Advertisment

കാശ്മീർ പണ്ഡിറ്റുകളുടെ മടക്കം സാദ്ധ്യമാണോ ? പ്രകാശ് നായർ മേലില എഴുതുന്ന കാലികപ്രാധാന്യമുള്ള ലേഖനം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ജമ്മുവിൽക്കഴിയുന്ന പഴയ തലമുറയിലെ ഒരു കാശ്മീരി പണ്ഡിറ്റ്

1989 അവസാനം 1990 കളുടെ ആരംഭത്തിൽ കാശ്മീരിൽ താഴ്വരയിൽ തീവ്രവാദം അതിൻ്റെ രൂക്ഷതയി ലെത്തിയ സമയത്താണ് കശ്മീർ പണ്ഡിറ്റുകൾ (കാശ്മീരി ബ്രാഹ്മണർ) അവർ ജനിച്ചുവളർന്ന മണ്ണിൽനിന്ന് കൂട്ടത്തോടെ പലായനം ചെയ്യാൻ നിർബന്ധിതരായത്.

കാശ്മീരി പണ്ഡിറ്റുകൾ കാഫിറുകളാണെന്ന പ്രചാരണം അക്കാലത്ത് ചില മസ്ജിദുകളിൽ നിന്നുവരെ യുണ്ടായി.മതതീവ്രവാദികളായിരുന്നു അതിനുപിന്നിൽ. ഭീകരർ ലഘുലേഖകൾ വിതരണം ചെയ്ത് കാശ്മീർ വിട്ടുപോകാൻ പണ്ഡിറ്റുകൾക്ക് നിർദ്ദേശം നൽകുകയും അനുസരിക്കാൻ വിസമ്മതിച്ചവരെ ആക്രമിക്കു കയും ചെയ്തതോടെയാണ് കൂട്ടപ്പലായനം ആരംഭിച്ചത്.

1941 ലെ സെൻസസ് പ്രകാരം പണ്ഡിറ്റുകൾ ഉൾപ്പെടെ 78,800 ഹിന്ദുക്കളാണ് കാശ്മീരിൽ ഉണ്ടായിരുന്നത്. ഇക്കൂട്ടർ കൂടുതലും അധിവസിച്ചിരുന്നത് ബാരാമുള്ള,അനന്തനാഗ് ജില്ലകളിലായിരുന്നു.1950 ലെ ഭൂപരിഷ്കരണനിയമം മൂലം ഇവരിൽ 5 % ആളുകൾ സ്വയം കശ്മീർ വിട്ടുപോകാൻ നിര്ബന്ധിതരായി.

publive-image

1981 ൽ കശ്മീരിലെ ഹിന്ദുജനസംഖ്യ 1,24,078 ആയിരുന്നത് 1990 ൽ 1,70,000 ആയി ഉയർന്നു. 1990 നുശേഷം 2010 വരെ ഏകദേശ കണക്കുകൾ പ്രകാരം 1.5 മുതൽ 1.9 ലക്ഷം കാശ്മീരി പണ്ഡിറ്റുകൾ അവിടം ഉപേക്ഷിച്ചുവത്രെ. 2010 ലെ കണക്കുകൾ പ്രകാരം കേവലം 3,445 പേരാണ് ഇക്കൂട്ടരിൽ അവിടെ അവശേഷിച്ചത്. കാശ്മീര്‍ പണ്ഡിറ്റ് സംഘര്‍ഷ് സമിതി (Kashmir Pandit Sangharsh Samiti) പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 1990 മുതൽ 2011 വരെയുള്ള കാലയളവിൽ 399 പണ്ഡിറ്റുകൾ കൊല്ലപ്പെട്ടുവത്രേ.

1990 ൽ മൂന്നു നിർദ്ദേശങ്ങളായിരുന്നു ലഘുലേഖകൾ വഴി അന്ത്യശാസനത്തിൽ ഭീകരർ മുന്നോട്ടുവച്ചത്. 1) കാശ്മീരി പണ്ഡിറ്റുകൾ അവരുടെ സ്ത്രീകളെ ഉപേക്ഷിച്ചു കശ്മീർ വിട്ടുപോകുക. 2) ഇസ്ലാമിലേക്ക് മതം മാറുക. 3 ) ഇതു രണ്ടും സ്വീകാര്യമല്ലെങ്കിൽ മരിക്കാൻ തയ്യറാകുക.

കാശ്മീരി പണ്ഡിറ്റുകളുടെ പലായനം അവിടെ ആരംഭിച്ചു. പലരും താവളമാക്കിയത് ജമ്മുവിലാണ്. കുറേപ്പേർ മറ്റു സംസ്ഥാനങ്ങളിലേക്കും പലായനം ചെയ്തു. ചില വിദേശ സംഘടനകളും മഹാരാഷ്ട്രയിൽ ബാൽ തക്കറെയെപ്പോലുള്ളവരും ഇവരെ സഹായിക്കാനായി മുന്നോട്ടുവന്നു.

ഇന്ന് കാശ്മീരിൽ സർക്കാർ സംരക്ഷണയിൽ കാശ്മീരി പണ്ഡിറ്റുകൾക്കായി നിരവധി ട്രാൻസിറ്റ് ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 2010 ൽ 3000 കാശ്മീരി പണ്ഡിറ്റുകൾക്ക് സർക്കാർ സർവീസിൽ ജോലി നൽകപ്പെട്ടു. അവരെല്ലാം കുടുംബമായി ഈ ക്യാമ്പുകളിലാണ് കഴിയുന്നത്.2015 ൽ വീണ്ടും 3000 പേർക്കുകൂടി ജോലി നൽകി.

സ്വന്തം ജന്മഭൂമിയിലേക്കുള്ള കാശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷിതമായ മടക്കം ലക്ഷ്യമിട്ടാണ് താമസസൗകര്യവും സുരക്ഷയും ജോലിയുൾപ്പെടെ പല ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിച്ചതെങ്കിലും പണ്ഡിറ്റുകളെ സംബന്ധിച്ചിടത്തോളം അവരുടെ മടങ്ങിവരവ് അത്ര എളുപ്പമാണെന്ന് കരുതാൻ വയ്യ.

publive-image

പ്രതീക്ഷ അസ്തമിക്കുന്ന കശ്മീർ പണ്ഡിറ്റുകളുടെ പുതുതലമുറ

സ്വന്തം കുടുംബാംഗങ്ങളുമായി മടങ്ങിവന്ന് സമാധാനത്തോടെ ജീവിക്കാനുള്ള ഒരന്തരീക്ഷം ഇപ്പോഴും കാശ്മീരിൽ സംജാതമായിട്ടില്ലെന്നാണ് അവരുടെ പക്ഷം. ജമ്മുവിലും തൊട്ടടുത്ത സ്ഥലങ്ങളിലുമായി ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇപ്പോൾ ശരണാർത്ഥികളായി കഴിയുന്നത്. ജമ്മുവിലെ ജഗത്തി ടൗൺഷിപ്പിൽ മാത്രം 4000 കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്.

കേന്ദ്രസർക്കാർ, കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ഉം 35 - A യും അവസാനി പ്പിക്കുകയും കാശ്മീരിനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി മാറ്റുകയും ചെയ്തതോടെ കശ്മീർ പണ്ഡിറ്റുകളുടെ മടങ്ങിവരവ് ഒരു ഗംഭീര വിഷയമായി മാറിക്കഴിഞ്ഞു.

കശ്മീർ പണ്ഡിറ്റുകളുടെ സംഘടനയായ 'പുനൂൻ കശ്മീർ' (Panun Kashmir) നേതാവ് ഡോക്ടർ അഗ്നിശേഖറുടെ അഭിപ്രായത്തിൽ " താഴ്വരയിലേക്കുള്ള കശ്മീർ പണ്ഡിറ്റുകളുടെ മടക്കമെന്നത് സർക്കാർ നൽകുന്ന ഒരു ദിവാസ്വപ്‌നം മാത്രമാണെന്നാണ്. കാരണം പലരുടെയും വീടുകൾ കത്തിച്ചുകളഞ്ഞു. കൃഷിഭൂമികൾ ആരൊക്കെയോ കയ്യേറിയിരിക്കുന്നു.

നാടുവിടും മുൻപ് മറ്റൊരു വഴിയുമില്ലാതെ നിരവധിപ്പേർക്ക് കിട്ടിയ വിലയ്ക്ക് അവരുടെ വീടും സമ്പത്തുകളും വിൽക്കേണ്ടിവന്നു. അത്തരമൊരവസ്ഥയിൽ വീണ്ടുമവി ടെപ്പോയി താമസിക്കുക എന്നത് അസാദ്ധ്യമാണത്രേ "

കശ്മീർ പണ്ഡിറ്റുകളുടെ താഴ്വരയിലേക്കുള്ള പുനരധിവാസത്തിന് സർക്കാരിനുള്ള ഡോക്ടർ അഗ്നിശേഖറുടെ നിർദ്ദേശം ഇപ്രകാരമാണ്.

" ആർട്ടിക്കിൾ 370 അവസാനിച്ചതോടുകൂടി മടക്കയാത്രയ്ക്കുള്ള പ്രതീക്ഷയോടെ ഞങ്ങൾ സർക്കാരിന്റെ പടിവാതിൽക്കൽ കാത്തുനിൽക്കുകയാണ്. കശ്മീർ വിട്ടുപോയ എല്ലാ പണ്ഡിറ്റുകളെയും ഒരു സ്ഥലത്തായി പുനരധിവസിപ്പിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ കൈക്കൊളളണം. ഭാവിയിൽ ആശങ്കയില്ലാതെ സമാധാനവും സുരക്ഷിതവുമായി ജീവിക്കാനുള്ള ഞങ്ങളുടെ ഈ അവകാശം അടിയന്തരമായി സർക്കാർ അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യണം "

publive-image

പുനൂൻ കശ്മീർ നേതാവ് ഡോക്ടർ അഗ്നിശേഖർ

1990 മുതൽ നടന്ന കൂട്ടപ്പലായനം പുതുതലമുറയെ ഏറെ അസ്വസ്ഥരാക്കിയിരിക്കുന്നു. യുവാക്കൾ പലരും രോഷാകുലാരാണ്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ കാശ്മീരിൽ ഇരുസമുദായങ്ങളും തമ്മിലുള്ള ഐക്യത്തി നുതന്നെ വലിയ വിള്ളലുകളും സംഭവിച്ചിട്ടുമുണ്ട് . അത്തരമൊരു സാഹചര്യത്തിൽ പഴയതുപോലെ ഇടക ലർന്ന് യോജിപ്പോടെ ജീവിക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം അവിടെ സംജാതമാക്കേണ്ടതുണ്ട്.

അതിന് ഭരണകർത്താക്കളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തദ്ദേശവാസികളും മനസ്സുവയ്ക്കേണ്ടതുമാണ്. കശ്മീർ പണ്ഡിറ്റുകളുടെ പലായനത്തിൽ നിരാശപൂണ്ട ദുഖിതരായ ധാരാളം തദ്ദേശവാസികളെ നമുക്ക് കശ്മീർ താഴ്വരയിൽ കാണാമെന്നതും യാഥാർഥ്യമാണ്. ഭീതിമൂലം പലരും പരസ്യമായി പ്രതികരിക്കുന്നില്ല എന്നുമാത്രം.

കശ്മീർ പണ്ഡിറ്റുകൾക്കായി പ്രത്യേക പുനധിവാസമേഖല നിർമ്മിക്കാനുള്ള നീക്കത്തെ അവിടുത്തെ വിഘടനവാദി നേതാക്കൾ ശക്തിയുക്തം എതിർക്കുകയാണ്. കശ്മീർ ജനതയുടെ ചരിത്രം തന്നെ മാറ്റിയെഴുതലാകും ഇതെന്നാണ് അവരുടെ വാദം.

കാശ്മീരി പണ്ഡിറ്റുകളിലെ ഒരു വിഭാഗം പുതുതലമുറയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ മാതാപിതാക്ക ളെ അവരുടെ ജന്മഭൂമിയിൽനിന്ന് നിഷ്കരുണം പുറത്താക്കപ്പെട്ട മണ്ണിലേക്ക് ഇനിയൊരു മടക്കയാത്രയ്ക്ക് ബാല്യമില്ലെന്ന പക്ഷക്കാരാണ്.

ചുരുക്കത്തിൽ കാശ്മീരി പണ്ഡിറ്റുകളുടെ ജന്മനാട്ടിലേക്കുള്ള മടക്കയാത്ര ഒരു സമസ്യയായിത്തന്നെ ഇപ്പോഴും തുടരുകയാണ്.

(അവലംബം - മോഹിത് കന്ദാരി , ഗൂഗിൾ, വിക്കിപീഡിയ)

Advertisment