Advertisment

പറയുന്നതും കേള്‍ക്കുന്നതുമൊന്നുമല്ല 'കുഞ്ഞാലി'... (ലേഖനം)

New Update

publive-image

Advertisment

മലയാള നാട്ടിൽ നടന്ന നാവികചരിത്രത്തിലെയും വീരസ്മരണയുടെയും സാമ്രാജ്യത്വ പോരാട്ടങ്ങളുടെയും ജീവിതവും സമരവും സ്മരണയുമാണ് കുഞ്ഞാലിയും കൂട്ടരും. ആ കനൽ വഴിയുടെ സാംസ്കാരിക, സാമൂഹ്യ പരിണാമങ്ങൾക്ക് പുരോഗതിയുടെ ദൃശ്യവൽകൃത

ചരിത്ര സാക്ഷ്യം എന്നത് എത്ര അദ്ധ്വാനിച്ചാലും ആവിഷ്ക്കരിച്ചെടുക്കാൻ പ്രയാസമായിരിക്കും. കാരണം അത്രകണ്ട് പരിമിതമാണ് കാലത്തിന്റെ പ്രതിഫലനങ്ങൾ.

പറയുന്നതും കേള്‍ക്കുന്നതുമൊന്നുമല്ല കുഞ്ഞാലി എന്നത് ആ സിനിമയിലെ കേവലം ഒരു ഡയലോഗല്ല.യഥാർത്ഥത്തിൽ അതാണ് വസ്തുത. ഭാരതത്തിലെത്തിയ ആദ്യ യൂറോപ്യന്‍ ശക്തിയായ പോർച്ചുഗീസുകാരുടെ വാഴ്ചയുടെയും വീഴ്ചയുടെയും നാള്‍വഴികള്‍ വിശദമാക്കാൻ ഒരു ചലച്ചിത്രം മതിയാകില്ല എന്നതാണ് അടിസ്ഥാന കാര്യം. ആശിർവാദ് സിനിമാസിനു വേണ്ടി പ്രിയദർശൻ സംവിധാനം ചെയ്ത ഈ സിനിമയുടെ നെഗറ്റീവ് റിവ്യൂ കേട്ട് നിരാശനായി ചിത്രം കാണണോ വേണ്ടയോ എന്ന് ആശങ്കിച്ചാണ് കല്ലടിക്കോട് ബാല സിനിമാസിൽ നിന്ന്

മരക്കാർ കാണുന്നത്.

ചിത്രത്തിന് നേരെ വലിയ സൈബര്‍ ആക്രമണം പ്രദർശന തുടക്കത്തിൽ തന്നെ ഉണ്ടായി എന്നത് നിഷേധിക്കാനാവില്ല. ന്യൂനതകളില്ലാത്ത ഒരു ചലച്ചിത്രം ഉണ്ടാകില്ലെന്നിരിക്കെ മരക്കാര്‍ എന്ന വിസ്മയ ചിത്രം ഇത്രയേറെ വിമർശിക്കപ്പെടേണ്ടതുണ്ടോ?

മലയാളസിനിമയിൽ മറ്റൊരു ചിത്രത്തിനുവേണ്ടിയും കലാ സ്നേഹികൾ ഇത്രത്തോളം കാത്തിരുന്നിട്ടുണ്ടാവില്ല. ഇതൊരു ചരിത്ര സിനിമ ആയത് കൊണ്ട് എല്ലാ സിനിമാപ്രേമികൾക്കും ഒരുപോലെ നിർണായകമായിരുന്നു ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’.

സാങ്കേതിക തികവിൽ സിനിമ ഒരിടത്തും ഒരു കുറവ് ഫീൽ ചെയ്യുന്നില്ല. മാത്രമല്ല മലയാള സിനിമയിൽ നിന്ന് മികച്ചൊരു ഹോളിവുഡ് നിലവാര ചിത്രം ഉണ്ടായി എന്നും പറയാം.  അധിനിവേശ ശക്തികളുടെ പലവിധ പ്രലോഭനങ്ങൾക്കും മനസ്സ് തകർക്കുന്ന പ്രതിസന്ധികൾക്കും മുമ്പിൽ ഒട്ടും തല കുനിക്കാതെ പോരാട്ടം നടത്തിയ ധീര ദേശാഭിമാനിയുടെ ജീവിതത്തെ നീതിപൂർവകമായി അവതരിപ്പിക്കുന്നതിൽ സംവിധായകൻ പരമാവധി പരിശ്രമിച്ചിട്ടുണ്ട്.

മാത്രമല്ല മുസ്‌ലിം സമൂഹത്തിന്റെ മതനിഷ്ഠയും പൊതു ജീവിതവും അടയാളപ്പെടുത്തുമ്പോൾ സത്യസന്ധത പുലർത്തുകയും തെറ്റിദ്ധാരണക്കും അസഹിഷ്ണുതക്കും ഇടം നൽകാതെ ബഹുസ്വരതയോടും ഹൃദയഹാരിയായും ചേർത്തുവച്ചു എന്നതും പ്രസ്താവ്യമാണ്.

കുഞ്ഞാലിയുടെയും കൂട്ടരുടെയും സാമ്രാജ്യത്വ ശക്തികൾക്കെതിരെയുള്ള പോരാട്ടം എന്തു മാത്രം ആത്മാർത്ഥമായിരുന്നുവെന്ന് അവതരിപ്പിക്കുന്നതിൽ സംവിധായകൻ സൂക്ഷ്മത കാണിച്ചു.ഇസ്‌ലാമിക മൂല്യങ്ങൾ നിലനിർത്തി കൊണ്ടു തന്നെയാണ് മരക്കാരുടെ വൈദേശിക വിരുദ്ധതയെ സിനിമ അവതരിപ്പിക്കുന്നത്.

പോർച്ചുഗീസുകാരുടെ നാവിക സ്വേച്ഛാധിപത്യത്തിന് എതിരായി പോരാടിയ കുഞ്ഞാലിമാരുടെ നേട്ടങ്ങൾ മലബാറിന്റെ ചരിത്രത്തിൽ മഹത്തായ ഒരദ്ധ്യായമാണ്.പുതു തലമുറയിൽ ചരിത്രം അന്വേഷിക്കുന്നവർ ഇനി പഠിക്കുന്നതും ഓർത്തുവെക്കുന്നതും ഈ ചരിത്രവും ചിത്രവുമായിരിക്കും.

പിറന്ന മണ്ണിനെ രാജ്യ വിരുദ്ധ ശക്തികൾക്ക് അടിയറവ് വെക്കില്ലെന്ന കുഞ്ഞാലിയുടെ നിശ്ചയദാർഢ്യത്തെ സർഗ്ഗാത്മകതയുടെ മുഴുവൻ ചേരുവകളും ചേർത്താണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാര്‍.

ചിത്രത്തിന്റെ ആദ്യ പകുതിയിലെ ദൃശ്യങ്ങൾ മാത്രമാണ് ട്രെയിലറിലും ടീസറിലും ഉൾപ്പെടുത്തിയത്.

രണ്ടാം പകുതിയിൽ എന്താണ് ഉള്ളതെന്ന ജിജ്ഞാസയും സ്വാഭാവികം.അക്രമ സംഭവങ്ങൾ നിത്യ സാധാരണമായി ഒരു അധിനിവേശ കാലത്തിനു ചുറ്റും സംഭവിച്ചിട്ടും, സാങ്കൽപികതയിലേക്ക് അധികം കൊണ്ടുപോകാത്ത കഥാ സന്ദർഭങ്ങൾ കാഴ്ചയെ അമ്പരപ്പിക്കുന്നുണ്ട്. ഏത് നേരവും മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുന്ന നമ്മൾ പട്ടിണിയുടെയും വറുതിയുടെയും ഒരു ദുരിത കാലത്ത് മുൻഗാമികൾ എങ്ങനെ ജീവിച്ചു തീർത്തു എന്ന് ഓർക്കുമ്പോൾ നമ്മെ ഉത്കണ്ഠാകുലരാക്കുന്നു.

പാട്ടുകളാണ് ഈ സിനിമയിലെ ഏറ്റവും സുന്ദരമായ രംഗങ്ങൾ എന്ന് എനിക്ക് തോന്നുന്നു.

യൗവ്വനത്തിലെ കുഞ്ഞാലിയായി വേഷമിട്ട പ്രണവ് മോഹന്‍ലാലിന്റേത് മികച്ച പ്രകടനമായിരുന്നു.തമിഴ് നടൻ അര്‍ജുന്‍ സര്‍ജ,സുനില്‍ ഷെട്ടി, മഞ്ജു വാര്യർ എന്നിവരും കയ്യടി അര്‍ഹിക്കുന്ന പ്രകടനമായിരുന്നു.

ഹരീഷ് പേരടിയുടെ മങ്ങാട്ടച്ചന്റെ റോളും ഉജ്വലമായി. കടലിലും കരയിലും കുഞ്ഞാലിമരക്കാർ പ്രകടമാക്കിയ വീര സാഹസികത വീര്യം ഒട്ടും ചോരാതെ പ്രേക്ഷകർക്കു മനസ്സിലാക്കാൻ കഴിയുന്നുണ്ട്. സിനിമ ഒടിടി റിലീസിന് ഉറപ്പായിട്ടും തിയേറ്ററിലേക്ക് കയറി വന്നു.

നീണ്ട കാലം ഓജസ് നഷ്ടപ്പെട്ട തിയേറ്ററുകൾ പഴയപടി ഊർജ്ജം വീണ്ടെടുക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ നിലനില്പ് എന്തായിരിക്കും. മലയാള സിനിമയുടെ നിലനില്‍പിന് വേണ്ടിയും കേരളത്തില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും പരിഗണിച്ചാണ് മരക്കാർ തിയേറ്ററിലെത്തിച്ചതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

ഒടിടി യിൽ നിന്നും മാറി സിനിമ തീയേറ്ററിൽ കാണാനായതിന്റെ സന്തോഷമാണ് മിക്ക കാഴ്ചക്കാരും പങ്കുവച്ചത്. ഒരു ചരിത്ര സിനിമയെയും പൗരാണിക കാലത്തെയും ആവിഷ്‌കരിക്കുമ്പോൾ കുറ്റവും കുറവും പറയാൻ ഏറെ കാണുമെങ്കിലും മരക്കാർ മലയാളത്തിന്റെ മാസ്റ്റർ പീസ് തന്നെയാണ്.

Advertisment