Advertisment

എക്സൈസ് മന്ത്രി മാപ്പ് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥന്‍റെ പിഴവു മൂലം ഷീലാ സണ്ണി ജയിലില്‍ കഴിയേണ്ടിവന്നത് 72 ദിവസം! ഷീല നേരിട്ട മാനനഷ്ടത്തിന് എന്തുണ്ട് പരിഹാരം? വിശദമായ ചോദ്യം ചെയ്യലോ അന്വേഷണമോ പരിശോധനയോ ഒന്നുമില്ലാതെയാണ് ഷീലയെ കോടതിയില്‍ ഹാജരാക്കുകയും ജയിലിൽ അടച്ചതും. സ്വന്തം തൊഴിലില്‍ വേണ്ടത്ര ഉത്തരവാദിത്വം കാണിക്കാത്ത ഉദ്യോഗസ്ഥര്‍ വകുപ്പിന് ബാദ്ധ്യത തന്നെയാണ്. സമൂഹത്തിനും. വകുപ്പുമന്ത്രി ഇത് പ്രത്യേകം ഓര്‍ക്കണം - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്ന ഷീലാ സണ്ണി ഇന്നു മാധ്യമങ്ങളുടെയൊക്കെയും പ്രിയപ്പെട്ടവളാണ്. ദിനപത്രങ്ങള്‍ കുറേ ദിവസമായി ഷീലാ സണ്ണിയുടെ പിന്നാലേ കൂടിയിരിക്കുന്നു. ടെലിവിഷന്‍ ചാനലുകള്‍ ഷീലയ്ക്കു വേണ്ടി മണിക്കൂറുകള്‍ തന്നെ നീക്കിവെച്ചിരിക്കുന്നു.

ചെയ്യാത്ത തെറ്റിന് ജെയിലില്‍ കിടക്കേണ്ടിവന്ന ഷീലയുടെ നടുക്കുന്ന കഥ ഇന്ന് ജനങ്ങളുടെ സംസാരവിഷയമാണ്. എക്സൈസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍റെ പിഴവു മൂലം ഷീലയ്ക്ക് ജയിലില്‍ കഴിയേണ്ടിവന്നത് 72 ദിവസം ! എക്സൈസ് വകുപ്പു മന്ത്രി എം.ബി രാജേഷ് ഷീലാ സണ്ണിയെ ഫോണില്‍ വിളിച്ച് തന്‍റെ വകുപ്പു ചെയ്ത കുറ്റത്തിന് മാപ്പു ചോദിക്കുകയും ചെയ്തു.

ഷീലാ സണ്ണി നിരപരാധിയാണെന്ന് കോടതിയെ അറിയിക്കും: മന്ത്രി എം ബി രാജേഷ് ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു | Kerala | Deshabhimani | Sunday Jul 2, 2023

പക്ഷേ ഷീല അനുഭവിച്ച തടവിന്, നേരിട്ട മാനനഷ്ടത്തിന് ഇതെല്ലാംകൊണ്ട് എന്തു പരിഹാരം ? മയക്കുമരുന്നു കച്ചവടം ചെയ്യുന്ന സ്ത്രീ എന്നു മുദ്രകുത്തിയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ഷീലയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതെന്നു കാണണം.

ലോകമെങ്ങും മയക്കുമരുന്നു വിപണനം വലിയ കുറ്റകൃത്യമാണ്. പല രാജ്യങ്ങളിലും ഏറ്റവും വലിയ ശിക്ഷയും കിട്ടും. മയക്കു മരുന്നു കടത്തുന്നവര്‍ക്ക് സിംഗപ്പൂര്‍ നല്‍കുന്നത് വധശിക്ഷയാണ്. അതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. സൗദി അറേബ്യയിലും ഈ കുറ്റത്തിന് വധശിക്ഷയാണു നല്‍കുക. ഇന്ത്യയില്‍ വധശിക്ഷ ഇല്ലെങ്കിലും അധികൃതര്‍ ഈ കുറ്റത്തെ വളരെ ഗൗരവത്തോടെയാണു കാണുന്നത്.

മയക്കുമരുന്നിന്‍റെ ഉപയോഗത്തെയും കച്ചവടത്തെയും അങ്ങേയറ്റം നിന്ദ്യമായിത്തന്നെയാണ് കേരള സമൂഹം കാണുന്നത്. സ്കൂളുകളില്‍ പോലും മയക്കുമരുന്നിന്‍റെ ഉപയോഗം കൂടുന്നുണ്ട്. സിനിമാ നിര്‍മാണ മേഖലയില്‍ രാസ മയക്കുമരുന്നുകളുടെ ഉപയോഗം കൂടിവരുന്നത് വ്യാപകമായി ചര്‍ച്ചയാകുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ചാലക്കുടി സ്വദേശി ഷീലാ സണ്ണിയുടെ അറസ്റ്റിനെയും റിമാന്‍റിനെയും കാണേണ്ടത്.

കഴിഞ്ഞ ഫെബ്രുവരി 27 -നാണ് ഷീലാ സണ്ണിയുടെ ബ്യൂട്ടി പാര്‍ലറില്‍ ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കെ സതീശനും സംഘവും റെയ്ഡ് നടത്തിയത്. ഷീലയുടെ ബാഗ് പരിശോധിച്ച സംഘം അതില്‍ നിന്ന് എൽഎസ്‌ഡി പുരട്ടിയ സ്റ്റാമ്പുകള്‍ പിടിച്ചെടുക്കുകയായിരുന്നു.


അത്ര വിശദമായ ചോദ്യം ചെയ്യലോ കൂടുതല്‍ അന്വേഷണമോ പരിശോധനയോ ഒന്നുമില്ലാതെ ഷീലയെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. മയക്കുമരുന്ന് ബ്യൂട്ടിപാര്‍ലറില്‍ വരുന്ന ഇടപാടുകാര്‍ക്കു വില്‍ക്കാന്‍ വേണ്ടിയായിരുന്നുവെന്നു എക്സൈസ് വകുപ്പ് റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ കോടതി പ്രതിയെ ജയിലിലടയ്ക്കുകയും ചെയ്യും. ഷീലയുടെ കാര്യത്തിലും അതുതന്നെയാണു സംഭവിച്ചത്.


ഷീലയെ റിമാന്‍റ് ചെയ്ത കോടതി തൊണ്ടിമുതലായ എല്‍എസ്‌ഡി സ്റ്റാമ്പുകള്‍ രാസപരിശോധനയ്ക്കായി കാക്കനാട് റീജ്യണല്‍ ലബോറട്ടറിയിലേയ്ക്കു കൊടുത്തു. ആ സ്റ്റാമ്പിലൊന്നും എല്‍എസ്‌ഡിയുടെ നേരിയ അംശം പോലും കണ്ടെത്താനായില്ല. ഓരോ സ്റ്റാമ്പും ഒന്നിലേറെ തവണ പരിശോധിച്ചെങ്കിലും എല്ലാ ഫലവും ഒരുപോലെ നെഗറ്റീവ് ആയിരുന്നു.

അപ്പോള്‍ ആര്‍ക്കാണു പിഴച്ചത് ? എവിടെയാണു പിഴച്ചത് ? വലിയ അധികാരങ്ങള്‍ കൈയിലുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലിയില്‍ ഒരു പിഴവും വരുത്തിക്കൂടാ. ചെറിയ തെറ്റുപോലും വലിയ വീഴ്ചയ്ക്കു കാരണമാകാം.

കുടുംബം നടത്താന്‍ ബ്യൂട്ടിപാര്‍ലര്‍ ബിസിനസിലേയ്ക്കിറങ്ങിയ ഒരു സാധാരണ സംരംഭകയാണ് ഷീലാ സണ്ണി. എക്സൈസ് സംഘം ആ ബ്യൂട്ടിപാര്‍ലര്‍ റെയ്ഡ് ചെയ്യുകയും ഷീലയെ ചോദ്യം ചെയ്യുകയും ബാഗില്‍ നിന്ന് താനറിയാത്ത എന്തോ തൊണ്ടിമുതല്‍ പിടിച്ചെടുക്കുകയും ചെയ്തപ്പോള്‍ എത്രമാത്രം പേടിയും അരക്ഷിതാവസ്ഥയും നിസഹായതയുമാകും ആ വനിത അനുഭവിച്ചിട്ടുണ്ടാവുക ? പിന്നീട് മുന്നിലൂടെ കടന്നുപോയ ഒറ്റപ്പെടലിന്‍റെയും കോടതി നടപടികളുടെയും ജയിലിലെ കഷ്ടപ്പാടുകളുടെയും ദിനങ്ങളുടെ ഭീകരത എന്തുമാത്രമായിരുന്നിരിക്കും ?

തങ്ങള്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ഒരു മറുവശം കൂടിയുണ്ടാകാമെന്ന് നേരിയ ഒരു സംശയമെങ്കിലും ഈ ഉദ്യോഗസ്ഥര്‍ക്ക് തോന്നേണ്ടിയിരുന്നില്ലേ ? ആ ബ്യൂട്ടിപാര്‍ലറില്‍ വരുന്ന ഇടപാടുകാരില്‍ ഒരാളെങ്കിലും ഷീലാ സണ്ണിയുടെ പക്കല്‍ നിന്ന് എല്‍എസ്‌ഡി സ്റ്റാമ്പ് വാങ്ങിയതിന് ഒരു സൂചനയങ്കിലും ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചുവോ ?

ഷീല തടവില്‍ കഴഞ്ഞത് 72 ദിവസം. ഇത്രയും കാലത്തിനുള്ളില്‍ എക്സൈസ് സംഘം എന്തൊക്കെ അന്വേഷണം നടത്തി ? പുതിയ തെളിവുകളെന്തെങ്കിലും കണ്ടെടുത്തുവോ ? മറിച്ച് തങ്ങള്‍ പ്രതിയായി മുദ്രകുത്തിയ ഷീല എന്ന വനിത നിരപരാധിയാണെന്നതിന് സൂചന വല്ലതും കിട്ടിയോ ? അങ്ങനെ സൂചന കിട്ടിയിട്ടും അനങ്ങാതിരിക്കുകയായിരുന്നുവോ എക്സൈസ് വകുപ്പ് ?

സമൂഹത്തില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ധരിച്ചിരിക്കുന്ന കാക്കി യൂണീഫോമിന്‍റെ ബലത്തില്‍ സാധാരണക്കാരന്‍റെ മേല്‍ എന്തുമാകാമെന്ന് ഒരിക്കലും ഒരുദ്യോഗസ്ഥനും ചിന്തിച്ചുകൂടാ. ഇവിടെ ഒരു ഉദ്യോഗസ്ഥന്‍റെ അശ്രദ്ധയും അവിവേകവും അഹങ്കാരവും തന്നിഷ്ടവും കൊണ്ട് ഒരു വനിതയും അവരുടെ കുടുംബവും ഒരു സമൂഹത്തിന്‍റെ മദ്ധ്യത്തില്‍ മയക്കുമരുന്നു കച്ചവടും നടത്തിയ കുറ്റത്തിന് ഉത്തരവാദികളായി കഴിയേണ്ടിവന്നത് ഭീകരമായ കാര്യം തന്നെ. അതിന്‍റെ പേരില്‍ വകുപ്പു മന്ത്രിക്ക് മാപ്പു പറയേണ്ടിവരുന്നതും ചെറിയ കാര്യമല്ല.

സ്വന്തം തൊഴിലില്‍ വേണ്ടത്ര ഉത്തരവാദിത്വം കാണിക്കാത്ത ഉദ്യോഗസ്ഥര്‍ വകുപ്പിന് ബാദ്ധ്യത തന്നെയാണ്. സമൂഹത്തിനും. വകുപ്പുമന്ത്രി പ്രത്യേകം ഓര്‍ക്കണം.

Advertisment