Advertisment

എന്താണ് ഗോദി മീഡിയ ? കോർപ്പറേറ്റുകളെയും സർക്കാരുകളെയും ഭയക്കുകയും വാർത്തകൾ വളച്ചൊടിക്കുകയും വിഴുങ്ങുകയും നുണപ്രചാരണം നടത്തി സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്ന പത്ര ദൃശ്യ മാധ്യമങ്ങൾക്കാണ് പ്രശസ്ത മദ്ധ്യമപ്രവർത്തകന്‍ രവീഷ് കുമാർ, ഗോദി മീഡിയ എന്ന പട്ടം ചാർത്തിനൽകിയിരിക്കുന്നത്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

എന്താണ് ഗോദി മീഡിയ (गोदी मीडिया) ? 'ഗോദി' എന്നത് ഹിന്ദി വാക്കാണ്. 'മടിയിൽ' എന്നാണ് മലയാളത്തിൽ അർഥം. അതായത് 'മടിയിലെ മീഡിയ' എന്ന് പറയാം.

ഗോദി മീഡിയ (गोदी मीडिया) എന്ന വാക്കിന്റെ ഉപജ്ഞാതാവ് മറ്റാരുമല്ല, പ്രശസ്ത മദ്ധ്യമപ്രവർത്തകനും മാഗ്‌സസെ അവാർഡ് ജേതാവും എന്‍ഡിടിവിയുടെ എഡിറ്ററുമായ രവീഷ് കുമാറാണ്.

നമ്മുടെ മദ്ധ്യമങ്ങൾ മിക്കവയും ഒന്നുകിൽ സർക്കാരിന്റെ അല്ലെങ്കിൽ കോർപ്പറേറ്റുകളുടെ മടിയിലെ കളിപ്പാവകളാണ് എന്നാണ് അദ്ദേഹം ഗോദി മീഡിയ (गोदी मीडिया) എന്ന പേരുകൊണ്ടുദ്ദേശിക്കുന്നത്.

അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, ഇന്ത്യയിലെ ഒട്ടുമിക്ക മുഖ്യധാരാ പത്ര - ദൃശ്യ മാദ്ധ്യമങ്ങളും വലിയ കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലാണ്. സ്വന്തം സ്വാർത്ഥലാഭത്തിനായി വാർത്തകൾ വളച്ചൊടിച്ചും അസത്യങ്ങൾ പ്രചരിപ്പിച്ചും ഒരു പ്രത്യേക വിഭാഗത്തിന്റെ താൽപ്പര്യ സംരക്ഷണമാണ് ഇവർ ലക്ഷ്യമിടുന്നത്. വാർത്തകളോട് നീതിപുലർത്താത്ത ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്തവിധം നമ്മുടെ മാദ്ധ്യമങ്ങൾ അധഃപതിച്ചു എന്നാണ് അദ്ദേഹത്തിന്റെ പരാതി.

ഡിസംബര്‍ 10 ന് എന്‍ഡിടിവിയിൽ രാത്രി 9 മണിക്കുള്ള അദ്ദേഹത്തിൻ്റെ പ്രൈം ടൈം പരിപാടിയിൽ കേരളത്തിലെ ക്രൈം പത്രാധിപർ ടി.പി. നന്ദകുമാറിനെ അറസ്റ്റു ചെയ്ത വിഷയവും പ്രതിപാദിക്കുകയുണ്ടായി.

അമേരിക്കൻ പ്രസഡന്റ് ജോ ബൈഡൻ ഒരു പ്രത്യേക ഫണ്ടിന് രൂപം നൽകിയിട്ടുണ്ടെന്നും കള്ളക്കേസുകളിൽ ജയിലാക്കപ്പെടുന്ന ലോകമെമ്പാടുമുള്ള മാദ്ധ്യമപ്രവർത്തകർക്ക് നിയമപരമായും സാമ്പത്തികമായും സഹായം നൽകാനാണ്‌ ആ ഫണ്ട് വിനിയോഗിക്കുകയെന്നും പ്രൈം ടൈമിൽ രവീഷ് കുമാർ വെളിപ്പെടുത്തുകയുണ്ടായി.

സർക്കാരുകളെ ഭയന്നാകാം നമ്മുടെ ഒരു മാദ്ധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തു കണ്ടില്ല. മാദ്ധ്യമങ്ങൾ സർക്കാരുകളെ ഭയക്കുന്നതിനുള്ള കാരണം അവർക്കു ലഭിക്കുന്ന ആനുകൂല്യങ്ങളും പരസ്യവരുമാനവും പദവികളും ഇല്ലാതാകുമെന്ന ഭയം മാത്രമാണ്. തന്മൂലം നാമറിയേണ്ട പല വാർത്തകളും യഥാസമയം നമ്മൾ അറിയാതെ പോകുന്നു.

ഇതുമായി ബന്ധപ്പെട്ട് നമ്മൾ വിലയിരുത്തുമ്പോൾ ക്രൈം എഡിറ്റർ ടി.പി നന്ദകുമാർ, അജന്താലയം അജിത് കുമാർ (മംഗളം) എന്നിവരുടെ അറസ്റ്റും ജയിൽവാസവും മലയാളത്തിലെ പത്രദൃശ്യമാദ്ധ്യമങ്ങൾ വർത്തയാക്കുകയോ അന്തിചർച്ചയിൽ പോലും ഇടം നേടുകയോ ചെയ്യാതിരുന്നതിനെപ്പറ്റി ടി.പി. നന്ദകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാണ്.

തിരുവനതപുരം പ്രസ്സ് ക്ലബുമായി ബന്ധപ്പെട്ട 3 കോടിയുടെ അഴിമതിക്കേസിൽ പല ഭാരവാഹികളുടെയും മാദ്ധ്യമപ്രവർത്തകരുടെയും പേരുകളുണ്ടെന്നും, ഡെമോക്ലീസിന്റെ വാൾ പോലെ പോലീസ് അറസ്റ്റ് ഭീതി അവരുടെ തലയ്ക്കുമേൽ തൂങ്ങുന്നുണ്ടെന്നും, കേസിപ്പോൾ ഹൈക്കോടതിയിലാണുള്ളതെന്നും, അതു കൊണ്ടുതന്നെ പലർക്കും നേരായി ശബ്ദിക്കാൻ കഴിയുന്നില്ല എന്നുമാണ് നന്ദകുമാർ പറയുന്നത്.

അതുപോലെ കോർപ്പറേറ്റുകളുടെ അധീനതയിലുള്ളതോ കോർപ്പറേറ്റുകളെയും അതുപോലെ സർക്കാരു കളെയും ഭയക്കുകയും അതുവഴി അവരിൽ നിന്നും ആനുകൂല്യങ്ങളും പരസ്യവരുമാനങ്ങളും നേടിയെ ടുക്കുകയും സത്യസന്ധമായ വാർത്തകൾ അവസരോചിതമായി വളച്ചൊടിക്കുകയും വിഴുങ്ങുകയും നുണപ്രചാരണം നടത്തി സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്ന പത്ര ദൃശ്യ മാദ്ധ്യമങ്ങൾക്കാണ് രവീഷ് കുമാർ, ഗോദി മീഡിയ എന്ന പട്ടം ചാർത്തിനൽകിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഈ വാദത്തെ ഖണ്ഡിക്കാനോ എതിർക്കാനോ ഇന്നുവരെ ഒരു മദ്ധ്യമവും മുന്നോട്ടുവന്നിട്ടില്ല എന്നതും യാഥാർഥ്യമാണ്.

Advertisment