Advertisment

കോണ്‍ഗ്രസില്‍ വളരെയധികം ഒറ്റപ്പെട്ടു കഴിഞ്ഞ കെ.വി തോമസിന് ഇനി സസ്പെന്‍ഷന്‍ കൂടി അനുഭവിക്കാനുള്ള ശക്തിയില്ല; ആയുസുമില്ല ! സി.പി.എം കാത്തിരിക്കുകയാണ്. എറണാകുളത്ത് പുതിയ പോര്‍മുഖം തുറക്കാന്‍ സി.പി.എം കണക്കുകൂട്ടിവെച്ചിരിക്കുന്ന പുതുമുഖമാണോ കെ.വി തോമസിന്‍റേത് ? സി.പി.എം കാത്തിരുന്ന ആ ലത്തീന്‍ മുഖം ! തോമസിനിനി കാര്യങ്ങള്‍ എളുപ്പമായി. സി.പി.എമ്മിനും - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

പ്രൊഫ. കെ.വി തോമസിനെ രണ്ടു വര്‍ഷത്തേയ്ക്ക് കോണ്‍ഗ്രസില്‍ നിന്നു സസ്പെന്‍റ് ചെയ്യാന്‍ പാര്‍ട്ടി അച്ചടക്ക സമിതി ശുപാര്‍ശ ചെയ്യുന്നു. കെ.വി തോമസ് ഇനിയെന്തു ചെയ്യും ?

പ്രായമേറെയായിരിക്കുന്ന കെ.വി തോമസിന് രണ്ടു വര്‍ഷക്കാലം ഒരു നീണ്ട കാലയളവാണ്. ഇത്രയും കാലം കോണ്‍ഗ്രസിനകത്ത് കുത്തിപ്പിടിച്ചിരുന്ന് അടുത്ത തീരുമാനം വരെ കാക്കാന്‍ തോമസിനാവില്ല.

പി.സി ചാക്കോയെപ്പോലെ, കെ.പി അനില്‍കുമാറിനെപ്പോലെ കെ.വി തോമസും പാര്‍ട്ടിക്കു പുറത്തേക്കുള്ള വഴിയിലെത്തിക്കഴി‍ഞ്ഞു. കെ.വി തോമസിനെയും കോണ്‍ഗ്രസിലെ മേലാളന്മാര്‍ പുറത്തേയ്ക്ക് തള്ളിവിടുന്നു. എന്നു പറയുന്നതാവും ശരി. സി.പി.എം കാത്തിരിക്കുകയുമാണ്.

പാര്‍ട്ടി വളരെ ദുര്‍ബലമായിരിക്കുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് ഒരു മുതിര്‍ന്ന നേതാവിനോട് ഇതു ചെയ്യുന്നത് എന്നതാണു പ്രധാനം. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും കോണ്‍ഗ്രസ് വളരെ ദുര്‍ബലപ്പെട്ടിരിക്കുന്നു. സംഘടനാശേഷി ഏറെ ചോര്‍ന്നിരിക്കുന്നു.

തുടര്‍ച്ചയായി ഏറ്റുവാങ്ങിയ പരാജയങ്ങള്‍ സംഘടനയ്ക്കു നല്‍കിയ ആഘാതം ചില്ലറയല്ല. പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ ഒരാളെപ്പോലും കൈയൊഴിയാന്‍ പറ്റാത്ത കാലമാണിത്. പക്ഷെ നേതൃത്വത്തിന് അതൊന്നുമല്ല പ്രശ്നം.

publive-image

അവര്‍ക്ക് കെ.വി തോമസിനെ ഇനി കോണ്‍ഗ്രസില്‍ വേണ്ട. അതു നേരത്തേ എടുത്ത തീരുമാനമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു മുതലേ തന്നെ ഒറ്റപ്പെടുത്താനും മാറ്റിനിര്‍ത്താനും സംസ്ഥാന നേതൃത്വം തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ.വി തോമസ് കുറേ കാലമായി പരാതിപ്പെടുന്നു. ആരും അതു ഗൗരവത്തിലെടുത്തില്ല.

കണ്ണൂരില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചു നടന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കെ.വി തോമസ്, ശശി തരൂര്‍ എന്നിങ്ങനെയുള്ള നേതാക്കളെ ക്ഷണിച്ചതും കെ.വി തോമസ് കണ്ണൂരിലെത്തി പ്രസംഗം നടത്തിയതുമാണ് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളെ പ്രകോപിപ്പിച്ചത്.

നേതൃത്വം മാത്രമല്ല, കോണ്‍ഗ്രസിലെ പല നേതാക്കന്മാരും തോമസിനെതിരെ തിരിഞ്ഞു. ആക്ഷേപവും അധിക്ഷേപവും ചൊരുഞ്ഞു. പല പ്രമുഖ നേതാക്കളും അപകടം മനസിലാക്കി ഒന്നും മിണ്ടാതെ മാറി നിന്നു.

publive-image

കൊച്ചിയിലെ പ്രധാന സമുദായമായ ലത്തീന്‍ കത്തോലിക്കാ വിഭാഗക്കാരനായ കെ.വി തോമസിന് ആ സമുദായത്തില്‍ മാത്രമല്ല, പൊതുവായ ക്രിസ്ത്യന്‍ സമുദായത്തിലും നല്ല പിന്‍ബലമുണ്ട്. അങ്ങനെയൊരാളെ പാര്‍ട്ടിയില്‍ വേണ്ട എന്ന് ആര്‍ക്കോ നിര്‍ബന്ധമുള്ളതുപോലെയാണ് കാര്യങ്ങള്‍ നീങ്ങിയത്. ഇതിലെ അപകടത്തിന് ഒരുദാഹരണം മതി.

കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്നു പുറത്താക്കിയ സംഭവമാണ് പറഞ്ഞു വരുന്നത്. ഈ തീരുമാനമെടുക്കുന്നതില്‍ കോണ്‍ഗ്രസിലെ അക്കാലത്തെ ചില നേതാക്കള്‍ കടുത്ത ഉത്സാഹം കാണിക്കുകയായിരുന്നു. മുന്നണി നേതാവായ സി.പി ജോണ്‍ ഇടപെട്ടുവെങ്കിലും രമേശ് ചെന്നിത്തലയും ബെന്നി ബഹനാനും തീരെ സഹകരിച്ചില്ല.

പുറത്തായ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ സി.പി.എം നേതാക്കള്‍ കൈനീട്ടി സ്വീകരിച്ചു കൊണ്ടുപോയി. കോണ്‍ഗ്രസ് നേതൃത്വം അപകടം മണത്തറിഞ്ഞപ്പോഴേയ്ക്ക് കാര്യങ്ങളൊക്കെയും കൈവിട്ടു പോയിരുന്നു. കോട്ടയം ജില്ലയിലും പിടിമുറുക്കാന്‍ കേരളാ കോണ്‍ഗ്രസ് ബന്ധം ഇടതുപക്ഷത്തെ സഹായിച്ചു. ഇടതുപക്ഷത്തിനു ബാലികേറാ മലയായിരുന്നു കോട്ടയം.

മറ്റൊരു യു.ഡി.എഫ് കോട്ടയായിരുന്ന പത്തനംതിട്ട ജില്ലയിലെ അഞ്ചു സീറ്റും കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തോടൊപ്പമാണ്. ക്രിസ്ത്യന്‍ സമുദായത്തില്‍ നല്ല വേരോട്ടമുണ്ടാക്കാന്‍ കുറെകാലം കൊണ്ട് സി.പി.എമ്മിനു കഴിഞ്ഞിരിക്കുന്നു. മുസ്ലിം ലീഗ് കോട്ടയായ മലപ്പുറം ജില്ലയിലും സി.പി.എം സ്വാധീനം വര്‍ധിച്ചിരിക്കുകയാണ്.

ഇപ്പോഴും യു.ഡി.എഫിന്‍റെ ശക്തമായ കേന്ദ്രമായി തുടരുന്ന എറണാകുളം കൂടി പിടിക്കാനുള്ള ശ്രമം സി.പി.എം ഭാഗത്തുണ്ടോ എന്നും സംശയിക്കണം. തോമസിനെ സെമിനാറിനു ക്ഷണിച്ചത് ഇങ്ങനെയൊരു അജണ്ടയുടെ ഭാഗമല്ലേ എന്നു സംശയിക്കുന്നതില്‍ തെറ്റില്ല.

അങ്ങനെയൊരു കുരുക്കിട്ടത് സി.പി.എം നേതൃത്വമായിരുന്നുവെന്നാണെങ്കില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അറിഞ്ഞോ അറിയാതെയോ അതില്‍ കയറുകയായിരുന്നില്ലേ എന്നും ചോദിക്കാം. ഇങ്ങനെയൊരു പ്രസംഗത്തിന്‍റെ പേരില്‍ തോമസിനെ വേട്ടയാടി പുറത്താക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഒരുക്കൂട്ടിയത്. അച്ചടക്കസമിതി അതിനു സമ്മതം മൂളുകയും ചെയ്തിരിക്കുന്നു.

ഇനി കെ.വി തോമസിന് പ്രതീക്ഷിക്കാന്‍ അധികം വകയില്ല. സോണിയാ ഗാന്ധിയില്‍ നിന്ന് അദ്ദേഹം സൗമനസ്യം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അച്ചടക്ക നടപടിയായി വന്ന ശുപാര്‍ശയ്ക്കു പിന്നില്‍ രാഹുല്‍ ഗാന്ധിയുടെ കൈയൊപ്പുമില്ലേ എന്നും സംശയിക്കാം.

കോണ്‍ഗ്രസില്‍ വളരെയധികം ഒറ്റപ്പെട്ടു കഴിഞ്ഞ കെ.വി തോമസിന് ഇനി സസ്പെന്‍ഷന്‍ കൂടി അനുഭവിക്കാനുള്ള ശക്തിയില്ല, ആയുസുമില്ല. സി.പി.എം കാത്തിരിക്കുകയാണ്. എറണാകുളത്ത് പുതിയ പോര്‍മുഖം തുറക്കാന്‍ സി.പി.എം കണക്കുകൂട്ടിവെച്ചിരിക്കുന്ന പുതുമുഖമാണോ കെ.വി തോമസിന്‍റേത് ? സി.പി.എം കാത്തിരുന്ന ആ ലത്തീന്‍ മുഖം !

തോമസിനിനി കാര്യങ്ങള്‍ എളുപ്പമായി. സി.പി.എമ്മിനും. ഇനിയത്തെ ബല പരീക്ഷണം എറണാകുളത്ത്.

-ചീഫ് എഡിറ്റര്‍

Advertisment