരൂപീകരണം .

വിവരസാങ്കേതികവിദ്യ എന്ന "നവോത്ഥാനാവതാരം" അനുനിമിഷം ലോകത്തെ, ലോകക്രമത്തെ ആകമാനം മാറ്റിമറിച്ചു കൊണ്ടിരിയ്ക്കുകയാണല്ലോ. ഞൊടിയിടയിൽ ലോകമാകെ പടരാൻ കെൽപും പ്രാപ്തിയുമുള്ള വിവര സാങ്കേതിക വിദ്യ ലോകരാഷ്ട്രങ്ങൾക്ക് വികസനത്തിന്റെ പുതിയ പാതകൾ വെട്ടി തെളിച്ചു കൊടുത്തു.

വിധ്വംസകപ്രവർത്തനങ്ങൾക്കും വിദ്വേഷപ്രചരണങ്ങൾക്കും വേണ്ടി വിവരസാങ്കേതികവിദ്യയെ മറ്റ് ചിലർ ദുരുപയോഗം ചെയ്യുന്നത് ലോകത്തിന് ഭീഷണിയായി തീർന്നിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നവർ പുറത്ത് വിടുന്ന റിപ്പോർട്ടുകൾ, അഴീക്കോടിന്റെ ആശങ്കകൾക്ക് അടിസ്ഥാനമുണ്ടായിരുന്നു എന്ന് അടിവരയിടുന്നു.

ഇന്ന് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വംശീയ, വർഗ്ഗീയ വിദ്വേഷങ്ങൾ യാദൃശ്ചികമായി ഉണ്ടാകുന്നല്ലന്നും ആഗോളതലത്തിൽ വളരെ കൃത്യമായി കണക്ക് കൂട്ടി തയ്യാറാക്കിയ പദ്ധതികളുടെ ആവിഷ്ക്കാരവും വിപണനവും വ്യാപനവും ആണന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ആഗോളതലത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടക്കുന്നില്ല എന്നതാണ് ഉത്ക്കണ്ഠാജനകവും വേദനാജനകവും.

രാജ്യങ്ങൾ തമ്മിൽ സാമ്പത്തിക മേധാവിത്വത്തിനും ശാസ്ത്രസാങ്കേതിക മേധാവിത്വത്തിനും മറ്റും വേണ്ടിയുള്ള മത്സരം പണ്ടേയുള്ളതാണ്. അത് പുതിയ കണ്ടെത്തലുകളിലും രാജ്യങ്ങളുടെ വളർച്ചയിലും ചെന്നെത്തുകയും ചെയ്തിട്ടുണ്ട്. അത് ലോകോപകാരപ്രദവും ആയിരുന്നു.

എന്നാൽ മനുഷ്യകുലത്തിന്റെയും വിശ്വപ്രപഞ്ചത്തിന്റെയും സർവ്വനാശത്തിന് കാരണമായേക്കാവുന്ന കൊടും ക്രൂരവും പൈശാചികവും നിന്ദ്യവുമായ അക്രമങ്ങൾക്കും നരഹത്യയ്ക്കും എന്ത് നീതീകരണമാണുള്ളത്? നമ്മുടെ മാതൃഭൂമിയെയും ചിലരൊക്കെ ലക്ഷ്യം വെച്ചിട്ടുണ്ടന്നതിന് എത്രയോ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ഇനി ഒരു വിശദീകരണത്തിന്റെ ആവശ്യം ഇല്ല. ഈ അക്രമങ്ങൾക്ക് കോപ്പ് കൂട്ടുന്നവർക്കെതിരെയും, അക്രമങ്ങൾക്ക് നേരെയും ലോകം നിസ്സംഗതയോടെ നിൽക്കുന്നത് അതിലും വലിയ ക്രൂരതയാണ് എന്ന് പറയേണ്ടിവരുന്നു.

ഭാരതമഹിമ

യുഗങ്ങൾ അരണികടഞ്ഞ് ഊതിക്കാച്ചിയെടുത്ത മഹനീയവും വേറിട്ടതും ഉത്കൃഷ്ടവുമായ സംസ്കാരപാരമ്പര്യം പേറുന്നതാണല്ലോ യാഗഭൂമിയായ നമ്മുടെ ഭാരതം. വേദ, വൈദിക നൈഷ്ടികമായ ആചാരാനുഷ്ഠാനങ്ങൾ ഭാരത ജനതയെ ചേർത്ത് നിർത്തി.

പ്രാചീന ഭാരതത്തിൽ വിവിധ വിഷയങ്ങളിൽ ജനങ്ങൾക്ക് ഉന്നതവിദ്യാഭ്യാസം ചെയ്യാൻ അവസരം ലഭിച്ചു. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും പഠിതാക്കൾ ഭാരതത്തിലെത്തി. സംസ്കൃതഭാഷയിൽ രചിച്ച വേദങ്ങളും ഉപനിഷത്തുകളും സാഹിത്യ കൃതികളും ഭാരതത്തിലെ ഒട്ടനേകം ഭാഷകളിൽ തർജ്ജമ ചെയ്ത് ജനങ്ങളെ ആദ്ധ്യാത്മികവും വൈഞ്ജാനികവുമായ തലത്തിലേക്ക് ആനയിച്ചു.

ഋഷിപ്രോജ്ജ്വലങ്ങളായ കണ്ടെത്തലുകളും വേദങ്ങളും, ഉപനിഷത്തുകളും, സാഹിത്യരചനകളും മാനവരാശിയുടെ ഉൽകൃഷടതയ്ക്ക് വേണ്ടിയായിരുന്നു. ശ്രേയസ്സിനും ഐശ്വര്യത്തിനും വേണ്ടിയായിരുന്നു. ഭാരതീയ സംസ്കാരമഹിമയെയും ചരിത്രത്തെയും കേട്ടറിഞ്ഞ്, കണ്ടറിയാൻ വന്നവരെല്ലാം ഈ ഔന്നത്യമായ സംസ്കാരലാളിത്യത്തിനുമുന്നിൽ നമ്രശിരസ്കരായി അത്ഭുതാദരവോടെ നിന്നിട്ടേയുള്ളു. ഈ ഒരു സംസ്കാരസമ്പന്നതയായിരുന്നുവല്ലോ എന്തിനെയും ഏതിനെയും സന്തോഷപൂർവം ഇരുകൈയ്യും നീട്ടി സ്വീകരിയ്ക്കാൻ ഭാരതീയരെ പ്രാപ്തരാക്കിയത്.

ഇന്ത്യയുടെ ശക്തി എന്നു പറയുന്നത് ഇന്നും അതിന്റെ തകർക്കാൻ കഴിയാത്ത ഏകത്വം ആണ്. നാനാത്വത്തിൽ ഏകത്വം. രാജ്യത്തിന്റെ കെട്ടുറപ്പിന് അറിഞ്ഞോ അറിയാതെയോ സമ്പന്നമായ ഗോത്രസംസ്കാര പാരമ്പര്യവും അതിനോട് ചേർന്നു നിന്നു കൊണ്ട് കൊണ്ടും കൊടുത്തും വളർന്നു. അതിനാൽ ഭാരതത്തിനും അതിന്റെ ജനതതിയ്ക്കും നാശം വരുത്തുവാൻ ശ്രമിച്ചവരെയെല്ലാം ഏകമനസ്സോടെ ഭാരതപുത്രൻമാർ അതിർത്തി കടത്തിയിട്ടുണ്ട്.

വിവിധ ഭാഷകൾ സംസാരിക്കുന്ന, വിഭിന്ന സംസ്കാരവും ആചാരങ്ങളും പുലർത്തുന്ന നാനാജാതി മതസ്ഥരും ഏകോദരസഹോദരരെപ്പോലെ വർത്തിയ്ക്കുന്ന ഇന്ത്യാമഹാരാജ്യത്തെ തകർക്കാൻ അത്ര എളുപ്പമല്ല എന്ന് ശത്രുക്കൾ മനസ്സിലാക്കി. വർഗ്ഗീയവും വംശിയവുമായ വെറുപ്പുകൾ ഇന്ത്യാക്കാരുടെ ഇടയിൽ പാകിയാൽ ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ കഴിയും എന്ന് തിരിച്ചറിഞ്ഞ പ്രതിലോമശക്തികൾ അതിനായി ആളും അർഥവും വാരിവിതറി. സമൂഹമാദ്ധ്യമങ്ങളുടെ സഹായത്തോടെ വിദ്വേഷം പടർത്തി. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തെ പല മേഖലകളിലും തലത്തിലും ഉള്ള പൗരന്മാർ അവരുടെ പാട്ടിലായി.

ഭാരതത്തിന്റെ അതിർത്തി പങ്കിടുന്ന സഹോദരരാജ്യങ്ങൾ, ഈ രാജ്യത്തിന്റെ പടിപടിയായി ഉള്ള വളർച്ചയിലും ജനാധിപത്യശക്തിയിലും അസൂയാലുക്കളും വിദ്വേഷഭരിതരുമാണ്. അവരുടെ കൂടെ ഈ ശത്രുക്കളും ചേർന്നു. ഇവർ ഭാരതത്തിന് എതിരെ അപ്രഖ്യാപിത യുദ്ധം പ്രഖ്യാപിച്ച്, അതിർത്തി അതിക്രമിച്ച് കടന്ന് നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾ നിരപരാധികളായ നമ്മുടെ സഹോദരരുടെ ജീവനെടുക്കുകയാണ്. രാജ്യസമാധാനത്തെയും വികസനത്തെയും അസ്വസ്ഥതപ്പെടുത്തുകയും തടസ്സപ്പെടുത്തുകയും ചെയ്തു വരുന്ന ദുഷ്പ്രവർത്തികൾ വർദ്ധിച്ചു വരികയാണ്.

ഞാൻ നിങ്ങളെ സ്നേഹിക്കുന്നപോലെ നിങ്ങളും പരസ്പരം സ്നേഹിയ്ക്കുക എന്ന് യേശുദേവനും, അവനവനാത്മസുഖത്തിന് ആചരിയ്ക്കുന്ന പ്രവർത്തികൾ അന്യർക്ക് കൂടി ഗുണമാകുന്ന തരത്തിലുള്ളത് ആയിരിയ്ക്കണമെന്ന് വിശ്വഗുരു ശ്രീനാരായണ ഗുരുസ്വാമികളും പകർന്ന ശാന്തിമന്ത്രധ്വനികൾ വൃഥാവിലാകുമോ? ലോകതറവാടായ ഭാരതഭൂമി വർഗ്ഗ, വർണ്ണ കലാപങ്ങളിൽ പെട്ട് തച്ചുടയ്ക്കപ്പെടുമോ എന്ന ആശങ്ക ഭാരതത്തിലെ ജനങ്ങളിൽ ഉണ്ടാകാതിരിയ്ക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉത്തരവാദിത്വമുണ്ട്.

ദേശീയത

സ്വാതന്ത്ര്യ സമരം കടഞ്ഞെടുത്തു ഭാരതത്തിന് നൽകിയത് മഹത്തുക്കളും ഉത്പതിഷ്ണുക്കളുമായ ധീരരായ ദേശാഭിമാനികളെ ആയിരുന്നു. എണ്ണം പറഞ്ഞ പുരുഷ കേസരികളെ ആയിരുന്നു. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സ്വമേധയാ ഉണർന്നെണീറ്റ ഇവരെല്ലാം തന്നെ കറകളഞ്ഞ ദേശസ്നേഹികളായിരുന്നു, മനുഷ്യസ്നേഹികളായിരുന്നു.

സന്യാസിവര്യരും വിദ്യാസമ്പന്നരായ പൊതുപ്രവർത്തകരും സാഹിത്യകാരന്മാരും കലാകാരന്മാരും എഴുത്തുകാരും ചിന്തകരും അദ്ധ്യാപകരും വക്കീലൻമാരും കൃഷീവലൻമാരും ഒക്കെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവരൊക്കെ ചേർന്ന്

സ്വാതന്ത്ര്യ സമരകാലത്ത് ജനങ്ങളിൽ ഉണ്ടാക്കി എടുത്ത ദേശീയത, ഐക്യം, അഖണ്ഡത എന്നീ വികാരങ്ങൾ രാജ്യമെങ്ങും ജ്വലിപ്പിച്ചു നിർത്തി, സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വാതിൽ തുറന്നു.

ഇന്ത്യ സ്വതന്ത്രയാകാൻ പോകുന്നതിനു മുമ്പേതന്നെ മതവിദ്വേഷത്തിന്റെ വിത്ത് പാകിയിരുന്നത്, സ്വതന്ത്രാനന്തരം കലാപത്തിലേയ്ക്കും ഭാഗംവയ്ക്കുന്നതിലേയ്ക്കും മുളപ്പിച്ചെടുത്തു. എല്ലാവരുടെയും ഹൃദയത്തെ വ്രണപ്പെടുത്തി ഭാരതത്തെ ഭാഗം വച്ച് പിരിഞ്ഞപ്പോൾ അണിയറയിലെ ഇരുളിലിരുന്ന് സൃഗാലതന്ത്രമൊരുക്കിയവർ അടക്കിപ്പിടിച്ച് ചിരിച്ചു കാണണം.

മതവിദ്വേഷത്തിന്റെ വിഷവിത്തുകൾ പൂർണ്ണമായും നശിച്ചിട്ടില്ല എന്ന് പിന്നീട് പല അവസരങ്ങളിലും ഇന്ത്യയ്ക്കും ഇന്ത്യാക്കാർക്കും മനസ്സിലായി. അവിടവിടെ ലഹളകളും കലാപങ്ങളും ഫണമുയർത്തിയെങ്കിലും ഭാരതമനസ്സുകളിലെ ദേശീയത എന്ന വികാരത്തിൽ ലഹളകൾ അസ്തമിയ്ക്കുകയായിരുന്നു. പക്ഷേ എന്നിട്ടും പിന്തിരിയാൻ കൂട്ടാക്കാതെ മതത്തെ പതുക്കെ പതുക്കെ രാഷ്ട്രീയത്തിലേക്ക് അടുപ്പിയ്ക്കാൻ തുടങ്ങി. അതിന്റെ പരിണിത ഫലങ്ങളും കണ്ടുതുടങ്ങി .

മതത്തിന്റെ രാഷ്ട്രീയ പ്രവേശനം

രാഷ്ട്രീയപ്രസ്ഥാനങ്ങളെ മതവും ജാതിയും വിഴുങ്ങാൻ ആരംഭിച്ചിട്ട് ദശകങ്ങളായി. അധികാര ലാഭത്തിനായി ആ വിഴുങ്ങൽ അനുവദിച്ചു കൊടുത്ത രാഷ്ട്രീയ പാർട്ടികൾക്ക് ഇന്ന് വിറളി പിടിച്ചു തുടങ്ങി. മതത്തെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചു നിർത്തുവാൻ, മതത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നതിന് ഭരണകൂടങ്ങൾ അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും നൽകി വരുന്നത് രാഷ്ട്രീയ പാർട്ടികളുടെ നാശത്തിന് കാരണമാകും എന്ന് പല രാജ്യങ്ങളുടെയും അനുഭവം നമ്മളോട് പറയുന്നു.

മതം രാഷ്ട്രീയത്തിൽ ചെലുത്തുന്ന സ്വാധീനം പലപ്പോഴും സമൂഹത്തിൽ അസംതൃപ്തിയ്ക്ക് കാരണമാകുന്നു. ഭരണഘടന ഉറപ്പുതരുന്ന മത സ്വാതന്ത്ര്യം ആവോളം ആസ്വദിച്ച്, ഇണക്കവും പിണക്കവും ഇല്ലാതെ സാമുദായിക ഐക്യത്തോടെ കഴിയുമ്പോഴാണ് ബോധപൂർവ്വം ചില കേന്ദ്രങ്ങൾ പ്രീണനവുമായി മതനേതാക്കളെ വലവീശുന്നത്.

ജാതിഭേദവും മതദ്വേഷവും കൊടികുത്തി വാണിരുന്ന കേരളത്തിൽ, അയിത്തോച്ചാടനവും, പന്തിഭോജനവും, ക്ഷേത്രപ്രവേശനവും നടത്താൻ നേതൃത്വം കൊടുത്തത് സവർണരും അവർണരുമായ സമുദായ നേതാക്കൾ തന്നെ ആയിരുന്നല്ലോ. ഈ നവോത്ഥാന പ്രക്രിയയ്ക്ക് ഇപ്പുറത്തേയ്ക്ക് സമൂഹത്തിന്റെ ഉത്ഥാനത്തിനായി മറ്റൊരു നവോത്ഥാനത്തിനും പ്രസക്തി ഇന്നില്ല.

ഓരോ മതവും അവരവരുടെ ആചാരാനുഷ്ഠാനങ്ങൾ നിർഭയത്തോടെ ആചരിയ്ക്കുകയും ആഘോഷിയ്ക്കുകയും ചെയ്തു പോരുകയായിരുന്നു. തങ്ങളുടെ മതമാണ് ശ്രേഷ്ഠമെന്ന് ഇവരാരും തന്നെ വിശേഷിപ്പിച്ചിട്ടുമില്ല. മതപരമായ ആഘോഷങ്ങളിലും ചടങ്ങുകളിലും അന്യോന്യം ഭാഗഭാക്കായത് വോട്ട് ബാങ്കുകളിലേയ്ക്ക് മുതൽകൂട്ടാനല്ലായിരുന്നു. മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ഉൾവിളിയുടെ സ്വാഭാവികമായ ബഹിർസ്ഫുരണമായിരുന്നുവല്ലോ ഈ പങ്കാളിത്തം.

ഈ ഐക്യവും സ്നേഹവും കുഞ്ഞുങ്ങൾക്ക് എന്നും കരുതലും താങ്ങും തണലുമായിരുന്നു. മാതാപിതാക്കൾക്ക് ആശ്വാസമായിരുന്നു. എന്റെ കുട്ടികൾ എന്നോ, നിന്റെ കുട്ടികൾ എന്നോ വിവേചനവും ഇല്ലായിരുന്നു. മുതിർന്നവരെ ഭയഭക്തി ബഹുമാനത്തോടെ കുട്ടികൾ കണ്ടിരുന്നകാലത്ത് മക്കളെല്ലാം സുരക്ഷിതരായിരുന്നു. കാരണം, പൊതുസമൂഹത്തെ എല്ലാവരും ഭയപ്പെട്ടിരുന്നു.

ഭൂമി നമ്മുടെ മാതാവ്

നൈമിഷികമായ ഇഹലോകജീവിതത്തിൽ സ്നേഹപൂർണമായ പരസ്പരമുള്ള പങ്കിടലുകൾക്ക് വേദികൾ ഉണ്ടാവട്ടെ. ഒരു മതവും മറ്റൊന്നിനേക്കാളും ചെറുതുമല്ല, വലിയതുമല്ല. സകലമതസാരവുമേകമാണെന്നിരിയ്ക്കേ മതത്തിന്റെ പേരിൽ ചില പ്രസ്ഥാനങ്ങൾ അവരുടെ അന്നത്തിനും നിലനിൽപ്പിനും വേണ്ടി എറിയുന്ന വിദ്വേഷവിത്തുകൾ ഏറ്റുവാങ്ങി പരസ്പരം പോരടിയ്ക്കണോ.? ക്ഷണികമായ ഈ ജീവിതകാലയളവിൽ സൽകർമ്മങ്ങൾ ചെയ്തില്ലെങ്കിലും "ഒരുപീഢയെറുമ്പിനും" ഉണ്ടാക്കാതിരിയ്ക്കാം.

അനിത്യാനി ശരീരാണി

വിഭവോ നൈവ ശാശ്വതഃ

നിത്യം സന്നിഹിതോമൃത്യുഃ

കർത്തവ്യോ ധർമ്മസംഗ്രഹഃ

(നമ്മുടെ ശരീരം ശാശ്വതമല്ല, സമ്പത്തും ശാശ്വതമല്ല, മരണം എപ്പോൾ വേണമെങ്കിലും സംഭവിയ്ക്കാം, അതുകൊണ്ട് സൽകർമ്മങ്ങൾ ആചരിയ്ക്കുക)

നീതിസാരോപദേശങ്ങൾ അപ്രസക്തമായിക്കഴിഞ്ഞു ഈ കാലത്ത്. മാനവരാശിയുടെ ആരോഗ്യകരമായ നിലനിൽപ്പിന് ഉത്തേജനം പകരാൻ പോരുന്ന ചിന്തകരും ഗുരുജനങ്ങളും എഴുത്തുകാരും തുലോം വിരളവുമായിരിയ്ക്കുന്നു. ഇനി "ഉന്നതവിദ്യാഭ്യാസം ആർജ്ജിച്ചവർ" ആകട്ടെ , വിനയമോ എളിമയോ സ്ഫുരിപ്പിയ്ക്കുന്നില്ല എന്നത് അതിശയകരവും ഒപ്പം നിന്ദനീയവുമാണ്.

വിദ്യാ ഹൃദ്യാപീ സാവദ്യാ

വിനാ വിനയം സമ്പതം.

(വിദ്യ ഹൃദ്യമായതാണങ്കിലും വിനയത്തോടെ അല്ലെങ്കിൽ വിനയമില്ലങ്കിൽ നിന്ദ്യമാണ്)

മഹത്തുക്കളും മഹാത്മാക്കളുമായ ഒട്ടേറെ പേർ ഭാരതത്തിൽ ജനിയ്ക്കുകയും രാജ്യത്തിന്റെ ഉൽകൃഷ്ടത ആഗ്രഹിച്ച് ജീവിയ്ക്കുകയും പ്രവർത്തിയ്ക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ജനനോദ്ദേശം രാജ്യത്തിനും ജനങ്ങൾക്കും സംഭാവന ചെയ്തശേഷം കാലയവനികയിൽ മറഞ്ഞു. അവരുടെ അതിവിശിഷ്ടമായ തിരുശേഷിപ്പുകൾ ഇന്ന് ലോകമാകെ അങ്ങോളമിങ്ങോളം ഉള്ള വായനശാലകളെ പുസ്തക രൂപത്തിൽ അലങ്കരിയ്ക്കുന്നു. ഈ പുസ്തകങ്ങൾ രാജ്യത്തിന്റെ ഏറ്റവും വലിയ ഈടുവയ്പാണന്ന് പറയേണ്ടതില്ലല്ലോ.

ലോകത്തുള്ള എല്ലാ ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലും പെട്ട മനുഷ്യരുടെ ശരീരഘടനയും പ്രവർത്തനങ്ങളും ഒരേപോലെയാണ് എന്ന ചിന്ത മനസ്സിൽ രൂഢമൂലമായാൽ അന്ന് തീരും ഈ വിദ്വേഷം. ഒരമ്മയുടെ ഗർഭപാത്രത്തിൽ പിറന്നവർ സഹോദരാണങ്കിൽ ഒരു രാജ്യത്ത് ജനിച്ചവരും കൂടപ്പിറപ്പ് തന്നെയാണ്.

പരസ്പരാകർഷണത്തിന്റെ ശക്തിയെ മാത്രം ആശ്രയിച്ചാണല്ലോ മറ്റു ഗ്രഹങ്ങളെപ്പോലെ പൃഥ്വിയും സ്വയം പ്രദക്ഷിണം ചെയ്യുന്നത്. നഗ്നനേത്രങ്ങൾക്കോ ദൂരദർശിനികൾക്കോ മറ്റൊരു പൃഥ്വിയെയും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല. അതിനാൽ ഏകാകിനിയായ ഈ ഭൂമിയുടെ ഗർഭപാത്രത്തിൽ ജീവനെടുത്ത സകലരും, സകല ജീവജാലങ്ങളും നമ്മൾക്ക് സഹോദരരാണ്, കൂടപ്പിറപ്പാണ്, സഹജീവികളാണ് എന്ന തോന്നൽ എല്ലാവരിലും ഉണ്ടായാൽ പിന്നെ യാതൊരു വിദ്വേഷത്തിനും സ്ഥാനമില്ല. നമുക്ക് പരസ്പരം വിദ്വേഷിയ്ക്കാതിരിയ്ക്കാം. ലോകരുടെ ശാന്തിയ്ക്കായി ഇങ്ങനെ പ്രാർത്ഥിയ്ക്കാം.

ഓം സഹനാവവതു...സഹനൗഭുനക്തു..

സഹവീര്യം കരവാവഹൈ..

തേജസ്വീനാവധീതമസ്തു മാ

വിദ്വിഷാവഹൈ...

ഓം.. ശാന്തിഃ ... ശാന്തിഃ ... ശാന്തിഃ ..

Advertisment