Advertisment

സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സിൽവർ ലൈന്‍ സമരങ്ങള്‍ ശക്തമാകുകയും അതിനു പിന്നില്‍ യു.ഡി.എഫ് - ബി.ജെ.പി - എസ്.ഡി.പി.ഐ സഖ്യം ദൃഢമാവുകയും ചെയ്യുന്നു ! ഇടതു പക്ഷത്തിനെതിരെ രൂപം കൊള്ളുന്ന പുതിയ രാഷ്ട്രീയ നിര അത്രകണ്ടു നിസാരമായി കണ്ട് തള്ളരുത് ഇടതുപക്ഷം. സര്‍ക്കാരിന്‍റെ മൗനം സമരത്തിലെ രാഷ്ട്രീയത്തിന് കരുത്തു നല്‍കുന്നു ! സില്‍വര്‍ ലൈന്‍ സമരത്തിന്‍റെ രാഷ്ട്രീയം - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്

New Update

publive-image

Advertisment

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളും പോലീസ് നടപടിയും ശക്തമായിക്കൊണ്ടിരിക്കെ കേരള രാഷ്ട്രീയം പുതിയ സംഘര്‍ഷത്തിലേയ്ക്കു കടക്കുകയാണ്. സമര രംഗങ്ങളിലൊക്കെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും ഒന്നിച്ചു നിന്നാണു പോലീസിനെ നേരിടുന്നത്. ചിലേടത്ത് എസ്.ഡി.പി.ഐയും ഇവരോടൊപ്പമുണ്ട്.

സില്‍വര്‍ ലൈന്‍ സമരമുഖത്തെല്ലാം വിചിത്രമായ രാഷ്ട്രീയ കൂട്ടുകെട്ടു കാണാനാവും. ഇടതുപക്ഷ സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ ഇങ്ങനെയൊരു രാഷ്ട്രീയ കൂട്ടുകെട്ട് അനിവാര്യമാണെന്ന് സി.പി.എം വിരുദ്ധ ചേരികളൊക്കെ മനസിലാക്കിയിരിക്കുന്നു. എല്ലാം മറന്ന് ഒന്നിക്കുന്നു.

രാഷ്ട്രീയമായി വളരെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സില്‍വര്‍ ലൈന്‍ സമരം വലിയൊരു പ്രതീക്ഷയാണ്. സര്‍ക്കാരിനെതിരായി പലേടത്തും നടക്കുന്ന സമരങ്ങളെ ഏകോപിപ്പിച്ച് വ്യാപകമായൊരു ജനകീയ കൂട്ടുകെട്ട് ഉണ്ടാക്കുകയാണ് ഈ നീക്കത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പല തട്ടില്‍ നില്‍ക്കുന്ന ഗ്രൂപ്പുകളും ഗ്രൂപ്പ് നേതാക്കളുമെല്ലാം ഇക്കാര്യത്തില്‍ ഐക്യപ്പെട്ടു കഴിഞ്ഞു.

സില്‍വര്‍ ലൈന്‍ സര്‍വേ ഗ്രാമങ്ങളില്‍ സംഘര്‍ഷമുണ്ടാക്കുന്നത് സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പലേടത്തും വീട്ടമ്മമാരാണ് സമര രംഗത്ത്. പോലീസിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പു നടത്താന്‍ അവര്‍ക്ക് ഒരു മടിയുമില്ല. സമര രംഗത്ത് സ്ത്രീകളും കുട്ടികളും നടത്തുന്ന പ്രതിരോധവും പോലീസ് നടപടിയും മാധ്യമങ്ങള്‍ ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

publive-image

സില്‍വര്‍ ലൈന്‍ ഉണ്ടാക്കുന്ന ആശങ്ക ദൂരീകരിക്കാന്‍ സര്‍ക്കാര്‍ കാര്യമായ പ്രചാരണ പരിപാടികളുമായി രംഗത്തു വരുന്നതുമില്ല. ഇന്നത്തെ നിലയില്‍ ഒരു പുതിയ ഗതാഗത സംവിധാനം സംസ്ഥാനത്തിനത്യാവശ്യം തന്നെ.

കേരളത്തിലെ റോഡുകളൊക്കെയും വാഹനങ്ങളെക്കൊണ്ടു നിറ‍ഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇന്ധനവില ജനങ്ങളുടെമേല്‍ ഏല്‍പ്പിക്കുന്ന ഭാരം വളരെ വലുതാണ്. കേരളത്തിലെ റോഡുകള്‍ ഇനി അധികമൊന്നും വികസിപ്പിക്കാനാവില്ല താനും. അങ്ങനെ വികസിപ്പിക്കാനാണെങ്കിലും ഇതുപോലെ ഒഴിപ്പിക്കലും പ്രതിരോധവും ഉണ്ടാവുകയും ചെയ്യും.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന അതിവേഗ റെയില്‍പ്പാത യു.ഡി.എഫ് സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറെ പ്രതീക്ഷയോടെയാണ് ആ പദ്ധതി അവതരിപ്പിച്ചതും. പല കാരണങ്ങള്‍ കൊണ്ടും ഒരു ഭരണ തുടര്‍ച്ച ഉറപ്പിച്ചിരുന്ന ഉമ്മന്‍ ചാണ്ടി ആ ലക്ഷ്യം മുന്‍ നിര്‍ത്തിത്തന്നെയാണ് അതിവേഗ റെയില്‍ പദ്ധതിയും കൊണ്ടുവന്നത്.

ഭരണ തുടര്‍ച്ച നേടിക്കഴിഞ്ഞ പിണറായി സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന അതിവേഗ റെയില്‍ പദ്ധതി സിര്‍വര്‍ ലൈനായി അവതരിപ്പിക്കുമ്പോള്‍ അതേ യു.ഡി.എഫ് സമരത്തിനിറങ്ങുന്നതിന്‍റെ രാഷ്ട്രീയം പറയാന്‍ പോലും ഇടതുപക്ഷ സര്‍ക്കാരിനു കഴിയുന്നുമില്ല. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സിര്‍വര്‍ ലൈന്‍ സമരങ്ങള്‍ ശക്തമാകുകയും അതിനു പിന്നില്‍ യു.ഡി.എഫ് - ബി.ജെ.പി - എസ്.ഡി.പി.ഐ സഖ്യം ദൃഢമാവുകയും ചെയ്യുന്നത് ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍.

publive-image

വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുമ്പോള്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും, റോഡുകള്‍ക്കും റെയില്‍പ്പാതയ്ക്കുമാവുമ്പോള്‍ അധികം സ്ഥലം ഏറ്റെടുക്കേണ്ടിവരും. ധാരാളം ആളുകള്‍ക്ക് സ്ഥലവും വീടും നഷ്ടമാവുമെന്നര്‍ത്ഥം. അങ്ങനെ സ്ഥലവും വീടും നഷ്ടമാവുന്ന എല്ലാവരെയും വളരെ മാന്യമായിത്തന്നെ പുനരധിവസിപ്പിക്കാനുള്ള വഴി പ്രഖ്യാപിച്ചുകൊണ്ടുവേണം സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ തുടങ്ങിവെയ്ക്കാന്‍.

ഇന്ത്യയിലെവിടെയും ഇക്കാലമത്രയും നടന്ന പദ്ധതികള്‍ക്കു വേണ്ടി ധാരാളം കുടിയൊഴിപ്പിക്കലുകള്‍ നടന്നിട്ടുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങള്‍ തീരായാതന അനുഭവിച്ചിട്ടുണ്ട്. വന്‍ പദ്ധതികള്‍ക്കുവേണ്ടി ജീവിതത്തിന്‍റെ എല്ലാ സമ്പാദ്യവും നഷ്ടമായ പാവപ്പെട്ടവരുടെ വിലാപം ഇന്ത്യ ധാരാളം കണ്ടതാണ്.

1961 -ല്‍ ഇടുക്കിയിലെ അയ്യപ്പന്‍ കോവിലില്‍ നടന്ന കുടിയൊഴിപ്പിക്കല്‍ തന്നെ ഉദാഹരണം. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വിശാലമായ അണക്കെട്ടു പ്രദേശത്തിനെന്നു പറഞ്ഞ് 36000 കര്‍ഷക കുടുംബങ്ങളെയാണ് അന്നൊഴിപ്പിച്ചത്.

1961 മെയ് രണ്ടിന് 2000 -ലേറെ സായുധ പോലീസുകാര്‍ ജനങ്ങളെ ബലമായി കുടിയിറക്കുകയായിരുന്നു. കര്‍ഷകര്‍ കഷ്ടപ്പെട്ടു കൃഷി ചെയ്തിരുന്ന കപ്പയും വാഴയുമെല്ലാം പോലീസുകാര്‍ നശിപ്പിച്ചു. കുടിലുകള്‍ക്കു തീയിട്ടു. കുടിയൊഴിപ്പിച്ചവരെ ബലമായി ബസുകളില്‍ കയറ്റി 40 കിലോമീറ്റര്‍ അകലെ അമരാവതി കാട്ടില്‍ കൊണ്ടു തള്ളുകയായിരുന്നു.

അവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു കരുതല്‍ നടപടിയും സ്വീകരിച്ചിരുന്നില്ല. ആയിരക്കണക്കിനു കര്‍ഷകരും സ്ത്രീകളും കുട്ടികളും കോരിച്ചൊരിയുന്ന മഴയത്ത് ആ കാട്ടില്‍ ദിവസങ്ങളോളം കഴിച്ചുകൂട്ടി.

കമ്മ്യൂണിസ്റ്റ് നേതാവും പാര്‍ലമെന്‍റിലെ പ്രതിപക്ഷ ഗ്രൂപ്പ് നേതാവുമായ എ.കെ. ഗോപാലന്‍ വിവരമറിഞ്ഞ് അമരാവതിയിലെത്തിയതും കടുത്ത കമ്മ്യൂണിസ്റ്റ് വിരോധിയായിരുന്ന ഫാദര്‍ ജോസഫ് വടക്കന്‍ എ.കെ.ജിയുമായി കൂട്ടുകൂടിയതും വമ്പിച്ചൊരു സമരത്തിനു തുടക്കം കുറിച്ചതും കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രധാന ഏടു തന്നെ.

വന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്നവരുടെ പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആശ്വാസകരമായ ഒരു പാക്കേജ് നേരത്തേ തയ്യാറാക്കണമെന്നുമാണ് അന്ന് എ.കെ.ജി ആവശ്യപ്പെട്ടത്.

സിര്‍വര്‍ ലൈന്‍ പദ്ധതിയാവട്ടെ, റോഡ് വികസനമാവട്ടെ, മെട്രോ പദ്ധതിയാവട്ടെ സ്ഥലം വിട്ടുകൊടുക്കേണ്ടിവരുന്നവര്‍ക്ക് അതി ബൃഹത്തായ നഷ്ടപരിഹാര പാക്കേജാണ് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

പക്ഷെ ഈ വിവരം ജനങ്ങളില്‍ എത്തിച്ചിട്ടില്ല ഇതുവരെ. കാര്യമായ ഒരു പ്രചാരണവും സര്‍ക്കാര്‍ തുടങ്ങിവെച്ചിട്ടുമില്ല. സി.പി.ഐയ്ക്ക് പദ്ധതിയോടുതന്നെ എതിര്‍പ്പുമുണ്ട്. സര്‍ക്കാരിന്‍റെ മൗനം സമരത്തിലെ രാഷ്ട്രീയത്തിന് കരുത്തു നല്‍കുന്നുവെന്നു വേണം മനസിലാക്കാന്‍.

ഇടതു പക്ഷത്തിനെതിരെ രൂപം കൊള്ളുന്ന പുതിയ രാഷ്ട്രീയ നിര അത്രകണ്ടു നിസാരമായികണ്ട് തള്ളരുത് ഇടതുപക്ഷ നേതൃത്വം. രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ജീവന്‍ മരണ പോരാട്ടത്തിനിറങ്ങിത്തിരിച്ചിരിക്കുന്ന രാഷ്ട്രീയ ശക്തികളാണ് പിണറായി വിരോധമെന്ന ഒരേയൊരു വിഷയത്തില്‍ ഒന്നിച്ചിരിക്കുന്നതെന്നത് രാഷ്ട്രീയമായി വളരെ പ്രധാനം തന്നെയാണ്. കേരള രാഷ്ട്രീയത്തില്‍ ഒരു വലിയ ഗതിമാറ്റം തന്നെയാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

-ചീഫ് എഡിറ്റര്‍

Advertisment