Advertisment

കടൽ ലാവണ്യത്തിന്റെ സ്‌നേഹചിത്രങ്ങൾ... 'ലക്ഷദ്വീപ് കാഴ്ചകൾ' - പുസ്തക നിരൂപണം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

"നീലാകാശം... പച്ചക്കടൽ... വെള്ളമണൽ..." സഞ്ചാരികളുടെ പറുദീസയാണ് ലക്ഷദ്വീപ്. പവിഴപ്പുറ്റുകൾ വസന്തം തീർക്കുന്ന കടലിന്റെ നിറക്കാഴ്ച ! കടല്‍ കാറ്റും കടല്‍ കാഴ്ചകളും കണ്ട് കാറ്റിനോടും കടലിനോടും കഥ പറഞ്ഞ് ഉദയവും അസ്തമയ കാഴ്ചകളും കണ്ടൊരു സുന്ദര യാത്ര...! അത് എല്ലാവരുടെയും സ്വപ്‌നമാണ്.

പ്രകൃതിയുടെ ആ ശാലീനത കാണാൻ ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ? ആ സുന്ദര ദ്വീപിലേക്ക് യാത്ര തിരിച്ച മൂന്നു പേരുടെ കുറിമാനമാണ് 'ലക്ഷദ്വീപ് കാഴ്ചകൾ' എന്ന യാത്ര വിവരണം.

ധോണി ലീഡ് കോളേജിൽ നടന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനു ശേഷം രവി തൈക്കാട് തന്നെയാണ് സ്നേഹപൂർവ്വം ഒപ്പുവച്ച് ആ പുസ്തകം എന്റെ കൈയ്യില്‍ തന്നത്. വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ എന്തോ ഒരു സവിശേഷത അനുഭവപ്പെടുന്നുണ്ടായിരുന്നു.

publive-image

കേവലം പ്രകൃതി വർണ്ണന എന്നതിനപ്പുറം എഴുത്തിൽ സ്വീകരിച്ച മാസ്മരിക പ്രയോഗം ഹൃദയഹാരിയായിരുന്നു. ഒരു നാടിന്റെ കടൽ ഗന്ധമുള്ള ഓരോ വാചകവും ഉള്ളിലേക്കു പ്രവഹിക്കുന്നതെന്ന ബോധ്യം എന്നെ ആഹ്ലാദഭരിതനാക്കി. സഞ്ചാര സാഹിത്യത്തിൽ പുതിയ അനുഭവം തുറന്നു തരികയായിരുന്നു ഈ കൊച്ചു പുസ്തകം.

ശുദ്ധഗതിക്കാരായ ലക്ഷദ്വീപ് നിവാസികൾ അതിഥിയെ ദൈവമായി കാണുന്നു. മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നും കാണാത്ത ദ്വീപ് നിവാസികളുടെ പരമ്പരാഗത ശൈലിയെ അഭിനന്ദിച്ചേ മതിയാകൂ. അക്രമം, അനീതി, മോഷണം, വസ്തുതർക്കം, പരദൂഷണം, ഇല്ലാ കഥകൾ പെരുപ്പിക്കുന്ന ദുസ്വഭാവം, കൃത്രിമം ഇതൊന്നും ഇന്നുവരെ ഇവിടെ ഉണ്ടാകാത്തതിനാൽ ആണ് പോലീസ് സ്റ്റേഷനിൽ ഒരു പരാതി പോലും ഇല്ലാത്തത്.

ഇവിടെ ജയിൽ കാലിയായി കിടക്കുന്നു. നല്ല കാര്യങ്ങളിലേക്ക് ക്ഷണിക്കുവാൻ ആണ് പോലീസ് സ്റ്റേഷനിലേക്ക് അപൂർവ്വമായി ചിലരെത്തുന്നത്.ദ്വീപിന്റെ ആഴക്കടലിൽ കോടാനുകോടി യുടെ മൂല്യങ്ങളായ പലതുമുണ്ടെങ്കിലും മറ്റൊരു ചിന്ത ഇവിടുത്തെ ഒരാളുടെ മനസ്സിൽ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

കോവിഡിന്റെ അടച്ചുപൂട്ടൽ അൽപം ശാന്തമായപ്പോൾ ലക്ഷദ്വീപിലേക്ക് യാത്ര പോയ മൂന്നു സുഹൃത്തുക്കളാണ് ധോണി ലീഡ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ തോമസ് ജോർജ് എന്ന തൊമ്മൻ, നാടകകൃത്തും സിനിമ സംഘാടകനുമായ രവി തൈക്കാട്, ഹരി കൃഷ്ണൻ എന്നിവർ.

കടലാഴങ്ങളുടെ അനുഭവം മനസ്സിൽ നിറയ്ക്കുന്നതോടൊപ്പം ലക്ഷദ്വീപ് നിവാസികളുടെ ആതിഥ്യ മര്യാദയും സ്നേഹവും സംസ്കാരവും നിഷ്കളങ്കതയും വസ്തുനിഷ്ഠമായി അവതരിപ്പിച്ചിരിക്കുന്നു. ആ മനോഹര സ്ഥലവും, അവിടുത്തെ നന്മ നിറഞ്ഞ ആളുകളുടെ വിശേഷങ്ങളും കേട്ടപ്പോൾ ഇക്കാലത്ത് ഇങ്ങനെയും ഒരു നാടോ എന്ന് സംശയിച്ചു പോയി.

ലക്ഷദ്വീപ് നിവാസികളുടെ ജീവിതത്തിനും സംസ്കാരത്തിനും മേൽ ഭരണകൂടം ഗൂഢലക്ഷ്യത്തോടെ കടന്നുകയറ്റം നടത്തികൊണ്ടിരിക്കുന്ന വാർത്തകളാണ് പുതിയൊരു അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റെടുത്തതോടെ അവിടെ നിന്നും കേൾക്കുന്നത്.

ഇത് നന്മയെ സ്നേഹിക്കുന്നവരെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.

സഞ്ചാര കാഴ്ചകൾ അനുഭവതലമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ എല്ലാ ഘടകങ്ങളെയും സ്വാധീനിക്കുന്നതിൽ യാത്രകൾക്ക് വലിയ പങ്കുണ്ട്. അല്ലെങ്കിൽ യാത്രകൾ കാരണമാകുന്നു.

യാത്രകൾക്കും യാത്ര വിവരണങ്ങൾക്കും യാത്രകളുടേത് മാത്രമായ ദൃശ്യാവിഷ്കാരങ്ങൾക്കും ഇപ്പോൾ മലയാളത്തിൽ ഒരു കുറവുമില്ല. ആ യാത്രാ കുറിപ്പുകളുടെ വിപുലമായ ശ്രേണിയിൽ അസാധാരണമായ ഒന്നാണ് ‘ലക്ഷദ്വീപ് കാഴ്ചകൾ'.

നേർക്കാഴ്ചയുടെ എല്ലാ സാധ്യതകളെയും ഏറ്റവുമധികം സാങ്കേതിക തികവോടെ അവതരിപ്പിക്കപ്പെടുന്ന ഇക്കാലത്തും സൂക്ഷ്മമായി വായിക്കാൻ പ്രേരിപ്പിക്കുന്ന സൗന്ദര്യാനുഭൂതി റൈറ്റ് വിഷൻ പുറത്തിറക്കിയ ഈ കൊച്ചു പുസ്തകത്തിനുണ്ട്.

യാത്രകൾ തന്നെ പലതുണ്ട്. ഓരോ യാത്രയും ഓരോ കണ്ടെത്തലാണ്, വ്യത്യസ്ത അനുഭവമാണ്. പല കാരണങ്ങൾ കൊണ്ട് യാത്ര സാധ്യമാകാത്തവർക്ക് ആ അനുഭവം മനസ്സുകൊണ്ട് നേടി കൊടുക്കുന്നത് ഇതുപോലുള്ള യാത്ര കുറിപ്പുകളാണ്.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച, ശാലീനത കൊണ്ടും സഹസിക യാത്ര അനുഭവം കൊണ്ടും അനുവാചകരുടെ മനം കവരുന്ന ലക്ഷദ്വീപിനെ കുറിച്ചുള്ള ഈ യാത്ര വിവരണത്തിന് അന്വേഷണത്തിന്റെയും സത്യസന്ധതയുടെയും സ്വഭാവമാണുള്ളത്.

സിനിമാ സാംസ്‌ക്കാരിക മേഖലയിലുള്ള മിക്ക സുഹൃത്തുക്കളുടെയും ഇഷ്ട സ്ഥലമാണ് ലക്ഷദ്വീപ്. പ്രകൃതി രമണീയമായ സ്ഥലം ! അന്തരിച്ച പ്രമുഖ സംവിധായകൻ സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത 'അനാർക്കലി' യിൽ പറയുന്നുണ്ട്, കേസുകൾ ഇല്ലാത്തതിനാൽ പോലീസ് സ്റ്റേഷൻ തുറക്കാറില്ലെന്നും ഇപ്പോൾ അത് ഗോഡൗൺ ആയി ഉപയോഗിക്കുകയാണെന്നും.

അപ്രതീക്ഷതമായ ഒരു ഘട്ടത്തില്‍ മൂന്നു ദ്വീപുകളിലൂടെയുള്ള ഒരു ഓട്ട പ്രദക്ഷിണമായിരുന്നുവത്രെ ഈ യാത്ര. ഇത് വായിച്ച് ദ്വീപ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ടാവാം.

വ്യത്യസ്ത കലാ സാമൂഹ്യ പ്രവർത്തനങ്ങൾ കൊണ്ട് ജീവിതം സാർത്ഥകമാക്കുന്ന വ്യക്തിയാണ് രവി തൈക്കാട്. നാലു പതിറ്റാണ്ടായി നാടക രംഗത്തുണ്ട്. ഭിന്ന ശേഷി കുട്ടികൾക്കായി ആരംഭിച്ച തീയേറ്റർ ആർട്സ് തെറാപ്പി സെന്റർ ‘റീഡ്'ന്റെ സ്ഥാപകനാണ്.

വിവിധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും വേണ്ടി ടെലിഫിലിമും ബോധവത്കരണ തെരുവുനാടകങ്ങളും അനുബന്ധ കലാ സൃഷ്ടികളും ഒരുക്കിയിട്ടുണ്ട്. സ്വന്തമായ ജീവിത വീക്ഷണത്തിന്റെ വെളിച്ചത്തിൽ രവി തൈക്കാട് സഞ്ചരിക്കുന്നു. തന്റെ ബോധ്യങ്ങളിലുള്ള ആത്മ വിശ്വാസം,നിലപാടുകൾ, തെരുവിലും അരങ്ങിലും കലയുടെ കിരണങ്ങൾ അവതരിപ്പിക്കുന്നതിലെ പ്രതിബദ്ധത എല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

ഇനിയും കണ്ടു തീർക്കാനുള്ള ബാക്കി ദ്വീപുകളെ അക്ഷമയോടെ കത്തിരിക്കേണ്ടി വരുന്ന ഒരു പ്രതിസന്ധിയിലേക്കാണ് ഈ കൃതി വായനക്കാരനെ നയിക്കുന്നത്. രചയിതാവിനോടൊപ്പം വായനക്കാരും യാത്ര ചെയ്യുന്ന അനുഭവം.

പുസ്തകത്തിന്റെ ആമുഖത്തിൽ ഡോ.സ്വപ്ന സി.കോമ്പാത്ത് നല്ല വാക്കുകൾ കുറിച്ചിട്ടിരിക്കുന്നു.

ആരും വിസ്തരിക്കാത്ത ഒരു വലിയ കാര്യം പറഞ്ഞിരിക്കുന്നു എന്ന രീതിയിലൊന്നുമല്ല രവി തൈക്കാട് ഈ യാത്ര വിവരണം അവസാനിപ്പിച്ചിരിക്കുന്നത്. ഇനിയും യാത്രകൾക്ക് നിയോഗമുണ്ടാവണം. അടുത്ത യാത്രയ്ക്ക് കളമൊരുക്കുവാൻ കൂടുതൽ ആർജ്ജവത്തോടെ കാത്തിരിക്കുകയാണ്.

ലക്ഷ ദ്വീപ് പുതിയ പുതിയ യാത്രികരുടെ കേന്ദ്രമാണ്. ദ്വീപിലേക്ക് പോകുന്നവരും പോകാൻ എന്നെപ്പോലെ അടങ്ങാത്ത അഭിലാഷവുമായി കഴിയുന്നവരും ഈ പുസ്തകമൊന്ന് വായിക്കണം. ദ്വീപിനെക്കുറിച്ചും നിഷ്കളങ്കരായ അവിടുത്തെ ആളുകളെ കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വഴികാട്ടിയാണ്.

Advertisment