Advertisment

കാറിടിച്ച് നഴ്‌സിനെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹവുമായി വീട്ടിലേക്ക് പോയി കൂടിയാലോചന നടത്തി; പോലീസ് ഓഫീസര്‍ക്കും അമ്മയ്ക്കുമെതിരെ കേസ്

New Update

publive-image

Advertisment

നെവാർക്ക്: കാറിടിച്ച് നഴ്‌സിനെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹവുമായി വീട്ടിലേക്ക് പോയ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്. അമേരിക്കയില്‍ ഗാര്‍ഡന്‍ സ്റ്റേറ്റ് പാര്‍ക്ക്വേയിലാണ് അപകടം നടന്നത്. ഗാര്‍ഫീല്‍ഡിലെ 29 കാരിയായ നഴ്സ് ഡാമിയന്‍ ഡിംകയാണ് വാഹനമിടിച്ച് കൊല്ലപ്പെട്ടത്. ബ്ലൂംഫീല്‍ഡിലെ ലൂയിസ് സാന്റിയാഗോ എന്ന 25കാരനായ പോലീസ് ഓഫീസര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ലൂയിസ് സാന്റിയാഗോയും അമ്മ 53 കാരിയായ ആനെറ്റ് സാന്റിയാഗോയും കാറില്‍ വരുന്നതിനിടെ നഴ്‌സ് ഡാമിയന്‍ കാറിന് മുന്‍പില്‍ പെടുകയായിരുന്നു. എന്നാല്‍ അശ്രദ്ധമൂലം ലൂയിസ് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വണ്ടിയിടിച്ച യുവതി റോഡില്‍ തെറിച്ചു വീണതോടെ വാഹനം നിര്‍ത്തിയ സാന്റിയാഗോ ഇവരെ എടുത്ത് വാഹനത്തിലിട്ട ശേഷം വീട്ടിലേക്ക് വാഹനമോടിച്ച് പോയി.

ആല്‍ബര്‍ട്ട് ഗുസ്മാന്‍ എന്ന 25കാരനായ മറ്റൊരു യാത്രക്കാരനും കാറിലുണ്ടായിരുന്നു. ഇയാളും കൂടി ചേര്‍ന്നാണ് മൃതദേഹം കാറില്‍ കയറ്റിയത്. മൃതദേഹവുമായി വീട്ടിലെത്തിയ ശേഷം ഇവര്‍ ഇതു സംബന്ധിച്ചുള്ള അടുത്ത നടപടിക്രമങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് കൂടിയാലോചന നടത്തി. അതേസമയം നെവാര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ലെഫ്റ്റനന്റ് ആയിരുന്ന സാന്റിയാഗോയുടെ പിതാവ് 911ല്‍ വിളിച്ച് മകന്റെ വാഹനം അപകടത്തില്‍ പെട്ടതായി വിവരമറിയിക്കുകയായിരുന്നു.

ഉടന്‍തന്നെ സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ കാറിന്റെ പിന്‍സീറ്റില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. അശ്രദ്ധമായി വാഹനമോടിക്കല്‍, മനുഷ്യജീവന് അപകടം വരുത്തി വെക്കല്‍, ഗൂഢാലോചന, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് സാന്റിയാഗോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അപകടത്തില്‍പ്പെട്ട വ്യക്തിയുടെ ജീവന്‍ രക്ഷിക്കുന്നതിന് 911ലേക്ക് വിളിക്കാതിരുന്നതിനും കേസെടുത്തിട്ടുണ്ട്. കുറ്റകൃത്യത്തില്‍ പങ്കാളികളായതിന് ഇയാളുടെ അമ്മയ്‌ക്കെതിരേയും ഒപ്പമുണ്ടായിരുന്ന യാത്രക്കാരനെതിരേയും കേസുണ്ട്.

Advertisment