Advertisment

പ്രതികാരദാഹികളായ വാനരന്മാർ 250 ഓളം നായ്ക്കുട്ടികളെ തട്ടിയെടുത്ത് ഉയരമുള്ള മരങ്ങളുടെയും കെട്ടിടങ്ങളുടെയും മുകളിൽനിന്നും താഴേക്കിട്ട്‌ കൊലപ്പെടുത്തിയെന്നത് വലിയ വാർത്തയായിരുന്നു. ആ വാർത്ത അസത്യമായിരുന്നു... വെറും കിംവദന്തിയായിരുന്നു !

New Update

publive-image

Advertisment

മഹാരാഷ്ട്രയിൽ പ്രതികാരദാഹികളായ വാനരന്മാർ 250 ഓളം നായ്ക്കുട്ടികളെ തട്ടിയെടുത്ത് ഉയരമുള്ള മരങ്ങളുടെയും കെട്ടിടങ്ങളുടെയും മുകളിൽനിന്നും താഴേക്കിട്ട്‌ കൊലപ്പെടുത്തിയെന്ന വാർത്ത രാജ്യമെമ്പാടും മാത്രമല്ല അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വലിയ വാർത്തയായിരുന്നു. കുരങ്ങുകളുടെ ഒടുങ്ങാത്ത പ്രതികാരം എന്നായിരുന്നു പലതിന്റെയും ശീർഷകങ്ങൾ.

publive-image

എന്നാൽ ഈ വിഷയത്തിലെ വസ്തുതകൾ അന്വേഷിക്കാതെ ഊഹാപോഹങ്ങളും കേട്ടറിവുകളും വച്ചുകൊണ്ട് പൊടിപ്പും തൊങ്ങലും വച്ച കെട്ടുകഥകൾ മെനയാനും പ്രചരിപ്പിക്കാനും പത്രദൃശ്യമാദ്ധ്യമങ്ങൾ തമ്മിൽ തമ്മിൽ വമ്പൻ മത്സരമായിരുന്നു.

എന്തായിരുന്നു ഈ വാർത്തയിലെ സത്യം ? മാറാത്തവാഡയിലെ ബീഡ് ജില്ലയിൽ മജൽഗാവ് തഹസീലിലുള്ള " ലാവ്‌ൽ നമ്പർ 1 " എന്ന 5000 ത്തോളം ഗ്രാമീണർ അധിവസിക്കുന്ന കൊച്ചു പുനരധിവാസ ഗ്രാമമാണ് നായ്ക്കളും കുരങ്ങന്മാരും തമ്മിലുള്ള പ്രതി കാരകഥയുടെ രംഗവേദി. കരിമ്പ് കൃഷിയാണ് ഇവിടുത്തുകാരുടെ മുഖ്യതൊഴിൽ.

publive-image

ഈ ഗ്രാമത്തിൽ സ്ഥിരമായി കുരങ്ങന്മാരെ കാണാറേയില്ല. വല്ലപ്പോഴുമൊക്കെ ആഹാരം തേടി കാടുവിട്ടു വരുന്ന കുരങ്ങന്മാർ വൈകുന്നേരത്തോടെ മടങ്ങുകയാണ് പതിവ്. ഇന്നുവരെ അവർ ആരെയും ഉപദ്രവിക്കുകയോ ആക്രമിക്കുകയോ ചെയ്തിട്ടുമില്ല.

ഇപ്പോൾ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കുരങ്ങന്മാരെ നായ്ക്കൾ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്തതിനു ഒരു തെളിവും ആരുടേയും പക്കലില്ല. എന്നാൽ കുരങ്ങന്മാർ ഗ്രാമത്തിൽ വരുകയും നായക്കുട്ടികളെ തട്ടിയെടുത്ത് മരങ്ങളുടെയും കെട്ടിടങ്ങളുടെയും മുകളിൽ കൊണ്ടുപോകുന്നതും അവയുടെയും രക്ഷിക്കാനോടുന്ന വലിയ നായ്ക്കളുടെയും കരച്ചിലും കുരയും ഗ്രാമീണരിൽ ഭീതി വല്ലാതെ പടർത്തി.

publive-image

കുരങ്ങന്മാർ പ്രതികാരദാഹികളായി ഗ്രാമത്തിൽ വന്നിരിക്കുന്നെന്നും നായ്ക്കൾ ഏതോ കുരങ്ങനെ കൊന്നതിനു പ്രതികാരമായി നായ്ക്കുട്ടികളെ തട്ടിയെടുത്ത് അവർ കൂട്ടത്തോടെ കൊല്ലുകയാണെന്നും ആരോ പറഞ്ഞുപരത്തി. ഈ വാർത്ത കാട്ടുതീ പോലെ നാടാകെ പരന്നു. മാദ്ധ്യമങ്ങളിൽ ചാനലുകളിൽ ഒക്കെ ഇത് വാർത്തയായി മാറി.

ആളുകൾ വീടുകൾക്ക് പുറത്തിറങ്ങാതായി. ഭീതിമൂലം കുട്ടികൾ പുറത്തു കളിക്കാനോ സ്ത്രീകൾ വയലേലകളിൽ ജോലിക്ക് പോകാനോ ഭയപ്പെട്ടു. ദിനരാത്രമുള്ള നായ്ക്കളുടെ കുരയും നായ്ക്കുട്ടികളുടെ കരച്ചിലും ഭീതിപ്പെടുത്തുന്നതായിരുന്നു.

publive-image

ആളുകൾ പല കണക്കുകളും പൊടിപ്പും തൊങ്ങലും ചേർത്തു പ്രചരിപ്പിച്ചു. എന്നാൽ 250 നായക്കുട്ടികൾ പോയിട്ട് 20 എണ്ണത്തെപ്പോലും കുരങ്ങന്മാർ താഴെയിട്ട് കൊന്നതായി തെളിവില്ല. വനം വകുപ്പധികാരികളും ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ നാലോ അഞ്ചോ നയക്കുട്ടികൾ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇക്കാര്യം ബീഡ് ജില്ലാ വനമേഖല അധികാരി ഡി.എസ് മോറെയാണ് സ്ഥിരീകരിച്ചത്.

കുരങ്ങന്മാർ നായ്ക്കുട്ടികളെ തട്ടിയെടുത്തു എന്നത് സത്യമാണ്. പക്ഷേ ഒരു നായ്ക്കുട്ടികളെയും അവർ താഴേക്കെറിഞ്ഞു കൊന്നിട്ടില്ല എന്നത് മറ്റൊരു യാഥാർഥ്യം. മുൻപൊന്നും കുരങ്ങന്മാർ ഈ പ്രവർത്തി ചെയ്തിട്ടില്ല. വലിയ നായ്ക്കളെ എടുക്കാനുള്ള ബുദ്ധിമുട്ടും അവരുടെ ആക്രമണവും ഭയന്നാണ് നായ്ക്കുഞ്ഞുങ്ങളെ ഇവർ റാഞ്ചുന്നത്.

publive-image

ഇതിനുള്ള കാരണം എന്താണെന്നും ബീഡ് ജില്ലാ വനമേഖല അധികാരി ഡി.എസ് മോറെ ഇങ്ങനെ വിശദീകരിക്കുന്നു. "നായ്ക്കുട്ടികളുടെ രോമങ്ങൾക്കിടയിൽ ചെള്ളുകളും, പേനുൾപ്പെടെയുള്ള ജീവികളും ധാരാളമുണ്ട്. ഈ ജീവികളെ ഭക്ഷിക്കാനാണ് കുരങ്ങുകൾ നായ്ക്കുട്ടികളെ തെരഞ്ഞെടുത്ത് തട്ടിക്കൊണ്ടു പോകുന്നതത്രേ"

ഇവയെ ഉയരമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും മുകളിൽ കൊണ്ടുപോയി തങ്ങളുടെ ആവശ്യം കഴിഞ്ഞ ശേഷം ഈ നായ്ക്കുട്ടികളെ കുരങ്ങന്മാർ അവിടെ ഉപേക്ഷിച്ചു കടന്നുകളയുകായാണ് ചെയ്യുന്നത്. മരത്തിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും താഴെയിറങ്ങാനുള്ള ശ്രമത്തിലാണ് നായ്ക്കൾ താഴെവീണു മരിക്കുന്നത്. അതും കേവലം അഞ്ചിൽത്താഴെമാത്രം. നിരവധി നയക്കുട്ടികളെ ഗ്രാമീണർ ഉയരങ്ങളിൽനിന്നും രക്ഷിച്ചിട്ടുമുണ്ട്.

publive-image

കുരങ്ങുകളെ ആക്രമിച്ചാൽ മാത്രം അവർ തിരിച്ചുപ്രതികരിക്കുന്ന പ്രകൃതക്കാരാണ്. മനസ്സിൽ സൂക്ഷിച്ചുവച്ചു പ്രതികാരം ചെയ്യുന്ന രീതി അവർക്കില്ല. വനപാലകർ ലാവ്‌ൽ നമ്പർ 1 ഗ്രാമത്തിലെ എല്ലാ കുരങ്ങുകളെയെല്ലാം വലയിലാക്കി ഉൾവനത്തിൽ കൊണ്ടുപോയി വിട്ടിട്ടുണ്ട്. ഗ്രാമത്തിൽ ഇപ്പോഴും ധാരാളം നായ്ക്കുട്ടികളും നായ്ക്കളും സ്വൈര്യമായി കഴിയുന്നുമുണ്ട്.

ഊഹാപോഹങ്ങൾക്കും ഇല്ലാക്കഥകൾക്കും ചെവികൊടുക്കാതിരിക്കാൻ വനപാലകരും ലൈഫ് കെയർ അനിമൽ അസ്സോസിയേഷൻ പ്രവർത്തകരും ഗ്രാമീണരിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നുണ്ട്. കാരണം ഇത്തരം കിംവദന്തികൾ ഒരുപക്ഷേ വലിയ സംഘർഷങ്ങൾക്കുവരെ കാരണമായേക്കാം.

Advertisment