Advertisment

ലോകം ലാഭചിന്തയില്‍ അഭിരമിക്കുമ്പോള്‍ മനുഷ്യജീവനുപോലും രണ്ടാം സ്ഥാനമേയുളളൂ ! ആഗോളവത്ക്കരണം, ഉദാരവത്ക്കരണം, സ്വകാര്യവത്ക്കരണം എന്നിവയാണ് വേദവാക്യങ്ങള്‍. ലാഭമാണ് ദൈവം ! കോവിഡ് കാലത്തുപോലും ഇതിനു മാറ്റമില്ല... (ലേഖനം)

New Update

publive-image

Advertisment

ലാഭമെന്നയൊരേ ലക്ഷ്യം

പോരായമിതലാഭവും

ലാഭചിന്തയില്‍ മറ്റെല്ലാ -

മപ്രസക്തവുമായിടും...

മാനവരാശിയെ ഒന്നടങ്കം കടന്നാക്രമിച്ച കൊറോണയെന്ന വൈറസ് മൃത്യുതാണ്ഡവമാടുന്ന കാലം. ശാസ്ത്രലോകംപോലും പകച്ചുപോയി. ലോകമാകെ ഇതുപോലെ ഇത്രയും

സാര്‍വ്വത്രികമായി ദുരിതം വിതച്ചഴിഞ്ഞാടിയ ഒരു സാംക്രമികരോഗം അഭൂതപൂര്‍വ്വമാണെന്ന്

വിലയിരുത്തപ്പെടുന്നു. നാശനഷ്ടങ്ങള്‍ എങ്ങിനെ പരമാവധികുറയ്ക്കാമെന്നായി ഭരണതന്ത്രജ്ഞരുടെ പ്രായോഗികചിന്ത.

പ്രായമായവരിലാണ് രോഗസാദ്ധ്യതയേറെയെന്നും കണ്ടെത്തുന്നു. ഫ്രഞ്ച് അധികൃതര്‍ ഈ

വിഷയത്തില്‍ ഒരു സുചിന്തിതതീരുമാനമെടുക്കുന്നു. വൃദ്ധജനങ്ങള്‍ക്ക് മുന്‍ഗണനവേണ്ട. രക്ഷപ്പെട്ടാലും അവരിനിയധികകാലം ജീവിക്കുകയില്ലല്ലോ? സര്‍ഗ്ഗശേഷി കുറഞ്ഞവരോ, നശിച്ചവരോ ആയിരിക്കും അവരൊക്കെയും.

ഇത്തരമൊരു ജീവന്മരണപ്രതിസന്ധിയില്‍ രാജ്യത്തിന് സംഭവിക്കുന്ന നഷ്ടം എങ്ങിനെ

പരമാവധി കുറയ്ക്കാമെന്നായി അന്വേഷണം. ഈ വിഷയത്തില്‍ പഠനമനനങ്ങള്‍ നടത്തിയിട്ടുളള ഒരു സാമ്പത്തികവിദഗ്ദ്ധന്‍റെ ഉപദേശമനുസരിച്ചായിരുന്നു ഈ നടപടി.

ജീവന്‍ നിലനിര്‍ത്തുന്നതിനുളള പരിമിതസൗകര്യങ്ങള്‍ സമര്‍ത്ഥമായി വിനിയോഗിക്കുമ്പോള്‍ ഇത്തരമൊരു കടുത്തനടപടി വേണ്ടിവരുമത്രേ. ഇതിനെതിരേ വ്യാപകമായ പ്രതിഷേധമുണ്ടായി. ഇതുപോലൊരു മനുഷ്യാവകാശലംഘനമില്ലെന്ന് മനുഷ്യാവകാശസംഘാടകരെല്ലാം ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു.

ഈ മഹാമാരിക്കാലത്ത് ദുരിതകാലത്തിന്‍റെ മറവില്‍ കൊളളലാഭമടിക്കുന്ന കോര്‍പറേറ്റ് സംരംഭങ്ങളുണ്ട്. വൃദ്ധജനങ്ങളെ ഈ വ്യവസായഭീമന്മാരുടെ സ്വത്ത് കണ്ടുകെട്ടിയിട്ടായാലും

സംരക്ഷിക്കാനുളള വിഭവം കണ്ടെത്തണമെന്നാണ് ഒരു സംഘടന ആവശ്യപ്പെട്ടത്.

കൊറോണയുടെ പ്രതിരോധത്തിനുളള മരുന്ന് നിര്‍മ്മിക്കാനുളള അവകാശം നേടിയെടുക്കുകയും അമിതവിലയ്ക്ക് വിറ്റ് കൊളളലാഭമടിക്കുകയും ചെയ്യുന്ന കമ്പനിയ്ക്ക് ഇക്കാര്യത്തില്‍ ബാദ്ധ്യത ഉണ്ടെന്നാണവരുടെ വാദം.

ഒരു ഐ.സി.യു.വിന്‍റെ മുമ്പില്‍ പ്ലക്കാര്‍ഡേന്തിയ ഒരു മദ്ധ്യവയസ്ക പ്രത്യക്ഷപ്പെട്ടു. അവരുടെ പ്ലക്കാര്‍ഡില്‍ ഇങ്ങനെയെഴുതിയിരുന്നു :  "എനിക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത ഒന്നുണ്ട് - എന്‍റെയമ്മ". വിക്ടര്‍ഹ്യൂഗോവിന്‍റെ നാട്ടിലാണിതുസംഭവിച്ചതെന്നോര്‍ക്കണം.

പുരോഹിതന്‍റേയും, വൈദ്യന്‍റേയും കിടപ്പറവാതിലുകള്‍ രാത്രിയില്‍ അടയ്ക്കാന്‍ പാടില്ല. ആര്‍ക്കുമെപ്പോഴും സമീപിക്കാന്‍ കഴിയണമെന്ന് പറഞ്ഞ ഒരു മെത്രാനെ അവതരിപ്പിച്ചയാളാണ് വിക്ടര്‍ഹ്യൂഗോ. അവിടെയാണ് വൃദ്ധജനങ്ങളെ മൊത്തത്തില്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നത്.

ഫ്രഞ്ച് പര്യടനവേളയില്‍ മറ്റൊരു കഥയും കേള്‍ക്കാനിടയായി. കോളനിവത്ക്കരണത്തിന്‍റെ കടുത്ത നാളുകളിലൊന്നിലുണ്ടായ സംഭവമാണത്രേ. ഒരു അമേരിക്കന്‍ കപ്പല്‍ നടുക്കടലില്‍വച്ച് അപ്രതീക്ഷിതമായി എന്‍ജിന്‍ തകരാര്‍ നേരിട്ടു. വിദഗ്ദ്ധപരിശോധനയ്ക്ക് ശേഷം എന്‍ജിനീയറിംഗ് വിഭാഗത്തിന്‍റെ നിര്‍ദ്ദേശം : "കപ്പലിന്‍റെ ഭാരം കുറയ്ക്കണം. എന്നാല്‍ മാത്രമേ അടുത്ത തുറമുഖത്ത് നങ്കൂരമിടാന്‍ കഴിയൂ. അവിടെ റിപ്പയര്‍ ചെയ്ത് യാത്ര തുടരാം. ഈ നിലയില്‍ യാത്രതുടര്‍ന്നാല്‍ കപ്പല്‍ മുങ്ങിപ്പോവും".

തൊട്ടുപുറകേ കപ്പിത്താന്‍റെ കല്‍പന വന്നു : "അത്യാവശ്യമല്ലാത്തതെല്ലാം കടലിലേക്കെറിയുക. അതിന്‍റെ മുന്‍ഗണനാക്രമം ശ്രദ്ധേയമാണ്. ആദ്യം കറുത്തവര്‍ഗ്ഗക്കാരെയെറിയുക. പിന്നീട് ലഗ്ഗേജുകളും".

ആ കപ്പിത്താന്‍റെ സിരകളിലോടുന്ന രക്തത്തിലും, പരിമിതമായ ഐ.സി.യു. സൗകര്യങ്ങളില്‍ വൃദ്ധജനങ്ങളെയുപേക്ഷിക്കണമെന്ന ഫ്രഞ്ചധികൃതരുടെ രക്തത്തിലും ഒരേ വര്‍ണ്ണവിദ്വേഷത്തിന്‍റെ വിഷമല്ലെങ്കിലും രണ്ടും ഒരേ ജനുസ്സില്‍പ്പെട്ടതാണ്. രണ്ടിന്‍റേയും പിന്നില്‍ ഒരേയൊരു വികാരമാണ് - ലാഭമെന്ന സ്വാര്‍ത്ഥത.

ലാഭമാണല്ലോ നാവികപടയോട്ടങ്ങളുടേയും, അന്യരാജ്യങ്ങള്‍ കയ്യേറി കോളനികളാക്കുന്നതിന്‍റേയും പിന്നിലെ ചേതോവികാരം. ലാഭചിന്തയില്‍ അഭിരമിക്കുമ്പോള്‍

മനുഷ്യജീവനുപോലും രണ്ടാം സ്ഥാനമേയുളളൂ.

ആഗോളവത്ക്കരണം,ഉദാരവത്ക്കരണം,സ്വകാര്യവത്ക്കരണം എന്നിവയാണ് വേദവാക്യങ്ങള്‍. ലാഭമാണ് ദൈവം. ലാഭചിന്തയില്‍ മനുഷ്യന്‍ ഒരുപാധിമാത്രം. സാര്‍വ്വദേശീയ ബന്ധങ്ങളില്‍ പലപ്പോഴും നാമതുകണ്ടതല്ലേ? രാസായുധശേഖരണമെന്ന കുറ്റമാരോപിച്ചാണ് അമേരിക്ക ഇറാക്കിനെ ആക്രമിച്ചത്. ആ രാജ്യത്തിലെ ജീവധനാദികളുടെ നാശം തിട്ടപ്പെടുത്താന്‍ പോലും കഴിയാത്തവിധം ബൃഹത്താണ്.

അവസാനം രാസായുധശേഖരാരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു. ഒന്ന് മാപ്പുപറയാന്‍ പോലും അമേരിക്ക തയ്യാറായില്ല. ഒരു രാഷ്ട്രത്തെ കൊല്ലാക്കൊല ചെയ്തില്ലേ? രാഷ്ട്രത്തലവനെ തോജോവധവും,ശാരീരികവധവും നടത്തിയില്ലേ? ആ രാജ്യത്തെ അളവറ്റ പ്രകൃതിവിഭവങ്ങള്‍ മാത്രമാണ് - അവിടെനിന്നുളള ലാഭം മാത്രമാണ് - അമേരിക്കന്‍ താല്‍പര്യം.

Advertisment