Advertisment

ഹിജാബിൽ കാഴ്ച മറയ്ക്കുന്നവരും ഫസൽഗഫൂറും പറഞ്ഞുവെക്കുന്നത് : ലേഖനം

author-image
ജൂലി
Updated On
New Update

publive-image

Advertisment

ഇടവേളയ്ക്കുശേഷം ഹിജാബ് വീണ്ടും ചർച്ചയാകുകയാണ്. സുരക്ഷയുടേയും മാന്യതയുടേയും അച്ചടക്കത്തിന്റേയുമൊക്കെ അടയാളമായി പൊതുസമൂഹം കണ്ടിരുന്ന ഒരു വസ്ത്രം എത്രപെട്ടെന്നാണ് മനുഷ്യാവകാശ ലംഘനത്തിന്റേയും തീവ്രവാദത്തിന്റേയും അടയാളമായി മാറിയത്. എന്തുകൊണ്ടാണ് നാളിന്നുവരെ ഹിജാബിൽ അസ്വാഭാവികതയൊന്നും ദർശിക്കാതിരുന്നവരിൽ പെട്ടെന്ന് ഇതൊരു അപകടകാരിയായി മാറിയത്. മാത്രമല്ല പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന സാംസ്‌ക്കാരിക നേതാക്കളുടെ ഇക്കാര്യത്തിലുള്ള നിലപാടെന്താണ്.ഇതെല്ലാം പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്.ഉത്തരം വളരെ ലളിതമാണ്.രാഷ്ട്ീയ ലാഭത്തിനുവേണ്ടി, അധികാര സ്ഥാനങ്ങൾ ഉറപ്പിക്കുന്നതിനുവേണ്ടി പുറത്തിറക്കിയ അവസാന ആയുധമാകുന്നു ഈ ഹിജാബ് വിരുദ്ധ നീക്കങ്ങൾ.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കർണാടകയിലെ രാഷ്ട്രീയ പാർട്ടികൾ, പ്രത്യേകിച്ച് സംഘ്പരിവാർ ഹിജാബ് വിഷയത്തെ മുതലെടുക്കുകയാണെന്ന് ആർക്കാണ് അറിയാത്തത്. എന്നാൽ സംഘ്പരിവാറിന്റെ മാത്രം താൽപ്പര്യമാണോ ഹിജാബ് നിരോധനം. ഹിജാബിനെതിരെ ആദ്യം വാളെടുത്ത എം.ഇ.എസിന്റെ നായകൻ ഫസൽഗഫൂർ തുടങ്ങിവെച്ച ഹിജാബ് വിരോധ നിലപാടിന്റെ തുടർച്ചയാണ് ഇപ്പോൾ സംഘ്പരിവാർ സമരമെന്നത് എന്തേ ഈ സമുദായത്തിലാർക്കും തുറന്നുപറയാൻ കഴിയാത്തത്.

സർക്കാരിൽ നിന്നും മുസ്‌ലിം സമുദായത്തിന്റെ പേര് പറഞ്ഞ് എണ്ണമറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമാക്കുകയും അതുപയോഗിച്ച് വിദ്യാഭ്യാസ കച്ചവടം നടത്തുകയും ചെയ്യുന്നുവെന്ന് ആരോപണങ്ങളുടെ പെരുമഴ നേരിടുന്ന ഫസൽഗഫൂറിനോട് താങ്കൾക്ക് ഇപ്പോൾ തൃപ്തിയായില്ലെ എന്ന് ചോദിക്കാനെങ്കിലും പൊതുസമൂഹം തയ്യാറാവേണ്ടതില്ലേ. കർണാടകയിലെ കോളജുകളിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് ഫസൽ ഗഫൂറിന്റെ വല്ല പ്രതികരണവും വന്നോ ഞാൻ പരതിനോക്കി. എവിടേയും ഒന്നും കണ്ടില്ല.

സംഘ്പരിവാറിനും മുമ്പേ അവരേക്കാൾ ആവേശത്തോടെ കേരളത്തിലെ കോളജുകളിൽ ശിരോവസ്ത്രം നിരോധിച്ച പാരമ്പര്യമുള്ള വ്യക്തിയാണല്ലൊ അദ്ദേഹം. അന്ന് അതിനെതിരെ പ്രതിഷേധിച്ചവരെ ബോഡി ഷെയ്മിങ് ചെയ്യാനും തരംതാഴ്ന്ന രീതിയിൽ വ്യക്തിഹത്യ നടത്താനുമാണ് ഫസൽ ഗഫൂർ ശ്രമിച്ചത്. ഇപ്പോൾ ഫസൽ ഗഫൂറിന് സംഘികൾക്ക് വടി കൊടുത്തതിനെ കുറിച്ച് വല്ലതും പറയാൻ ഉണ്ടോ എന്നാണ് ഇനി അറിയേണ്ടത്.മുസ്ലിമായ ഫസൽ ഗഫൂറിന് ശിരോവസ്ത്രം നിരോധിക്കാം എങ്കിൽ ഞങ്ങൾക്ക് എന്തു കൊണ്ട് നിരോധിച്ചു കൂടാ എന്നാണ് സംഘികൾ ചോദിക്കുന്നത്.

വംശീയ ഉൻമൂലനം ലക്ഷ്യം വെച്ചിരിക്കുന്ന ഒരു കൂട്ടർ രാജ്യത്തിന്റെ ഭരണം കയ്യാളുമ്പോഴുണ്ടാകുന്ന മുസ്ലിംവിരുദ്ധ നയങ്ങളുടെ ഭാഗമായി വരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നമെങ്കിലും അതിന് ആക്കം കൂട്ടുകയാണ് ഫസൽഗഫൂർ ചെയ്തത്.

ഏത് വസ്ത്രവും തെരഞ്ഞെടുക്കാനുള്ള മൗലികാവകാശം ഓരോ വ്യക്തിക്കുമുണ്ട്. ഹിജാബ് ധരിക്കുന്നത് പ്രശ്‌നമാക്കുന്നത് രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിക്കലാണ്. മതവിശ്വാസികൾക്ക് അവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനും പ്രകടിപ്പിക്കാനും വിശ്വാസം പുറത്തേക്ക് പ്രകടിപ്പിക്കാനുമൊക്കെ ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. ആ അവകാശത്തെ റദ്ദ് ചെയ്യാനാണ് ഇവിടെ ശ്രമങ്ങൾ നടക്കുന്നത്.

ഒരാൾ മതപരമായ വസ്ത്രം ധരിക്കുന്നത് അവരുടെ അവകാശമാണ്. ആ അവകാശത്തെയാണ് ഹിന്ദുത്വ പരിവാർ വെല്ലുവിളിക്കുന്നത്. കർണ്ണാടകയിൽ കലാപം ലക്ഷ്യമാക്കിക്കൊണ്ടാണ് ഹിന്ദുത്വ പരിവാർ ഇറങ്ങിയിട്ടുള്ളത്. ഹിജാബ് ധരിച്ചാൽ കാവിഷോൾ ധരിച്ച് വരുമെന്ന് പറയുന്നു. അങ്ങനെ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുകയാണ്. ബഹുസ്വരത കേവലം ഭംഗിവാക്കല്ല. അതിൽ അന്തർലീനമായിരിക്കുന്ന വിശാലമായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ റദ്ദ് ചെയ്ത് കൊണ്ട് സവർണ്ണ ദേശീയ ഏകശിലാരൂപത്തിലേക്ക് രാജ്യത്തെ കൊണ്ടുവരുക എന്നത് കഴിഞ്ഞ നൂറ് കൊല്ലങ്ങളായി സംഘ്പരിവാർ ചെയ്ത് കൊണ്ടിരിക്കുകയാണ്. അത്രമാത്രം മുസ്ലിംവിരുദ്ധമായ ഇടത്ത് അവർക്കത് എളുപ്പമാവുന്നു എന്നതാണ് വസ്തുത.

ഇന്ത്യൻ ഭരണഘടനയുടെ 14,25 അനുഛേദങ്ങൾ യഥാക്രമം വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളായ തുല്യതക്കും മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെ നിഷേധിക്കുന്ന നീക്കമാണ് ഹിജാബ് നിരോധനം. പൗരന്റെ വിശ്വാസ സ്വാതന്ത്ര്യത്തിലും മത ജീവിതം നയിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിലും ഇടപെടാൻ ഭരണകൂടത്തിന് അവകാശമുള്ളത് പൊതുസമാധാന ക്രമം, സാമൂഹിക ധാർമികത, സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പ് എന്നിവയെ അത് പ്രതികൂലമായി ബാധിക്കുമ്പോൾ മാത്രമാണ്.

മുസ്ലിം വിദ്യാർഥിനികളുടെ ശിരോവസ്ത്രം ഒരു നിലയിലും സാമൂഹിക സുരക്ഷിതത്വത്തെയോ ധാർമികതയെയോ സമൂഹത്തിന്റെ ആരോഗ്യകരമായ സഹവർത്തിത്വത്തെയോ അപകടപ്പെടുത്തുന്നതല്ല. കർണാടകയിലെ ഉഡുപ്പി ജില്ലയിൽ സർക്കാർ വനിതാ കോളജിൽ മുസ്ലിം വിദ്യാർഥിനികൾക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം നിഷേധിക്കുന്ന അധികൃതരുടെ നടപടിയെ പൗരന്റെ മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമായി വേണം മനസ്സിലാക്കാൻ.

ഹിജാബ് ധരിച്ച വിദ്യാർഥിനികളെ കഴിഞ്ഞ ഡിസംബർ 28 മുതൽ കോളജിൽ കയറ്റാത്ത നടപടിയെ ഒരു മുസ്ലിം പ്രശ്‌നമായല്ല കാണേണ്ടത്. പ്രത്യുത, മുസ്ലിം എന്നതിനപ്പുറം എല്ലാതരം പൗരൻമാരുടെയും വിശ്വാസ സ്വാതന്ത്ര്യത്തിലേക്കുള്ള ഫാസിസ്റ്റ് ഭരണകൂട അധിനിവേശത്തെ കുരിശിലേറ്റുന്ന മനോനിലയാണ് ജനാധിപത്യ മതനിരപേക്ഷ സമൂഹത്തെ നയിക്കേണ്ടത്. ആ പൗരസഞ്ചയത്തിലെ അംഗങ്ങളാണ് ഓരോ മുസ്ലിമും എന്ന മനോഭാവമാണ് ഉണ്ടാവേണ്ടത്. ന്യൂനപക്ഷാവകാശങ്ങളെ നമ്മുടെ ഭരണഘടനയിലെ തന്നെ മൗലികാവകാശങ്ങൾ സവിശേഷമായി അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ഹിജാബ് നിരോധനം നിരുപാധിക പൗരാവകാശ ലംഘനമായാണ് ചർച്ച ചെയ്യപ്പെടേണ്ടത്.

ഭരണകൂടത്തിന്റെ മതാഭിമുഖ്യവും അതിന്റെ സെക്യുലർ വ്യവഹാരങ്ങളും വേറിട്ട് നിൽക്കണം എന്ന് ഊന്നിപ്പറയുന്നതിന്റെ സാംഗത്യം അവിടെയാണ് തെളിയുന്നത്. ദക്ഷിണേന്ത്യയിലെ പ്രബല വർഗീയ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ രാഷ്ട്രീയ അജൻഡ വെളിപ്പെടുത്തുന്നതാണ് ഹിജാബ് നിരോധന ശ്രമങ്ങൾ. ഭൂരിപക്ഷ യുക്തികളെ സാമൂഹിക മുഖ്യധാരയിൽ പ്രതിഷ്ഠിച്ച് മുസ്ലിമെന്ന അപരത്വത്തെ നിർമിക്കുന്നതാണത്.

ഭൂരിപക്ഷ മുഖ്യധാരാ ജീവിതത്തിന്റെ നടത്തിപ്പുകാരായി ചമയുന്ന ഫാസിസ്റ്റ് ഭരണകൂടം ന്യൂനപക്ഷ മുസ്ലിംകളെ അന്യവത്കരിക്കുന്നതിലെ ആർ.എസ്.എസ് അജൻഡയെ രാഷ്ട്രീയമായി വിചാരണ ചെയ്യേണ്ടത് തന്നെയാണ്.

അതേസമയം,ഹിജാബ് ധരിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നത് വൈജാത്യങ്ങൾക്ക് ഇടം നൽകുന്ന ഇന്ത്യൻ ഭരണഘടന, ഉറപ്പുനൽകുന്ന മൗലികാവകാശ ലംഘനമായി പരിശോധിക്കാനുള്ള ആത്മവിശ്വാസം ജനാധിപത്യ മതനിരപേക്ഷ സമൂഹം വലിയ തോതിൽ പ്രകടിപ്പിക്കേണ്ട സമയംകൂടിയാണ്. വർഗീയതയുടെ തിമിരം സമ്മാനിച്ച് പൊതുസമൂഹത്തിന്റെ നേർക്കാഴ്ചകളിൽ നിന്നുള്ള കാഴ്ചയെ മറയ്ക്കുന്ന സംഘ്പരിവാറിനും പുരോഗമനവാദിയെന്ന സർറ്റിഫിക്കറ്റിനായി മത്സരിക്കുന്ന ഫസൽഗഫൂറിനും നൽകാനുള്ള ചുട്ട മറുപടി ഏതാനും സിനിമാ താരങ്ങൾ വിവിധ അഭിമുഖങ്ങളിലൂടെ നൽകിയിരിക്കുന്നു എന്നത് ഈ പ്രയാസത്തിനിടയിലും ഏറെ ആശ്വാസം പകരുന്നു.

കാവ്യമാധവൻ, ഷീലാമ്മ, നമിത പ്രമോദ്, നഗ്മ, മറീന മൈക്കിൾ എന്നിവരെല്ലാം സാക്ഷ്യപ്പെടുത്തുന്നത് ആളുകൾക്കിടയിൽ സുരക്ഷിതമായി ഇറങ്ങി നടക്കാൻ, തെറ്റായ അർത്ഥത്തിലുള്ള നോട്ടവും കമന്റുകളും ഏൽക്കാതിരിക്കാൻ ഏറ്റവും സുരക്ഷിതമായ വസത്രം പർദ്ധയും ഹിജാബുമൊക്കെയാണെന്നാണ്. ഇവരുടെ അനുഭവ സാക്ഷ്യത്തെ ഹിജാബ് വിരുദ്ധർ തള്ളുന്നുവെങ്കിൽ അവർ ആവശ്യപ്പെടുന്നത് സുരക്ഷിതമല്ലാത്ത സ്ത്രീജീവിതം സാർവത്രികമാകണമെന്നു തന്നെയാണ്.

Advertisment