Advertisment

സ്വകാര്യ സംരംഭകർ ജനങ്ങൾക്ക് നൽകുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും നാം കണ്ടില്ലെന്നു നടിക്കരുത്. സർക്കാർ അർധസർക്കാർ സ്ഥാപനങ്ങൾക്ക് എന്തുകൊണ്ടാണതിന് കഴിയാത്തത് എന്നും നാമാലോചിക്കണം... സ്വകാര്യവൽക്കരണം അനിവാര്യമാകുന്നത് ?

New Update

publive-image

Advertisment

കുത്തക ബൂർഷ്വാ, സാമ്രാജ്യത്വ ശക്തി എന്നൊക്കെ വിളിച്ചാക്ഷേപിക്കും മുൻപ് സ്വകാര്യ സംരംഭകർ ജനങ്ങൾക്ക് നൽകുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും നമ്മൾ കണ്ടില്ലെന്ന് നടിക്കരുത്. സർക്കാർ അർധസർക്കാർ സ്ഥാപനങ്ങൾക്ക് എന്തുകൊണ്ടാണതിന് കഴിയാത്തത് എന്നും നാമാലോചിക്കണം?

10 വർഷം മുൻപ് ഒരു പാസ്സ്‌പോർട്ട് എടുക്കാൻ തൈക്കാട് പാസ്സ്‌പോർട്ട് ഓഫീസിനുമുന്നിൽ തലേദിവസമേ പോയി ക്യൂ നിൽക്കണമായിരുന്നു. പിറ്റേ ദിവസം വൈകുന്നേരം മാത്രമേ നമുക്ക് മടങ്ങാൻ കഴിയുമായിരുന്നുള്ളൂ. ഇന്നാകട്ടെ വെറും അര മണിക്കൂർ സമയം കൊണ്ട് നമുക്ക് കാര്യം സാധിക്കാം, മൂന്നാം ദിവസം പാസ്സ്പോർട്ടും കയ്യിലെത്തും.

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ് നടപ്പാക്കുന്ന ജനപ്രിയ പരിഷ്കാരങ്ങൾ ആകർഷകമാണ്. ചെലവ് കുറഞ്ഞ സർവീസുകളുമായി യാത്രക്കാരെ ആകർഷിക്കുകയാണ് അദാനി ഗ്രൂപ്പ്. കേരളത്തിലെ എന്നല്ല മിക്ക എയർ പോർട്ടുകളിലും കണ്ടുവരുന്ന പിടിച്ചുപറിയാണ് പാർക്കിങ്ങിൽ ആദ്യ പതിനഞ്ച് മിനിറ്റ് ഫ്രീയും പിന്നീട് എവിടെയും ഇല്ലാത്ത ഒരു ഫീസും.

വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനുള്ള എൻട്രി ടിക്കറ്റ് എടുത്തു കളഞ്ഞിരിക്കുകയാണ്. ഇതുകൂടാതെ 85 രൂപയായിരുന്ന പാർക്കിംഗ് ഫീസ് 30 രൂപയായി കുറയ്ക്കുകയും മറ്റു പല പരിഷ്കാരങ്ങളും നടപ്പാക്കുകയൂം ചെയ്തിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ചിലവിൽ ഗൾഫിലേക്ക് പറക്കാൻ എയർ അറേബ്യ സർവീസ് ആരംഭിച്ചത് പ്രവാസികൾക്ക് ഒരുപാട് ആശ്വാസമായിരിക്കുകയാണ്. ഈ കഴിഞ്ഞ 16ന് അബുദാബിയിലേക്കാണ് സർവീസ് ആരംഭിച്ചത്.

വിമാനത്താവളത്തിൽ 2018 മുതൽ അടഞ്ഞു കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ജനുവരിയോടെ പ്രവർത്തിക്കുക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുത്തതോടെ നിരവധി ഡയറക്റ്റ് ഫ്‌ളൈറ്റുകൾ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തിക്കുവാൻ ആണ് ഇവരുടെ നീക്കം.

publive-image

ഇതുപോലെ കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും സ്വകാര്യവൽക്കരിക്കേണ്ടത് അനിവാര്യമാണ്. കെഎസ്ആര്‍ടിസി ഒരു ബാദ്ധ്യതയാണ്. അത് തകർത്തത് രാഷ്ട്രീയക്കാരും ട്രേഡ് യൂണിയൻകാരുമാണ്. ഛത്തീസ്‌ഗഡ്‌ സർക്കാർ കൈക്കൊണ്ട രീതി നമുക്കും അവലംബിക്കാം. ഈ രംഗത്തു സമ്പൂർണ്ണ സ്വകാര്യവൽക്കരണം നടപ്പായാൽ സര്ക്കാരിന്റെ വലിയൊരു തലവേദന ഒഴിഞ്ഞുകിട്ടും. അതിനുപക്ഷേ ഭരണ പ്രതിപക്ഷ രാഷ്ട്രീയക്കാൻ അനുവദിക്കുമോ ?

കെഎസ്ഇബി വീണ്ടും നിരക്ക് വർദ്ധിപ്പിക്കുകയാണ്. നമ്മുടെ നദികളിലെ ജലം സൗജന്യമായെടുത്ത് വൈദ്യുതി ഉൽപ്പാദിപ്പിച്ച് മുന്തിയ നിരക്കിൽ ജനങ്ങൾക്ക് വിൽക്കുന്നവർ യാതൊരാനുകൂല്യവും ജനങ്ങൾക്ക് നൽകുന്നില്ല എന്നതുകൂടാതെ വെള്ളത്തിനു പകരമായി ഒരു നിശ്ചിത അളവ് വൈദ്യുതി ജനങ്ങൾക്ക് സൗജന്യമായി ലഭിക്കാനുള്ള അവകാശമാണ് അവർ നിഷേധിക്കുന്നത്.

മറ്റു സംസ്ഥാനങ്ങൾ കൽക്കരി, നാഫ്‌ത, ഡീസൽ എന്നിവയിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനത്തിന് അവയ്ക്കുള്ള വിലയും റോയൽറ്റിയും നൽകിയാണ് വാങ്ങുന്നത് എന്നതും നാമറിയണം. 30 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്നുവെന്ന് വീരവാദം മുഴക്കുന്നവർ അതെത്ര പേർക്ക് ലഭിക്കുന്നു എന്ന് കൂടി വെളിപ്പെടുത്തണം. ഇന്നത്തെ കാലത്ത് ഒരു ടി.വിയും ഫാനും, രണ്ട് ലൈറ്റുമിട്ടാൽ പോലും 50 യൂണിറ്റിൽക്കൂടുതൽ വൈദ്യുതി ചെലവാകും.

മുല്ലപ്പെരിയാറിൽ നിന്ന് തമിഴ് നാട് കൊണ്ടുപോകുന്ന വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദനം നടത്തുന്നതിന് അവർ യൂണിറ്റിന് 50 പൈസ (Approx) നിരക്കിൽ കേരള വൈദ്യുതി ബോർഡിന്റെ പെരുമ്പാവൂർ ഓഫീസിൽ അടയ്ക്കുന്നുണ്ട്. എന്നാൽ കെഎസ്ഇബി സൗജന്യമായി ഉപയോഗിക്കുന്ന വെള്ളത്തിന് ആർക്കാണ് പൈസ കൊടുക്കുന്നത് ? ഇല്ലെങ്കിൽ എന്തുകൊണ്ട് കൊടുക്കുന്നില്ല ?

publive-image

കോടിക്കണക്കിനു വരുന്ന ഉപഭോക്താക്കൾക്ക് കണക്ഷൻ നൽകിയ സമയത്ത് കെഎസ്ഇബി വാങ്ങിയ ഡെപ്പോസിറ്റ് പണം എവിടെപ്പോയി ? ഒരിക്കലൂം തിരിച്ചുനൽകേണ്ടി വരാത്ത ആ കോടിക്കണക്കിന് പണം കെഎസ്ഇബി എന്തു ചെയ്തു ? വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞപ്പോഴാണ് സത്യത്തിൽ ഞെട്ടിപ്പോയത്.

കേരളത്തിൽ കെഎസ്ഇബിയിലാണ് ഉദ്യോഗസ്ഥർക്ക് ഏറ്റവും മുന്തിയ ശമ്പളം എന്ന് കേൾക്കുന്നു. ഡ്രൈവർമാർക്ക് വരെ ഒരു ലക്ഷത്തോളമാണത്രേ ശമ്പളം. ട്രേഡ് യൂണിയൻ സമരങ്ങളിലൂടെ അവർ അത് ഘട്ടം ഘട്ടമായി ഒപ്പിച്ചെടുത്തു. ചുരുക്കിപ്പറഞ്ഞാൽ എൻ്റെ അറിവ് ശരിയാണെങ്കിൽ കെഎസ്ഇബി അവരുടെ 35000 വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. സർക്കാരിനോ ജനങ്ങൾക്കോ ഒരു ലാഭവും ഇതുകൊണ്ടില്ല എന്ന് സാരം.

ഡൽഹിയിൽ വൈദ്യുതി ഉൽപ്പാദനവും വിതരണം സ്വകാര്യമേഖലയിലാണ്. കൽക്കരി ഉപയോഗിച്ചുൽ പ്പാദിപ്പിക്കുന്ന (തെര്‍മല്‍ പവര്‍ സ്റ്റേഷന്‍) വൈദ്യുതിയാണ് അവർ വാങ്ങുന്നത്. അവിടെ 200 യൂണിറ്റ് വൈദ്യുതി എപിഎല്‍, ബിപിഎല്‍ ഭേദമന്യേ എല്ലാവർക്കും സൗജന്യമാണ്. എന്നിട്ടും സർക്കാരിന് ഒരു ബാദ്ധ്യതയുമില്ല.അത് കണ്ടുപഠിക്കാനെങ്കിലും നമ്മുടെ സർക്കാരുകൾ തയ്യറാകണം.

അതുപോലെ വിനോദസഞ്ചാരമേഖല. ചിട്ടപ്പടി ജോലിയും അഴിമതിയുമാണ് ആ മേഖല വികസിക്കാത്തതിനുള്ള മുഖ്യ കാരണം. സ്വകാര്യ ടൂറിസ്റ്റ് ഓപറേറ്റർമാരും, വാഹനങ്ങളും, ഹൗസ് ബോട്ടുകളും നൽകുന്ന സേവനം നമ്മുടെ സർക്കാർ ഉടമസ്ഥതയിലുള്ള റിസോർട്ടുകളിലും, കെടിഡിസി യിലും ലഭിക്കുന്നുണ്ടോ ? ഇല്ല.

സംശയമുള്ളവർ ഒരു തവണ കെടിഡിസി ഹൗസ് ബോട്ടിലും, കോന്നി അടവിയിലെ കുട്ടവഞ്ചി സവാരിക്കും അവിടുത്തെ ആനക്കൂട്ടിലും പോയി നോക്കുക. സർക്കാർ - സ്വകാര്യ വ്യത്യാസവും ഉദ്യോഗസ്ഥർ നൽകുന്ന ഹോസ്‌പിറ്റാലിറ്റിയും തമ്മിലുള്ള അജഗജാന്തരം അനായാസം മനസിലാക്കാം. കോവളം ഹോട്ടൽ സ്വകാര്യ മേഖലയെ ഏൽപ്പിച്ചതും അവരിപ്പോൾ നൽകുന്ന മികച്ച സേവനങ്ങളും മതിയാകും ഉദാഹരണത്തിന്.

കമ്യൂണിസ്റ്റ് ചൈനവരെ ക്യാപ്പിറ്റലിസത്തിലേക്ക് പൂർണ്ണമായും മാറിക്കഴിഞ്ഞിരിക്കുന്നു. പൊതു ഖജനാവ് ഏതാനും ചില വ്യക്തികളിലേക്ക് ചോരുന്നത് അവർക്കുൾക്കൊള്ളാൻ കഴിഞ്ഞു. ഇന്നവർ ലോകത്തെ വമ്പൻ ശക്തിയാണ്. സാമ്രാജ്യത്വം.മുതലാളിത്തം എന്നൊക്കെയുള്ള സങ്കല്പങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ വിദേശം, ആഭ്യന്തരം, രാജ്യരക്ഷ ഒഴികെയുള്ള എല്ലാം (ആരോഗ്യം,വിദ്യാഭ്യാസം വരെ) സ്വകാര്യമേഖലയിലാണ്.

ഇവിടെ എയ്‌ഡഡ്‌ സ്‌കൂളുകളിൽ നടക്കുന്ന വൻ തട്ടിപ്പുകൾ ആർക്കാണറിയാത്തത്. സമുദായങ്ങളും രാഷ്ട്രീയക്കാരും അവരുടെ ബന്ധുക്കളും കുറേ സമ്പന്നരുമാണ് എയ്‌ഡഡ്‌ മേഖല കയ്യടക്കി വച്ചിരിക്കുന്നത്. ഒരു അദ്ധ്യാപക നിയമനത്തിന് 50 ലക്ഷം വരെ അവർ വാങ്ങുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നിട്ട് ശമ്പളവും മറ്റാനുകൂല്യങ്ങളും പെൻഷനുമെല്ലാം സർക്കാരിന്റെ തലയിലും ?

വിദ്യാഭ്യാസത്തിൽ സർക്കാർ ഇടപെടൽ അനിവാര്യമാണ്. എയ്‌ഡഡ്‌ സ്‌കൂൾ നിയമനങ്ങൾ സർക്കാർ ഏറ്റെടുക്കുകയും മാനേജുമെന്റിന് അർഹമായ തുക നൽകുകയും ചെയ്‌താൽ ഈ വിദ്യാഭ്യാസ കച്ചവടം അവസാനിക്കും.

ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ എന്നത് പറച്ചിലിൽ മാത്രം. രാഷ്ട്രീയക്കാരാണ് യജമാനന്മാരും സർവാധികാരികളും. അവർ തീരുമാനിക്കുന്നു, അത് നടപ്പാക്കുന്നു. ജനങ്ങളോട് അവരുടെ അഭിപ്രായം ആരും ചോദിക്കാറില്ല.

Advertisment