Advertisment

മലവെള്ളം കുത്തിയൊലിച്ചുവരുന്ന വീഡിയോ പകർത്തി ഫൗസിയ, ബന്ധുവിന് അയച്ചുകൊടുത്തു: പിന്നാലെ ജീവനെടുത്ത് ഉരുൾപൊട്ടലും, കെട്ടിപ്പിടിച്ച നിലയിൽ കുട്ടികൾ

New Update

publive-image

Advertisment

ഇടുക്കി: ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ ഉരുൾപൊട്ടൽ നടന്ന സ്ഥലത്തെ തിരച്ചിലിൽ കാണാതായ നാലു കുട്ടികൾ ഉൾപ്പെടെ ആറുപേരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തിയിരുന്നു. ഷാജി ചിറയിൽ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകൻ അമീൻ സിയാദ് (7), മകൾ അംന സിയാദ് (7), കല്ലുപുരയ്‌ക്കൽ ഫൈസലിന്റെ മക്കളായ അഫ്‌സാൻ ഫൈസൽ(8), അഹിയാൻ ഫൈസൽ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

കെട്ടിപ്പിടിച്ച നിലയിലായിരുന്നു കുട്ടികൾ. ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് തൊട്ടുമുൻപ് സിയാദിന്റെ ഭാര്യ ഫൗസിയ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഫൗസിയ പകർത്തിയത്. ഇത് ബന്ധുവിന് വാട്‌സ്ആപ്പിൽ അയച്ചുകൊടുത്തിരുന്നു.

തൊട്ട് പിന്നാലെയാണ് കലിതുള്ളി പാഞ്ഞെത്തിയ മലവെള്ളം ഫൗസിയയുടെ രണ്ട് മക്കളുടേയും ജീവൻ എടുത്തത്. ഉരുൾപൊട്ടലിൽ മരിച്ച അംന സിയാദ്, അഫ്‌സാൻ ഫൈസൽ എന്നിവരേയും വീഡിയോയിൽ കാണാം. വീഡിയോ പകർത്തി മിനിറ്റുകൾക്കകമാണ് ഉരുൾപൊട്ടൽ ഉണ്ടാകുന്നത്.

അഞ്ച് കുടുംബാംഗങ്ങളും മണ്ണിനടിയിലായി. ഇതോടെ ഇടുക്കി ജില്ലയിൽ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം ഒൻപതായി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട്.

Advertisment