Advertisment

നടക്കാനിറങ്ങിയ യുവതിയെ പിന്തുടര്‍ന്ന് താമസസ്ഥലത്തെത്തിയ ശേഷം കുത്തിക്കൊന്നു; ന്യൂയോര്‍ക്കില്‍ ചൈനീസ് യുവതി കൊല്ലപ്പെട്ടതിനു പിന്നിലെ കാരണം അജ്ഞാതം !

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ചൈന സ്വദേശിയായ യുവതിയെ അക്രമി കുത്തിക്കൊന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ തന്റെ താമസ സ്ഥലത്ത് വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. പുലര്‍ച്ചെ നടക്കാനിറങ്ങിയ യുവതി തിരികെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വരുന്നതിനിടെ അക്രമി ഇവരെ പിന്തുടരുകയായിരുന്നു. ആറാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് യുവതി പ്രവേശിക്കുന്ന സമയത്ത് അക്രമിയും യുവതിക്കൊപ്പം അകത്ത് കയറുകയായിരുന്നു.

വാതില്‍ തുറന്ന യുവതി അകത്തേക്ക് കയറി വാതില്‍ അടയ്ക്കുന്നതിന് മുന്‍പ് പുറകേ വന്ന അക്രമി വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് കയറുകയായിരുന്നു. പിന്നീട് ഇയാള്‍ യുവതിയെ മാരകായുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി.

കുത്തേറ്റ യുവതിയുടെ നിലവിളി കേട്ട് തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും ഓട്ടോമാറ്റിക് ലോക്ക് ആയ ഡോര്‍ തുറക്കാന്‍ സാധിച്ചില്ല.

പിന്നീട് വിദഗ്ദ്ധരെ  വിളിച്ച് പൂട്ട് പൊളിച്ചാണ് അകത്ത് കടന്നത്. ഈ സമയം കൊലപാതകി യുവതിയുടെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. കൊലപാതകം നടത്തിയ ഉടന്‍ വാതില്‍ തുറക്കാന്‍ കഴിയാതിരുന്നതിനാലാണ് ഇയാള്‍ക്ക് പുറത്തു കടക്കാന്‍ സാധിക്കാതിരുന്നത്. അകത്ത് കയറിയ പോലീസ് സംഘം അക്രമിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ യുവാവ് സ്ഥിരം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

26കാരനായ ഇയാള്‍ ഇതിനു മുന്‍പും പല കേസുകളിലും അകത്തായിട്ടുണ്ട്. ഒരു കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് കൊലപാതകം നടത്തിയത്. ഇയാള്‍ യുവതിയെ കൊല്ലാനിടയായ സാഹചര്യം വ്യക്തമല്ല.

അതേസമയം അമേരിക്കയില്‍ ചൈനക്കാര്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ചൈനീസ് വിരോധം മൂലമാണോ ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയത്, അതോ മറ്റ് എന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് വ്യക്തമല്ല.

Advertisment