Advertisment

മണ്ണ്,ആറ്,കാട് മണ്ണാർക്കാടിന്റെ സാംസ്കാരിക അർത്ഥവൈവിധ്യം

author-image
ജൂലി
Updated On
New Update

publive-image

Advertisment

ചരിത്രം എന്നത് പോയ കാലത്തെ അടയാളപ്പെടുത്തൽ കൂടിയാണ്. വാമൊഴിയായും വരമൊഴിയായും ചരിത്രം ഇവിടെ നിലനിൽക്കുന്നുണ്ട്.അത് കണ്ട് പിടിക്കുകയും ചില ഗവേഷണ കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്യുക ധീര പ്രവൃത്തിയാണ്. അത്തരത്തിൽ ഒരു പോരാട്ടമാണ് ആഷിക് എടത്തനാട്ടുകര നടത്തിയിരിക്കുന്നത്. അതിൽ വിജയിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. 'മണ്ണാർക്കാടിൻ്റെ ഇന്നലെകൾ പ്രാദേശിക ചരിത്രം' എന്ന 230 പേജുള്ള പുസ്തകം അങ്ങനെ സ്വയം ചരിത്രമായിരിക്കുകയാണ്. മണ്ണ്, ആറ്, കാട് എന്നീ പദങ്ങൾ ചേർന്ന് മണ്ണാർക്കാട് എന്ന പേര് ഉണ്ടായി എന്നത് തൊട്ട് അട്ടപ്പാടി, തിരുവിഴാംകുന്ന്, അലനല്ലൂർ, പാലക്കടവ്, ഉണ്ണിയാൽ, കൊടിയംകുന്ന്, മുണ്ടക്കുന്ന്, തുടങ്ങിസ്വദേശമായ എടത്തനാട്ടുകരക്ക് ആ പേര് വന്ന കാര്യവും ആഷിക് രേഖപ്പെടുത്തുന്നുണ്ട്.

ചരിത്ര പഠനത്തിന് ആമുഖം തൊട്ട് ചരിത്രാതീത കാലത്തെ മണ്ണാർക്കാടും കുടിയേറ്റവും സ്ഥലനാമചരിത്രവും സൈലൻ്റ് വാലിയും അട്ടപ്പാടിയും അധിനിവേശ വിരുദ്ധ സമരവും രാഷ്ട്രീയവും വിദ്യാഭ്യാസവും കലയും ഭക്തിപ്രസ്ഥാനങ്ങളും സംസ്കാരവും വ്യക്തികളും ടൂറിസവും ദുരന്തങ്ങളും ബുക്കിൽ ഇടം പിടിക്കുന്നു.പുതു തലമുറക്ക് അന്യമായി കൊണ്ടിരിക്കുന്ന ചരിത്ര വസ്തുതകളെ പുനരവത രിപ്പിക്കുകയാണ് ഇവിടെ.

15 അധ്യായങ്ങളിൽ ഒന്ന് ചരിത്രം ചിത്രങ്ങളിൽ എന്ന ഇനമാണ്,ഇത് വായന എളുപ്പമാക്കുന്നു. ഇതിന് പുറമെ വേറിട്ട അപൂർവ ചിത്രങ്ങളും ഉണ്ട്.നമുക്ക് ചുറ്റുമുള്ള വ്യക്തികളും കടന്ന് വരുന്നുണ്ട്.

എം ഇ എസ് കല്ലടി കോളേജ് പ്രസിദ്ധീകരിച്ച ഈ ബുക്കിന് മണ്ണാർക്കാടിൻ്റെ സ്വകാര്യ അഹങ്കാരം, മുമ്പ് ഈ ചരിത്രമെഴുതുക കൂടി ചെയ്ത കെ പി എസ് പയ്യനെടത്തിൻ്റെ മനോഹരമായ അവതാരിക മാറ്റുകൂട്ടുന്നു. ചരിത്രം പെട്ടന്ന് വായിച്ച് തീർക്കാനുള്ളതല്ല, പഠിച്ച് ഓർമയിൽ സൂക്ഷിക്കാൻ ഉള്ളത് കൂടിയാണ്. നമ്മുടെ പൂർവികർ താമസിച്ച ഗ്രാമത്തിന്റെയോ നാട്ടുപ്രദേശത്തിന്റെയോ പ്രാദേശിക ചരിത്രം പരിശോധിക്കുക, അവരുടെ ജീവിതം എങ്ങനെയുണ്ടെന്ന് മനസിലാക്കുന്നതിലും അവരുടെ വ്യക്തിപരമായ ചരിത്രഗതിയെ സ്വാധീനിക്കുന്ന ആളുകളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും മനസ്സിലാക്കാനുള്ള ഒരു വലിയ ചുവടുവെപ്പാണ് ഏതൊരു ചരിത്ര വായനയും. ഓരോ പ്രദേശത്തിന്റെയും ചരിത്രവും സംസ്‌കാരവും പുതു തലമുറക്ക് അറിയാനും പഠിക്കാനും പ്രാദേശിക ചരിത്ര പഠനങ്ങള്‍ക്ക് അവസരമുണ്ടാകണം.ഈ അർത്ഥത്തിൽ മണ്ണാർക്കാടിൻ്റെ ഇന്നലെകൾ എന്ന പുസ്തകത്തിന് പ്രാദേശിക ചരിത്രത്തിൽ ചെറുതല്ലാത്ത ഇടമുണ്ട്.

Advertisment