Advertisment

പാലായുടെ അഭിമാനമായ കുരിശുപള്ളിയുടെ കഥ - ജോയി കള്ളിവയലിൽ എഴുതുന്നു

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

നൂറ്റാണ്ടുകളായി പാലാ അങ്ങാടിയില്‍ നില നിന്നിരുന്ന കുരിശുപള്ളി പുതുക്കി പണിയാന്‍ 1950 ഇൽ പുതുതായി രൂപീകരിച്ച പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് സെബാസ്റ്റ്യൻ വയലില്‍ തിരുമേനി തീരുമാനിച്ചു.

അതിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്യാന്‍ ഭാരതത്തിലെ തന്നെ ഏറ്റവും പ്രമുഖ ബാങ്ക് ആയി ഉയർന്നിരുന്ന പാലാ സെന്‍ട്രല്‍ ബാങ്ക്, വിശേഷിച്ചു അതിന്റെ ഡയറക്ടർ ജോര്‍ജ് തോമസ്‌ കൊട്ടുകാപ്പള്ളി തയാറായി.

മദ്രാസിലെ പ്രമുഖ ആർകിടെക്ട് സ്ഥാപനത്തെ ക്കൊണ്ട് വിശദമായ ഡിസൈൻ തയ്യാറാക്കിച്ചതും എം പി ആയിരുന്ന കൊട്ടുകാപ്പള്ളി തൊമ്മച്ചൻ ആണ്. ളാലം പള്ളിയുടെ താഴെ തന്‍റെ വീടിനോടു ചേര്‍ന്ന് കൂറ്റന്‍ കുരിശുപള്ളി ഉയരുന്നതില്‍ കൊട്ടുകാപ്പള്ളിക്ക് അഭിമാനം ആയിരുന്നു.

കേരളത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ഒന്നാണ് ബിഷപ്‌ വിഭാവനം ചെയ്തത്. മദ്രാസ്സില്‍ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം പൂര്‍ണമായും കരിങ്കല്ലില്‍ പണിയാന്‍ ആണ് ഉദ്ദേശിച്ചത്. അതിനായി തമിഴ് നാട്ടില്‍ നിന്നും വിദഗ്തര്‍ ആയ മേസ്തിരിമാരെയും കൊണ്ട് വന്നു.

വളരെ ആഴത്തില്‍ നിന്ന് തന്നെ അസ്ഥിവാരം പണിതു ഉയര്‍ത്തെണ്ടി വന്നു. ചിലവുകള്‍ നാള്‍ക്കു നാള്‍ വര്‍ധിച്ചു വന്നു. 1960ഇല്‍ പാലാ ബാങ്ക് തകര്‍ന്നതോടെ കൂറ്റന്‍ ചിലവുകള്‍ വഹിച്ചു മുന്‍പോട്ടു കൊണ്ട് പോയിരുന്ന സാമ്പത്തിക സ്രോതസ് ഇല്ലാതായി. പണി പൂര്‍ണമായും സ്തംഭിച്ചു.

വര്‍ഷങ്ങളോളം പാലാ ടൌണില്‍ ഒരു നോക്കു കുത്തി പോലെ നില കൊണ്ട കുരിശുപള്ളിയുടെ നിര്മ്മാണം പൂര്ത്തീകരിക്കാന്‍ രണ്ടു ദശകങ്ങൾ കഴിഞ്ഞു പാലാ രൂപത തീരുമാനിച്ചു. അതിനായി പ്രവര്ത്തിച്ചവര്‍ നിരവധിയാണ്. പുനർ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് കോട്ടയത്തെ പ്രമുഖ ആർകിടെക്ട് ഫിലിപ്പ് മാത്യു കടുതോടിൽ ആണ്.

പാലായിലെ ചെറുപുഷ്പം കൊച്ചേട്ടന്ടെ ഉടമസ്തയില്‍ ഉളള ചെറുപുഷ്പം കണ്സ്ട്രക്ഷന്‍ കമ്പ്നിയുടെ മുഖ്യ എഞ്ചിനീയര്‍ ജോയ് കൊല്ലംപറമ്പില്‍ ആണ് അനേക ടണ്‍ ഭാരം വരുന്ന യേശു പ്രതിമ പള്ളിയുടെ മുകളില്‍ സ്ഥാപിച്ചത്.

ഗാന്ട്രി ക്രൈനുകള്‍ ഒന്നും ഇല്ലാത്ത അക്കാലത്തു ആളുകളെ അത്ഭുതപ്പെടുത്തിയ ഒരു സംഭവം ആയിരുന്നു അത്. പ്രസിദ്ധ സിനിമാ താരം, അകാലത്തില്‍ അന്തരിച്ച മിസ്‌ കുമാരിയുടെ, സഹോദരന്‍ ആയിരുന്നു ജോയി.

പണി പൂർത്തിയാക്കാൻ ഏറ്റവും കൂടുതൽ ധന സഹായം ചെയ്തത് മണർകാട് പാപ്പൻ ആണ്. അതിന് പാപ്പന്‌ മാർഗദർശി ആയത് തൊട്ട് അടുത്ത് ഉള്ള ളാലം പള്ളിയുടെ വികാരി ആയിരുന്ന എബ്രഹാം കൈപ്പൻ പ്ലാക്കൽ അച്ഛൻ ആണ്. കുരിശുപള്ളിയുടെ പൂർത്തീകരണം പാലാക്കാരുടെ മുന്പില്‍ പാപ്പനെ ഒരു ഹീറോ ആക്കി മാറ്റി.

Advertisment