Advertisment

ചരിത്രത്തിലാദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് ജീവിതത്തിലേക്ക്; ഫിസിക്കല്‍ തെറാപ്പി തുടങ്ങി, ഉടന്‍ തന്നെ എഴുന്നേറ്റു നടക്കുമെന്ന് ഡോക്ടര്‍മാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ബാള്‍ട്ടിമോര്‍: ചരിത്രത്തിലാദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ച പേഷ്യന്റ് ഡേവിഡ് ബെന്നറ്റ് ജീവിതത്തിലേക്ക്. സര്‍ജറിയിലൂടെ ഡേവിഡിന്റെ ശരീരത്തില്‍ പന്നിയുടെ ഹൃദയം തുന്നിച്ചേര്‍ത്തിട്ട് ഇപ്പോള്‍ ഒരു മാസം പിന്നിട്ടു കഴിഞ്ഞു. എക്കോ കാര്‍ഡിയോഗ്രാമിന് ശേഷം ഹൃദയത്തിന്റെ പ്രവര്‍ത്തനം നല്ലരീതിയില്‍ നടക്കുന്നുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

ഇനി ഡേവിഡിന് എഴുന്നേറ്റ് നടക്കാന്‍ കഴിയണം. അതിനായി ഫിസിക്കല്‍ തെറാപ്പി ആരംഭിച്ചു കഴിഞ്ഞു. പ്രാരംഭഘട്ടം പിന്നിട്ടപ്പോള്‍ തന്നെ ഫിസിക്കല്‍ തെറാപ്പിസ്റ്റിന്റെ സഹായത്താല്‍ ഡേവിഡിന് കിടക്കയില്‍ നിന്നും എഴുന്നേറ്റ് നില്‍ക്കാന്‍ സാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ഫിസിയോ തെറാപ്പി തുടരുന്ന സാഹചര്യത്തില്‍ തനിയെ നടക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

ഡേവിഡിന്റെ ശരീരത്തില്‍ വെച്ചു പിടിപ്പിച്ച പന്നിയുടെ ശരീരം എത്രനാള്‍ പ്രവര്‍ത്തിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. സര്‍ജറിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ശരീരം പന്നിയുടെ ഹൃദയം തിരസ്‌കരിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒരു മാസത്തിനു ശേഷവും ഹൃദയം പ്രവര്‍ത്തിക്കുന്നത് ശാസ്ത്രലോകത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

യൂണിവേഴഴ്സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററില്‍ വെച്ച് ബെന്നറ്റിന്റെ ശരീരത്തില്‍ പന്നിയുടെ ഹൃദയം തുന്നിച്ചേര്‍ക്കുമ്പോള്‍ വിജയമോ, പരാജയമോ സംഭവിക്കാം എന്ന കണക്കുകൂട്ടിലിലായിരുന്നു ഡോക്ടര്‍മാര്‍. പരാജയപ്പെട്ടേക്കാം എന്നു കരുതിയ കേസില്‍ വിജയത്തിലേക്ക് നടക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ഇത്രയും ദിവസങ്ങള്‍ പിന്നിട്ടിട്ടും രോഗിയുടെ ശരീരം പന്നിയുടെ ഹൃദയം തിരസ്‌കരിക്കുന്നതിനു തയാറായിട്ടില്ല. എന്നു മാത്രമല്ല സ്വീകരിക്കുന്ന ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്.

ഹൃദയം മാറ്റി വെച്ചില്ലെങ്കില്‍ മരണപ്പെടും എന്ന് ഉറപ്പുള്ള രോഗിയായിരുന്നു ബെന്നറ്റ്. മരണം സംഭവിക്കുന്നതിന് മുന്‍പ് അവസാന ശ്രമം എന്ന രീതിയിലാണ് പന്നിയുടെ ഹൃദയം വെച്ചു പിടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം അറിയിച്ചപ്പോള്‍ രോഗിയും ബന്ധുക്കളും സമ്മതം അറിയിക്കുകയായിരുന്നു.

പിന്നീട് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിക്കുക എന്ന ദൗത്യത്തിനു ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി തേടി. ആദ്യം അനുമതി നിഷേധിച്ചുവെങ്കിലും പിന്നീട് ഗവേഷകര്‍ക്ക് ഒരു അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ എഫ്ഡിഎ അനുമതി നല്‍കുകയായിരുന്നു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുമുമ്പ് പന്നിയുടെ ഹൃദയം പത്തോളം ജനിതക മാറ്റത്തിനു വിധേയമാക്കിയിരുന്നു.

Advertisment