Advertisment

കേരളം വളരുന്നോ ! (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

കരളു പിളർക്കും കാഴ്ചകൾ

കണ്ടും കേട്ടും വളരുന്നു

കണ്ഠമിടറി നിലവിളിയായ്

കേരളമക്കൾ മരുവുന്നു.

കുടുകുടെയൊഴുകും രുധിരത്താൽ

മണ്ണിൽ പുഴകൾ സൃഷ്ടിക്കും

വൈരംമൂത്തു ചതിച്ചെന്നാൽ

വൈഭവമായി കരുതുന്നോ!

ശാന്തതയെന്നും കളിയാടും

കേരള നാടിന്നഭിമാനം

ചുടുനിണമൊഴുകി നശിക്കുന്നു

കണ്ണും കാതും പൂട്ടണമോ!

പാദം മുറിയെവെട്ടാനും

മാറിൽ കത്തിയമർത്താനും

കഴുത്തുഞെരിച്ചു തകർക്കാനും

മടിയില്ലാത്തവർ തിങ്ങുന്നു.

മദ്യം പിന്നെ മദിരാക്ഷി

കള്ളിൻ കുപ്പികൾ കഞ്ചാവും

ചിത്തപത്മം കരളുന്നു

മതികെട്ടവരായ്തകരുന്നു.

സത്യം പാടും പക്ഷിയെ

കൂട്ടിലടയ്ക്കും കാട്ടാളർ

വർഗ്ഗീയത്തീ വീശിടാൻ

കൈത്താങ്ങാകും നീചന്മാർ.

മുൾക്കിരീടം ചൂടിച്ചാൽ

ചന്തം തെല്ലുകുറഞ്ഞേക്കാം

ചകിത മാനസരാവില്ല

മനസ്സിൻ ധീരതമങ്ങില്ല.

കപടകുടില ജനതതികൾ

ചുറ്റിനുമേറെ കൂടുന്നു

കണ്ണുകൾ പാതിയടച്ചോളൂ

വിണ്ണിൻ കാഴ്ചകൾ മറയുന്നോ!

ധർമ്മം നീതി ക്ഷയിച്ചാലോ

മാനം ധനവും പൊയ്പോകും

ഉറവുകൾ വറ്റിവരണ്ടീടാം

മേഘം കനലു പൊഴിച്ചീടാം.

തരുശിഖരത്തിൽ പക്ഷികളും

കൂടു ചമച്ചു രസിക്കുന്നു

താഴെ പൊത്തിലുമെത്തുന്നു

ചന്തമെഴും പല പറവകളും.

വർണ്ണം പൊഴിയും പുഷ്പങ്ങൾ

ഭംഗിയിലങ്ങനെ ചാഞ്ചാടും

ജാതി മതങ്ങളുമതുപോലെ

കേരള മണ്ണിൽ വളരട്ടെ...

Advertisment