Advertisment

"കുറ്റം ചെയ്ത പൊലീസുകാരെ ശിക്ഷിച്ചില്ലെങ്കിൽ മേലു ദ്യോഗസ്ഥർക്കെതിരേ നടപടി വരും - ഹൈക്കോടതി" കേരളസംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) ഒരു തുറന്ന കത്ത്...

New Update

publive-image

Advertisment

"കുറ്റം ചെയ്ത പൊലീസുകാരെ ശിക്ഷിച്ചില്ലെങ്കിൽ മേലു ദ്യോഗസ്ഥർക്കെതിരേ നടപടി വരും - ഹൈക്കോടതി" മേൽപ്രതിപാദിച്ചിട്ടുള്ള ബഹു. കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അങ്ങേയ്ക്ക് ഈ തുറന്ന കത്തെഴുതാൻ ഞാൻ നിർബന്ധിതമായത്.. കുറ്റം മാത്രമല്ല, തെറ്റുചെയ്യുന്ന പോലീസുദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടുകളാണ് പല പോലീസധികാരികളും ചെയ്യുന്നത്. ഇക്കാര്യത്തിൽ ഒരു റിവ്യൂ സമിതി രൂപീകരിക്കേണ്ടത് അനിവാര്യമാണ്. ഈ പ്രവണത അവസാനിപ്പിക്കാനുള്ള ആദ്യചുവടാകട്ടെ ആ നീക്കം.

പോലീസ് കംപ്ലയിന്റ് അതോറിറ്റി വെറും നോക്കുകുത്തിയാണ്. അവർക്ക് കാര്യപ്രസക്തമായ അധികാരങ്ങൾ ഒന്നുമില്ല. ഹിയറിംഗ് അവധികൾക്ക് കുറ്റാരോപിതരായ പോലീസുദ്യോഗസ്ഥർ പലപ്പോഴും ഹാജരാകാറില്ല. അങ്ങനെ ഹാജരായില്ലെങ്കിൽ നടപടിയെടുക്കാൻ കഴിയുന്നില്ല. കരാർ അടിസ്ഥാനത്തിൽ നിയമിതരാകുന്ന റിട്ടയേർഡ് ജഡ്ജിമാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ അവർക്ക് മേൽനടപടികൾക്ക് അധികാരമില്ലെന്നു വേണം അനുമാനിക്കാൻ.

ഈ വിഷയത്തിൽ കുറഞ്ഞപക്ഷം പോലീസ് കംപ്ലയിന്റ് അതോറിറ്റി നൽകുന്ന നിർദ്ദേശങ്ങൾ / ഉത്തരവുകൾ ഒക്കെ സമയക്രമമായി നടപ്പാക്കുന്നുണ്ട് എന്നുറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ ആ ഒരു വ്യവസ്ഥിതിതന്നെ അർത്ഥശൂന്യമാണ്.

പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ആര്‍ടിഐ ആക്ട് പ്രകാരം ആവശ്യപ്പെട്ടാൽ ലഭിക്കാറില്ല. പൊലീസിനെതിരായ ദൃശ്യങ്ങളുണ്ടെങ്കിൽ അവരതു നശിപ്പിച്ചിരിക്കും. അവ വീണ്ടെടുക്കാൻ മേലധികാരികൾക്ക് പരാതി നൽകിയാലും ഒരു രക്ഷയുമില്ല. അതുകൊണ്ട്, പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ ഡിജിപിയുടെ അല്ലെങ്കിൽ ജില്ലാ പോലീസ് മേധാവിയുടെ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കണം.

എല്ലാ പെറ്റിക്കേസുകൾക്കും പോലീസ് തന്നെ ഡിജിറ്റൽ തെളിവുകൾ ഉറപ്പാക്കണം. മദ്യപിച്ചവരെ കൃത്യമായി ആശുപത്രിയിൽ കൊണ്ടുപോയി രക്തപരിശോ ധനനടത്തിയശേഷം മാത്രമേ കേസ് ചാർജ് ചെയ്യാൻ പാടുള്ളു. ബ്രീത്ത് അനലൈസർ (ഊതിക്കുന്ന രീതി) പാടില്ലെന്ന് ഹൈക്കോടതി പലതവണ വ്യക്തമാക്കി യിട്ടുണ്ട്. ഇത്തരം പെറ്റിക്കേസുകളിലാണ് പോലീസിന്റെ ഭാഗത്തുനിന്നും ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

മനുഷ്യന്റെ അന്തസിനെ കെടുത്തുന്ന പെരുമാറ്റമാണ് ഇപ്പോഴും പല പൊലീസുകാരും നടത്തുന്നത്. തെറിവിളിക്കാതെ വർത്തമാനം പറയില്ല. എടാ പോടാ വിളികൾ അവകാശം പോലെയാണ്. അദ്ധ്യാപകർപോലും കുട്ടികളെ ഇക്കാലത്ത് എടാ പോടാ എന്ന് വിളിക്കാറില്ല. പൊലീസ് മുതിർന്നവരോടു പോലും യാതൊരു ബഹുമാനവുമില്ലാതെ പെരുമാറുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

70, 80, 90 കളിലെ കാര്യമല്ല ഇത്. ഇപ്പോൾ ഈ 21-ാം നുറ്റാണ്ടിലും സ്ഥിതി മാറിയിട്ടില്ല. പോലീസിനെപ്പറ്റിയുള്ള പരാതികൾ ഐപിഎസ് തലത്തിലുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കണം. പോലീസിനെതിരേ പരാതി നൽകുന്നവരെ അവർ വ്യാജക്കേസുകളിൽ കുടുക്കുന്ന സംഭവങ്ങൾ അനവധിയാണ്. അത് അതീവ ഗുരുതരമായ വിഷയമായതിനാൽ അത്തരം കേസുകൾ റിട്ടയേഡ് ജഡ്ജിമാർ തന്നെ അന്വേഷിക്കേണ്ടതാണ്.

കുറ്റക്കാരെന്ന് തെളിഞ്ഞാൽ അവരെ സർവീസിൽ നിന്നും പിരിച്ചുവിടുന്നതോടൊപ്പം അവർക്കെതിരേ പദവി ദുരുപയോഗം ചെയ്ത് ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും വേണം.

സർ, പോലീസ് സേനയിൽ നിന്ന് മാന്യമായ പെരുമാറ്റവും കൃത്യമായ ഇടപെടലുകളുമാണ് നീതിനിർവഹണവു മായി ബന്ധപ്പെട്ട് സമൂഹം ആഗ്രഹിക്കുന്നത്. പോലീസ് സ്റേഷനിലെത്തുന്നവരെല്ലാം ക്രിമിനലുകളാണെന്ന ധാരണ വച്ചുപുലർത്തുന്ന കുറേ പോലീസുകാരെങ്കിലുമുണ്ട്. അവരാണ് സേനയിലെ പുഴുക്കുത്തുകൾ.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ ചൂണ്ടിക്കാണിക്കുമ്പോൾ മുഴുവൻ പോലീസ് സേനയെയും അധിക്ഷേപിച്ചുവെന്നും പോലീസ് സേനയുടെ മനോവീര്യം തകർക്കുന്നുവെന്നും മറ്റുമുള്ള ബോധപൂർവ്വമായ ചില വളച്ചൊടിക്കലുകൾ തീർത്തും അസംബന്ധമാണ്. മികച്ച നീതിനിർവഹണം സമൂഹം എന്നും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

നമ്മുടെ സൈനികരുടെയും പോലീസ് സേനയുടെയുമൊന്നും മനോവീര്യം തകർക്കാൻ ആർക്കുമാകില്ല. അവർക്കു ലഭിക്കുന്ന ഉന്നത പരിശീലനം അത്തരത്തി ലുള്ളതാണ്. അതാണ് പോലീസ് അവരുടെ ലോഗോയിൽ പ്രതിപാദിക്കുന്നത് " മൃദു ഭാവേ ദൃഡ കൃത്യേ" (സൗമ്യഭാവത്തോടെ ഉറച്ച കൃത്യനി ർവഹണം). മേൽ പ്രതിപാദിച്ച വിഷയങ്ങളിൽ അങ്ങയുടെ ഭാഗത്തു നിന്നും ഉചിതമായ നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊള്ളുന്നു..

വിശ്വസ്തതയോടെ,

(ഒപ്പ്)

ടി. പ്രകാശ് നായർ

മണിമന്ദിരം,

അമ്പലനിരപ്പ് പി.ഓ, തലവൂർ,

കൊല്ലം ജില്ല. പിൻ. 691508

Advertisment