Advertisment

കടമ്പ്രയാറിനെക്കുറിച്ച് എന്തുകൊണ്ട് പി.ടി തോമസും എംഎല്‍എമാരും മൗനം പാലിക്കുന്നുവെന്ന് സാബു എം ജേക്കബ്

New Update

publive-image

Advertisment

കിഴക്കമ്പലം: കിറ്റെക്‌സ് കടമ്പ്രയാര്‍ മലിന്പ്പെടുത്തുന്നുവെന്നാണ് പിടി തോമസും എംഎല്‍എമാരും ജില്ലാ വികസന സമിതി യോഗത്തില്‍ പരാതിപ്പെട്ടത്. ഇത് ചര്‍ച്ച ചെയ്യാന്‍ കളക്ടര്‍ വിളിച്ച യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പി.ടി തോമസും എല്‍ദോസ് കുന്നപ്പള്ളിയും പി വി ശ്രീനിജിനും എന്തുകൊണ്ട് കടമ്പ്രയാര്‍ വിഷയം മിണ്ടിയില്ല എന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു എം ജേക്കബ് ചോദിച്ചു.

രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ജില്ലയില്‍ നിന്ന് മൂന്ന് എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. കിറ്റെക്‌സ് കടമ്പ്രയാര്‍ മലിനപ്പെടുത്തുന്നുവെന്ന പി ടി തോമസിന്റെ പരാതിയിലാണ് വിവിധ വകുപ്പുകള്‍ അന്വേഷണം നടത്തിയത്. കമ്പനിക്ക് സമീപമുള്ള പാടങ്ങള്‍ തോടുകള്‍ എല്ലാം വിശദമായി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

ഓരോ കിലോ മീറ്ററിനുമിടയില്‍ തോട്ടില്‍ നിന്നും വെള്ളമെടുത്തായിരുന്നു പരിശോധന. ഡ്രോണ്‍ ഉള്‍പ്പടെയുള്ള ക്യാമറ സംവിധാനവും പരിശോധനകള്‍ക്കായി ഉപയോഗിച്ചിരുന്നു. കടമ്പ്രയാര്‍ വരെയുള്ള 15 കിലോ മീറ്ററില്‍ നടത്തിയ പരിശോധനയില്‍ കിറ്റെക്‌സിന് സമീപമുള്ള തോടുകളില്‍ മാലിന്യത്തിന്റെ യാതൊരംശവും കണ്ടെത്താനായില്ലെന്നും കടമ്പ്രയാറിന് അടുത്തെത്തുമ്പോള്‍ മാലിന്യത്തിന്റെ കാഠിന്യം കൂടുന്നതുമായാണ് കണ്ടെത്തിയത്.

ഇതില്‍ നിന്നും വ്യക്തമാണ് മറ്റ് ഫ്‌ളാറ്റുകളില്‍ നിന്നും വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യമാണ് കടമ്പ്രയാറിനെ മലിനപ്പെടുത്തുന്നതെന്ന്. ഇക്കാര്യം അന്വേഷണ റിപ്പോര്‍ട്ടുകളില്‍ വ്യക്തമായതിനാലാണ് എം എല്‍ എ മാര്‍ ഇന്ന് ഇതെക്കുറിച്ച് മാധ്യമങ്ങളോട് മൗനം പാലിച്ചത്. യോഗശേഷം വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് പൊതു ജനത്തെ കബളിപ്പിക്കാനുള്ള ശ്രമമാണ് പി ടി നടത്തിയത്.

ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് അഴിമതി തടഞ്ഞ് നല്ല രീതിയില്‍ ഭരണം നടത്തിയത് കൊണ്ടാണ് 13 കോടി രൂപ മിച്ചമുണ്ടാക്കിയത്. ഇത് വലിയ അപരാധമായാണ് ഒരു എം എല്‍ എ കൂടിയായ പി ടി തോമസ് പറയുന്നത്. ഒരു ദിവസം 100 കോടിയിലധികം കടമെടുക്കുന്ന സര്‍ക്കാര്‍ മാസം 3500 കോടിയാണ് കടമെടുത്ത് കൂട്ടുന്നത്.

ഈ സാഹചര്യത്തില്‍ ഒരു പഞ്ചായത്ത് ഫണ്ട് മിച്ചം പിടിച്ച് പഞ്ചായത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് കുറ്റമായാണ് ആദ്ദേഹം പറയുന്നത്. ആദ്യം 73 നിയമ ലംഘനങ്ങള്‍ കിറ്റെക്‌സില്‍ നടക്കുന്നുവെന്ന് പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ 8 നിയമലംഘനം നടക്കുന്നുവെന്നാണ് പറയുന്നത്. ഇതെല്ലാം നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ട് മാത്രമാണ്.

വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനത്തെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ തന്ത്രമാണ് എം എല്‍ എ മാര്‍ നടത്തുന്നത്. സിഎസ് ആര്‍ ഫണ്ട് ട്വന്റി20 എന്ന രാഷ്ട്രീയ പാര്‍ട്ടി ഉപയോഗിക്കുന്നുവെന്ന പി ടി യുടെ ആരോപണവും അടിസ്ഥാരഹിതമാണ്.

ഇക്കാര്യം പരിശോധിക്കാന്‍ ഇന്‍കം ടാക്‌സ് വകുപ്പും കേന്ദ്രസര്‍ക്കാരിനും സംവിധാനമുണ്ട്. കമ്പനിയുടെ ഭാഗത്തേക്ക് റോഡ് പണിതുവെന്ന് പറയുന്ന പിടി തോമസ് മനസ്സിലാക്കണം കിഴക്കമ്പലം പഞ്ചായത്തിലെ 90 ശതമാനം റോഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി കഴിഞ്ഞുവെന്നകാര്യം. ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ് പാടം നികത്തിയതാണെന്ന ആരോപണവും ശരിയല്ല.

2013 ല്‍ ഈ സ്ഥലം വാങ്ങുമ്പോള്‍ മുതല്‍ അത് പാടമല്ല. ഹൈകോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവിടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നിട്ടുള്ളത്. ട്വന്റി20 യുടെ രാഷ്ട്രീയ പ്രവേശനമാണ് ഭരണ പ്രതിപക്ഷ എം എല്‍ എമാര്‍ കിറ്റെക്‌സിനെതിരെ തിരിയാന്‍ കാരണം.

53 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഇപ്പോള്‍ മാലിന്യ-തൊഴില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ ഭയം മാത്രമാണ്. കിറ്റെക്‌സ് കമ്പനിയില്‍ പരിശോധിക്കാന്‍ ഇനി ഒന്നുമില്ല ,ഇത്രയേറെ പരിശോധനകള്‍ സംസ്ഥാനത്തെ ഏതെങ്കിലും കമ്പനിയില്‍ നടത്താന്‍ ധൈര്യമുണ്ടോ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക്. അങ്ങനെ വന്നാല്‍ ഒരു കമ്പനിയും കേരളത്തിലുണ്ടാവില്ലെന്നു സാബു ജേക്കബ് പറഞ്ഞു.

43 ശതമാനം യുവാക്കള്‍ക്കാണ് കേരളത്തില്‍ തൊഴിലില്ലാത്തത്. പഠിക്കാനായാലും ജീവിക്കാനായാലും നാട് വിട്ട് പോകേണ്ട അവസ്ഥ കേരളത്തില്‍ മാത്രമാണുള്ളത്. ഇത്തരത്തില്‍ പോയാല്‍ അധികം താമസിയാതെ മാതാപിതാക്കള്‍ക്ക് കൂട്ടിനായി പട്ടികളെ വളര്‍ത്തേണ്ട ഗതികേടിലാകും മലയാളികള്‍.

kitex
Advertisment