Advertisment

കുഞ്ഞാലി മരയ്ക്കാർ - അറബിക്കടലിൻ്റെ സിംഹം... ഒരു റിവ്യൂ

author-image
nidheesh kumar
New Update

publive-image

Advertisment

ഡിസംബർ 02 വ്യാഴാഴ്ച റിലീസായ ചിത്രമായിരുന്നു മരയ്ക്കാർ, രാവിലെ തന്നെ വാട്സപ്പിലും ഫേസ്ബുക്കിലും നെഗറ്റിവ് അഭിപ്രായങ്ങളും ട്രോളുകളും നിറഞ്ഞിരുന്നു. ഇതെല്ലാം ഈ ചിത്രത്തെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളായിരുന്നു എന്നെനിയ്ക്ക് മനസ്സിലായത് ഈ പടം കണ്ടപ്പോഴാണ്.

നല്ല സംഘട്ടന രംഗങ്ങൾ ആസ്വാദ്യകരമായ രീതിയിൽ തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ദി പൈറേറ്റേഴ്സ് ഓഫ് ദി കരീബിയൻ എന്ന സൂപ്പർഹിറ്റ് ഹോളിവുഡ് സീരിസിനെ ഓർമിപ്പിയ്ക്കുമാറുള്ള കടൽ യുദ്ധമുണ്ട് ഫസ്റ്റ് ഹാഫിൽ. ആ സീൻ വളരെ ഉദ്വെഗ ജനകമാണ്. എംജി ശ്രീകുമാറും, ശ്രേയ ഘോഷാലും ചേർന്ന് പാടിയ ഇളവെയിൽ എന്ന് തുടങ്ങുന്ന പാട്ട് എനിയ്ക്ക് ഇഷ്ടപ്പെട്ടു.

ഈ പടം പൊട്ടിയ്ക്കാനായി മനഃപൂർവം തയ്യാറാക്കപ്പെട്ട ട്രോളുകളിൽ പ്രധാനമായതായിരുന്നു, കീർത്തി സുരേഷും, ചിന്നാലിയും അർജുൻ്റെ വാളിനാൽ കൊല്ലപ്പെട്ട്‌ കിടക്കുമ്പോഴുള്ള കുഞ്ഞാലി മരയ്ക്കാരുടെ ഡയലോഗായ 'ബെട്ടിയിട്ട ബായത്തണ്ടു പോലെ..' എന്ന് ആരംഭിയ്ക്കുന്ന ഡയലോഗ്.

സത്യത്തിൽ അതിൽ ട്രോളാൻ എന്ത് കാര്യമാണുള്ളതെന്ന് എനിയ്ക്ക് മനസ്സിലാകുന്നില്ല. കുഞ്ഞാലി മരയ്ക്കാർ എന്നയാൾ ബിരുദധാരിയോ, ഐഎഎസുകാരനോ അല്ല. അക്കാലത്തെ ഒരു മലബാർ മാപ്പിള, അയാളുടെ സങ്കടം പറയാൻ ഇത്തരം വാക്യങ്ങളല്ലാതെ എന്താണ് ഉപയോഗിയ്ക്കേണ്ടിയിരുന്നത്.

സ്റ്റണ്ട് സീനുകളെല്ലാം രസകരങ്ങളായിരുന്നു. എന്നാൽ ഫസ്റ്റ് ഹാഫിലെ കടൽയുദ്ധ സമയത്തുള്ള 'തീയമ്പുകൾ അയക്കൂ' എന്ന ഡയലോഗ് വേണ്ടിയിരുന്നില്ല. പകരം നിർദ്ദേശം കൊടുക്കുന്ന ഒരു ആംഗ്യം മതിയാകുമായിരുന്നു. കൂടാതെ ബാബുരാജിൻ്റെയും ഗണേഷ്കുമാറിൻ്റെയും കഥാപാത്രങ്ങൾ മരയ്ക്കാരുടെ സൈന്യത്തെ പിന്തുണയ്ക്കാനായി സുനിൽ ഷെട്ടിയുടെ പാത പിന്തുടർന്നെത്തുന്ന രംഗം ഒരു പാട്ടിൽ ഒതുക്കിയത് പെട്ടെന്നാർക്കും മനസ്സിലാക്കാൻ സാധിച്ചു എന്ന് തോന്നുന്നില്ല. ഇക്കാര്യങ്ങൾ പ്രിയദർശന് പറ്റിയ പാളിച്ചകളായി കണക്കാക്കാം.

യശ്ശശരീരനായ കുട്ടനാടിൻ്റെ നടൻ നെടുമുടി വേണുവിൻ്റെ സാമൂതിരിയെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. കീർത്തി സുരേഷിൻ്റെ സൗന്ദര്യം നന്നായി ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ടെങ്കിലും പാട്ടിലെ വരികൾക്കൊപ്പം ചുണ്ടനക്കുന്നതിൽ കീർത്തി ഒരു പരാജയമായിരുന്നു.

പ്രണവിൻ്റെ കഥാപാത്രമായ ജൂനിയർ കുഞ്ഞാലിയുടെ പണം അപഹരിച്ചുകൊണ്ട് ബിനീഷ് കോടിയേരി ഓടിച്ചെന്ന് ജൂനിയർ തങ്കുഡുവിൻ്റെ തമിഴ് കഥാപാത്രത്തിന് മുമ്പിലെത്തുമ്പോഴുള്ള സീൻ അടിപൊളി എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

പോർച്ചുഗീസുകാരൻ സായിപ്പ് മരയ്ക്കാരോട് കീഴടങ്ങാൻ ആവശ്യപ്പെടുന്ന സെക്കൻ്റ് ഹാഫിലെ യുദ്ധത്തിന് മുമ്പുള്ള സീനിൽ ചങ്ങനാശ്ശേരിക്കാരൻ കൃഷ്ണപ്രസാദ്‌ അവതരിപ്പിച്ച പരിഭാഷകൻ്റെ വേഷം കലക്കി. ഇന്നച്ചൻ്റെ നാമത്ത് കുറുപ്പ് എന്ന കഥാപാത്രം തനിയ്ക്ക് സാധിയ്ക്കുന്ന വിധത്തിൽ ചിരിപടർത്തുന്നുണ്ട്.

നമുക്കെല്ലാം അറിയാവുന്ന ഒരു മിനിമം ഗ്യാരണ്ടിയുണ്ടല്ലോ പ്രിയദർശൻ എന്ന ചലച്ചിത്രകാരന്. പ്രിയദർശൻ പടങ്ങളിൽ ആസ്വദിയ്ക്കാവുന്ന എന്തെങ്കിലും ഉണ്ടാകും. ചിത്രത്തെ രസകരമാക്കാൻ പ്രിയദർശൻ്റെ ടച്ചിന് സാധിയ്ക്കും. അത് തന്നെ മരയ്ക്കാർ എന്ന ഈ പടത്തിലും ഉണ്ട്. ഒരു കാര്യം ഓർമയിൽ വയ്ക്കുക, കുഞ്ഞാലി മരയ്ക്കാരുടെ ജീവിത കാലഘട്ടം നൂറ്റാണ്ടുകൾക്ക് മുമ്പായിരുന്നു. അന്നത്തെ രീതിയിലെ അയാൾ സംസാരിയ്ക്കൂ. അല്ലാതെ മംഗലശ്ശേരി നീലകണ്ഠനെപ്പോലെയോ കണിമംഗലം ജഗന്നാഥനെപ്പോലെയോ സംസാരിയ്ക്കില്ല.

ചുരുക്കിപ്പറഞ്ഞാൽ ആസ്വാദ്യകരമായ ഒരു സിനിമയാണ് കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം.

Advertisment