Advertisment

കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനെയും ഡിജിപിയായി ഡോ. ഷേഖ് ദര്‍വേഷ് സാഹിബിനെയും സര്‍ക്കാര്‍ നിയമിച്ചു. ഭരണത്തിന്‍റെയും പോലീസിന്‍റെയും തലവന്മാർ പ്ര​ഗത്ഭരാണ്! ടൂറിസം വികസനത്തിന് വലിയ വളര്‍ച്ചയുടെ വഴി കാട്ടിക്കൊടുത്ത മാര്‍ഗദര്‍ശിയാണ് ഡോ. വേണു. സര്‍വീസിലുടനീളം അഴിമതിയില്ലാത്തയാളെന്നു പേരുകേട്ട ഉദ്യോഗസ്ഥനാണ് ഷേഖ് ദര്‍വേഷ്. കേരളത്തിന്റെ മുഖം മിനുക്കാൻ പുതിയ മേധാവികളെത്തുമ്പോൾ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ബ്യൂറോക്രസിക്കും പോലീസിനും പുതിയ മേധാവികള്‍. കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെയും പോലീസ് ഡിജിപിയായി ഡോ. ഷേഖ് ദര്‍വേഷ് സാഹിബിനെയും സര്‍ക്കാര്‍ നിയമിച്ചു.

കേരളം പോലെ സാംസ്കാരികമായും വിദ്യാഭ്യാസപരമായും സാമൂഹ്യമായും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഭരണത്തിന്‍റെയും പോലീസിന്‍റെയും തലപ്പത്ത് ആര് വരുന്നു എന്ന ചോദ്യം വളരെ പ്രധാനം തന്നെയാണ്.  രാജഭരണകാലം മുതല്‍ തന്നെ തിരുവിതാംകൂറിലും കൊച്ചി രാജ്യത്തും മികച്ച ഭരണവും നിയമവാഴ്ചയും നിലനിന്നിരുന്നു. ഐക്യ കേരള രൂപീകരണത്തിനു ശേഷം ഭരണത്തിന് ചിട്ടയും കെട്ടുറപ്പും കൈവന്നു.

വിമോചന സമരകാലത്തെ പോലീസ് വെടിവെയ്പ്പ്, അടിയന്തരാവസ്ഥക്കാലത്തെ പോലീസ് അതിക്രമങ്ങള്‍ എന്നിങ്ങനെ അതിരുവിട്ട ചില നടപടികളൊഴിച്ചാല്‍ കേരളാ പോലീസിന്‍റെ പ്രവര്‍ത്തനം ചരിത്രത്തിലുടനീളം മെച്ചപ്പെട്ടതുതന്നെയായിരുന്നു. ക്രമസമാധാന പാലനത്തിന്‍റെ കാര്യത്തിലായാലും കുറ്റാന്വേഷണത്തിന്‍റെ കാര്യത്തിലായാലും ഇന്ത്യയില്‍ മുന്‍നിരയില്‍ത്തന്നെയാണ് കേരളാ പോലീസ്.

കേരളത്തിന്‍റെ ബ്യൂറോക്രസിയുടെയും പോലീസിന്‍റെയും തലപ്പത്തേയ്ക്ക് യോജിച്ച തലവന്മാര്‍ തന്നെയാണ് സ്ഥാനമേല്‍ക്കുന്നത് എന്നു പ്രത്യേകം പറയേണ്ടതുണ്ട്. പ്രാഗത്ഭ്യംകൊണ്ടും പ്രവര്‍ത്തന മികവുകൊണ്ടും പേരും പെരുമയും നേടിയിട്ടുള്ള ഡോ. വി. വേണു ചീഫ് സെക്രട്ടറിയാകുന്നത് നല്ല പരിചയസമ്പത്തുമായാണ്.


കേരളത്തിന്‍റെ ടൂറിസം വികസനത്തിന് വലിയ വളര്‍ച്ചയുടെ വഴി കാട്ടിക്കൊടുത്ത മാര്‍ഗദര്‍ശി എന്ന് ഡോ. വേണുവിനെ വിശേഷിപ്പിക്കാം. സംസ്ഥാനത്ത് ഏതു മുന്നണി ഭരിച്ചാലും ടൂറിസം മന്ത്രി ആരായാലും ഡോ. വേണുവിനു തന്നെയായിരിക്കും ടൂറിസത്തിന്‍റെ ചുമതല.


വര്‍ഷങ്ങളായി അന്തര്‍ദേശീയ ടൂറിസം ഭൂപടത്തില്‍ വളരെ ശ്രദ്ധേയമായൊരു പേരുണ്ട് കേരളത്തിന്. കോവളം, കുമരകം, മൂന്നാര്‍, വേക്കല്‍ എന്നിങ്ങനെ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങള്‍ എത്രയെത്ര. ഇവയൊക്കെയും വളര്‍ന്നു വികസിച്ചത് സ്വകാര്യ സംരംഭകരുടെ പ്രാഗത്ഭ്യവും നിക്ഷേപവും കൊണ്ടാണെന്നത് ഒരു വശം. എന്നാല്‍ എല്ലാറ്റിനും നേതൃത്വം വഹിക്കാനും പശ്ചാത്തല സൗകര്യങ്ങളൊരുക്കാനും സര്‍ക്കാര്‍ സംവിധാനം എപ്പോഴും തയ്യാറായി നിന്നു.

സ്വകാര്യ സംരംഭകരെയെല്ലാം കൂട്ടിയിണക്കി മുന്നോട്ടു കൊണ്ടുപോകാനും ലോകത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളില്‍ കേരളത്തിന്‍റെ പേരെത്തിക്കാനും സംസ്ഥാനത്തെ വിവിധ ടൂറിസം മേഖലകളിലേയ്ക്ക് ടൂറിസ്റ്റുകളെ എത്തിക്കാനും സംസ്ഥാന ടൂറിസം വകുപ്പിനു തന്നെയാണ് ഉത്തരവാദിത്തം. ടൂറിസം ഡയറക്ടറായും വകുപ്പു സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജോ. വേണു തന്നെയാണ് ഇതിന് സമര്‍ത്ഥമായ നേതൃത്വം നല്‍കിയത്.

പോലീസ് ഉദ്യോഗസ്ഥനായിരുന്ന് നല്ല പേരുണ്ടാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ എപ്പോഴും നല്ല പേരു നിലനിര്‍ത്താന്‍ കഴിഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥനാണ് പുതിയ ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ്. അതുകൊണ്ടുതന്നെ ഏറെ തിളക്കമുള്ള പ്രതിഛായയുമായാണ് അദ്ദേഹം ഡിജിപിയുടെ കസേരയില്‍ ഇരിക്കാന്‍ പോകുന്നത്.


കൈക്കൂലി വാങ്ങാതിരുന്നാല്‍ മതി, ഏതു പോലീസുദ്യോഗസ്ഥനും മികവിന്‍റെ നേര്‍വഴിയിലെത്തും. സര്‍വീസിലുടനീളം അഴിമതിയില്ലാത്തയാളെന്നു പേരുകേട്ട ഉദ്യോഗസ്ഥനാണ് ഷേഖ് ദര്‍വേഷ്. 


ഐഎഎസിന്‍റെയായാലും ഐപിഎസിന്‍റെയായാലും കേഡറിന്‍റെ ശക്തിയും മേന്മയും ഉറപ്പു വരുത്തുന്നത് കാലാകാലങ്ങളില്‍ അതതിന്‍റെ തലപ്പത്തു ഭരണമേല്‍ക്കുന്ന മേധാവിമാരാണ്. തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ അന്തസും ആത്മവീര്യവും നിലനിര്‍ത്തുക മാത്രമല്ല, അവരുടെ സേവനം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ത്തന്നെ ജനങ്ങള്‍ക്കു ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് മേധാവിമാര്‍ തന്നെയാണ്.

സംസ്ഥാനത്തെ ബ്യൂറോക്രസിക്കായാലും പോലീസ് സേനയ്ക്കായാലും മികച്ച ഒരു പാരമ്പര്യമുണ്ട്. അതു നിലനിര്‍ത്താന്‍ ശേഷിയുള്ളവരാണ് രണ്ടു സര്‍വീസിന്‍റെയും പുതിയ മേധാവികള്‍.

Advertisment