Advertisment

"മദ്യം സാധാരണ സാധനങ്ങൾ വാങ്ങുന്നത് പോലെ കടകളിൽ വിൽക്കുന്ന നാടുകളിൽ ഞാൻ‌ പോയിട്ടുണ്ട്. കേരളത്തിലേതുപോലെ മദ്യത്തോടുള്ള ആസക്തിയും ഞാനെവിടെയും കണ്ടിട്ടില്ല. ഇതിന് വേണ്ടി തിരക്കു കൂട്ടുന്നത് കണ്ടിട്ടില്ല. എവിടെച്ചെന്നാലും കിട്ടും എന്നുള്ളത് കൊണ്ട് ആളുകൾക്ക് അത്രയേയുള്ളൂ താത്പര്യം" - സന്തോഷ്‌ ജോർജ് കുളങ്ങര

New Update

publive-image

Advertisment

ലോകത്തിലെ കൊളളാവുന്ന ഒരു നാട്ടിലും മദ്യം ഒരു അസുലഭ വസ്തുവല്ല. അല്ലെങ്കിൽ മദ്യം ഇത്രയും നാണംകെട്ട രീതിയിൽ വിൽക്കുന്ന ഒരു സംവിധാനം ലോകത്തൊരിടത്തുമില്ല. നാണംകെട്ട രീതിയിൽ എന്ന് ഞാൻ പറയുന്നത്, മനുഷ്യൻ കാശുമുടക്കി, വെയിലുംകൊണ്ട്, ക്യൂവും നിന്ന്, മുഖത്ത് ഹെൽമെറ്റും വെച്ചാണ് വാങ്ങാൻ നിൽക്കുന്നത്.

ലോകത്തൊരിടത്തും ഇത്തരമൊരു സംവിധാനം ഞാൻ കണ്ടിട്ടില്ല. അവിടെയൊക്കെ മറ്റേതൊരു വസ്തുവും പോലെ കടയിൽ വിൽക്കുന്ന ഒരു സാധനമാണിത്. ക്യൂ നിന്ന് വാങ്ങിയാലും കടയിൽ നിന്ന് സാധാരണ പോലെ വാങ്ങിയാലും ഇതു കൊണ്ടുള്ള ഉപയോഗവും ഇതുമൂലമുള്ള ഇംപാക്റ്റും ഒരുപോലെയല്ലേ ? ഇങ്ങനെ നാണംകെടുത്തി മനുഷ്യനെക്കൊണ്ട് സാധനം വാങ്ങിപ്പിക്കേണ്ട കാര്യമെന്താണ് ?

ദുർലഭമായ സാധനങ്ങൾക്കാണ് മനുഷ്യർക്ക് ഡിമാന്റ് കൂടുന്നത്. മദ്യം സാധാരണ സാധനങ്ങൾ വാങ്ങുന്നത് പോലെ കടകളിൽ വിൽക്കുന്ന നാടുകളിൽ ഞാൻ‌ പോയിട്ടുണ്ട്. കേരളത്തിലേതുപോലെ മദ്യത്തോടുള്ള ആസക്തിയും ഞാനെവിടെയും കണ്ടിട്ടില്ല. ഇതിന് വേണ്ടി തിരക്കു കൂട്ടുന്നത് കണ്ടിട്ടില്ല. എവിടെച്ചെന്നാലും കിട്ടും എന്നുള്ളത് കൊണ്ട് ആളുകൾക്ക് അത്രയേയുള്ളൂ താത്പര്യം.

ആ ഒരു കൾച്ചർ തന്നെ മാറണമെന്നാണ് എന്റെ അഭിപ്രായം. മദ്യത്തിന്റെ ഉപയോഗം എങ്ങനെ മാന്യമായിരിക്കണം എന്ന് നമ്മൾ പഠിപ്പിക്കേണ്ടതുണ്ട്. മദ്യപിക്കുന്നത് ഒരു സിവിലൈസ്ഡ് സൊസൈറ്റി എങ്ങനെയാണ് ചെയ്യുന്നതെന്ന് നമ്മൾ കണ്ടിട്ടില്ല. യൂറോപ്പിലെത്തുന്ന മലയാളി കേരളത്തിലേത് പോലെ തന്നെയാണ്.

കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് അങ്ങനെയൊരു മുൻവിധിയില്ല. മദ്യത്തിന് ക്ഷാമമുള്ള നാടാണിതെന്ന് വിദേശികൾക്ക് അറിയില്ല. അവർ ലോകത്തിലെ ബാക്കി 190 രാജ്യത്ത് പോകുന്നത് പോലെയാണ് ഇവിടെയും വരുന്നത്.

മിക്ക രാജ്യങ്ങളിലും മദ്യത്തിന്റെ ഉപയോഗം ലിബറലാണ്. അവിടെയൊക്കെ സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാകേണ്ടതല്ലേ ? അവരെങ്ങനെയാണ് ഇത് മാനേജ് ചെയ്യുന്നത്? നമുക്ക് മാതൃകയാക്കാൻ സാധിക്കുന്ന ഒത്തിരി സമൂഹങ്ങളുണ്ട് ലോകത്ത്. അവരിൽ നിന്ന് നമ്മൾ പഠിക്കുകയല്ലേ വേണ്ടത്?

വരും തലമുറയെ റെസ്പോൺസിബിളായി മദ്യം കൺസ്യൂം ചെയ്യുന്നതെങ്ങനെയെന്ന് പഠിപ്പിക്കണം. ചില സമയത്ത് കൺസ്യൂം ചെയ്യേണ്ടി വരും. രാഷ്ട്രത്തലവൻമാർ വരെ മദ്യം ഉപയോഗിക്കാറുണ്ട്. പാർട്ടിയുടെ പ്രധാനപ്പെട്ട ഭാഗമായിട്ടാണ് അത് കണക്കാക്കുന്നത്. മദ്യത്തെ ഡിഗ്നിഫൈ ചെയ്യുന്നതല്ല.

നൂറ്റാണ്ടുകൾക്ക് മുമ്പ്, ചരിത്രാതീത കാലം മുതൽ മനുഷ്യൻ അധ്വാനത്തിന് ശേഷം റിലാക്സാകാൻ വേണ്ടി ഉപയോഗിക്കുന്നതാണിത്. അത് എവിടെ ഉപയോഗിക്കണം, എങ്ങനെ ഉപയോഗിക്കണം, എത്ര ഉപയോഗിക്കണം എന്നൊക്കെയുള്ള ഒരു ബോധം നമുക്ക് ഇല്ലാതെ പോയതാണ് കുഴപ്പം.

നമ്മുടെ ആളുകളുടെ മദ്യപാന ശീലം ആണ് വരുന്ന വിദേശികൾക്ക് എന്ന് ധരിച്ച് പൊലീസ് അവരെ നമ്മുടെ നാട്ടുകാരെ കൈകാര്യം ചെയ്യുന്നത് പോലെ കൈകാര്യം ചെയ്യുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. പൊലീസിന് തന്നെ ബോധവത്കരണം ആവശ്യമാണ്.

വിദേശികൾ‌ ഇതൊക്കെ കണ്ട് നന്നായി അനുഭവിച്ച് വന്നവരാണ്. അതുകൊണ്ട് പൊലീസ് ഇവരെ നമ്മുടെ നാട്ടുകാരെ കാണിക്കുന്നത് പോലെ കോപ്രായങ്ങളൊന്നും കാണിക്കേണ്ടതില്ല. അവരോട് നന്നായി പെരുമാറിയാൽ മാത്രമേ അവർ നമ്മുടെ നാടിനെക്കുറിച്ച് നല്ല അഭിപ്രായം പറയൂ - സന്തോഷ്‌ ജോർജ് കുളങ്ങര.

Advertisment