Advertisment

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമായ ബംഗാളിലെ രാംപൂർഹട്ടിൽ എന്താണ് നടന്നത് ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ബംഗാളിലെ രാംപൂർഹട്ടിൽ എന്താണ് നടന്നത് ? അതിനുമുൻപ് രാംപൂർഹട്ട് എന്ന ഗ്രാമത്തെപ്പറ്റി അറിയേണ്ടതുണ്ട്. ബീർഭും ജില്ലയിലുള്ള രാംപൂർഹട്ടും ചുറ്റുമുള്ള ഗ്രാമങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമാണ്.

തടി, മണൽ, കരിങ്കല്ല് എന്നിവ നിയമവിരുദ്ധമായി കടത്തുന്ന ജോലിയിൽ ഈ ഗ്രാമങ്ങളിലെ ഓരോ വീടുകളിലെയും കുറഞ്ഞത് ഒരാളെങ്കിലും ഉൾപ്പെട്ടിട്ടുണ്ടാകും. മണൽ, കരിങ്കല്ല് ഖനനവും അനധികൃതമായാണ് നടക്കുന്നത്.

publive-image

ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളായി തുടരുന്ന ഈ പ്രവർത്തനങ്ങൾക്ക് പോലീസിന്റെ ഒത്താശയും സംരക്ഷണവും ലഭിക്കുന്നുമുണ്ട്. സർക്കാരുകൾ മാറി മാറിവന്നാലും ഇവിടെ ഈ രീതിക്കൊരു മാറ്റവുമുണ്ടാകില്ല. അത് അനസ്യൂതം ഒരു തടസ്സവുമില്ലാതെ തുടരുകതന്നെചെയ്യും.

publive-image

ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇപ്പോഴത്തെ അക്രമങ്ങൾക്കും കൊലയ്ക്കും കൊള്ളിവയ്പ്പിനും കാരണമായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പഞ്ചായത്ത് ഉപാദ്ധ്യക്ഷനും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഭാദൂ ഷേഖിനെ ഒരുപറ്റമാളുകൾ നിഷ്ടൂരമായി കൊലപ്പെടുത്തിയതിനു പ്രതികാരമായി മണിക്കൂറുകൾക്കുള്ളിൽ ഭാദൂ ഷേഖിന്റെ അനുയായികൾ ഗ്രാമത്തിലെ നിരവധി വീടുകൾക്ക് തീയിടുകയും സ്ത്രീകളും കുട്ടികളുമടക്കം 8 പേർ കൊല്ലപ്പെടുകയും ചെയ്തു. അക്രമങ്ങളെത്തുടർന്ന് ഭാദൂ ഷേഖിന്റെ 2 അനുചരരും കൊല്ലപ്പെട്ടു.

publive-image

ഇതേത്തുടർന്ന് ഗ്രാമം ഇപ്പോൾ പോലീസ് വലയത്തിലും കവലിലുമാണ്. ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും പലായനം ചെയ്തു. ഭീതി വിട്ടൊഴിയാതെ ഇപ്പോഴും നിരവധി കുടുംബങ്ങൾ അവിടെത്തന്നെ കഴിയുകയാണ്.

publive-image

വിഷയം ഭരണ പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയ ആയുധമാക്കി മാറ്റിക്കഴിഞ്ഞു. ഗ്രാമത്തിലെത്തിയ മുഖ്യമന്ത്രി മമതാ ബാനർജി മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതവും വീട് കത്തിപ്പോയവർക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50000 രൂപ വീതവും നല്കിയതുകൂടാതെ മരണപ്പെട്ട 10 പേരുടെയും കുടുംബങ്ങളിലെ ഓരോ വ്യക്തിക്ക് സർക്കാർ ജോലി നൽകുമെന്നും പ്രഖ്യാപിച്ചു.

എന്നാൽ ക്രമസമാധാന നില തകർന്ന ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ.

Advertisment