Advertisment

നാട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട്, യൂക്രെയിനിൽ എംബിബിഎസ് വിദ്യാർത്ഥിനി ? ഇതാ ഒരു വലിയ തട്ടിപ്പിന്റെ ചുരുളഴിയുന്നു...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

യൂക്രെയിൻ-റഷ്യ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ പതിനായിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥി കളാണ് അവിടെനിന്നും നാട്ടിലെത്താനാകാതെ യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്നത്..ആഹാരവും പ്രാഥമിക സൗകര്യങ്ങളുമില്ലാത്ത അവരുടെ ദൈന്യാവസ്ഥ അവരോരോരുത്തരും നാട്ടിലേക്കയക്കുന്ന വാട്ട്സ്ആപ്പ് - വീഡിയോ മെസ്സേജുകൾ വഴിയാണ് നമ്മൾ അറിയുന്നത്.

അത്തരത്തിൽ ഒരു മെസ്സേജാണ് ഉത്തർപ്രദേശ് ഭരണാധികാരികളെ ഇപ്പോൾ ആകെ അമ്പരപ്പിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ 'ഹർദോയി' ജില്ലയിലുള്ള 'സാൻഡി' ബ്ലോക്കിൽ "തേരാ പുർസോലി" ഗ്രാമനിവാസിനിയായ വൈശാലി യാദവ് എന്ന ഗ്രാമപ്രധാൻ അഥവാ ഗ്രാമമുഖ്യയാണ് യൂക്രെയിനിലെ ഏതോ രക്ഷാകേന്ദ്രത്തിൽ നിന്ന് തന്നെ രക്ഷിക്കണമെന്ന വീഡിയോ സന്ദേശം അധികാരികൾക്കും മാദ്ധ്യമങ്ങൾക്കുമയച്ചതും അ തുവഴി ഒരു വലിയ തട്ടിപ്പിന്റെ - ആൾമാറാട്ടത്തിന്റെ ചുരുളഴിയുന്നതും.

publive-image

ഇതിലെ യഥാർത്ഥ സംഭവം അധികം വളച്ചുകെട്ടില്ലാതെ വിവരിക്കാം. വൈശാലി യാദവ് കഴിഞ്ഞ മൂന്നു വർഷമായി യൂക്രെയിനിലെ ഖാർക്കീവ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ എംബിബിഎസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി വൈശാലി യൂക്രെയിനിൽനിന്നും നാട്ടിലെത്തി.

വൈശാലിയുടെ പിതാവ് മഹേന്ദ്ര യാദവ് മുൻ 'സാൻഡി' ബ്ലോക്ക് പ്രസിഡന്റും സമാജ്‍വാദി പാർട്ടിയുടെ നേതാവുമാണ്. ആ സ്വാധീനമുപയോഗിച്ചാകാം വൈശാലിക്ക് ഗ്രാമപഞ്ചായത്തിലേക്കുള്ള വനിതാ വാർഡിലെ ടിക്കറ്റ് തരപ്പെടുത്തിയതും അവർ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചതും. വൈശാലി വിദേശത്ത് പഠിക്കുന്നു എന്ന വിവരം മറച്ചുവച്ചാണ് അവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചതുതന്നെ.

publive-image

വൈശാലി യാദവ് 'തേരാ പുർസോലി' ഗ്രാമമുഖ്യയായി അഥവാ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തെര ഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ട് പദവിയും ഇത്തവണ വനിതയ്ക്കായി സംവരണം ചെയ്യപ്പെട്ടതായിരുന്നു.

കുറച്ചുനാൾ ആ പദവി വഹിച്ചശേഷം അവർ വീണ്ടും പഠനത്തിനായി യൂക്രെയിനിലേക്ക് പറന്നു. പിന്നീട് പഞ്ചായത്തിന്റെ ചുമതലയും ബാങ്ക് അക്കൗണ്ടുകളും പിതാവ് മഹേന്ദ്ര യാദവാണ് നടത്തിവന്നത്. ധാരാളം ഫണ്ട് ഈ അക്കൗണ്ടുവഴി അദ്ദേഹം കൈകാര്യം ചെയ്തിരുന്നതായും തെളിഞ്ഞിരിക്കുന്നു.

ഗ്രാമത്തിലെ ശക്തനായ നേതാവും ആരും ചോദ്യം ചെയ്യപ്പെടാത്ത വ്യക്തിത്വവുമായ മഹേന്ദ്ര യാദവിന്റെ നിയമവിരുദ്ധരീതികളും പ്രവർത്തികളും നിർബാധം തുടർന്നുവന്നു. പഞ്ചായത്ത് സെക്രട്ടറിപോലും നിശ്ശബ്ദ നായിരുന്നു. പ്രതിപക്ഷവും കമാന്ന് മിണ്ടിയില്ല.

വൈശാലിയുടെ പേരിൽ പിതാവിൻ്റെ റിമോട്ട് കൺട്രോൾ ഭരണം അങ്ങനെ പൊടിപൊടിക്കുമ്പോഴാണ് അങ്ങകലെ റഷ്യ - യൂക്രെയിനുമേൽ യുദ്ധം അടിച്ചേൽപ്പിക്കുന്നതും യൂ.പിയിലെ തേരാ പുർസോലി ഗ്രാമമുഖ്യ വൈശാലി യാദവ് ഖാർകീവിലെ ഏതോ ബങ്കറിൽ അഭയം പ്രാപിക്കുന്നതും അവിടെനിന്നും വീഡിയോ സന്ദേശം നാട്ടിലേക്കയക്കുന്നതും. അങ്ങനെയാണ് വൈശാലിയുടെയും പിതാവിന്റെയും തട്ടിപ്പുകൾ പുറംലോകവും അധികാരികളും അറിയുന്നത്.

ഹർദോയി ജില്ലാ കളക്ടർ ആകാംഷാ റാണ ഇതുമായി ബന്ധപ്പെട്ട അന്വേഷത്തിനുത്തരവിട്ടിരിക്കുകയാണ്. അതുകൂടാതെ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരുടെ ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു.

വൈശാലി ഗ്രാമമുഖ്യയായി തെരഞ്ഞെടുക്കപ്പെട്ടശേഷവും എങ്ങനെയാണ് യൂക്രെയിനു പോയതെന്നും അത് മറ്റാരുമറിയാതെ അതിപ്രധാനമായ ഗ്രാമപ്രധാന്റെ പദവി നിയമവിരുദ്ധമായി അവരുടെ പിതാവ് എങ്ങനെ കൈകാര്യം ചെയ്തിരുന്നുവെന്നുമുള്ളത് അതീവ ഗുരുതരമായ വിഷയമാണെന്നും കളക്ടർ പറഞ്ഞു.

ഏറ്റവും പുതിയ വിവരമനുസരിച്ച് വൈശാലി യാദവ് ഇപ്പോൾ യൂക്രെയിനിൽനിന്നും റൊമാനിയയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നതാണ്. ഇന്ന് രാത്രി അവർ ഡൽഹിക്ക് വിമാനം കയറുമെന്നാണ് പ്രതീക്ഷ. അവർ എത്തിയശേഷം അച്ഛനും മകളും ചേർന്ന് നടത്തിയ ഈ തട്ടിപ്പുകളുടെ കൂടുതൽ ചുരുളുകഴിയുമെന്ന പ്രതീക്ഷയിലാണ് നാടും നാട്ടുകാരും.

വൈശാലി അയച്ച വീഡിയോ കാണുക:

Advertisment