Advertisment

ആറു പതിറ്റാണ്ടു മുമ്പും മിക്സഡായും ഇടകലര്‍ന്നിരുന്നും പഠിച്ചവരിവിടുണ്ട്. അവരാരും സ്വയംഭോഗത്തിന്‍റെയും സ്വവര്‍ഗരതിയുടെയും പിന്നാലെ പോയവരല്ല. കേരളത്തില്‍ പൊതുവിദ്യാഭ്യാസം കാലങ്ങളായി ചിലരുടെ മാത്രം താളത്തിനൊത്താണ് സഞ്ചരിക്കുന്നത്. മറ്റുള്ളവര്‍ അത് സഹിക്കേണ്ടി വരുന്നു. മാറ്റം വേണം. അതിന് ആര്‍ജ്ജവവും വേണം - പ്രതികരണം

New Update

publive-image

Advertisment

കാലാനുസൃതമായ വിദ്യാഭ്യാസരീതി തലമുറകൾക്ക് പകർന്നുനൽകേണ്ടത് ഭരണസംവിധാനത്തിൻ്റെ ഉത്തരവാദി ത്വമാണ്. ഏതെങ്കിലും സങ്കുചിത മനഃസ്ഥിതിക്കാരുടെ വിവരക്കേടിനനുസരിച്ചു സർക്കാർ നിലകൊള്ളുന്നത് ഭാവി തലമുറയോട് ചെയ്യുന്ന കടുത്ത അനീതിയാണ്.

പെൺകുട്ടികളും ആൺകുട്ടികളും ഒപ്പമിരുന്നു പഠിച്ച മിക്സഡ് ക്ലാസ്സിൽ 1960 കളിൽ പഠിച്ച വ്യക്തിയാണ് ഞാൻ. അതുമൂലം ഞങ്ങളാരും സ്വയംഭോഗവും സ്വവർഗ്ഗരതിയും നടത്തിയിരുന്നില്ല. അക്കാലത്തൊന്നും ശരിയായ രീതിയിൽ ലൈംഗിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല എന്നതുകൂടാതെ അതിനുള്ള അനുവാദവും അക്കാലത്തില്ലായിരുന്നു.

ലൈംഗിക രോഗങ്ങളും അതിക്രമങ്ങളും തടയുന്നതിന് ഫലപ്രദമായ ലൈംഗിക വിദ്യാഭ്യാസം സ്‌കൂൾ സിലബസ്സിൽ ഉൾപ്പെടുത്തേണ്ടതുതന്നെയാണ്. താല്പര്യമില്ലാത്തവർ ആ ക്ലാസ്സുകളിൽ പോകാതിരുന്നാൽ പോരേ. അതുപോലെ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനും ഗർഭധാരണം, ശാരീരിക മാറ്റങ്ങൾ, ലൈംഗികാരോഗ്യം എന്നിവയെപ്പറ്റി യുവതലമുറയിൽ അവബോധം വളർത്തുന്നതിനും ഇത്തരം ക്‌ളാസ്സുകൾ അനിവാര്യമാണ്.

മിക്സഡ് ക്ലാസ്സുകൊണ്ടുള്ള നേട്ടം മത്സരബുദ്ധിയോടെ പഠിക്കാനാകും എന്നതാണ്. എന്നും പെൺകുട്ടികൾ പഠനത്തിൽ മുൻപിലായതിനാൽ അവരെക്കാൾ മുന്നിലെത്തണമെന്ന വാശി പല ആൺകുട്ടികൾക്കുമുണ്ടാകും. കൂടാതെ പരസ്പര സങ്കോചവും മനസികപിരിമുറുക്കവും ഇല്ലാതാകാനും ഇത് സഹായിക്കും.

ഇവിടെ ഒരു വിഭാഗക്കാരുടെ കണ്ണുരുട്ടലും ഭീഷണിയും മൂലം പൊതുവിദ്യാഭ്യാസം അവർക്കനുകൂലമായി മാറ്റപ്പെടുന്നു. കാലങ്ങളായി മറ്റു വിഭാഗങ്ങൾ ഇത് സഹിക്കാൻ നിർബന്ധിതരാകുകയാണ്. മറ്റു സമുദായങ്ങളുടെയും പൊതുജനങ്ങളുടെയും സ്ത്രീ സമൂഹത്തിന്റെയും അഭിപ്രായമാനുസരിച്ചാകണം സർക്കാർ കാലാനുസൃതമായ പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കേണ്ടത്. പുതിയ കരിക്കുലം അനുസരിച്ചുള്ള നടപടികളുമായി മുന്നോട്ടുപോകാനായുള്ള ആർജ്ജവം സർക്കാരിനുണ്ടാകണം.

സമസ്തയും മുസ്‌ലിം ലീഗും ലൈംഗിക വിദ്യാഭ്യാസവും മിക്സഡ് ക്ലാസ്സുകളും എതിർക്കുന്നുവെങ്കിൽ അവർ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങൾ അവർക്കനുയോജ്യമായ രീതി പിന്തുടരട്ടെ. മറ്റുള്ളവരെ എന്തിനാണ് ബലിയാടുകളാക്കുന്നത്.

സ്ത്രീകൾക്കും മറ്റുമതസ്ഥർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നല്കാത്തവർ എങ്ങനെയാണ് മതേതര കക്ഷിയാകുന്നത്. ഇപ്പോൾ പുതിയ വിദ്യാഭ്യാസ കരിക്കുലത്തെയും ഇവർ എതിർക്കുകയാണ്. നോക്കുക പെൺകുട്ടികൾ എങ്ങനെ പഠിക്കണമെന്ന് ഇവരാണ് വിധിയെഴുതുന്നത് ? മതപരമായ പഠന ക്ലാസ്സുകളിൽ ഈ നിബന്ധനകളൊക്കെ പാലിക്കുന്നതിൽ ആർക്കും ഒരു വിരോധവുമില്ല. എന്നാൽ പൊതുവിദ്യാഭ്യാസത്തെ മതപരമായ ചട്ടക്കൂടിലേക്ക് മാറ്റാൻ നിർബന്ധിക്കുന്നത് ശരിയായ പ്രവണത അല്ല.

കേരളത്തിൽ കാലങ്ങളായി മുസ്‌ലിം ലീഗാണ് വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ആ രീതി ശരിയല്ലെന്ന പക്ഷക്കാരാണ് ഭൂരിഭാഗവും. ഇക്കാലയളവിൽ അനുവദിക്കപ്പെട്ടിട്ടുള്ള സ്‌കൂളുകൾ, എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, നിയമനങ്ങൾ എന്നിവയെപ്പറ്റി ഒരു ധവളപത്രം പുറത്തിറക്കാൻ സർക്കാർ തയ്യാറാകേണ്ടതാണ്.

വിദ്യാഭ്യാസം ആരുടേയും ഔദാര്യമല്ല, അവകാശമാണ്. അത് ഏതുതരത്തിലാകണമെന്നും കാലാനുസൃതമായി എന്തെല്ലാം മാറ്റങ്ങൾ അനിവാര്യമാണെന്നും തീരുമാനിക്കേണ്ടത് വിദ്യാഭ്യാസപണ്ഡിതന്മാരും ഗവേഷകരുമാണ്. മതപുരോഹിതന്മാരും രാഷ്ട്രീയക്കാരും ഇതിൽ ഇടപെടേണ്ട കാര്യമേയില്ല, തീർത്തും.

Advertisment