Advertisment

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാവുകയാണ്. അതിനിടെ ഗവര്‍ണറും ഗവണ്‍മെന്‍റും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഏറ്റുമുട്ടലിനെക്കുറിച്ചും പുതിയ വിവാദമുയര്‍ത്താന്‍ ഇടയാക്കുന്നതാണ് രമേശ് ചെന്നിത്തല ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. ഗവര്‍ണറും ഗവണ്‍മെന്‍റും ചില പ്രതിസന്ധികളും - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാവുകയാണ്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി വഹിക്കാന്‍ ഇനി താനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളെ സംബന്ധിക്കുന്ന ഫലയുകളൊക്കെയും സര്‍ക്കാരിന് അയച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു അദ്ദേഹം.

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം സംബന്ധിച്ച് ഹൈക്കോടതി മുമ്പാകെയുള്ള കേസില്‍ ഗവര്‍ണറുടെ ഓഫീസ് കൈപ്പറ്റിയ കോടതി നോട്ടീസും അദ്ദേഹം സര്‍ക്കാരിലേയ്ക്കയച്ചു കൊടുത്തിരിക്കുന്നു. താന്‍ എന്ന ചാന്‍സലര്‍ പദവി ഉപേക്ഷിച്ചിരിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്‍റെ വാദം.

ഇക്കഴിഞ്ഞ നവംബര്‍ 23 -ാം തീയതിയാണ് കണ്ണൂര്‍ വി.സിയെ നിയമിച്ചുകൊണ്ട് ഗവര്‍ണര്‍ ഉത്തരവിട്ടത്. ഒരു സര്‍വകലാശാലയുടെ വി.സിയെ നിയമിക്കാന്‍ സര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതു മുതലുള്ള ഔദ്യോഗിക നടപടികള്‍ സ്വീകരിക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് അടിസ്ഥാനമാക്കിയാണ് ഗവര്‍ണര്‍ ഉത്തരവിട്ടത്. ചാന്‍സലര്‍ പദവി ഒഴിയുകയാണെന്ന് ഈ മാസം എട്ടാം തീയതി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ഏറ്റവുമൊടുവിലിതാ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുതിയൊരു വിവാദമുയര്‍ത്തി മുന്നോട്ടു വന്നിരിക്കുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡി.ലിറ്റ് ബിരുദം നല്‍കാന്‍ നിര്‍ദേശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കു കത്തയച്ചിരുന്നോ എന്നാണ് രമേശ് ചെന്നിത്തല സര്‍ക്കാരിനോടു ചോദിക്കുന്നത്.

publive-image

ഗവര്‍ണറും ഗവണ്‍മെന്‍റും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഏറ്റുമുട്ടലിനെക്കുറിച്ചും പുതിയ വിവാദമുയര്‍ത്താന്‍ ഇടയാക്കുന്നതാണ് രമേശ് ചെന്നിത്തല ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം രാഷ്ട്രപതിക്കു ഓണററി ഡി.ലിറ്റ് ബിരുദം നല്‍കാന്‍ വി.സി സംസ്ഥാന സര്‍ക്കാരിനോട് അനുമതി ചോദിച്ചിരുന്നുവോ എന്നതാണ് അടുത്ത ചോദ്യം. അനുമതി നിഷേധിച്ചുകൊണ്ട് സര്‍ക്കാര്‍ മറുപടി നല്‍കിയോ, അതിന്‍ പ്രകാരം ഗവര്‍ണറുടെ നിര്‍ദേശം വൈസ് ചാന്‍സലര്‍ നിരാകരിച്ചോ എന്നിങ്ങനെ രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങള്‍. എല്ലാംകൂടി ചോദ്യങ്ങള്‍ ആറ്.

രമേശ് ഉന്നയിക്കുന്ന വിഷയം അത്ര ചില്ലറ കാര്യമല്ല തന്നെ. ഇന്ത്യന്‍ രാഷ്ട്രപതിക്ക് കേരള സര്‍വകലാശാല ഒരു ഡി. ലിറ്റ് ബിരുദം നല്‍കാന്‍ തീരുമാനിക്കുന്നതു മനസിലാക്കാം. കേന്ദ്രം ഭരിക്കുന്നതു ബി.ജെ.പിയാണെന്നതും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബി.ജെ.പി സര്‍ക്കാരിന്‍റെ നോമിനിയാണെന്നതും ഒരു തടസമായി കാണേണ്ടതില്ല. കുറെ ദിവസം മുമ്പ് സംസ്ഥാനം സന്ദര്‍ശിച്ച രാഷ്ട്രപതി കേരളം പല കാര്യങ്ങളിലും മുന്‍പന്തിയിലാണെന്നു പ്രകീര്‍ത്തിക്കുകയും ചെയ്തു.

വിഷയം അതല്ല. രാഷ്ട്രപതിക്കു ഡി.ലിറ്റ് ബിരുദം നല്‍കാന്‍ ഗവര്‍ണര്‍ നേരിട്ടു സര്‍വകലാശാലയ്ക്കു നിര്‍ദേശം നല്‍കുന്നതു ഭംഗിയോ ? സര്‍വകലാശാലയുടെ ചാന്‍സലറാണ് ഗവര്‍ണര്‍. കേരള സര്‍ക്കാര്‍ നിയമസഭയില്‍ അനതരിപ്പിച്ചു ചര്‍ച്ച ചെയ്തു പാസാക്കുന്ന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല രൂപം കൊള്ളുന്നത്.

ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ സര്‍വകലാശാലയുടെ ഭാഗമാണ്. ഗവര്‍ണര്‍ സര്‍ക്കാരിന്‍റെ തന്നെയും ഭാഗമാണ്. 'എന്‍റെ ഗവണ്‍മെന്‍റ് ' എന്നാണ് എല്ലാ വര്‍ഷവും ആദ്യത്തെ സമ്മേളനത്തിന്‍റെ ആദ്യ ദിവസം ഗവര്‍ണര്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ തന്നെ വിശേഷിപ്പിക്കാറ്.

എങ്കിലും ഇതില്‍ ഭരണഘടനാപരമായ പല വിഷയങ്ങളും ഉള്‍ക്കൊള്ളുന്നു. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഒരു സംവിധാനമാണ്. ജനാധിപത്യ പ്രക്രിയയുടെ ഭാഗം. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് അതിന്‍റേതായ അവകാശങ്ങളും അധികാരങ്ങളുമുണ്ട്. അതിന്‍റേതായ രാഷ്ട്രീയമുണ്ട്.

publive-image

നിലവിലെ രാഷ്ട്രീയ പശ്ചാത്തലം നോക്കുമ്പോള്‍ ഗവര്‍ണറുടെ നിര്‍ദേശത്തില്‍ സര്‍വകലാശാലാ നേതൃത്വത്തിനും സര്‍ക്കാരിനും ചില സംശയങ്ങള്‍ ഉണ്ടായിക്കാണും. കേരളത്തിലെ ഒരു സര്‍വകലാശാല ഇന്ത്യന്‍ രാഷ്ട്രപതിക്ക് ഡി.ലിറ്റ് കൊടുക്കുകയും അതു സംസ്ഥാന സര്‍ക്കാര്‍ അറിയാതെയാണെന്നു വരികയും ചെയ്താലുണ്ടാകുന്ന സ്ഥിതിവിശേഷം ഗുരുതരമാകും തീര്‍ച്ച.

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ നിയമന കാര്യത്തിലും ഇതേ സംശയമുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ കത്തനുസരിച്ചാണ് ഗവര്‍ണര്‍ വി.സിയെ നിയമിച്ചത്. ഒരു ഘട്ടത്തിലും ഗവര്‍ണര്‍ മന്ത്രിയുടെ കത്തിനെപ്പറ്റി വിരുദ്ധാഭിപ്രായം പറഞ്ഞില്ല. പൂര്‍ണ തൃപ്തിയോടെ തന്നെയാണ് വൈസ് ചാന്‍സലറെ ഗവര്‍ണര്‍ നിയമിച്ചതെന്നു സാരം.

ഇപ്പോള്‍ ഗവര്‍ണര്‍ പറയുന്നു അദ്ദേഹം ചാന്‍സലര്‍ അല്ലെന്ന്. ചാന്‍സലര്‍ സ്ഥാനം സര്‍ക്കാരിനു മടക്കി നല്‍കിയെന്ന്.

കേരള നിയമസഭ പാസാക്കിയ നിയമ പ്രകാരമാണ് ചാന്‍സലര്‍ പദവി ഗവര്‍ണറുടെ കൈയിലെത്തിയത്. അതില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ നിയമസഭ തന്നെ തീരുമാനമെടുക്കണം. കൈയിലിരുന്ന ചാന്‍സലര്‍ പദവി സര്‍ക്കാരിനു തിരിച്ചു കൊടുത്തുവെന്ന് ഗവര്‍ണര്‍ ഒരു പ്രസ്താവന നടത്തിയെന്നു കരുതി ചാന്‍സലര്‍ പദവി ഗവര്‍ണറുടെ കൈയില്‍ നിന്നു സര്‍ക്കാരിലേയ്ക്കു പോവില്ല.

വലിയ നിയമ പ്രശ്നങ്ങളിലേയ്ക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. കണ്ണൂര്‍ വി.സി നിയമനം ഹൈക്കോടതിയില്‍ വരുമ്പോള്‍ ഇതു സംബന്ധിച്ച നയമങ്ങള്‍ സൂഷ്മമായി പരിശോധിക്കപ്പെടും. എങ്കിലും രാഷ്ട്രപതിക്കു ഡി. ലിറ്റ് ബിരുദം നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തെപ്പറ്റി രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പുതിയ വിവാദങ്ങള്‍ ഉയര്‍ത്തുകയാണ്.

ഗവര്‍ണറും ഗവണ്‍മെന്‍റും എന്തുത്തരം നല്‍കും ?

Advertisment