Advertisment

മാധ്യമസ്വാതന്ത്ര്യം എന്നത് വെബ് പോർട്ടലുകൾ വഴിയും യൂട്യൂബ് വഴിയും ഒരു കൂട്ടർ അവരുടെ ഉദ്ദിഷ്ടകാര്യത്തിനായി മുതലെടുക്കുകയാണ്. തട്ടിപ്പും ശല്യവുമായിത്തീർന്ന ചില ഓൺലൈൻ ഉഡായിപ്പ് ചാനലുകൾ....

New Update

publive-image

Advertisment

ഫേസ്ബുക്കിലും യൂട്യൂബിലുമെല്ലാം ഇപ്പോൾ വാർത്താ ചാനലുകളുടെ ചാകരക്കൂട്ടമാണ് നമുക്ക് കാണാൻ കഴിയുക. പലതും പണമുണ്ടാക്കാനോ ആളുകളെ ബ്ളാക്ക് മെയിൽ ചെയ്യാനോ വേണ്ടി തട്ടിക്കൂട്ടിയ താണെന്ന് അവർ പടച്ചുവിടുന്ന കള്ളക്കഥകൾ കണക്കുമ്പോൾ തോന്നാറുണ്ട്.

യൂട്യൂബ് ചാനൽ ഇപ്പോൾ ആർക്കും തുടങ്ങാം. എന്തും അതിലൂടെ വിളിച്ചുപറഞ്ഞ് ആളെപ്പറ്റിയ്ക്കാം. ഫേസ്ബുക്ക് തുറന്നാൽ നുണക്കഥകൾ പടച്ചുവിടുന്നവരുടെ ഇത്തരക്കാരുടെ നീണ്ട നിരതന്നെയാണ്. അവർ നൽകുന്ന ഹെഡ്‍ലൈനും വാർത്തയും തമ്മിൽ ഒരു ബന്ധവുമുണ്ടാകില്ല. ഇതിലും രൂക്ഷമാണ് ചില ഓൺലൈൻ വാർത്താചാനലുകളുടെ മസ്തിഷ്കപ്രക്ഷാളനം.

ഒരു ആൻഡ്രോയിഡ് ഫോണും കയ്യിൽ ഒരു കോഡ്‌ലെസ്സ് മൈക്കുമുണ്ടെങ്കിൽ ആർക്കും അതും പിടിച്ചുകൊണ്ട് എവിടെയും കയറിച്ചെല്ലാം എന്തും വിളിച്ചുപറയാം ആളുകളുടെ സ്വകാര്യതയൊന്നും ഇവർക്ക് വിഷയമല്ല. ഭാഷാപരിജ്ഞാനമോ ഉച്ചാരണശുദ്ധിയോ മാധ്യമപ്രവർത്തന പാരമ്പര്യമോ ഒന്നും ഇവിടെ വിഷയമേ ആകുന്നില്ല. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്നുപറയുംപോലെ...

ഓരോ മുക്കുകളുടെയും ജംക്ഷനുകളുടെയും പ്രദേശങ്ങളുടേയുമൊക്കെ പെരുകൾ വച്ച് കാക്കത്തൊള്ളായിരം ചാനലുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ (വെബ് പോർട്ടലുകളിലും, യൂട്യൂബിലും) കാണാൻ കഴിയും. ഇതിനൊന്നും ലൈസൻസും മറ്റു കാര്യങ്ങളും ഒന്നുമുണ്ടാകില്ല.ആർക്കും എന്തും അപ്‌ലോഡ് ചെയ്യാമെന്ന തരത്തിൽ യൂട്യൂബും മാറിയിരി ക്കുന്നു.

publive-image

കഴുത്തിൽ ഒരു നെയിം ടാഗുമിട്ട് മൊബൈൽ ഫോണും മൈക്കുമായി (ചെറിയൊരു ശതമാനം മാത്രമാണ് ക്യാമറയുള്ളത്) ആളുകളുടെ അടുക്കളവരെ അരിച്ചുപെറുക്കി ജനങ്ങളുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കുന്ന ഇക്കൂട്ടർക്കെതിരേ അടിയന്തരനിയമനടപടികൾ കൈക്കൊള്ളാൻ സർക്കാരും നിയമപാലകരും കോടതികളും തയ്യറായേ മതിയാകുകയുള്ളു.

ഇക്കൂട്ടരിൽ പലരും വ്യാജവാർത്തകൾ മെനയാനും വിദഗ്ദ്ധരാണ്. ജനങ്ങൾ നൽകുന്ന സത്യസന്ധമായ പരാതികൾ വ്യജമാക്കി ചിത്രീകരിച്ച അനുഭവവും ഉണ്ടായിട്ടുണ്ട്. ചില സാമൂഹ്യവിരുദ്ധശക്തികളും ഒരു കൂട്ടം ഉദ്യോഗസ്ഥരും കുറേ നിയമപാലകരും ഇവർക്കൊപ്പമോ ഇവർക്കനുകൂലമോ ആണെന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.

നമുക്കറിയാം ഏഷ്യാനെറ്റ്, മനോരമ, 24 x 7, റിപ്പോർട്ടർ, കൈരളി, മീഡിയ വൺ, മാതൃഭൂമി ഉൾപ്പെടെയുള്ള അംഗീകൃത വാർത്താചാനലുകളിൽ വരുന്ന റിപ്പോർട്ടുകളെപ്പറ്റി ആളുകൾക്ക് പരാതിയുണ്ടെങ്കിൽ വാർത്താവിതരണമന്ത്രാലയത്തിന് പരാതി നൽകാനുള്ള ലിങ്ക് അവരെല്ലാം ചാനലിന് താഴെയായി നൽകാറുണ്ട്.

എന്നാൽ നാടാകെ കാണപ്പെടുന്ന ഈ യൂട്യൂബ് വാർത്താ ചാനലുകൾക്കെതിരേ എവിടെയാണ്, ആർക്കാണ് പരാതി നൽകേണ്ടതെന്ന കാര്യം ആർക്കുമറിയില്ല. കുറഞ്ഞപക്ഷം അതാത് ജില്ലാ പോലീസ് മേധാവികളെങ്കിലും ഇക്കൂട്ടരെ നിരീക്ഷിക്കേണ്ടതാണ്.

കേന്ദ്ര വാർത്താവിതരണമന്ത്രാലയം ഇത്തരം അനധികൃത ചാനലുകൾക്കെതിരേ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കം നടത്തുന്നുണ്ട്. അതിൻ്റെ ചർച്ചകൾ പുരോഗമിക്കുന്നതായി അറിയുന്നു. അതിനുണ്ടാകുന്ന കാലതാമസം മുതലെടുത്ത് കൂണ് മുളയ്ക്കും പോലെയാണ് ഇപ്പോൾ നാടുനീളെ അനുദിനം ഓൺലൈൻ യൂട്യൂബ് ന്യൂസ് ചാനലുകളുടെ പ്രളയം.

ഈ വിഷയവുമായി ബന്ധപ്പെട്ട് ബഹു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രാമണ്ണയുടെ വാക്കുകൾ വളരെ ശ്രദ്ധേയമാണ്. "ആർക്കുവേണമെങ്കിലും യൂട്യൂബ് ചാനൽ തുടങ്ങാം. ഒരു നിയന്ത്രണമോ പരിശോധനയോ ഇല്ലാതെ എന്തും വിളിച്ചുപറയാം. ഇവരുടെ നിയന്ത്രണമില്ലാത്ത പ്രവർത്തനങ്ങൾ നമ്മുടെ രാജ്യത്തിനുപോലും അപമാനകരമാണ് " ഇതായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.

മാധ്യമസ്വാതന്ത്ര്യം എന്നത് വെബ് പോർട്ടലുകൾ വഴിയും യൂട്യൂബ് വഴിയും ഒരു കൂട്ടർ അവരുടെ ഉദ്ദിഷ്ടകാര്യത്തിനായി മുതലെടുക്കുകയാണ്. ഇക്കൂട്ടരെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ ഭാവിയിൽ അത് വലിയ അപകടത്തിലേക്കാകും വഴിവയ്ക്കുക എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ബഹു. ചീഫ് ജസ്റ്റിസ് ഉന്നയിച്ച ആശങ്കകൾ തികച്ചും അർത്ഥപൂർണ്ണമാണ്.

Advertisment