Advertisment

ലീഗുമായി സിപിഎം നേതൃത്വം നടത്തുന്ന ഒളിച്ചുകളി സിപിഐ നേതൃത്വത്തെ പരിഭ്രാന്തിയിലാക്കുന്നുവോ? യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷി ഇടതു മുന്നണിയിലേക്കു വന്നാല്‍ സിപിഐ ഇന്ന് അനുഭവിക്കുന്ന പദവിയും പത്രാസുമെല്ലാം നഷ്ടമായേക്കും! അതിൽ അവർക്ക് പേടിയുമുണ്ട്. ഇടതു മുന്നണി യോഗം ചേര്‍ന്നാലും സിപിഐയുടെ മനസില്‍ ഉരുണ്ടുകൂടുന്ന പേടി ഒരു ചര്‍ച്ചാവിഷയമാകില്ല, തീര്‍ച്ച - മുഖപ്രസം​ഗത്തിൽ ജേക്കബ് ജോർജ്

New Update

publive-image

Advertisment

കേരളത്തില്‍ രണ്ടു മുന്നണികള്‍ സജീവമായിത്തന്നെ രാഷ്ട്രീയ രംഗത്തുണ്ടെങ്കിലും രണ്ടിന്‍റെയും നേതൃകക്ഷികള്‍ക്ക് എപ്പോഴും സ്വന്തം പ്രവര്‍ത്തന രീതികളുണ്ട്. ഇടതു മുന്നണിയിലെ സിപിഎം ആയാലും ഐക്യ ജനാധിപത്യ മുന്നണിയിലെ കോണ്‍ഗ്രസായാലും സ്വന്തം രാഷ്ട്രീയ അജണ്ട നിശ്ചയിക്കുമ്പോള്‍ ഘടകകക്ഷികളോട് മൂപ്പു ചോദിക്കാന്‍ മെനക്കെടാറില്ല തന്നെ.

ഏക സിവില്‍ കോഡ് വിഷയം സംബന്ധിച്ച് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട്ടു നടക്കുന്ന സെമിനാര്‍ പാര്‍ട്ടി ഒറ്റയ്ക്കു തന്നെയാണു സംഘടിപ്പിക്കുന്നത്. അതില്‍ പങ്കെടുക്കാന്‍ യുഡിഎഫില്‍ നിന്നു മുസ്ലിം ലീഗിനെ ക്ഷണിച്ചതും സിപിഎം ഒറ്റയ്ക്കു തന്നെ. മുസ്ലിം സംഘടനകളെ കൂടി സെമിനാറില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനമെടുത്തതും പാര്‍ട്ടി ഒറ്റയ്ക്ക്.

എല്ലാറ്റിനും മുന്നിട്ടിറങ്ങിയത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററും. മുസ്ലിം ലീഗിന്‍റെ പ്രാതിനിധ്യം കൂടി സെമിനാറില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുക എന്നത് സിപിഎമ്മിന്‍റെ തന്ത്രപരമായ ഒരു നീക്കം തന്നെയായിരുന്നു.

സിപിഎമ്മിന്‍റെ ക്ഷണം മുസ്ലിം ലീഗിനുള്ളില്‍ പോലും ചലനമുണ്ടാക്കിയെന്നതുതന്നെ, സിപിഎം തന്ത്രത്തിന്‍റെ മൂര്‍ച്ചയ്ക്കു തെളിവ്. സെമിനാറില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാനും വൈകി. ഈ തീരുമാനം വൈകും തോറും യുഡിഎഫില്‍, പ്രത്യേകിച്ച് കോണ്‍ഗ്രസില്‍, അങ്കലാപ്പു കൂടികൂടി വരികയും ചെയ്തു. അവസാനം ലീഗ് നേതൃയോഗം ചേര്‍ന്ന് സെമിനാറില്‍ പങ്കെടുക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

സെമിനാറില്‍ ലീഗ് പങ്കെടുത്തിരുന്നുവെങ്കില്‍, അത് യുഡിഎഫില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. ലീഗ് അണികളിലും അതു വേണ്ടുവോളം ആശയക്കുഴപ്പമുണ്ടാക്കുമായിരുന്നു. ഇതുതന്നെയായിരുന്നു സിപിഎം ലക്ഷ്യം വെച്ചിരുന്നതും. ലക്ഷ്യം അപ്പാടേ നേടിയില്ലെങ്കിലും ലീഗ് അണികളിലും മുസ്ലിം സമുദായത്തില്‍ മൊത്തത്തിലും, പാര്‍ട്ടിയുടെ വിശാലമായ ലക്ഷ്യങ്ങളോട് അനുകൂലമായൊരു പ്രതികരണമുണ്ടായിട്ടുണ്ട് എന്നു തന്നെയാണ് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നത്.

പക്ഷേ, സ്വന്തം മുന്നണിയില്‍ എതിരഭിപ്രായങ്ങള്‍ ഉയരുന്നതു കാണാന്‍ സിപിഎം വളരെ വൈകുകയും ചെയ്തു. സെമിനാറില്‍ പങ്കെടുക്കില്ലെന്ന് സിപിഐ അറിയിച്ചുകഴിഞ്ഞു. അതും വളരെ മയത്തില്‍ പാര്‍ട്ടി നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ നേതാക്കളൊക്കെയും പോകുന്നതിനാലാണ് സെമിനാറില്‍ പങ്കെടുക്കാതിരിക്കുന്നതെന്നാണ് സമാധാനം. ദോഷം പറയരുതല്ലോ, മുന്‍ കോഴിക്കോടു ജില്ലാ സെക്രട്ടറി ഇ.കെ വിജയനെ സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ നിയോഗിച്ചിട്ടുണ്ട്. നാദാപുരം എംഎല്‍എയുമാണ് അദ്ദേഹം.


ലീഗുമായി സിപിഎം നേതൃത്വം നടത്തുന്ന ഒളിച്ചുകളിയാണ് സിപിഐ നേതൃത്വത്തെ പരിഭ്രാന്തിയിലാക്കുന്നത്. ഈ കളി മൂത്തു മൂത്ത് ലീഗിനെ സിപിഎം ഇടതുമുന്നണിയിലേയ്ക്കു കൊണ്ടുവന്നാലോ ? അധികാരത്തിന്‍റെ തണലില്ലാതെ നില്‍ക്കുകയാണ് ലീഗ്. മുന്നണിയിലെ ഇന്നത്തെ നിലയൊക്കെ തെറ്റും.


സിപിഐ ഇപ്പോള്‍ ഇടതു മുന്നണിയില്‍ രണ്ടാമത്തെ വലിയ കക്ഷിയാണ്. 17 എംഎല്‍എമാരും നാലു മന്ത്രിമാരുമുണ്ട്. പോരാത്തതിന് ഭരണത്തുടര്‍ച്ചയും . യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് മുസ്ലിം ലീഗ്. ഇപ്പോള്‍ 15 എംഎല്‍എമാരുണ്ട്. കഴിഞ്ഞ നിയമസഭയില്‍ 18 -ഉം. അത് 20 - 22 വരെ ഉയരുകയും ചെയ്യാം. ലീഗ് കൂടി ഇടതു മുന്നണിയിലേക്കു വന്നാല്‍ സിപിഐ ഇന്ന് മുന്നണിയില്‍ അനുഭവിക്കുന്ന പദവിയും പത്രാസുമെല്ലാം നഷ്ടമാകുമോ എന്നാണു പേടി.

2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലേയ്ക്കു കൊണ്ടുവരാന്‍ സിപിഎം ശ്രമിച്ചപ്പോള്‍ പോലും ശക്തമായ എതിര്‍പ്പുമായി സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തു വന്നതാണ്. ആ ബലത്തിലാണ് യുഡിഎഫ് കണ്‍വീനറായിരുന്ന ബെന്നി ബഹനാന്‍ പത്രസമ്മേളനം നടത്തി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഐക്യജനാധിപത്യ മുന്നണിയിലില്ലെന്ന കടുത്ത പ്രസ്താവന നടത്തിയത്.

പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മനസിലിരിപ്പും കണക്കുകൂട്ടലും കണ്ടറിയാന്‍ ബെന്നി ബഹനാനും രമേശ് ചെന്നിത്തലയ്ക്കുമായില്ല. അവര്‍ കാനം രാജേന്ദ്രനില്‍ വിശ്വാസമര്‍പ്പിച്ചു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഇടതു മുന്നണിയില്‍ ഘടകകക്ഷിയാക്കിയതും 99 സീറ്റുമായി പിണറായി വിജയന്‍ മുഖ്യമന്ത്രിയായതും കേരളാ കോണ്‍ഗ്രസ് നേതാവ് റോഷി അഗസ്റ്റിന്‍ ജലസേചന മന്ത്രിയായതും കേരള രാഷ്ട്രീയത്തിലെ പിന്നത്തെ ചരിത്രം.

ഇടതു മുന്നണി യോഗം ഉടനെ വിളിച്ചുകൂട്ടണമെന്ന് സിപിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ സ്വന്തം പാര്‍ട്ടി നേതാക്കളുമായി പിണക്കത്തിലായതിനാല്‍ മുന്നണി യോഗം ചേര്‍ന്നിട്ടു മൂന്നു മാസമായിരിക്കുന്നു. മുന്നണി യോഗം ചേര്‍ന്നാലും സിപിഐയുടെ മനസില്‍ ഉരുണ്ടുകൂടുന്ന പേടി ഒരു ചര്‍ച്ചാവിഷയമാകില്ല, തീര്‍ച്ച.

Advertisment