Advertisment

നിയമസഭയിലെ പ്രസംഗം ഇടതുപക്ഷം വളച്ചൊടിച്ചു; ക്രൈസ്തവ വിശ്വാസികളെ വേദനിപ്പിച്ചതിൽ ഖേദിക്കുന്നു: കെ ബാബു

New Update

publive-image

Advertisment

കൊച്ചി: നിയമസഭയിലെ തൻ്റെ പ്രസംഗം വളച്ചൊടിച്ച് ക്രിസ്തീയ വിശ്വാസത്തിനെതിരെ പറഞ്ഞെന്ന് വരുത്തി തീർക്കാൻ ഭരണകക്ഷി ബോധപൂർവ്വമായ ശ്രമം നടത്തിയതായി കെ ബാബു എംഎൽഎ. അതിനീചമായ ഈ നിലപാടിൽനിന്ന് ഇടതുകക്ഷികൾ പിൻമാറണം. ഇക്കാര്യത്തിൽ ക്രൈസ്തവ വിശ്വാസികൾക്കോ ഏതെങ്കിലും വ്യക്തികൾക്കോ വേദനയുളവാക്കിയെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സത്യവുമായി ബന്ധമില്ലാത്ത പ്രചാരണം നടത്തി ഏത് വിഷയത്തിലും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന ശൈലി ഇടതുപക്ഷം അവസാനിപ്പിക്കണം. ഏതെങ്കിലും മതവിഭാഗങ്ങളെയോ വിശ്വാസത്തെയോ അധിക്ഷേപിക്കുക തൻ്റെ ശൈലി അല്ല. തൻ്റെ പൊതുജീവിതത്തിൽ ഇതുവരെ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.

നിയമസഭയിലെ തൻ്റെ പ്രസംഗം നേരിട്ട് കേൾക്കുന്ന ഏതൊരാൾക്കും ഇക്കാര്യം സന്ദേഹത്തിന് ഇടയില്ലാതെ മനസിലാകും. നിയമസഭയിൽ ടോഡി ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട ബില്ലിനെ സംബന്ധിച്ച് നടന്ന ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിക്കവേ യേശുക്രിസ്തുവിനെ അപമാനിക്കാനും ക്രൈസ്തവസമൂഹത്തെ വേദനിപ്പിക്കാനും താൻ ശ്രമിച്ചതായി എക്സൈസ് മന്ത്രിയും ചില ഭരണകക്ഷി അംഗങ്ങളും വളരെ ബോധപൂർവ്വം പറഞ്ഞ് പരത്തുകയായിരുന്നുവെന്ന് കെ ബാബു ആരോപിച്ചു.

ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന മനോഭാവമാണ് തനിക്കെതിരേ എൽഡിഎഫ് പുലർത്തുന്നത്. സത്യവുമായി ബന്ധമില്ലാത്ത അബദ്ധ പ്രചരണം ദയവുചെയ്ത് അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏതു പ്രശ്നവും വളച്ചൊടിച്ച് രാഷ്ട്രീയം നേട്ടം ഉണ്ടാക്കുന്ന ശൈലി ഇടതു പക്ഷം അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും കെ ബാബു പറഞ്ഞു.

Advertisment