Advertisment

ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട പത്മനാഭന്റെ ഓർമ്മയ്ക്ക് രണ്ടു വയസ്സ് ; ഫെബ്രുവരി 6ന് അനുസ്മരണം

author-image
ജൂലി
Updated On
New Update

publive-image

Advertisment

ഗുരുവായൂർ: ഗജരത്നം ഗുരുവായൂർ പത്മനാഭൻ 2020-ൽ ചെരിഞ്ഞതോടെ ചരിത്രത്തിന്റെ ഭാഗമായത് കേരളം കണ്ട ഗജവീരന്മാരിൽ ഏറ്റവും ജനപ്രിയനായ ഒരു കൊമ്പന്റെ ജീവിതമായിരുന്നു. 80 വയസ്സു പ്രായമുള്ളപ്പോഴായിരുന്നു ഗുരുവായൂരപ്പന്റെ 'പ്രതിരൂപ'മായിപ്പോലും ആനപ്രേമികളും ഭക്തരും കണ്ടിരുന്ന പത്മനാഭൻ ചെരിഞ്ഞത്. ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കുന്ന കാര്യത്തിൽ എന്നും വലിയ ഡിമാൻഡ് ആയിരുന്നു ശാന്തസ്വരൂപനായിരുന്ന ഗുരുവായൂർ പത്മനാഭന്.

ഉത്സവത്തിന് എഴുന്നള്ളിച്ചു കൊണ്ടുവന്ന കൂട്ടത്തിൽ ഇനി ഏത് വമ്പൻ ഉണ്ടെങ്കിലും തേവരുടെയും ദേവിയുടേയുമൊക്കെ തിടമ്പേറ്റുന്നത് പത്മനാഭൻ തന്നെയായിരിക്കും. അതായിരുന്നു പതിവ്. 2020-ലെ ഉത്സ വാഘോഷത്തോടനുബന്ധിച്ചുള്ള കലാശാരംഭദിനത്തിലായിരുന്നു ആ ഗജരത്നം വിഷ്ണുപാദത്തിങ്കൽ ലയിച്ചത്. പത്മനാഭന്റെ രണ്ടാമത് അനുസമരണം ഫെബ്രുവരി 6 ഞായറാഴ്ച രാവിലെ 8 മണിക്ക് ശ്രീവത്സം അതിഥിമന്ദിരവളപ്പിലുള്ള പത്മനാഭന്റെ പ്രതിമയിൽ പുഷ്പാർച്ചനയോടെ ആചരിക്കും.

publive-image

1954 നവംബർ 18-നാണ് പത്മനാഭൻ ഗുരുവായുരപ്പന്റെ ഗജസമ്പത്തിലേയ്ക്ക് എത്തിച്ചേർന്നത്. 1976 ഫെബ്രുവരിയിൽ ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായ ആനയോട്ടത്തിൽ ഒന്നാമതെത്തി. തുടർന്ന് ഗുരുവായൂർ കേശവന്റെ അഭാവത്തിൽ ആനത്തറവാട്ടിലെ കാരണവരായി. ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് 43 വർഷം നേതൃസ്ഥാനത്ത് നിന്നത് പത്മനാഭനായിരുന്നു. നീണ്ട 66 വർഷം ഗുരുവായൂരപ്പദാസനായി. ക്ഷേത്രച്ചടങ്ങുകളുടെ ഭാഗമായി എഴുന്നള്ളിപ്പിൽ മുൻനിരക്കാരനായി. കേരളത്തിലെ പ്രശസ്തമായ എല്ലാ ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിനും ഉത്സവച്ചടങ്ങുകളിലും വിലയേറിയ താരമായി മാറി പത്മനാഭൻ.

ഒരു ദിവസത്തെ എഴുന്നള്ളിപ്പിന് ഏറ്റവും കൂടിയ പ്രതിഫലം ലേലത്തിലൂടെ നേടിയ കൊമ്പൻ എന്ന റെക്കോർഡിനും ഉടമയായിരുന്നു ഈ ഗജവീരൻ. 2004-ലെ നെന്മാറ വല്ലങ്ങി വേലയ്ക്ക് ദേശക്കാർ ഗുരുവായൂർ പത്മനാഭന്റെ സാന്നിധ്യമുറപ്പിച്ചത് 2,22,222 രൂപ എന്ന റെക്കോർഡ് തുകയ്ക്കാണ്. ആനപ്രേമികളുടെയും ഭക്തരുടെയും മനംകവർന്ന പത്മനാഭന്റെ അനശ്വരസ്മരണയ്ക്കായി ഒരു പൂർണ്ണകായപ്രതിമ കഴിഞ്ഞ ദേവസ്വം ഭരണസമിതിയുടെ കാലത്താണ് പൂർത്തിയാക്കി സമർപ്പിച്ചത്. പ്രതിമയ്‌ക്കൊപ്പം പത്മനാഭചരിതം ജീവിതകഥ പറയുന്ന ചുമർചിത്രമതിലും ദേവസ്വം പണികഴിപ്പിച്ചു.

ശ്രീവത്സം ഗസ്റ്റ് ഹൗസ് വളപ്പിന്റെ ചുമരിലാണ് ഭക്തരുടെ പ്രിയങ്കരനായ ഗജരത്നത്തിന്റെ വിശേഷങ്ങള്‍ നിറങ്ങളായി പിറവിയെടുത്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 18-നാണ് ചുമർച്ചിത്രമതിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഭക്തർക്കായി സമർപ്പിച്ചത്. ഗുരുവായൂരിൽ നിലവിലുള്ള എല്ലാ കൊവിഡ് പ്രോട്ടോക്കോളും പാലിച്ചായിരിക്കും ഇത്തവണത്തെ അനുസ്മരണച്ചടങ്ങുകൾ നടത്തുകയെന്ന് ദേവസ്വം പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു.

Advertisment