Advertisment

വിവരാവകാശ കമ്മീഷൻ പരാതികളും അപ്പീലുകളും അതീവഗൗരവത്തോടെ പരിഗണിക്കുന്നു ! വളരെയേറെ പ്രതീക്ഷയും ആവേശവും പകരുന്നതാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ ഇപ്പോൾ കൈക്കൊള്ളുന്ന ശക്തമായ നടപടികളും തീരുമാനങ്ങളും...

New Update

publive-image

Advertisment

വിവരാവകാശ കമ്മീഷൻ പരാതികളും അപ്പീലുകളും അതീവഗൗരവത്തോടെ പരിഗണിക്കുന്നു. സർക്കാർ വകുപ്പുകളിൽ നമ്മൾ സമർപ്പിക്കുന്ന വിവരാവകാശനിയമം 2005 പ്രകാരമുള്ള അപേക്ഷകളിൽ കൃത്യമായ മറുപടിയോ അർഹമായ പരിഗണനയോ പലപ്പോഴും എസ്‌പിഐഒമാരിൽ നിന്നോ മേലധികാരികളിൽ (ഒന്നാം അപ്പീൽ അധികാരി) നിന്നോ ലഭിക്കാറില്ല.

ഇന്ത്യൻ പാർലമെന്റിനും നിയമസഭകൾക്കും ലഭ്യമാക്കുന്ന എല്ലാ വിവരങ്ങളും രേഖകളും വിവരാവകാ ശനിയമം 2005 പ്രകാരം രാജ്യത്തെ ഏതൊരു പൗരനും ലഭിക്കാനുള്ള അവകാശമുണ്ടെന്നത് പല എസ്‌പിഐഒമാർക്കും ഒന്നുകിൽ അറിയില്ല, അല്ലെങ്കിൽ അവർ അത് മനപ്പൂർവ്വം മറച്ചുവയ്ക്കുന്നു. ഇതാണ് വ്യക്തമായ നീതിനിഷേധം.

വിവരവകാശനിയമത്തെ വളരെ ലാഘവത്തോടെയും വിലകുറച്ചുമാണ് പല വകുപ്പ് മേധാവികളും നോക്കിക്കാണുന്നതെന്ന്‌ ഈ രംഗത്തെ എൻ്റെ 5 വർഷക്കാലത്തെ അനുഭവം കൊണ്ട് ബോദ്ധ്യമായതാണ്.

വിവരാവകാശ കമ്മീഷന് ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താനും പിഴ വിധിക്കാനുമുള്ള തനതായ അധികാരങ്ങളുണ്ട്.അത് പലപ്പോഴും കമ്മീഷൻ പ്രയോഗിക്കാറില്ല. ഇതാണ് ഈ നിയമത്തെ ധിക്കരിക്കാൻ എസ്‌പിഐഒമാരെ പ്രേരിപ്പിക്കുന്ന ഘടകം.

publive-image

മദ്ധ്യപ്രദേശിൽ ഒരു മുൻസിപ്പൽ കമ്മീഷണർ വിവരാവകാശ കമ്മീഷനു മുന്നിൽ ഹാജരാകാനുള്ള നിർദ്ദേശം തുടർച്ചയായി പാലിക്കാതിരുന്നതിനെത്തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ കമ്മീഷൻ പോലീസ് മേധാവിക്ക് ഉത്തരവ് നൽകിയതോടെയാണ്‌ വിവരാവകാശ കമ്മീഷന്റെ ഗൗരവം രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ടത്. ഈ നടപടി മറ്റുള്ള സംസ്ഥാന കമ്മീഷനുകളെയും ഉറപ്പായും സ്വാധീനിച്ചിരിക്കാം.

അടുത്തിടെ വിവരാവകാശ നിയമപ്രകാരം ഞാൻ സമർപ്പിച്ച ഒരു അപേക്ഷയിൽ വളരെ ലജ്ജാകരമായ ഒരു മറുപടിയാണ് ഒരു എസ്‌പിഐഒ എനിക്ക് നൽകിയത് എന്ന് പറയാതെ തരമില്ല.

"രേഖകൾ കാണാനില്ല, കണ്ടുകിട്ടിയാൽ തരാം. റിട്ടയർ ആയിപ്പോയ വ്യക്തി രേഖകൾ തന്നില്ല, കെട്ടിടം മെയിന്റനൻസ് ചെയ്തപ്പോൾ മുതൽ രേഖകൾ കാണുന്നില്ല " ഇതൊക്കെയായിരുന്നു വളരെ നിരുത്തരവാദപരമായി ഒരു സ്റ്റേറ്റ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസറിൽ നിന്നും എനിക്ക് ലഭിച്ച മറുപടികൾ.

ഇതുകൂടാതെ മറ്റൊന്നുകൂടി ആ മറുപടിയിലുണ്ടായിരുന്നു. അതായത് ഞാനാവശ്യപ്പെട്ടതിൽ ഒരു വിവരം ആര്‍ടിഐ 2005 റൂള്‍ 8 പ്രകാരം നൽകാനാവില്ലെന്നും അതിലുണ്ടായിരുന്നു. ആര്‍ടിഐ നിയമത്തെപ്പറ്റിയുള്ള അദ്ദേഹത്തിൻ്റെ അജ്ഞതയാണ് അതിലൂടെ വെളിവായത്. കാരണം ഒരു മാസം കഴിഞ്ഞപ്പോൾ ആര്‍ടിഐ 2005 റൂള്‍ 8 പ്രകാരം നൽകാനാകില്ലെന്ന് ആദ്യം മറുപടി നൽകിയ രേഖകൾ മേലധികാരിയുടെ നിർദ്ദേശപ്രകാരം (ആദ്യ അപ്പീൽ അധികാരി) എസ്‌പിഐഒ തന്നെ തപാലിൽ എനിക്ക് ലഭ്യമാക്കുകയായിരുന്നു.

വിവരാവകാശ അപേക്ഷയിലും ആദ്യ അപ്പീലിലും മതിയായ രേഖകളും വ്യക്തമായ വിവരങ്ങളും ലഭിക്കാതിരുന്നതുമൂലം ഞാൻ വിവരവകാശകമ്മീഷനിൽ രണ്ടാം അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. അതിനുള്ള മറുപടിയാണ് ഇവിടെ നൽകിയിരിക്കുന്നത്. അതിലെ താഴെ വിവരിക്കുന്ന കമ്മീഷന്റെ ഏറ്റവും പ്രസക്തമായ നിർദ്ദേശമാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.

"വിവരവകാശനിയമത്തിലെ അദ്ധ്യായം II വകുപ്പ് 4 ൽ പ്രതിപാദി ച്ചിട്ടുള്ള (രണ്ടാമത്തെ ചിത്രം കാണുക) വ്യവസ്ഥകളും കമ്മീഷനും സർക്കാരും കാലാകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളും യഥാവിധി നടപ്പാക്കിയിട്ടുണ്ടോ എന്ന വിവരം കൂടി പ്രസ്തുത റിപ്പോർട്ടിനൊപ്പം ലഭ്യമാക്കേണ്ടതാണ് " ഇതാണ് ആ നിർദ്ദേശം. ഇത് പല എസ്‌പിഐഒമാരും പാലിക്കാറില്ല എന്നതാണ് വസ്തുത.

publive-image

വിവരാവകാശ - മനുഷ്യാവകാശ പ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും നീതി നിഷേധത്തിനും അഴിമതിക്കുമെതിരേ പൊരുതുന്നവർക്കുമൊക്കെ വളരെയേറെ പ്രതീക്ഷയും ആവേശവും പകരുന്നതാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ ഇപ്പോൾ കൈക്കൊള്ളുന്ന ശക്തമായ നടപടികളും അപേക്ഷ കളിന്മേൽ വേഗത്തിലെടുക്കുന്ന തീരുമാനങ്ങളും.

Advertisment