Advertisment

കാലം മാറുകയാണ്... അതുൾക്കൊള്ളാൻ നമ്മളും മാറിയേ തീരൂ ! ബാലുശ്ശേരി സ്‌കൂളിൽ നടപ്പാക്കിയ ജെൻഡർ ന്യൂട്രൽ യൂണിഫോമായ പാന്റ്സും ഷർട്ടും വളരെ അനുയോജ്യമായ വേഷവിധാനമാണെന്ന് കുട്ടികൾക്ക് ബോദ്ധ്യമായിരിക്കുന്നു. ശരീരം പൂർണ്ണമായും മറയുന്ന എല്ലാ രീതിയിലും അനായാസത നൽകുന്ന ഇതുപോലുള്ള വസ്ത്രധാരണത്തെ സമൂഹം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്

New Update

publive-image

Advertisment

കാലം മാറുകയാണ്.. അതുൾക്കൊള്ളാൻ നമ്മളും മാറിയേ തീരൂ ! എൻ്റെ ബാല്യം മുതലുള്ള ഓർമ്മയാണ്... അന്നൊക്കെ പാവാടയും ഹാഫ് സാരിയുമായിരുന്നു കേരളമുൾപ്പെടെ തെക്കേയിന്ത്യൻ സംസ്ഥാനങ്ങളിലെ പെൺകുട്ടികളുടെ വേഷവിധാനം. വീട്ടിലും സ്‌കൂൾ,കോളേജുകളിലുമെല്ലാം അവർ ഈ വേഷമായിരുന്നു ധരിച്ചിരുന്നത്. കാലിൽ ചേർപ്പ് ധരിക്കുന്ന പെൺകുട്ടികൾ വിരളമായിരുന്നു. വിവാഹമൊക്കെ കഴിയുമ്പോൾ മെല്ലെയവർ സാരിയിലേക്ക് മാറിയിരുന്നു.

ഞാൻ ചെറുപ്പത്തിൽ കോണകമുടുത്തുനടന്നത് നല്ല ഓർമ്മയുണ്ട്. റെഡിമേഡ് കോണകമായിരുന്നില്ല. പഴയ തുണി കീറിയെടുത്തായിരുന്നു കോണകമായി ധരിച്ചിരുന്നത്. പിന്നീട് നിക്കറും ഉടുപ്പുമായി. 15 വയസ്സു കഴിഞ്ഞപ്പോഴേക്കും മുണ്ടും ഷർട്ടുമായി വേഷം. വീട്ടിലും ചുറ്റുവട്ടത്തിലും കൈലിയിലായിരുന്നു കറക്കം. അപ്പോഴും 20 വയസ്സുവരെ ചെരുപ്പ് ധരിച്ചിരുന്നില്ല. ഉത്തരേന്ത്യൻ പ്രവാസത്തോടെയാണ് ഈ തനി നടൻ പയ്യൻ പാന്റ്സിലേക്കും ഷൂസിലേക്കുമൊക്കെ മാറപ്പെടുന്നത്.

ഇപ്പോൾ പാന്റ്സും ഷർട്ടും ഇഷ്ടവേഷമായി മാറിയിരിക്കുന്നു. മുണ്ടുടുക്കുന്നത് ശരിയാകുന്നില്ല.എപ്പോഴും അഴിഞ്ഞുപോകുന്നു.നടക്കാനും ഇരിക്കാനും യാത്രചെയ്യാനും ടൂ വീലർ ,കാർ ഒക്കെ ഓടിക്കാനും പാന്റ്സ് ആണ് മുണ്ടിനെക്കാൾ ഉത്തമം എന്ന് എൻ്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.

ഗമയല്ല , നമുക്ക് അനായാസമായിത്തോന്നുന്ന വസ്ത്രധാരണം അതാണ് നമ്മൾ സ്വീകരിക്കേണ്ടത്. കൈലി യേക്കാൾ ഇപ്പോഴത്തെ ബർമുഡ കൂടുതൽ സൗകര്യപ്രദമാണ്. യൂറോപ്പിൽ പോയപ്പോൾ അവിടെ സ്ഥിരമായി ബർമുഡയാണ് ധരിച്ചിരുന്നത്. അവിടെ അതാണ് മിക്കവരുടെയും വേഷം.ഇവിടെയും ബർമുഡ വാങ്ങാൻ തന്നെയാണ് തീരുമാനം. വളരെ സൗകര്യപ്രദവും സുഖകരവും ഫ്രീഡം നൽകുന്നതുമായ ഒന്നാണ് ബർമുഡ.ഉത്തരേന്ത്യക്കാർ ,പ്രത്യേകിച്ചും തൊഴിലാളികൾ ബർമുഡയാണ് സദാ ധരിക്കുക.

തൊഴിലാളികൾക്ക് ജോലിസമയത്ത് വളരെ സുഖപ്രദമായ വസ്ത്രമാണ് ബർമുഡ എന്നാണ് എൻ്റെ അഭി പ്രായം.ഉത്തരേന്ത്യൻ ചുമട്ടു തൊഴിലാളികൾ ഭൂരിഭാഗവും അനേകവർഷങ്ങൾക്കു മുൻപേ തലയിൽ ചുമടെടുക്കാറില്ലായിരുന്നു , അവർ മുതുകിലാണ് ചുമടുകൾ കൊണ്ടുപോകുന്നത്.

നമ്മുടെ ഹൈക്കോടതി ഈ വിഷയത്തിൽ ഇപ്പോൾ നടത്തിയ അഭിപ്രായ പ്രകടനം ശ്രദ്ധേയമാണ്. മാറാൻ നമുക്കെന്തോ വലിയ വൈക്ലബ്ബ്യമാണ്.മാറും പക്ഷേ അത്ര പെട്ടെന്നൊന്നും അതംഗീകരിക്കില്ല. അതാണ് രീതി.

ചുരിദാർ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഇണങ്ങുന്ന ഒരു നല്ല വസ്ത്രധാരണശൈലിയാണ്. ശരീരം പൂർണ്ണമായും കവർ ചെയ്യുന്ന ഈ രീതി പണ്ടുമുതലേ അവലംബിക്കുന്നത് പഞ്ചാബി വനിതകളാണ്. പാക്കിസ്ഥാനിലെ പഞ്ചാബിലും സിന്ധിലുമൊക്കെ സൽവാർ കുർത്തയും ചുരിദാറും അവിഭാജ്യഘ ടകങ്ങളാണ്.കോട്ടൺ വസ്ത്രങ്ങളാണ് ഇവയെല്ലാം.

പെട്ടെന്ന് ധരിക്കാവുന്നതും യാത്രയിൽ ബുദ്ധിമുട്ടുണ്ടാകാത്തതും ശരീരത്തിന് അനായാസത സമ്മാനിക്കു ന്നതുമാണ് ചുരിദാറും സൽവാറുമൊക്കെ. സാരിയുടുക്കാൻ സമയവും പിന്നീട് അതിൽ അതീവ ശ്രദ്ധയും അനിവാര്യമാണ്.മഴയും ചൂട് കാലാവസ്ഥയും തണുപ്പുമൊക്കെ സാരിയും ബ്ലൗസും ധരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

അവിടെ പുരുഷന്മാർ ധരിക്കുന്ന കോട്ടൺ പൈജാമയും കുർത്തയും വളരെ മികവുറ്റ കാഷ്വൽ വസ്‍ത്രങ്ങ ളാണ്. ഒരിക്കൽ അത് ധരിച്ചുകഴിഞ്ഞാൽ നമ്മൾ അതുമാത്രമേ ധരിക്കുകയുള്ളു.അത്ര സുഖപ്രദമാണവ. ഉറക്കത്തിലും അവരെല്ലാം ഇത്തരം ലൂസായ വസ്ത്രങ്ങളാണ് ധരിക്കുന്നത്.

എൻ്റെ ബാല്യത്തിൽ ഉത്തരേന്ത്യയിൽ പോയി വരുന്നവരെയും, കെഎസ്ആര്‍ടിസി ഡ്രൈവർ, കണ്ടക്ടർ മാരെയും ചില ഉയർന്ന സർക്കാരുദ്യോഗസ്ഥരെയുമാണ് പാന്റ്സ് ധാരികളായി കണ്ടിട്ടുള്ളത്.പോലീസുകാർക്ക് അന്ന് അര നിക്കറായിരുന്നു വേഷം. ചുരിദാർ ധരിച്ച ഒരൊറ്റ പെൺകുട്ടിയെയും സിറ്റികളിൽപ്പോലും കാണാനാകുമാ യിരുന്നില്ല.

ഇന്നോ ? നമ്മുടെ തനതായ പലതും പോയ്മറഞ്ഞതുപോലെ പാവാടയും ഹാഫ് സാരിയും അപ്രത്യക്ഷമായി. ചുരുദാർ ഇന്ന് പൂർണ്ണമായും നമ്മുടെ പെൺകുട്ടികളും സ്ത്രീകളും ഇഷ്ടവസ്ത്രമായി സ്വീകരിച്ചുകഴിഞ്ഞു. പ്രായമായ സ്ത്രീകളിൽ ഒരു വിഭാഗം മാത്രമാണ് സാരി ധരിക്കുന്നത്. ക്രമേണ സാരിയും അപ്രത്യക്ഷമാകും.

ഇന്ന് പാന്റ്സ് പുരുഷന്മാർ ഒട്ടുമിക്കവരും ധരിക്കാനിഷ്ടപ്പെടുന്ന വസ്ത്രമാണ്.ബർമുഡ ധാരികളും നമ്മുടെ നാട്ടിൽ കുറവല്ല.ചെറുപ്പക്കാർ കൂടുതലും ജീൻസിന്റെ ആരാധകരാണ്.കാലം അതിവേഗം മാറിക്കൊണ്ടിരി ക്കുന്നു. അതനുസരിച്ച് മനുഷ്യന്റെ സ്റ്റൈലുകളും വസ്ത്രധാരണങ്ങളും ഭക്ഷണരീതികളുമൊക്കെ മാറു കയാണ്. മാറ്റം നാടിൻറെ അനിവാര്യതയാണ്.

ഇപ്പോൾ നടക്കുന്ന ബാലുശ്ശേരി സ്‌കൂളിൽ നടപ്പാക്കിയ ജെൻഡർ ന്യൂട്രൽ യൂണിഫോമായ പാന്റ്സും ഷർട്ടും വളരെ അനുയോജ്യമായ വേഷവിധാനമാണെന്ന് കുട്ടികൾക്ക് ബോദ്ധ്യമായിരിക്കുന്നു. അവർ ഹാപ്പിയാണ്. ശരീരം പൂർണ്ണമായും മറയുന്ന എല്ലാ രീതിയിലും അനായാസത നൽകുന്ന ഇതുപോലുള്ള വസ്ത്രധാരണത്തെ സമൂഹം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

മറിച്ചുള്ള ചിന്താഗതികൾ കാലത്തെ പിറകോട്ട് നയിക്കലാണ്. അതൊന്നും അനുവദിച്ചുനൽകാൻ പാടില്ലാ ത്തതുമാണ്.വസ്ത്രം വൃത്തിയും വെടിപ്പുമുള്ളതും ആഭാസകരവുമല്ലെങ്കിൽ അത് ധരിക്കാൻ എല്ലാ വിദ്യാർത്ഥികൾക്കും അവകാശമുണ്ട്.അല്ലാതുള്ള ജൽപ്പനങ്ങൾ ഒരുകാലത്തും നിലനിൽക്കില്ല.

Advertisment