Advertisment

അടുക്കളയിൽനിന്നും ആമാശയത്തിലേക്ക്... കഴിഞ്ഞ 18 മാസത്തിനുള്ളിൽ പാചകവാതകവില വർദ്ധിച്ചത് 400 രൂപയിൽ അധികം ! കോവിഡ് മഹാമാരിയുടെ മറവിൽ സബ്‍സിഡിയും എടുത്തുകളഞ്ഞു. മറ്റൊന്നും തന്നില്ലെങ്കിലും കുറഞ്ഞപക്ഷം കാലാകാലങ്ങളായി നിൽനിന്നുവന്ന സബ്‌സിഡിയെങ്കിലും തുടർന്ന് നൽകാനുള്ള ദയ സർക്കാർ കാണിച്ചിരുന്നെങ്കിൽ...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

സാധാരണക്കാരും സാധുക്കളും എങ്ങനെ ജീവിക്കും ? ആവലാതി ആരോട് പറയാൻ ? കഴിഞ്ഞ 18 മാസത്തിനുള്ളിൽ പാചകവാതകവില വർദ്ധിച്ചത് 400 രൂപയിൽ അധികം... കോവിഡ് മഹാമാരിയുടെ മറവിൽ സബ്‍സിഡിയും എടുത്തുകളഞ്ഞു.

കോവിഡ് കാലത്ത് ജനം ജോലിയും കയ്യിൽ പണവുമില്ലാതെ ജീവിക്കാനായി നെട്ടോട്ടം പാഞ്ഞപ്പോൾ അവരെ സഹായിക്കുന്നതിനുപകരം അവർക്ക് ആശ്വസകരമായിരുന്ന എല്ലാ സബ്‌സിഡികളും ആനുകൂല്യങ്ങളും സർക്കാർ അവസാനിപ്പിച്ചു. ഇത് വലിയ അനീതിയായിപ്പോയി.

തക്കം പാർത്തിരുന്നതുപോലെ സബ്‌സിഡികളും ആനുകൂല്യങ്ങളും അവസാനിപ്പിക്കാൻ സർക്കാരിന് കോവിഡ് അവസരമായി മാറിയതുപോലെ. പാചക ഇന്ധനവില ഇത്രയേറെ കുതിച്ചുയർന്നിട്ടും സബ്സിഡിയെങ്കിലും നൽകാത്തത്ത് ക്രൂരതയാണ്.

ഏതു പാർട്ടി ഭരിച്ചാലും കോരന് കഞ്ഞി കുമ്പിളിൽ എന്ന് പറഞ്ഞ അവസ്ഥയാണ് നമ്മുടെ രാജ്യത്ത്. അസത്യങ്ങളും അവസരവാദങ്ങളും പ്രചരിപ്പിച്ച് അധികാരത്തിലെത്തുന്ന എല്ലാ പാർട്ടികളും ഒരുതര ത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ജനത്തെ പറ്റിക്കുകയാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ആ അനുഭവമാണ് ജനത്തിനുണ്ടായിട്ടുള്ളത്.

ഭരണപ്രതിപക്ഷങ്ങൾ പരസ്പ്പരം ചെളിവാരിയെറിയുമെങ്കിലും നയപരമായി ഇവർ തമ്മിലൊന്നും കാതലായ ഒരു വ്യത്യാസവുമില്ല. ഉണ്ടായിരുന്നെങ്കിൽ നമ്മുടെ വിദേശകാര്യനയത്തിൽ ശ്രദ്ധേയമായ മാറ്റമുണ്ടാകുമായിരുന്നു. ആ നയം കാലാനുസൃതമായി മാറേണ്ടതും അത്തരം മാറ്റം അനിവാര്യവുമാണ്‌.

ജർമ്മനികൾക്ക് അവരെ തമ്മിൽ അകറ്റിയ ഒരു വന്മതിൽ നിഷ്പ്രയാസം പിഴുതെറിയാനും ഒന്നാകാനും കഴിഞ്ഞെങ്കിൽ നമുക്കെന്തുകൊണ്ട് അയൽരാജ്യങ്ങളുമായി സൗഹൃദമെങ്കിലും നിലനിർത്താൻ കഴിയുന്നില്ല ? അതു സാദ്ധ്യമാകുകവഴി വർദ്ധിച്ചുവരുന്ന ആയുധമത്സരം ഒഴിവാക്കാവുന്നതും ആ പണം രാജ്യപുരോഗതിക്കായി വിനിയോഗിക്കുകയും ചെയ്യാവുന്നതാണ്.

ചൈനയും പാക്കിസ്ഥാനുമായുള്ള നമ്മുടെ ബന്ധം സൗഹാർദ്ദപരമായി മാറാത്തിടത്തോളം കാലം നമ്മുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ആയുധവിപണിയിലേക്കൊഴുക്കേണ്ട അവസ്ഥയാണ്.

ചൈനയും പാക്കിസ്ഥാനുമായുള്ള തർക്കങ്ങൾ പരിഹരിച്ചാൽ ആയുധമത്സരത്തിൽ ചെലവാക്കുന്ന ഭീമമായ തുക രാജ്യത്തെ ദാരിദ്ര്യനിർമ്മാർജ്ജനത്തിനായി ഉപയോഗിക്കാനാകും.. ഇന്ന് സൗദി അറേബ്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നത് ഇന്ത്യയാണ്.

അയൽ രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാനും അതുവഴി രാജ്യസമാധാനം ഉറപ്പുവരുത്താനുമുള്ള ഒരു വിദേശനയവും നമ്മുടെ സർക്കാരുകൾ അനുവർത്തിച്ചു കാണുന്നില്ല. ഇക്കാര്യത്തിൽ എല്ലാ സർക്കാരുകളും മിക്ക രാഷ്ട്രീയ പാർട്ടികളും ഒരേ തൂവൽ പക്ഷികളാണ്.

പാചകവാതക ഗ്യാസ് വില കഴിഞ്ഞ 2020 നവംബറിൽ 594 രൂപയായിരുന്നത് 18 മാസം കൊണ്ടാണ് 999.50 രൂപയായി കുതിച്ചുയർന്നിരിക്കുന്നത്. വിലവർദ്ധനയിലും തൊഴിലില്ലായ്മയിലും നട്ടം തിരിയുന്ന ജനത്തിന് ഇതിൽപ്പരം തിരിച്ചടി വേറെയുണ്ടോ ?

മറ്റൊന്നും തന്നില്ലെങ്കിലും കുറഞ്ഞപക്ഷം കാലാകാലങ്ങളായി നിൽനിന്നുവന്ന സബ്‌സിഡിയെങ്കിലും തുടർന്ന് നൽകാനുള്ള ദയ സർക്കാർ കാണിച്ചിരുന്നെങ്കിൽ...

Advertisment